Image

ഇവിടെ ഹര്‍ത്താലില്ലാതെ എന്താഘോഷം (എ.എസ് ശ്രീകുമാര്‍)

Published on 21 October, 2018
ഇവിടെ ഹര്‍ത്താലില്ലാതെ എന്താഘോഷം (എ.എസ് ശ്രീകുമാര്‍)
ശബരിമല സ്ത്രീ പ്രവേശനം: സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍.., ഇന്ധന വിലവര്‍ദ്ധനവ്: യുഡിഎഫ് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.., നേതാക്കളെ കസ്റ്റഡിയിലെടുത്തു; സംസ്ഥാനത്ത് നാളെ എസ്.ഡി.പി.ഐ ഹര്‍ത്താല്‍.., ലോ അക്കാദമി: തിരുവനന്തപുരത്ത് നാളെ ബി.ജെ.പി ഹര്‍ത്താല്‍.., വ്യാഴാഴ്ച എ.ബി.വി.പിയുടെ വിദ്യാഭ്യാസ ബന്ദ്.., പൊതുപണിമുടക്കില്‍ അണിചേരാന്‍ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആഹ്വാനം.., സി.പി.എം പ്രവര്‍ത്തകന്റെ കൊല. കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍.., വിവിധ സംഘടനകളുടെ ഹര്‍ത്താല്‍; സംസ്ഥാനം നാളെ നിശ്ചലമാകും...

ഇങ്ങനെ ഹര്‍ത്താലിന്റെയും ബന്ദിന്റെയും പണിമുടക്കിന്റെയും ഉപരോധത്തിന്റെയും കരിദിനാചരണത്തിന്റെയുമൊക്കെ  വാര്‍ത്താ ടൈറ്റിലുകള്‍ നിത്യേന വായിച്ചനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് കേരളീയര്‍. ബന്ദും ഹര്‍ത്താലുമെല്ലാം ഒരു പ്രതിഷേധ സമര പരിപാടി എന്നതിനപ്പുറം ഒരു സംസ്‌കാരമെന്ന നിലയ്ക്ക് മലയാളികളുടെ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് കിടക്കുന്നു. ഹര്‍ത്താല്‍ ദിനം തിരുവോണമോ ക്രിസ്മസോ റംസാനോ പേലെ പരമ്പരാഗത ഉല്‍സവത്തിമിര്‍പ്പോടെ നാം ആഘോഷിക്കുന്നു. 

ആരൊക്കെ ഏതൊക്കെ സമയത്ത് ഹര്‍ത്താല്‍ പ്രഖ്യാപിക്കുമെന്നറിയില്ല. ഈ കലാപരിപാടിയുടെ ഏറ്റവും വലിയ ഒരു ന്യൂനതയാണത്. നിന്ന നില്‍പ്പിലാവും ഇത് രംഗബോധമില്ലാത്ത കോമാളിയെപ്പോലെ കടന്നു വരിക. മുന്‍കൂട്ടി അറിഞ്ഞാല്‍ നമുക്ക് കുറേ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാമല്ലോ. ശരിയാണ്, പക്ഷേ എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. എന്നാല്‍ ചില കക്ഷികള്‍ നേരത്തെ തന്നെ ഹര്‍ത്താല്‍ വിളംബരം ചെയ്ത് ജനങ്ങളോട് സഹകരിക്കാറുണ്ട്. അതാണ് അവരുടെ ജനകീയ സേവനം.

'ഹര്‍ത്താലിന്റെ സ്വന്തം നാട്..' എന്ന മഹത് വിശേഷണത്തിന് ഇരയായിട്ടുള്ള നാടാണ് കേരളം. വര്‍ഷത്തില്‍ അനേകം ദേശീയ ബന്ദുകളും സംസ്ഥാന ഹര്‍ത്തലുകളും പ്രാദേശിക ഹര്‍ത്താലുകളും കേരളത്തില്‍ നടക്കുന്നു. മുഖ്യധാരാ രാഷട്രീയ പാര്‍ട്ടികള്‍ മുതല്‍ ഈര്‍ക്കിലി പാര്‍ട്ടികള്‍ വരെ അവരവര്‍ക്ക് താല്പര്യമുള്ള വിഷയത്തില്‍ മിന്നല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ അടിച്ചേല്‍പ്പിക്കാറുണ്ട്. അതില്‍ അനിശ്ചിതകാല പണിമുടക്കുണ്ട്, 48 മണിക്കുര്‍ ബന്ദുണ്ട്, രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയുള്ള ഹര്‍ത്താലുണ്ട്. 

പൊതുവെ ഹര്‍ത്താലുകളെല്ലാം കേരളത്തില്‍ വിജയിക്കുന്ന തരത്തിലാണ് നടക്കാറുള്ളത്. കടകളും ഓഫീസുകളും വാഹനങ്ങളുമെല്ലാം മുടങ്ങുന്നതോടെ ജനജീവിതം ദുസ്സഹമാകുന്ന കാഴ്ചകളാണ് കേരളത്തില്‍ ഓരോ ഹര്‍ത്താലും സമ്മാനിക്കുന്നത്. ജനജീവിതം സ്തംഭിച്ചേ മതിയാവൂ. കുറേപ്പേര്‍ ഇഹലോകവാസം വെടിയണം, സര്‍ക്കാര്‍ വണ്ടികള്‍ കത്തിച്ച് ചാമ്പലാക്കണം, പോലീസ് ജലപീരങ്കി, കണ്ണീര്‍ വാതകം, ഗ്രനേഡ് എന്നിവ പ്രയോഗിക്കണം. ഉഗ്രന്‍ ലാത്തിച്ചാര്‍ജ് നടത്തി സമരക്കരുടെ എല്ലുകളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കണം. എങ്കിലേ ഹര്‍ത്താല്‍ വിജയിക്കൂ എന്നതാണ് നമ്മുടെ അതി വിശാലമായ കാഴ്ച്ചപ്പാട്.1997ല്‍ കേരള ഹൈക്കോടതി ബന്ദ് നിരോധിച്ചതിന് ശേഷമാണ് ബന്ദിന് സമാനമായ ഹര്‍ത്താല്‍ വ്യാപകമായത്.

ഇനി സമീപകാല ഹര്‍ത്താല്‍ കണക്കുകള്‍ നോക്കാം. 2017ല്‍ നടന്നത് 120 ഹര്‍ത്താലുകളെങ്കില്‍ ഇക്കൊല്ലം ഇതുവരെ ചെറുതും വലുതുമായി 78 ഹര്‍ത്താലുകള്‍ പിറന്നു. വാര്‍ഡ്തലം മുതല്‍ ദേശീയതലം വരെയുള്ള ഹര്‍ത്താലുകളുണ്ട് ഇക്കൂട്ടത്തില്‍. ഒരു ദിവസത്തെ സംസ്ഥാന ഹര്‍ത്താല്‍ കൊണ്ടു ജി.ഡി.പി (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്-അഥവാ ആഭ്യന്തര വളര്‍ച്ചാ നിരക്ക്) മൂല്യത്തില്‍ വരുന്നത് 900 കോടി രൂപയുടെ കുറവെന്നാണ് കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ)  പറയുന്നത്. അത് അടിസ്ഥാനമാക്കിയാല്‍ കേരളം ഈ വര്‍ഷം പിന്നോട്ടാവും വളരുക. 

ഇതുവരെ ആറ് സംസ്ഥാന ഹര്‍ത്താലുകളാണു കേരള ജനത സഹിക്കേണ്ടി വന്നത്. ഇതില്‍ ഒരു ഹര്‍ത്താലിന് സോഷ്യല്‍ മീഡിയവഴി മാത്രമായിരുന്നു ആഹ്വാനം. ആരാണു ഹര്‍ത്താലിനു പിന്നിലെന്നു പോലും അറിവായില്ലെങ്കിലും ജനങ്ങള്‍ക്ക് ഭയത്തോടെ അതും അംഗീകരിക്കേണ്ടി വന്നു. ജനുവരി 11ന് തൃത്താല നിയോജക മണ്ഡലത്തിലാണ് ഈ വര്‍ഷത്തെ ഹര്‍ത്താലുകള്‍ക്കു തുടക്കം കുറിച്ചത്. ഫെയ്‌സ് ബുക്കില്‍ എ.കെ.ജിയെക്കുറിച്ചു വന്ന മോശം പരാമര്‍ശമായിരുന്നു വിഷയം. അതിനു ശേഷം ഒരു മാസം പോലും ഹര്‍ത്താല്‍ ഇല്ലാതെ കടന്നു പോയില്ല. ഏറ്റവും കുറവ് പ്രവൃത്തി ദിവസങ്ങളുള്ള ഫെബ്രുവരിയിലായിരുന്നു ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ നടന്നത്-15 എണ്ണം. അവയെല്ലാം പ്രദേശിക ഹര്‍ത്താലുകളായിരുന്നു.

ഏപ്രിലില്‍ മൂന്നു സംസ്ഥാന ഹര്‍ത്താലുകളാണു കേരളത്തില്‍ നടന്നത്. ഒന്നു സോഷ്യമീഡിയ ഹര്‍ത്താല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. മറ്റൊന്നു തൊഴിലാളി സംഘടനകളുടെയും മൂന്നാമത്തേതു ദളിത് സംഘടനകളുടെയും പേരിലായിരുന്നു. 78 ഹര്‍ത്താലുകളില്‍ 22 എണ്ണം പ്രഖ്യാപിച്ചത് കോണ്‍ഗ്രസും യു.ഡി.എഫുമാണ്. 20 എണ്ണം ബി.ജെ.പി യുടെയും സംഘപരിവാര്‍ സംഘടനകളുടെയും വക. ഏറ്റവും കുറവ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച പാര്‍ട്ടി സി.പി.ഐ ആണ്. അവര്‍ നേരിട്ട് പ്രഖ്യാപിച്ചത് ഒരു ഹര്‍ത്താല്‍ മാത്രം. മൂന്ന് എല്‍.ഡി.എഫ് ഹര്‍ത്താലുകള്‍ കൂടി പരിഗണിച്ചാല്‍ ആകെ നാലു ഹര്‍ത്താലുകളിലാണ് ഇവര്‍ പങ്കാളിയായിരിക്കുന്നത്. സി.പി.എം ആവട്ടെ 11 ഹര്‍ത്താലുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. പൗരസമിതികള്‍ അഞ്ചു ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം ചെയ്തു.

വാസ്തവത്തില്‍ എന്താണീ ഹര്‍ത്താല്‍..? ഭരണഘടനാപരമായ ഒരു സമര രീതിയാണത്. പ്രതിഷേധമായോ, ദുഖസൂചകമായോ കടകളും, വ്യാപാര സ്ഥാപനങ്ങളും, തൊഴില്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് സാങ്കേതികാര്‍ത്ഥത്തില്‍ ഹര്‍ത്താല്‍ എന്ന് പറയുന്നത്. ബന്ദ് പോലെ നിര്‍ബന്ധപൂര്‍വ്വമായ ഒരു സമര പരിപാടിയല്ല ഹര്‍ത്താല്‍. പക്ഷേ പലപ്പോഴും അത് അക്രമാസക്തമാകുന്നതായും നിര്‍ബന്ധപൂര്‍വ്വമാകുന്നതും കണ്ടുവരുന്നു. ഗാന്ധിജി വിഭാവനം ചെയ്ത ഹര്‍ത്താല്‍ തീര്‍ത്തും അഹിംസയോടെയായിരിക്കണം എന്നാണ്. ഹര്‍ത്താല്‍ ആഹ്വാനത്തോട് എല്ലാവരും സ്വമേധയാ പങ്കെടുക്കുക എന്നതാണു അതിന്റെ സ്വഭാവം. പക്ഷേ ജനങ്ങള്‍ അതില്‍ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ചു ഭയംമൂലം ഹര്‍ത്താലിനോട് സഹകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണിന്ന്. 

അതിനാല്‍ ഹര്‍ത്താല്‍ ഭരണഘടനാപരമാണ് എന്ന സുപ്രീംകോടതി വിധിക്ക്  സാങ്കേതികമായ നിലനില്‍പ്പുമാത്രമേയുള്ളൂ എന്ന വിമര്‍ശനം നിലനില്‍ക്കുന്നു. ഇന്ന് ഓരോ രാഷ്ട്രീയപാര്‍ട്ടികളും ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണമാക്കുവാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നു. 'സേ നോ ടു ഹര്‍ത്താല്‍' പോലെയുള്ള ബഹുജന പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ ഹര്‍ത്താലിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. ആശുപത്രികളിലും റയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും അത്യാവശ്യം പോകേണ്ടിവരുന്ന യാത്രക്കാര്‍ക്കു വാഹനസൗകര്യം ഒരുക്കുകയാണ് ഈ സന്നദ്ധസംഘങ്ങള്‍ ചെയ്യുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ് ഹര്‍ത്താല്‍ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ എല്ലാ വ്യാപാരവ്യവഹാരങ്ങളില്‍ നിന്ന് ഒരു ദിവസം വിട്ടുനിന്ന് പ്രാര്‍ത്ഥനയും വൃതവും സ്വീകരച്ചു ഹര്‍ത്താലില്‍ പങ്കെടുത്തു. എങ്കിലും പ്രാര്‍ത്ഥനയും നിരാഹാരവും ഹര്‍ത്താലിന്റെ ഭാഗമാവണമെന്നില്ല. 'തൊഴില്‍ ആരാധനയായിരിക്കണം...' എന്ന് പഠിപ്പിച്ചതും ഗാന്ധിജിയാണ്. ഹര്‍ത്താല്‍ എന്നത് ഗുജറാത്തി പദമാണ് 'ഹര്‍' എന്നാല്‍ എല്ലാം അഥവാ എല്ലായ്‌പ്പോഴും എന്നും 'താല്‍' എന്നാല്‍ പൂട്ട് എന്നുമാണര്‍ത്ഥങ്ങള്‍. അതായത് എല്ലാം അടച്ചിടുയെന്നോ എല്ലായ്‌പോഴും അടച്ചിടുക എന്നോ ഒക്കെയാണ് ഹര്‍ത്താലിന്റെ അര്‍ത്ഥം.

''ഹേ...റാം...''

ഇവിടെ ഹര്‍ത്താലില്ലാതെ എന്താഘോഷം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക