Image

ജ്ഞാനപ്പാനയിലെ ജീവിതദര്‍ശനം (മൂന്നാം ഭാഗം: വാസുദേവ് പുളിക്കല്‍)

Published on 19 October, 2018
ജ്ഞാനപ്പാനയിലെ ജീവിതദര്‍ശനം (മൂന്നാം ഭാഗം: വാസുദേവ് പുളിക്കല്‍)
പ്രപഞ്ചം, ഈശരന്‍, ആത്മാവ് എന്നീ വിഷയങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ ഭാരതീയ ഋഷിമാര്‍ വിവിധ ദര്‍ശനങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. തികച്ചും താത്വികമായ ഈ ദര്‍ശനങ്ങള്‍ക്ക് ഉപരിയായിരിക്കുന്നത് ജീവിതദര്‍ശനമാണെന്ന പക്ഷക്കാര്‍ നിരവധിയുണ്ടാകാം. നമ്മുടെ ആന്തിരികഭാവങ്ങളെ സൂക്ഷ്മമായി വിചാരം ചെയ്ത് നിര്‍ണ്ണയച്ച ശാസ്ര്തമെന്ന് ദര്‍ശനത്തിന് ഒരു നിര്‍വ്വചനമുണ്ട്. അപ്പോള്‍ ജീവിതദര്‍ശനത്തിന് ജീവിതശാസ്ര്തം എന്ന് അര്‍ത്ഥം കല്‍പിക്കാം. ജീവിതം ഭൗതികതയെയോ അല്ലെങ്കില്‍ ആദ്ധ്യാത്മികതയെയോ അടിസ്ഥാനമാക്കി ആയിരിക്കണമെന്ന് തീരുമാനിക്കാന്‍ ഏവര്‍ക്കും അവകാശമുണ്ട്. ഭൗതികതയേയും ആദ്ധ്യാത്മികതയേയും തോളോടുതോള്‍ ചേര്‍ത്ത് നിര്‍ത്തണമെന്ന് ചിന്തിക്കുന്നവരുമുണ്ട്. നമ്മുടെ വിദ്യാഭ്യാസം തന്നെ ഈ തീരുമാനത്തിന് അനുസൃതമായിരിക്കും. പഠിച്ച് ജോലി സമ്പാദിച്ച് ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുടുത്തുന്നതിനു വേണ്ടിയാണ് ഉന്നത വിദ്യഭ്യാസം നേടുന്നത് എന്നു മാത്രം ധരിച്ചു വെച്ചിരിക്കുന്നവര്‍ ആത്മവിദ്യയാണ് അതിനേക്കാള്‍ പ്രാധാന്യമെന്നു മനസ്സിലാക്കുന്നില്ല. ഭൗതികതയുടെ നശ്വരതയും ആദ്ധ്യാത്മികതയുടെ അനശ്വരതയും തിരിച്ചറിയുന്നവര്‍ അവരുടെ ജീവിതസരണി ആദ്ധ്യാത്മികതയിലേക്ക് തിരിച്ചു വിടാനാണ് സാധ്യത. ഇത്തരക്കാരുടെ ജീവിതം ആദ്ധ്യാത്മികതയുടെ പവിത്രതകൊണ്ട് പൂരിതമായിരിക്കും. ജീവിതം ഭൗതികമോ ആദ്ധ്യാത്മികമോ ആയിരുന്നാലും നമുക്ക് അഹിതമായിട്ടുള്ളതൊന്നും നമ്മള്‍ ചെയ്യാതിരിക്കുന്നതു പോലെ, മറ്റുള്ളവര്‍ക്ക് ഹാനികരമായ കാര്യങ്ങള്‍ ചെയ്യാതിരിക്കുക. സ്വന്തം ജീവിതം സുഖപ്രദമാക്കുന്നതിനപ്പുറം ചിന്തയില്ലാത്തവര്‍ ആത്മസുഖത്തിനുവേണ്ടി ചെയ്യുന്ന പ്രവൃത്തികള്‍ അപരന്റെ സൗഖ്യം കൂടി മുന്നില്‍ക്കണ്ടുകൊണ്ടായിരിക്കുകയില്ല എന്നു മാത്രമല്ല ചിലപ്പോള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്ന വിധത്തിലുമായിരിക്കും. ഇങ്ങനെയുള്ളവരുടെ ജീവിതദര്‍ശനം സങ്കുചിതവും യാതൊരു മഹത്വവും ഇല്ലാത്തതായിരിക്കും, മനുഷ്യനെ വേര്‍തിരിച്ച് കാണുന്നതുകൊണ്ടുണ്ടാകുന്ന അപാകതയാണിത്. രണ്ടില്ല, ഒന്നേ ഉള്ളൂ എന്ന് ഉല്‍ഘോഷിക്കുന്ന അദൈ്വതചിന്തയിലേക്ക് ഉയര്‍ന്നു ചെല്ലുന്നതായിരിക്കണം ജീവിതദര്‍ശനം. അത് സദാചാരത്തില്‍ അധിഷ്ടിതമായിരിക്കണം. ന്യായമായ പെരുമാറ്റച്ചട്ടങ്ങളും നടപടികളുമാണ് സദാചാരശാസ്ര്തം അനുശാസിക്കുന്നത്. പരസ്പര സ്‌നേഹത്തോടും പരിഗണനയോടും വര്‍ത്തിക്കേണ്ട രീതി സദാചാരശാസ്ര്തം പഠിപ്പിക്കുന്നു. സദാചാരത്തില്‍ നിന്ന് ധര്‍മ്മമുണ്ടാകുന്നു, ധര്‍മ്മനിഷ്ഠകൊണ്ട് ഈശ്വരനിലേക്ക് അടുക്കുന്നു എന്നു മാത്രമല്ല, അത് ഐശ്വര്യവും സത്ക്കീര്‍ത്തിയും വര്‍ദ്ധിപ്പിക്കുന്നു.

ഇന്നത്തെ സമൂഹത്തെ ശ്രദ്ധിച്ചാല്‍ സാധാരണക്കാര്‍ മുതല്‍ പള്ളിമേടകളിലെ പുരോഹിതന്മാരും കൊട്ടാരസമാനമായ അരമനകളിലെ മെത്രാന്മാരും പവിത്രമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ആശ്രമങ്ങളിലെ കപടസന്യാസിമാരും സദാചാരത്തില്‍ നിന്ന് വ്യതിചചലിച്ച് സ്ര്തീകളെ മാനഭംഗപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തള്‍ കേള്‍ക്കാം. മകളെ പീഡിപ്പിക്കുന്ന പിതാവിനും ന്യായീകരണങ്ങള്‍ ഉണ്ടാകുമ്പോള്‍ വമ്പന്മാരുടെ കാര്യം പറയേണ്ടതില്ല. സ്ര്തീയുടെ സമ്മതമാണ് പീഡനത്തിനു വഴിയൊരുക്കിയതെന്നും സ്ര്തീപീഡനം തെളിയിക്കണമെങ്കില്‍ ദൃക്‌സാക്ഷികള്‍ വേണമെന്നുമുള്ള അബന്ധജഡിലമായ വാദവുമായി മുന്നോട്ടു വരുന്നവരേക്കാള്‍ വലിയ സാമൂഹ്യ ദ്രോഹികളും സദാചാരവിരുദ്ധരുമില്ല. ഭാരതീയ സംസ്കൃതിക്ക് കളങ്കം ചാര്‍ത്തുന്നവര്‍ അവരുടെ ജീവിത ദര്‍ശനം ശ്രദ്ധയോടെ ചിട്ടപ്പെടുത്തി പോരായ്മകള്‍ പരിഹരിക്ല് സാംസ്കാരികമായി ഉയര്‍ന്നു വരേണ്ടതിനെപറ്റി ചിന്തിക്കേണ്ടതാണ്‍'.

ജീവിതദര്‍ശനത്തില്‍ നിന്ന് വഴുതിപ്പോകുന്നവരേയും ജീവിതദര്‍ശനം മഹത്വപ്പെടുത്തുന്നവരേയും പൂന്താനം ജ്ഞാനപ്പാനയില്‍ അവതരിപ്പിക്കുന്നു.

കണ്ടാലൊട്ടറിയുന്നിതു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ
കണ്ടതൊന്നുമേ സത്യമല്ലെന്നത്
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍
മനുജാതിയില്‍ തന്നെ പലവിവിധം
മനസ്സിനു വിശേഷമുണ്ടോര്‍ക്കണണം

"ബ്രഹ്മസത്യം, ജഗന്മിഥ്യാ'' എന്ന് മനസ്സിലാക്കാതെ പ്രപഞ്ചത്തെ ആശ്ചര്യത്തോടെ നോക്കിനില്‍ക്കുന്നവരും കണ്ടാലും തിരിച്ചറിയാത്തവരും അവരുടെ മാനസികാവസ്ഥയനുസരിച്ച് ജീവിതംദര്‍ശനം ചിട്ടപ്പെടുത്തുമ്പോള്‍ അവര്‍ എവിടേയും എത്തുന്നില്ല. ഈ കാണുന്നതൊന്നും സത്യമല്ലെന്നും അവയെല്ലാം ഈശ്വരന്റെ മായാവിലാസങ്ങളാണെന്നും താന്‍ ഈശ്വരാംശമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നവര്‍ പരമാനന്ദം നല്‍കുന്ന ആദ്ധ്യാത്മിക ദര്‍ശനത്തിലേക്ക് മനസ്സിനെ തിരിച്ചു വെച്ച് ആത്മൈക്യത്തിന് (ജീവാത്മാവും പരമാത്മാവും തമ്മിലുള്ള സംയോഗം) വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അതിന് ആത്മവിദ്യ അനുപേക്ഷണീയമാണ്. ഭഗവത്ഗീതയില്‍ പറയുന്നു,

ആശ്ചര്യവല്‍പശ്യതി കശ്ചിദേന-
മാശ്ചര്യവദ്വദതി തഥൈവ ചാന്യ:
ആശ്ചര്യവല്ലൈനമന്യഃ ശ്രണോതി
ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചില്‍ 2..29

ഇങ്ങനെ കേള്‍ക്കുന്നവരും കാണുന്നവരും പറയുന്നവരും ആശ്ചര്യപ്പെടുന്നവരും ആരും തന്നെ ആത്മാവിനെ സൂക്ഷ്മമായി അറിയുന്നില്ല. അവര്‍ക്ക് ഈശ്വരനുമായുള്ള യഥാര്‍ത്ഥ ബന്ധം തിരിച്ചറിയാനോ ശ്രേഷ്ഠമായൊരു ജീവിതദര്‍ശനം കരുപ്പിടിപ്പിക്കാനൊ സാധിച്ചെന്നു വരില്ല ആത്മാവിനെ അറിയേണ്ടത് ജീവിതത്തിന്റെ അഭ്യൂന്നതിക്ക് അനിവാര്യമാണ്.

യസ്ത്വാമരതിരേവ സ്യാ-
ദാത്മതൃപ്തശ്ച മാനവ
ആത്മന്യേവ ച സന്തുഷ്ട-
സ്തസ്യ കാര്യം ന വിദ്യതേ. (ഗീത 3-17)

ആനന്ദസ്വരൂപവും അദ്വതീയവുമായിരിക്കുന്ന പരബ്രഹ്മത്തില്‍ അന്തക്കരണത്തെ രമിപ്പിക്കുന്നവര്‍ക്ക് മറ്റൊന്നും തന്നെ ചെയ്യേണ്ടതായിട്ടില്ല. ജീവാത്മാക്കള്‍ ഒരേ പരമാത്മാവിന്റെ തന്നെ അംശമാണെന്ന തിരിച്ചറിവ് ഭേദചിന്തകളില്ലാതെയും അസൂയയും കുശുമ്പുമൊന്നുമില്ലാതേയും സമത്വബോധത്തിലേക്ക് മനുഷ്യരെ നയിക്കുന്നു. അപ്പോള്‍ അവര്‍ക്ക് മഹദ്വചനങ്ങള്‍ ഉള്‍ക്കൊള്ളാനും പരസ്പരം സ്‌നേഹിക്കാനും കഴിയും. സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിക്ല് ഒരു കൂട്ടം അഹങ്കാരികളെ പൂന്താനം അവതരിപ്പിക്കുന്നു. ബ്രാഹ്മണനായ പൂന്താനം ബ്രാഹ്മണ വര്‍ഗ്ഗത്തെ പരിഹസിക്കാനും മടി കാണിക്കുന്നില്ല.
വന്ദിതന്മാരെ കാണുന്ന നേരത്ത്
നിന്ദിച്ചെത്രെ പറയുന്നിതു ചിലര്‍
കാണ്‍ക നമ്മുടെ സംസാരംകൊണ്ടെത്രേ
വിശ്വമീവണ്ണം നില്‍പ്പുവെന്നും ചിലര്‍
ബ്രാഹ്മണ്യം കൊണ്ടു കുന്തിക്ലു കുന്തിച്ചു
ബ്രഹ്മാവുമെനിക്കൊക്കയെന്നും ചിലര്‍
വന്ദിക്കേണ്ടവരെ നിന്നിക്കുകയും ലോകം തന്നെ നിലനില്‍ക്കുകയും ചെയ്യുന്നത് തന്റെ സാമര്‍ത്ഥ്യം കൊണ്ടാണെന്ന് വീമ്പു പറയുകയും ബഹ്മാവിനേക്കാല്‍ ബ്രാഹ്മണ്യം തങ്ങള്‍ക്കാണെന്ന് അഹങ്കരിക്കുകയും ചെയ്യുന്നവര്‍ ജീവിതദര്‍ശനത്തില്‍ നിന്ന് സ്ഥാനഭ്രംശം സംഭിവിച്ചവരാണ്. അഹന്തയുടെ മൂര്‍ത്തീഭാവമയ ഇക്കൂട്ടര്‍ക്ക് പരിപക്വമായ ജീവിതദര്‍ശനത്തിലേക്ക് തിരിച്ചു വരാന്‍ ഏറെ പണിപ്പെടേണ്ടി വരും

ധനവാഞ്ചയുള്ള മനുഷ്യരുടെ വകതിരിവിക്ലായ്മയേയും പുന്താനം നിശിതമായി വിമര്‍ശിക്കുന്നു,
സ്വര്‍ണ്ണങ്ങള്‍ നവരത്‌നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‍ക്കുന്നിതു ചിലര്‍
വൃത്തികെട്ടു ധൂര്‍ത്തരായെപ്പൊഴും
അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു
അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിനൊരുകാലം
ചത്തുപാം നേരം വസ്ത്രമതുപോലു-
മെത്തിടാ കൊണ്ടുപോകാനൊരുത്തര്‍ക്കും
പശ്ത്താപമൊരിള്ളോളമില്ലാതെ
വിശ്വാസപാതകത്തെ കരുതുന്നു

യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിശ്വാസവഞ്ചന ചെയ്തും മറ്റും ധനം സമാഹരിക്കാന്‍ ശ്രമിക്കുന്നവരുടെ മുഖഛായ ചിത്രീകരിക്കുകയാണ് പൂന്താനം. സ്വന്തം നേട്ടങ്ങളും ഭൗതികസുഖവും മാത്രം ലക്ഷ്യമാക്കി ധനം സമ്പാദിക്കാന്‍ ശ്രിമിക്കുന്നവര്‍ക്ക് അതിനു വേണ്ടി ഏതൊരു മാര്‍ഗ്ഗം സ്വീകരിക്കുന്നതിനും യതൊരു മടിയുമുണ്ടാവുകയില്ല. യാതൊരു പശ്ചാത്താപവുമില്ലാതെ സ്വന്തം താല്‍പര്യത്തിനുവേണ്ടി വഞ്ചന ചെയ്യുന്ന ഇക്കൂട്ടര്‍ക്ക് സഹജീവികളോട് സ്‌നേഹമോ പരിഗണനയോ ഉണ്ടാവുകയില്ല. എത്ര സമ്പാദിച്ചാലും മനസ്സിനെ തൃപ്തിപ്പെടുത്താന്‍ സാധിക്കാതെ അവര്‍ നശിച്ചു പോകുമ്പോഴും സമ്പാദിച്ചത് പോരാ എന്ന ദുഃഖം അവരെ അലട്ടിക്കൊണ്ടിരിക്കും.
പത്തു കിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആശയായുള്ള പാശമിതേങ്കേന്നു
വേര്‍വിടാതെ കരേറുന്നു മേള്‍ക്കുമേല്‍
ധനമോഹമായ കയറിന്റെ ബന്ധനത്തില്‍ നിന്ന് അവര്‍ക്ക് മോചനമില്ല. തന്റെ ഭീമമായ ബാങ്കു ബാലന്‍സില്‍ തെല്ല് കുറവുണ്ടായപ്പോള്‍ നിരാശനായി ആത്മഹത്യ ചെയ്ത ധനവാന്റെ കഥ നിങ്ങള്‍ കേട്ടു കാണൂം.
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും
പാമ്പിന്റെ വായില്‍ അകപ്പെട്ടു പോയ തവള ഭക്ഷണത്തിനു മോഹിക്കുന്നതു പോലെയാണ് ജരാനരകള്‍ ബാധിച്ച് മരണം ആസന്നമായിരിക്കുമ്പോഴും ധനമോഹത്തില്‍ മുഴുകിയിരിക്കുന്നത്. എത്ര തന്നെ സമ്പാദിച്ചാലും ഈ ലോകത്തില്‍ നിന്ന് യാത്ര തിരിക്കേണ്ടത് വെറും കയ്യോടെയാണെന്ന സത്യമെങ്കിലും അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ധനത്തിനോടുള്ള ആര്‍ത്തിക്ക് അറുതി വരുത്താനും പരോപകാരം ചെയ്യാനും സാധിച്ചേനെ.
വിത്തത്തിലാശ പറ്റുക ഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ
സത്യമെന്നതു ബ്രഹ്മമതു തന്നെ
സത്യമെന്നു കരുതുന്നു സത്തുക്കള്‍
അത്യാഗ്രഹികളായ ദുഷ്ടന്മാരേയും സജ്ജനങ്ങളേയും താരതമ്യം ചെയ്തുകൊണ്ട് പൂന്താനം എന്താണ് സത്യമെന്നും സത്യത്തിന്റെ മാഹാത്മ്യമെന്തെന്നും വെളിപ്പെടുത്തുന്നു. അത്യാഗ്രഹികള്‍ സത്യത്തിന് യാതൊരു വിലയും കല്‍പിക്കാറില്ല. സഹോദരി സഹോദരന്മാരെ പോലും വഞ്ചിച്ച് കൃതൃമ മാര്‍ഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കുക എന്നതു മാത്രം ലക്ഷ്യമാക്കുമ്പോള്‍ അവര്‍ക്ക് സത്യത്തെ നിരാകരിക്കാനല്ലാതെ മാനിക്കാന്‍ സാധിക്കുകയില്ല. ധനം സമാഹരിക്കുന്നതാണ് ജീവിതവിജയമെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. സത്യം എന്നത് ബ്രഹ്മം (ഈശ്വരന്‍) തന്നെയാണെന്നും ബ്രഹ്മം തന്നെയാണ് സത്യമെന്നും മഹത്തുക്കള്‍ മനസ്സിലാക്കുന്നു. ധര്‍മ്മാനുഷ്ഠാനത്താല്‍ ഉണ്ടാകുന്ന ജീവിതവിജയമാണ് യഥര്‍ത്ഥ ജീവിതവിജയമെന്നും സുഖത്തിന്റെ ഇരിപ്പിടം ധര്‍മ്മമാണെന്നും അവര്‍ തിരിച്ചറിയുന്നു. അധര്‍മ്മം ദുഃഖകാരണവും ദുഷ്കീര്‍ത്തികരവുമാണ്. സത്യമെന്തെന്നറിയാതെ സത്യത്തില്‍ നിന്ന് അകന്നകന്നു പോകുന്നവരെക്കണ്ട് പൂന്താനം പറയുന്നു:
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാര്‍ത്ഥമരുള്‍ ചെയ്തിരിക്കുന്നു,
നാരായണഗുരു പറയുന്നതു ശ്രദ്ധിക്കൂ,
"നീ സത്യം ജ്ഞാനമാനന്ദം,
നീ തന്നെ വര്‍ത്തമാനവും,
ഭൂതവും ഭാവിയും വേറല്ലോ-
തുമൊഴിയുമോര്‍ക്കില്‍ നീ

സത്യത്തെ മറന്ന് ധനത്തിനുവേണ്ടി പരസ്പരം മത്സരിക്കുകയും മറ്റുള്ളവരെ ചതിക്കാന്‍ കെണികള്‍ ഒരുക്കുകയും ചെയ്യുന്നവര്‍ പുന്താനത്തിന്റെ താഴെ കൊടുത്തിരിക്കുന്ന ചോദ്യത്തിന് കാതോര്‍ക്കുകയും അതില്‍ അന്തര്‍ലീനമായിരിക്കുന്ന കവിയുടെ താല്‍പര്യം മാനസ്സിലാക്കുകയും ചെയ്യേണ്ടതാണ്.
കൂടിയല്ലാ പിറക്കുന്ന നേരത്ത്
കൂടിയല്ലാ മരിക്കുന്ന നേരത്ത്
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃഥാ?
വസുധൈവ കുടുമ്പകം എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കിയാല്‍ ഈ മത്സരങ്ങള്‍ക്ക് സ്ഥാനവും പ്രസക്തിയുമില്ലാതാകും.
പുന്താനം തുടര്‍ന്നു ചോദിക്കൂന്നു,
അര്‍ത്ഥമോ പുര്‍ഷാര്‍ത്ഥമിരിക്കവേ
അര്‍ത്ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മദ്ധ്യാഹ്നഹ്നഹ്‌നര്‍ക്കപ്രകാശമിരിക്കവേ
ഖദ്യോതത്തേയോ മാനിച്ചു കൊള്ളേണ്ടു?
മിന്നുന്ന സൂര്യന്‍ വിളങ്ങുന്ന സമയത്ത് മിന്നാമിനുങ്ങിന് ശോഭയുണ്ടോ എന്ന് പഴമൊഴി. അറിവിലൂടേയും അനുഭവങ്ങളിലൂടേയും ആത്മസാക്ഷാത്ക്കാരം നേടുന്നതിനെ പുര്‍ഷാര്‍ത്ഥസിദ്ധി എന്നു പറയുന്നു. പുരുഷാര്‍ത്ഥങ്ങള്‍ നാലെങ്കിലും അവയില്‍ പരമമായത് മോക്ഷമാണ് - അനന്തവും അനശ്വരവുമായ സുഖാനുഭൂതി നല്‍കുന്ന അവസ്ഥ. ആ സുഖത്തിനു വേണ്ടി ജീവിതദര്‍ശനത്തെ ചിട്ടപ്പെടുത്താതെ നശിച്ചു പോകുന്ന ധനത്തിനു വേണ്ടി ആര്‍ത്തി കാണിക്കുന്നതെന്തിന്. ഇരുട്ടും വെളിച്ചവുമെന്ന പോലെ ലൗകികജീവിതത്തില്‍ സത്യവും അസത്യവും, ധര്‍മ്മവും അധര്‍മ്മവും, ശിഷ്ടതയും ദുഷ്ടതയും, മിത്രതയും ശത്രുതയും, ഹിംസയും അഹിംസയും ഇടകലര്‍ന്നിരിക്കുന്നു. അവയെ തിരിച്ചറിഞ്ഞ് ശരിയായത് തെരഞ്ഞടുക്കുമ്പോഴാണ് ജീവിതദര്‍ശനം നേര്‍വഴിക്കാകുന്നത്. അതുകൊണ്ട് പുരുഷാര്‍ത്ഥം ആഗ്രഹിക്കുന്നവര്‍ നേരായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കുകയും ആഗ്രഹങ്ങള്‍ നിവൃത്തിക്കുകയും വേണം. സജ്ജനങ്ങളെ കാണുന്ന നേരത്ത് ലജ്ജകൂടാതെ വീണു നമസ്കരിക്കണം. "പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍ പ്രാരബ്ധങ്ങളശേഷമൊഴിഞ്ഞിടും' എന്ന് പൂന്താനം പറയുന്നു. എല്ലാ കെട്ടുപാടുകളില്‍ നിന്ന് മോചിതരായി സര്‍വ്വവും ഈശ്വരനില്‍ സമര്‍പ്പിക്കുന്ന അര്‍പ്പണ മനോഭാവം പുരുഷാര്‍ത്ഥത്തിലേക്ക് വഴിയൊരുക്കുന്നു.

പ്രൗഢമായ ജീവിതദര്‍ശനം മഹത്തായ ആത്മബലമാണ്. അതു ചുറ്റുപാടും സൗരഭ്യം പരത്തുന്ന സുഗന്ധപുഷ്പം പോലെ നമുക്കും മറ്റുള്ളവര്‍ക്കും നനന്മയുളവാക്കുന്നു. നശ്വരമായ ഭൗതികവസ്തുക്കള്‍ക്കു പിന്നാലെ പോയി സമയം പാഴക്കാതെ അനശ്വരമായ പരമപുരുഷാര്‍ത്ഥമായ മോക്ഷം നേടാനായി പരിശ്രമിക്ല് ജീവിതദശനം അന്വര്‍ത്ഥമാക്കാനുള്ള പുന്താനത്തിന്റെ ആഹ്വാനം വിലപ്പെട്ടതാണെന്ന് എല്ലാവരും മനസ്സിലാക്കുമെന്ന് കരുതുന്നു.
(അവസാനിച്ചു)
Join WhatsApp News
വിദ്യാധരൻ 2018-10-19 23:31:56
ആരാണെന്നറിയാതെ ജനമൊക്കെ 
പാരാകെ നെട്ടോട്ടം ഓടുന്നു 
സത്യവും ധർമ്മവും എന്നുള്ള വാക്കുകൾ 
യുക്തിയില്ലാത്ത വാക്കായി തീർന്നിന്ന് 
വഞ്ചന ചതി ഈവക ഉണ്ടെങ്കിൽ 
നിശ്ചയം നീ ഇങ്ങ് ശോഭിക്കും 
ആരാണീ പൂന്താനം ചൊല്ലുമോ 
ആരിവൻ ട്രമ്പിന്റെ ജ്യേഷ്ഠനോ ?
ജീവിത ദർശനം ആദർശം വാക്കുകൾ 
ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല കേട്ടോ;
ജീവിതം അടിപൊളി ആക്കുവാൻ നാമെല്ലാം 
പോവണം കുതന്ത്രത്തിൻ മാർഗ്ഗത്തിൽ 
സത്യം ആരേലും ചെന്നാൽ ഉടനടി 
കുത്തിപിടിക്കണം നാഭിക്കുടൻ തന്നെ 
ഇടത്തു ചെള്ളക്കൊന്നടിച്ചാലുടൻ 
കൊടുക്കണം  തിരിച്ചടി നീട്ടാതെ 
ഇങ്ങനെ നമ്മൾ മുന്നോട്ട് പോകുകിൽ 
ഇങ്ങിവിടെ സുഖമായി ജീവിക്കാം 
ജ്ഞാനപാനേലെ ദർശനം നല്ലതാ 
ജ്ഞാനമുള്ളോർക്ക് തീർച്ച ഗുണം ചെയ്യും 
വേദം നീ പോത്തിനോട് ഓതീട്ട് 
ബോധം വന്നിടും എന്നു ധരിക്കുന്നോ ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക