Image

അവര്‍ ഞങ്ങളെ പച്ചയ്ക്ക് കത്തിച്ചേക്കാം; പക്ഷെ മഹാപ്രളയത്തെ അതിജീവിച്ച നാട് ഈ വെല്ലുവിളിയും മറികടക്കും; സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

Published on 18 October, 2018
അവര്‍ ഞങ്ങളെ പച്ചയ്ക്ക് കത്തിച്ചേക്കാം; പക്ഷെ മഹാപ്രളയത്തെ അതിജീവിച്ച നാട് ഈ വെല്ലുവിളിയും മറികടക്കും; സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
പത്തനംതിട്ട: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാം ദിവസം അക്രമസ്വഭാവം വര്‍ധിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞപിടിച്ച് ആക്രമിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്നുണ്ട്. പലയിടങ്ങളിലും മാധ്യമപ്രവര്‍ത്തകരെ ബോധപൂര്‍വ്വം ആക്രമിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വനിത മാധ്യമപ്രവര്‍ത്തകരോടാണ് കൂടുതലായും പ്രക്ഷോഭകാരികള്‍ കലാപമുയര്‍ത്തുന്നത്. അയ്യപ്പഭക്തരെന്ന ലേബലില്‍ അക്രമം അഴിച്ചുവിടുന്നവരുടെ മുന്നില്‍ വര്‍ധിത വീര്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി ചെയ്യുന്നത്. ശബരിമല സംരക്ഷിക്കാനെന്ന പേരില്‍ നടക്കുന്ന അക്രമങ്ങള്‍ എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കിയുള്ള  മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ന്യൂസ് 18 കേരളയിലെ മാധ്യമപ്രവര്‍ത്തകന്‍ എം എസ് അനീഷ്‌കുമാര്‍ ആണ് അയ്യപ്പ ഭക്തരെന്ന പേരില്‍ അക്രമികള്‍ ഉണ്ടാക്കുന്ന ഭീകരതയെക്കുറിച്ച് വിവരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍

 ഇന്നെഴുതാന്‍ തീരെ വയ്യ, പക്ഷെ എഴുതാതെ എങ്ങിനെ കിടക്കും.നിലയ്ക്കലിലെ റബര്‍ മര ചുവട്ടില്‍ കാറിനുള്ളില്‍ കിടക്കുന്ന ഞങ്ങളെ പരിവാരങ്ങള്‍ ഇന്നു രാത്രി തന്നെ പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണുറപ്പ്.ഇന്നലെ രാവിലെ ആറു മണിയ്ക്ക് തുടങ്ങിയതാണോട്ടം. ആദിവാസികളെ മറയാക്കിയായിരുന്നു ആദ്യ അങ്കം. 

പമ്പയിലേക്ക് പുറപ്പെട്ട ഓരോ വാഹനവും നിര്‍ത്തിയിട്ട് പരിശോധിച്ചു. നിഷ്‌ക്കളങ്കരായ സ്ത്രീകള്‍, പ്രായമെത്തിയവരും എത്താത്തവരുമായ വനിതാ തീര്‍ത്ഥാടകരെ പുറത്തേക്ക് തള്ളി. തെരുവില്‍ വലിച്ചിഴച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകരായ കാജല്‍, ദേവി എന്നിവരെ വഴിയില്‍ തന്നെ തടഞ്ഞിട്ടു. പകല്‍ പ്രക്ഷോഭത്തിനു ശേഷം ഇന്നലെ അര്‍ദ്ധരാത്രിയ്ക്കു മുമ്പേ നാട്ടുകാരായ സമരക്കാര്‍ പന്തല്‍ വിട്ടു. ത്യശൂരില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള കാവി മുണ്ടും കാവി ഷാളും ധരിച്ചയാളുകള്‍ പന്തലിലെത്തി. പുലര്‍ച്ചെ മൂന്നരയോടെ തെറി വിളിയുടെ അകമ്പടിയോടെ കാറില്‍ ഉച്ചത്തില്‍ തട്ടുന്നത് കേട്ടാണ് ഉറക്കമുണര്‍ന്നത്. 

മാതൃഭുമിയുടെയും ഏഷ്യാനെറ്റിന്റെയും ന്യൂസ് 18ന്റെയുമെല്ലാം ഡി.എസ്.എന്‍.ജികള്‍ സ്ഥലത്തു നിന്നു മാറ്റിച്ചു. മാതൃഭൂമിയിലെ ഷാനവാസിനെയും ഏഷ്യാനെറ്റിലെ അജിത്തിനെയുമെല്ലാം കയ്യേറ്റം ചെയ്തു. പിന്നീട് പലായനമായിരുന്നു. നിലയ്ക്കലില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലത്തേയ്ക്ക് വാഹനങ്ങള്‍ മാറ്റി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സുരക്ഷ ഉറപ്പു നല്‍കിയതോടെ മടങ്ങിയെത്തി. നേരം പുലര്‍ന്നതോടെ സമരക്കാര്‍ അഴിഞ്ഞാട്ടം തുടര്‍ന്നു. ബസുകള്‍ തടഞ്ഞ് യുവതികള്‍ക്കായുള്ള പരിശോധന പുനരാരംഭിച്ചു.

ഈ ഘട്ടമെത്തിയതോടെ പോലീസ് ഇടപെട്ടു.ഗുണ്ടകളെ റബര്‍ തോട്ടത്തിലേക്ക് അടിച്ചോടിച്ചു. സമരപ്പന്തലും പൊളിച്ചു. എന്നാല്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വീണ്ടുമെത്തി കളം മാറി. റബര്‍ തോട്ടത്തിലൂടെ ഓടിയവര്‍ വീണ്ടുമെത്തി സമരം തുടര്‍ന്നു.ബി.ജെ.പി നേതാക്കള്‍ നിലയ്ക്കല്‍ പമ്പിനടുത്തുള്ള പുതിയ സമരമുഖത്തേക്ക്. ശരണമന്ത്രങ്ങള്‍ക്കൊപ്പം അസഭ്യവര്‍ഷങ്ങളുമായി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. നാലു വനിതാ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ധിച്ചു.

മാധ്യമ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. അയ്യപ്പനായി സമരം നടത്തുന്നവര്‍ മൂലം സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര മണിക്കൂറുകളോളം തടസപ്പെട്ടു. റോഡുകളില്‍ അഴിഞ്ഞാട്ടം സര്‍ച്ച സീമയും ലംഘിച്ചതോടെ പോലീസ് ലാത്തി വീശി. കാട്ടിനുള്ളില്‍ ഓടിക്കയറിയ ഗുണ്ടകള്‍ അവിടെ നിന്നും കല്ലെറിഞ്ഞു. കാമറകളും വാഹനങ്ങളും എറിഞ്ഞുതകര്‍ത്തു.മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞു തല്ലി.രാത്രിയോടെ പത്തനംതിട്ടയിലേയ്ക്കു പോയ മനോരമ വാഹനത്തിന് നല്‍കിയ ഏറു കിട്ടിയത് പോലീസ് വണ്ടിയ്ക്ക് . 

നിയന്ത്രണം വിട്ട വാഹനം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. അത്ഭുതകരമായി രക്ഷപ്പെട്ട പോലീസുകാര്‍ പരുക്കുകളോടെ മെഡിക്കല്‍ കോളേജില്‍. സുപ്രീംകോടതി വിധി മുതല്‍ നരേന്ദ്ര മോദിയ്‌ക്കെതിരായ വിമര്‍ശനം വരെ ചൂണ്ടിക്കാട്ടിയാണ് തെറി വിളിയും തച്ചുടയ്ക്കലും. അഴിഞ്ഞാട്ടത്തിന്റെ പിന്നിലാരെന്നു പറയാന്‍ രണ്ടു ദിവസമായി ഇവിടെ തങ്ങുന്ന ഞങ്ങള്‍ക്ക് പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. ഞങ്ങള്‍ക്കെതിരായ ഓരോ കല്ലേറും തിരിച്ചറിവു നല്‍കുന്നു നിങ്ങള്‍ മാധ്യമങ്ങളെ എത്രമാത്രം ഭയക്കുന്നുവെന്ന്, പ്രതിസന്ധിയ്ക്കിടെയിലും അത് നല്‍കുന്ന സന്തോഷം ചെറുതുമല്ല. മഹാപ്രളയത്തെ മറികടന്ന നാട് നിങ്ങള്‍ ഉയര്‍ത്തുന്ന ഈ വെല്ലുവിളിയും അതി ജീവിയ്ക്കും. വശങ്ങളില്‍ വന്ന് വധഭീഷണി നല്‍കി മറഞ്ഞവര്‍ നാളെ കൈവെയ്ക്കുമെന്നു തന്നെ കരുതുന്നു

Join WhatsApp News
josecheripuram 2018-10-18 20:30:11
Where our country especially Kerala is heading,If an issue comes up can't we talk it out as civilized,educated people.Why we take in to violence.Are we going backward instead of going forward.These type of behavior will only ruin the progress of the country.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക