Image

ശബരിമല: മുന്നറിയിപ്പും വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍

Published on 19 October, 2018
ശബരിമല: മുന്നറിയിപ്പും വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍
ശബരിമല: യുവതികള്‍ നടപ്പന്തല്‍ വരെയെത്തിയതില്‍ ഗുരുതരമായ പിഴവാണ് ഐജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നു ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ഐ.ജി കേരള പൊലീസ് ആക്റ്റ് ലംഘിച്ചു. പൊലീസ് വേഷം യുവതികള്‍ക്ക് നല്‍കിയത് പൊലീസ് ആക്റ്റിന്റെ ലംഘനമാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. പൊലീസിന്റെ വേഷവും ഉപകരണവും യുവതികള്‍ക്ക് നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണ്. ആചാരലംഘനം നടത്താന്‍ പൊലീസ് കൂട്ട് നിന്ന ശേഷം കടകംപള്ളി സുരേന്ദ്രന്‍ ഇരട്ടത്താപ്പ് കാണിച്ചു. മനപൂര്‍വം പ്രകോപനം ഉണ്ടാക്കുകയാണ് സര്‍ക്കാര്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രകോപനം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ നിയമ കൈയിലെടുക്കേണ്ടി വരും.

ശബരിമലയുടെ പരിശുദ്ധി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നു. യുവതി പ്രവേശം സാധ്യമാകാന്‍ സര്‍ക്കാര്‍ ഗൂഡാലോചന നടത്തുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പൊലീസ് ആക്ഷന്‍ സെക്ഷന്‍ 43  ശ്രീജിത്തിന് അറിയില്ലെന്നാണോ? പൊലീസിന്റെ വേഷങ്ങളോ ചിഹ്നങ്ങളോ ആയുധങ്ങളോ മറ്റാര്‍ക്കും കൈമാറാന്‍ പാടില്ലെന്നാണ് സെക്ഷന്‍ 43 ല്‍ പറഞ്ഞിരിക്കുന്നത്. പൊലീസിന്റെ വേഷവും ഷീല്‍ഡും ശബരിമലയുടെ ആചാരലംഘനത്തിന് ഇറങ്ങിപ്പുറപ്പെട്ട യുവതികള്‍ക്ക് നല്‍കിയത് ഗുരുതരമായ ചട്ടലംഘനമാണ്.

യുവതികള്‍ക്ക് ആരാണ് പൊലീസ്  വേഷം നല്‍കിയത്. കഴിഞ്ഞ ദിവസം കേരള പൊലീസ് അവരുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ ഇട്ടിരിക്കുന്നത് ഇരുമുടിക്കെട്ടുമായി വരുന്നവര്‍ക്ക് സഹായം ചെയ്യുമെന്നാണ്. യുവതികളുടെ പശ്ചാത്തലം അന്വേഷിക്കേണ്ടിയിരുന്നു എന്ന് മന്ത്രി പറയുന്നു. എന്തുകൊണ്ട് ഇവര്‍ രഹ്ന ഫാത്തിമയുടെ പശ്ചാത്തലം അന്വേഷിച്ചില്ല. ഇവര്‍ക്ക് അറിയാഞ്ഞിട്ടാണോ? ഇക്കാലം വരെ മറ്റേതെങ്കിലും മതവിഭാഗങ്ങളുടെ തര്‍ക്കങ്ങളില്‍ മതവിശ്വാസികളല്ലാത്തവര്‍ കക്ഷി ചേര്‍ന്നിട്ടുണ്ടോ? ഹിന്ദുക്കളും ശബരിമലയും അന്യമതസ്ഥര്‍ക്ക് കയറിയിരുന്ന് കൊട്ടാനുള്ള ചെണ്ടയല്ല. 

ആ മതത്തിലുള്ളവര്‍ ഇവരെ തിരുത്താന്‍ തയാറാകണം. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിയുണ്ടാകും. ഏത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ മലകയറിയത്. സര്‍ക്കാരിന്റേത് മ്ലേച്ഛമായ നിലപാടാണ്. വിശ്വാസത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇത്. ശബരിമലയിലെ വിശ്വാസം തകര്‍ക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയ സാഹചര്യത്തില്‍ അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കും ഇറങ്ങേണ്ടി വരും. ഇത് വരെ തികഞ്ഞ സംയമനം കാണിച്ചു. ശബരിമല കുരുതിക്കളമാകാന്‍ പാടില്ല എന്നതുകൊണ്ടാണ് അത്. അല്ലാതെ അറിയാത്തതുകൊണ്ടല്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക