Image

തന്ത്രി കുംടുംബവും പന്തളം കൊട്ടാരം നിലപാടിലുറച്ച്, സര്‍ക്കാര്‍ സമ്മര്‍ദത്തില്‍

ശ്രീകുമാര്‍ Published on 21 October, 2018
തന്ത്രി കുംടുംബവും പന്തളം കൊട്ടാരം നിലപാടിലുറച്ച്, സര്‍ക്കാര്‍ സമ്മര്‍ദത്തില്‍
തുലാമാസ പൂജകള്‍ക്ക് ശേഷം നാളെ (ഒക്‌ടോബര്‍ 22) രാത്രി നടയടയ്ക്കാനിരിക്കെ സുപ്രീം കോടതി വിധി പ്രകാരം 10നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളുടെ ദര്‍ശനം ഇതുവരെ സാധ്യമായിട്ടില്ല. ഈ പ്രായത്തില്‍ പെട്ട വിശ്വാസികളും അവിശ്വാസികളും മാധ്യമ പ്രവര്‍ത്തകരുമായവര്‍ മലകയറാന്‍ എത്തിയെങ്കിലും കടുത്ത പ്രതിഷേധം മൂലം ഇവര്‍ക്ക് തിരിച്ചു പോകേണ്ടി വന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിടുമെന്ന് പന്തളം രാജകൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ വ്യക്തമാക്കിയിരിക്കുന്നു. 

ശബരിമലയില്‍ സ്ത്രീകള്‍ കയറരുത് എന്ന നിലപാടില്‍ നിന്ന് ഒരു തരിമ്പ് വിട്ടുവീഴ്ചക്കില്ലെന്നും, ശബരിമലയെ തകര്‍ക്കാന്‍ ആരോ പറഞ്ഞ് വിട്ട അവിശ്വാസികളാണ് ഇവരെന്നും സുപ്രീംകോടതി വിധി ചോദ്യം ചെയ്യാനാകില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് തെറ്റാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റം വരുത്താനോ വിട്ടു വീഴ്ച ചെയ്യാനോ തയ്യാറല്ലെന്ന് വ്യക്തമാക്കി തന്ത്രി കുടുംബം വീണ്ടും രംഗത്തുവന്നു. 


ക്ഷേത്രത്തിന് അശുദ്ധി ബാധിച്ചാല്‍ മുന്‍ കാലങ്ങളില്‍ ശുദ്ധി കര്‍മം നടത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെയുള്ള കര്‍മം നടത്തേണ്ട ആവശ്യമില്ലെന്ന സ്ഥിതിയാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ വ്യക്തമാക്കി. തീരുമാനത്തിന് പിന്നില്‍ ദേവസ്വം ബോര്‍ഡിന്റെ രാഷ്ട്രീയമാണ് ഉള്ളതെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. 

വിധി ന്യായത്തിലെ ശബരിമല ഭക്തരെ പ്രതികൂലമായി ബാധിക്കുന്ന ഭാഗങ്ങള്‍ റദ്ദ് ചെയ്യണമെന്ന് തന്ത്രി കുടുംബം ആവശ്യപ്പെട്ടു. കൊട്ടാരവും തന്ത്രി കുടുംബവും സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ സംയുക്തമായി ഹര്‍ജി നല്‍കും. ശാസ്ത്രീയമായ ചടങ്ങുകളാണ് ക്ഷേത്രത്തിനുള്ളത് . അവക്ക് മുടക്കം വന്നാല്‍ ക്ഷേത്രത്തിന്റെ ചൈതന്യം നഷ്ടമാകുമെന്ന് സംയുക്തമായി അവര്‍ ആരോപിച്ചു. നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ആവശ്യപ്പെട്ടു. 

സെപ്റ്റംബര്‍ 28-ാം തീയതിയുലെ സുപ്രീം കോടതി വിധിക്ക് ശേഷമുണ്ടായ സംഭവങ്ങളില്‍ ഇപ്പോള്‍ കടുത്ത സമ്മര്‍ദത്തിലാണ് പിണറായി സര്‍ക്കാറും സി.പി.എമ്മും. അത് പക്ഷേ അവര്‍ പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രം. യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. വിശ്വാസികള്‍ കോടതിയെയല്ല സംസ്ഥാന സര്‍ക്കാരിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. ഈ സാഹചര്യം ബി.ജെ.പിയും യു.ഡി.എഫും കൂടി മുതലെടുക്കാന്‍ തുടങ്ങിയതോടെ കടുത്ത സമ്മര്‍ദ്ദത്തിലും ആശയക്കുഴപ്പത്തിലുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത സമ്മേളനം വ്യക്തമാക്കുന്നു.

നടപ്പന്തല്‍ വരെ രണ്ടു യുവതികളെ എത്തിക്കാന്‍ പൊലീസ് അകമ്പടി സേവിച്ചതിലെ അതൃപ്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകടിപ്പിച്ചപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ തിരുത്തി. സി.പി.എമ്മന്റെ ദൃഷ്ടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റ പൊലീസില്‍നിന്നു വീഴ്ച ഉണ്ടായിട്ടില്ല. 'ആക്ടിവിസ്റ്റ്' എന്നു വിശേഷിപ്പിക്കുന്നവരാണു മലകയറി വന്നതെന്നു മനസിലായതോടെ അത്തരക്കാരെക്കുറിച്ചുളള മന്ത്രിയുടെ ഭിന്നാഭിപ്രായവും സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് അംഗീകരിക്കാനായിട്ടില്ല. പക്ഷേ, വിശ്വാസികളായ ആര്‍ക്കും ശബരിമലയില്‍ പോകാനും പ്രാര്‍ഥിക്കാനുമുള്ള അനുമതി നിഷേധിക്കരുതെന്നാണു സുപ്രീം കോടതി പറഞ്ഞത് എന്നതു പാര്‍ട്ടിക്കും സര്‍ക്കാരിനും മുന്നിലുണ്ടാകും.

ആക്ടിവിസ്റ്റുകളിലും വിശ്വാസികളുണ്ടാകാമല്ലോയെന്ന കോടിയേരിയുടെ വിശദീകരണത്തിലും പാര്‍ട്ടിയിലെ ചിന്താക്കുഴപ്പം വ്യക്തം. ദേവസ്വം ബോര്‍ഡിനു പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ അനുമതി നല്‍കുമെന്നാണു കരുതിയതെങ്കിലും അക്കാര്യത്തിലും വ്യക്തമായ തീരുമാനമുണ്ടായില്ല. ഇതുവഴി വിശ്വാസികള്‍ക്കു മുന്നില്‍ ബോര്‍ഡ് കൂടുതല്‍ സമ്മര്‍ദത്തിലാകും. മറ്റു സംസ്ഥാനങ്ങളില്‍ ശബരിമല മുന്‍നിര്‍ത്തി വിശ്വാസികളുടെ സംഘങ്ങള്‍ രൂപം കൊള്ളുകയാണ്. അവിടെ നിന്നുള്ള സമ്മര്‍ദങ്ങളും സര്‍ക്കാര്‍ നേരിടുന്നു. ഇതര സംസ്ഥാന വികാരവും കേന്ദ്രം ഉപയോഗിച്ചേക്കാമെന്നതു കൂടി കണ്ടാണു ശബരിമലയില്‍ വേണ്ട സുരക്ഷയെയെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സര്‍ക്കാര്‍ പുറത്തുവിട്ടത്. ശബരിമല നട 22ന് അടയ്ക്കുകയും നവരാത്രി അവധിക്കുശേഷം സുപ്രീം കോടതി അതേ ദിവസം തുറക്കുകയും ചെയ്യുന്നതോടെ ഉണ്ടാകാവുന്ന തീരുമാനങ്ങളാകും സംഘര്‍ഷരഹിതമായ കേരളത്തിനും നിര്‍ണായകം.

അതേസമയം, ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സമരരീതി മാറ്റാനൊരുങ്ങുകയാണ്. കൊടിപിടിക്കാതെയുള്ള പ്രതിഷേധവും ഭക്തര്‍ക്ക് പിന്തുണയും നല്‍കുന്നതിന് പകരം പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ആലോചന. അടിയന്തര രാഷ്ട്രീയകാര്യ സമിതിയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അയ്യപ്പവിശ്വാസികളുടെ സമരം ബി.ജെ.പി ഹൈജാക്ക് ചെയ്യുകയും മൈലേജ് ഉണ്ടാക്കുകയും ചെയ്തുവെന്നതാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 

ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് ഭൂരിപക്ഷ വിലയിരുത്തല്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഒരേസമയം പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരം മുതലാക്കിയില്ല. കൈ നനയാതെ മീന്‍ പിടിക്കാനായിരുന്നു ശ്രമം ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആക്ടിവിസ്റ്റായ രണ്ടുയുവതികളെ സന്നിധാനത്ത് എത്തിച്ചപ്പോള്‍ പോലും ദൂരെയിരുന്ന് പ്രസ്താവനയിലൂടെ പ്രതിഷേധിക്കാനേ കോണ്‍ഗ്രസിനായുള്ളു.

നട തുറന്ന ദിവസം നിലയ്ക്കലില്‍ ഉപവാസം നടത്തിയെങ്കിലും തുടര്‍ സമരങ്ങള്‍ സംഘടിപ്പിക്കാത്തതില്‍ വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന് കടുത്ത അമര്‍ഷമുണ്ട്. മറുവശത്താകട്ടെ തുടക്കം മുതല്‍ നേരിട്ട് സമരത്തിനിറങ്ങിയ ബി.ജെ.പി രാഷ്ട്രീയ നേട്ടമുണ്ടാക്കി. ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് കൂടി വരാനിരിക്കെ കൈയും കെട്ടി നോക്കി നിന്നിട്ട് കാര്യമില്ലെന്നാണ് ഒരു വിഭാഗത്തിന്റ നിലപാട്. മഞ്ചേശ്വരത്ത് 2016ലെ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടിന് മാത്രം രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ഇക്കുറി ജയിച്ചുകയറുമെന്നാണ് ഇടതിന്റെയും വലതിന്റെയും പേടി. നവംബര്‍ 17ന് മണ്ഡലകാലം ആരംഭിക്കാനിരിക്കെ അത് മുന്നില്‍ കണ്ടുള്ള സമരപരിപാടികള്‍ക്കായിരിക്കും കോണ്‍ഗ്രസ് രൂപം നല്‍കുക. സംസ്ഥാനത്തെ സ്ഥിതിവിശേഷം ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തിയ സാഹചര്യത്തില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നതില്‍ തടസമുണ്ടാകില്ല. സര്‍ക്കാര്‍-പന്തളം കൊട്ടാരം-തന്ത്രി കുടുംബം എന്നിവരുടെ നിലപാടുകള്‍ ഇങ്ങനെ പോയാല്‍ മണ്ഡല-മകരവിളക്ക് കാലം  കഠിനമാകും.

തന്ത്രി കുംടുംബവും പന്തളം കൊട്ടാരം നിലപാടിലുറച്ച്, സര്‍ക്കാര്‍ സമ്മര്‍ദത്തില്‍
Join WhatsApp News
Democracy 2018-10-21 18:01:07
India is a Democratic country after the Independence from British. King, Palace, Kingdom are past history. The government of the people is in power. do not cave in for any kind of religious fanatics.
andrew 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക