Image

ശബരിമലയില്‍ മൂന്ന്‌ ദിവസത്തേക്ക്‌ കൂടി നിരോധനാജ്ഞ നീട്ടി

Published on 19 October, 2018
ശബരിമലയില്‍ മൂന്ന്‌ ദിവസത്തേക്ക്‌ കൂടി നിരോധനാജ്ഞ നീട്ടി


സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്‌ ശബരിമലയില്‍ നിരോധനാജ്ഞ മൂന്ന്‌ ദിവസത്തേക്ക്‌ കൂടി നീട്ടി. നടയടക്കുംവരെ നിരോധനാജ്ഞ നിലനില്‍ക്കും. തിങ്കളാഴ്‌ചയാണ്‌ തുലമാസ പൂജ പൂര്‍ത്തിയാക്കി നടയടയ്‌ക്കുന്നത്‌. സന്നിധാനം, പമ്പ, നിലയ്‌ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ്‌ നിരോധനാജ്ഞ നിലനില്‍ക്കുന്നത്‌.

ഇന്ന്‌ വൈകുന്നേരം നിലയ്‌ക്കലും പമ്പയിലും വീണ്ടും സംഘര്‍ഷമുണ്ടായിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പന്തളം രാജാവിന്റെ ഇരിപ്പിടത്തിന്‌ സമീപം നാമജപ പ്രാര്‍ത്ഥന തുടങ്ങിയതാണ്‌ സംഘര്‍ഷത്തിന്‌ വഴിവെച്ചത്‌. ഇവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി.

പ്രദേശത്ത്‌ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കൂട്ടംകൂടിയിരിക്കാന്‍ പാടില്ലെന്ന്‌ ഇവരോട്‌ ആവശ്യപ്പെട്ടെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. പോലീസ്‌ നടപടി ആരംഭിച്ചതോടെ ഇവര്‍ ബി.ജെ.പി അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി. പിന്നീട്‌ ഇവരെ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കുകയായിരുന്നു.

അതേസമയം, കൊച്ചി സ്വദേശി രഹന ഫാത്തിമയും തെലങ്കാനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതയും സന്നിധാനത്തേക്കുള്ള നടപ്പന്തല്‍ വരെയെത്തിയെങ്കിലും ഇവിടെയുണ്ടായ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന്‌ ഇവര്‍ക്ക്‌ തിരിച്ചിറങ്ങേണ്ടിവന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക