Image

കേരളത്തിലെ ആദ്യ മന്ത്രിസഭയ്‌ക്ക്‌ ഇന്ന്‌ 55 വയസ്‌

Published on 05 April, 2012
കേരളത്തിലെ ആദ്യ മന്ത്രിസഭയ്‌ക്ക്‌ ഇന്ന്‌ 55 വയസ്‌
തിരുവനന്തപുരം: കേരളത്തിലെ ആദ്യമന്ത്രിസഭയായ ഇ.എം.എസ്‌ മുഖ്യമന്ത്രിയായ മന്ത്രിസഭ അധികാരമേറ്റിട്ട്‌ ഇന്ന്‌ 55 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. കേരള സംസ്ഥാനം രൂപം കൊണ്‌ടതിനു ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച ഇ.എം.എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തത്‌ 1957 ഏപ്രില്‍ അഞ്ചിനാണ്‌.

തെരഞ്ഞെടുപ്പില്‍ അറുപതു സീറ്റുകളില്‍ വിജയം നേടി ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസ്‌ 43 സീറ്റിലും പി.എസ്‌.പി ഒമ്പതു സീറ്റിലും വിജയിച്ചു. 14 സ്വതന്ത്രരും വിജയിച്ചു.

മന്ത്രിസഭയില്‍ അംഗങ്ങളായി സി. അച്യുതമേനോന്‍- ധനകാര്യം, ടി.വി. തോമസ്‌- ഗതാഗതം, തൊഴില്‍, കെ.സി. ജോര്‍ജ്‌- ഭക്ഷ്യം, വനം, കെ.പി ഗോപാലന്‍- വ്യവസായം, ടി.എ. മജീദ്‌- പൊതുമരാമത്ത്‌, പി.കെ. ചാത്തന്‍മാസ്റ്റര്‍- തദ്ദേശസ്വയംഭരണം, പ്രഫ. ജോസഫ്‌ മുണ്‌ടശ്ശേരി- വിദ്യാഭ്യാസം, സഹകരണം, കെ.ആര്‍. ഗൗരിയമ്മ- റവന്യൂ, എക്‌സൈസ്‌, വി.ആര്‍. കൃഷ്‌ണയ്യര്‍- നിയമം, വിദ്യുത്‌ച്ഛക്തി, ഡോ. എ.ആര്‍. മേനോന്‍- ആരോഗ്യം. അക്കൂട്ടത്തില്‍ ജോസഫ്‌ മുണ്‌ടശ്ശേരിയും വി.ആര്‍. കൃഷ്‌ണയ്യരും ഡോ. എ.ആര്‍. മേനോനും സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച്‌ വിജയിച്ചവരായിരുന്നു. 1959 ജൂലൈ 31 ന്‌ രാഷ്‌ട്രപതി നിയമസഭ പിരിച്ചുവിടുകയായിരുന്നു. ഭരണഘടനയുടെ 356 -ാം വകുപ്പ്‌ അനുസരിച്ച്‌ രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക