Image

പെസഹാ വിരുന്നൊരുക്കാന്‍ പ്രവാസി കുടുംബങ്ങള്‍ ഒരുങ്ങി

ജോസ്‌ കുമ്പിളുവേലില്‍ Published on 05 April, 2012
പെസഹാ വിരുന്നൊരുക്കാന്‍ പ്രവാസി കുടുംബങ്ങള്‍ ഒരുങ്ങി
ബര്‍ലിന്‍: ഇന്ന്‌ പെസഹാ ആചരണം.ലോകം മുഴുവനുമുള്ള ക്രിസ്‌ത്യന്‍ കുടുംബങ്ങളില്‍ ഇന്ന്‌ പെസഹാ ആചരിക്കുന്നു. ക്രിസ്‌തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മയാചരണത്തെ സൂചിപ്പിക്കുന്ന പെസഹാ വിരുന്ന്‌ ക്രൈസ്‌തവ സഭയിലെയും കുടുംബങ്ങളിലെയും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പാരമ്പര്യ വിശ്വാസ ചടങ്ങാണ്‌.ക്രിസ്‌തുവിന്റെ പീഢാനുഭവങ്ങളുടെ ഓര്‍മ്മപുതുക്കലും കൂടിയാണ്‌ പെസഹാ വ്യാഴം ആചരണം. പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവ്യവിരുന്നാചരണം.അതും പരമോന്നതമായ വിശ്വാസത്തിന്റെ അഗാപ്പെ.

മാനവകുലത്തിന്റെ പാപങ്ങള്‍ കഴുകി ശുദ്ധമാക്കാന്‍ മനുഷ്യനായി പിറന്ന ദൈവപുത്രന്‍, ക്രിസ്‌തു കുരിശിലേറ്റുന്നതിന്‌ മുമ്പ്‌ ശിഷ്യര്‍ക്ക്‌ നല്‍കിയ അന്ത്യ അത്താഴത്തിന്റെ സ്‌മരണ കൂടിയാണ്‌ പെസഹാ ദിനം. തിരുവത്താഴത്തിന്‌ മുന്നോടിയായി ക്രിസ്‌തു ശിഷ്യരുടെ കാല്‍കഴുകിയ ദിനം കൂടിയാണ്‌ ഇത്‌. എളിമയുടെ പാഠം ഇതിലൂടെ തന്റെ പന്ത്രണ്‌ട്‌ ശിഷ്യരെ പഠിപ്പിക്കാന്‍ ക്രിസ്‌തു നടത്തിയ ഏറ്റവും വലിയ ഉപമയായിരുന്നു ശിഷ്യരുടെ കാലുകഴുകിയതും ചുംബിച്ചതും. അങ്ങനെ സ്വയം വിനീതനായി.

കത്തോലിക്കാ സഭ ഈ ദിനം വി.കുര്‍ബാനയുടെ സ്ഥാപിതദിനമായും കൊണ്‌ടാടുന്നു. ലോകത്തിലെ എല്ലാ ക്രൈസ്‌തവ ദേവലായങ്ങളിലും പുരോഹിതന്മാരുടെ നേത്യത്വത്തില്‍ കാല്‍കഴുകള്‍ ശുശ്രൂഷ നടത്തും.വീടുകളില്‍ ഗ്യഹനാഥന്മാരാണ്‌ കര്‍മ്മങ്ങള്‍ക്ക്‌ നേത്യത്വം നല്‍കുക. പെസഹായുടെ ഭാഗമായി പള്ളികളില്‍ കാല്‍കഴുകല്‍ ശുശ്രൂഷക്ക്‌ പുറമേ പ്രത്യേക കുര്‍ബാനയും, തിരുവത്താഴവും, ആരാധനയും, പാനവായനയും ഉണ്‌ ടാകും. ചിലദേവാലയങ്ങളില്‍ ഇന്ന്‌ യാമപ്രാര്‍ത്ഥനകളും നടത്താറുണ്‌ട്‌.

വിദേശ മലയാളികള്‍ ഏതു രാജ്യത്തായാലും കേരള ക്രൈസ്‌തവ പാരമ്പര്യത്തിലാണ്‌ ഈസ്റ്റര്‍ ആഘോഷിക്കുന്നത്‌. ഓശാന മുതല്‍ ഉയിര്‍പ്പ്‌ ഞായര്‍ വരെയുള്ള വലിയ ആഴ്‌ചയില്‍ കടുത്ത നോയമ്പും ഉപവാസവും പ്രാര്‍ത്ഥനയുമായി ക്രിസ്‌തുവിന്റെ പീഢാനുഭവത്തിന്റെ ഓര്‍മ്മയില്‍ വ്രതശുദ്ധി വരുത്തി കുടുംബങ്ങളിലും വ്യക്തികളിലും പ്രതിഫലിപ്പിക്കുമ്പോള്‍ കേരള ക്രൈസ്‌തവ പാരമ്പര്യം വിശ്വാസാധിഷ്‌ടിതമാണെന്നു സൂചിപ്പിക്കുന്നു.

യൂറോപ്പിലെ കാര്യമെടുത്താല്‍ മിക്ക ദേവാലയങ്ങളിലും വൈകുന്നേരമാണ്‌ പെസഹാ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്‌. യൂറോപ്യന്‍ സ്റ്റൈലില്‍ നിന്ന്‌ വ്യത്യസ്‌തമായി മലയാളികള്‍ നമ്മുടെ പാരമ്പര്യക്രമം അനുസരിച്ചുള്ള തിരുക്കര്‍മ്മങ്ങളാണ്‌ നടത്തുന്നത്‌. കുടുംബങ്ങള്‍ തയ്യാറാക്കി കൊണ്‌ടുവരുന്ന അപ്പം ശേഖരിച്ച്‌ ദേവാലയങ്ങളിലെ പെസഹാ ശുശ്രൂഷകള്‍ കഴിഞ്ഞ്‌ അജപാലകന്‍ തന്നെ ആശീര്‍വദിച്ച്‌ മുറിച്ച്‌ നല്‍കുന്നു. ആചാരാനുഷ്‌ടാനങ്ങളില്‍ ഇവിടെ ഒരു മാറ്റവും സംഭവിയ്‌ക്കുന്നില്ല എന്ന പ്രത്യേകതയും മലയാളി സമൂഹത്തിനുണ്‌ട്‌. യൂറോപ്പില്‍ കുടിയേറിയ ആദ്യതലമുറ ഇക്കാര്യത്തില്‍ രണ്‌ടാം തലമുറയ്‌ക്ക്‌ എപ്പോഴും കൈത്തിരി പിടിച്ച്‌ വഴികാട്ടിയാവുന്നു. പരമ്പരാഗതമായി നമുക്കു ലഭിച്ച വിശ്വാസാധിഷ്‌ടിത ജീവിതത്തെയും ചെറുപ്പകാലങ്ങളില്‍ ഇടവകപ്പള്ളികളില്‍ നടന്നു വന്നിരുന്ന സണ്‌ടേസ്‌കൂള്‍ പോലെയുള്ള ആദ്ധ്യാത്‌മിക വളര്‍ത്താന്‍ ഉപകരിച്ച പഠനക്‌ളാസുകളും ഇപ്പോള്‍ യൂറോപ്പിലെ മലയാളി കാരണവന്മാര്‍ക്ക്‌ ശക്തിയും ശ്രോതസും പ്രചോദനവും നല്‍കുന്നു. പാന എന്താണെന്നും എന്തിനാണെന്നും വിവരിയ്‌ക്കുന്നതിനു പുറമേ അതിന്റെ വശ്യതയും പാന വായിക്കുന്നതിന്റെ പ്രത്യേകതയും പറഞ്ഞു മനസിലാക്കുന്നതില്‍ ഏവരും അതീവ തല്‍പ്പരരാണ്‌.

ഓശാന ഞായറിന്റെ ആചരണം കഴിഞ്ഞാല്‍ പെസഹായുടെ ആചരണത്തിലേയ്‌ക്കു കടക്കുന്ന മലയാളി കുടുംബങ്ങള്‍ പെസഹാ തയ്യാറാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. കുടുംബങ്ങള്‍ ഒറ്റയ്‌ക്കും മറ്റു കുടുംബങ്ങളെ ക്ഷണിച്ചു വരുത്തി ഒരുമിച്ചും പെസഹാ വിരുന്ന്‌ ആഘോഷിക്കുന്നു. വൈകുന്നേരം ദേവാലയങ്ങളില്‍ പോയി പെസഹാ ശുശ്രൂഷയിലും, തിരുമണിക്കൂര്‍ ആരാധനയലും പങ്കെടുത്തതിനുശേഷം സ്വന്തം ഭവനങ്ങളില്‍ ബൈബിള്‍ വായനയും തിരുവത്താഴത്തിന്റെ പരമമായ ചടങ്ങായ അപ്പം മുറിയ്‌ക്കലും (പുളിപ്പില്ലാത്ത/ഇണ്‌ടറി അപ്പം) അപ്പത്തിന്റെ കൂടെ പ്രത്യേകം തയ്യാര്‍ ചെയ്‌ത പാലും ചേര്‍ത്തു കഴിക്കുമ്പോള്‍ പരസ്‌പരമുള്ള, ഒരുമിച്ചുകൂടിയുള്ള അഗാപ്പെയും ക്രൈസ്‌തവ മൂല്യങ്ങളുടെ തിളക്കമാണ്‌ കാണിക്കുന്നത്‌. അതും ക്രൂശിതനായി മരിച്ച്‌ മൂന്നാം നാള്‍ ഉയിര്‍ത്ത പരമകാരുണികന്റെ അനന്തസ്‌നേഹത്തിന്റെ അഗാപ്പെ.
പെസഹാ വിരുന്നൊരുക്കാന്‍ പ്രവാസി കുടുംബങ്ങള്‍ ഒരുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക