Image

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുത്‌, ആക്‌ടിവിസ്‌റ്റുകളെ തടയില്ലെന്നും കോടിയേരി

Published on 19 October, 2018
ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുത്‌, ആക്‌ടിവിസ്‌റ്റുകളെ തടയില്ലെന്നും കോടിയേരി

തിരുവനന്തപുരം: വിശ്വാസികള്‍ പുണ്യഭൂമിയായി കരുതുന്ന ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള യുദ്ധമാക്കി ഇതിനെ മാറ്റരുത്‌. ബി.ജെ.പിയും കോണ്‍ഗ്രസും രാഷ്ട്രീയ സമരമാക്കി ഇതിനെ മാറ്റിയിരിക്കുകയാണ്‌.

സമരത്തിനിറങ്ങുന്നവര്‍ എന്തുകൊണ്ട്‌ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട്‌ ജനങ്ങള്‍ മനസിലാക്കണം.

ശബരിമല വിഷയത്തിലെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന വ്യാപകമായി ഗൃഹസമ്‌ബര്‍ക്കവും കാല്‍നട ജാഥകളും അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കും.

ശബരിമല സ്‌ത്രീ പ്രവേശനം സംബന്ധിച്ച കേസ്‌ നടക്കുമ്‌ബോള്‍ ഒന്നും മിണ്ടാത്ത കോണ്‍ഗ്രസും ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും ഇപ്പോള്‍ സമരം നടത്തുന്നത്‌ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌. സുപ്രീം കോടതിയുടെ ഉത്തരവ്‌ നടപ്പിലാക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്‌. ഹൈക്കോടതി ഉത്തരവ്‌ പ്രകാരം ശനീശ്വര ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും സ്‌ത്രീ പ്രവേശനം അനുവദിച്ചവരാണ്‌ മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍. ശബരിമല സ്‌ത്രീ പ്രവേശനത്തില്‍ ആര്‍.എസ്‌.എസ്‌, കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം ആദ്യ ഘട്ടത്തില്‍ സ്വാഗതം ചെയ്‌തവരാണ്‌.

ഇപ്പോള്‍ സംസ്ഥാനത്ത്‌ വര്‍ഗീയത ഉണര്‍ത്തി കലാപം സൃഷ്‌ടിക്കാനാണ്‌ ഇവരുടെ ശ്രമം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. പൊലീസില്‍ പോലും വര്‍ഗീയ ചേരിതിരിവ്‌ സൃഷ്‌ടിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണ്‌. ശബരിമലയിലെ അക്രമങ്ങള്‍ക്ക്‌ പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വിശ്വാസികളാണെങ്കില്‍ ആക്‌ടിവിസ്‌റ്റുകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിലേക്ക്‌ കുഴപ്പമുണ്ടാക്കാന്‍ വന്നാല്‍ ആക്‌ടിവിസ്‌റ്റുകളായാലും ആരായാലും പൊലീസ്‌ ശക്തമായ നടപടിയെടുക്കണം. ശബരിമലയില്‍ ഇതുവരെ പൊലീസിന്‌ വീഴ്‌ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട്‌ തള്ളുന്നതായിരുന്നു കോടിയേരിയുടെ പരാമര്‍ശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക