Image

കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)

Published on 21 October, 2018
കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)
ഉള്ളവനില്‍ നിന്ന് അപഹരിച്ച് ഇല്ലാത്തവന് കൊടുക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ സോഷ്യലിസ്റ്റ് മനോഭാവമാണ് തന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. 45 കോടി ബജറ്റില്‍ ഒരുക്കിയ മലയാളത്തിലെ ഏറ്റവും ചെലവേറിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അണിയറക്കഥകള്‍...

ചരിത്ര പ്രാധാന്യമുള്ള ചിത്രം ചെയ്യാമെന്ന ആശയം ആദ്യം തോന്നിയത് സംവിധായകനാണോ അതോ തിരക്കഥാകൃത്തുക്കള്‍ക്കോ?

ഓരോ സിനിമയും വ്യത്യസ്ത ജോണറില്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ആളാണ് ഞാന്‍. അങ്ങനെയാണ് ഒരു ഹിസ്റ്റോറിക്കല്‍ മൂവി ചെയ്യാനുള്ള ആഗ്രഹം തിരക്കഥാകൃത്തുക്കളായ സഞ്ജയ്യോടും ബോബിയോടും പറയുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥയില്‍ ഒരു കൊമേഴ്സ്യല്‍ സിനിമയ്ക്ക് ആവശ്യമുള്ള ചേരുവകളുണ്ടെന്ന തോന്നല്‍ സഞ്ജയ് പങ്കുവച്ചു .ആ കഥാപാത്രത്തെ ആഴത്തില്‍ അറിയാന്‍ ശ്രമിച്ചപ്പോള്‍ ഇതുതന്നെയാണെന്റെ അടുത്ത ചിത്രമെന്ന് മനസ്സില്‍ ഉറപ്പിച്ചു.

കായംകുളം കൊച്ചുണ്ണിക്ക് സത്യന്‍മാഷിന്റെ രൂപം മനസ്സില്‍ കാണുന്ന തലമുറ ഇന്നും ഉണ്ട്. ആ കഥാപാത്രം നിവിന്‍ പോളിയില്‍ ഭദ്രമായിരിക്കുമെന്ന് തോന്നിയത്?

1966ല്‍ ജഗതി.എന്‍.കെ ആചാരിയുടെ രചനയില്‍ പി.എ.തോമസ് സംവിധാനം ചെയ്തു പുറത്തുവന്ന കായംകുളം കൊച്ചുണ്ണി അന്നത്തെ സൂപ്പര്‍ഹിറ്റ് ചിത്രമാണ്. സിനിമയുടെ ആവശ്യത്തിന് ആ ചിത്രം, ഞാന്‍ വീണ്ടും കാണുകയും ചെയ്തിരുന്നു. അതില്‍ സത്യന്‍ മാഷ് അവതരിപ്പിക്കുന്നത് കള്ളനായ കൊച്ചുണ്ണിയെ മാത്രമാണ്. സാധാരണക്കാരനായൊരു കൊച്ചുണ്ണിയുണ്ട്. അയാളുടെ ബാല്യം, സ്വപ്നങ്ങള്‍, പ്രണയം അങ്ങനൊരുപാട് കാര്യങ്ങള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ ഉണ്ട്. പാട്ടുകളും നൃത്തവും ഇഷ്ടപ്പെടുന്ന, വീമ്പുപറയുന്ന, സൗഹൃദങ്ങള്‍ക്ക് വിലമതിക്കുന്ന, ജാനകിയെ പ്രണയിക്കുന്ന കൊച്ചുണ്ണിയാണ് എന്റെ സിനിമയില്‍. നിവിന്റെ സിനിമകള്‍ കണ്ടിട്ടുള്ളതുകൊണ്ടുതന്നെ ആ കഥാപാത്രം അവനില്‍ ഭദ്രമായിരിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു. കൊച്ചുണ്ണിയെ മികവുറ്റതാക്കാന്‍ കളരിപ്പയറ്റും കുതിരസവാരിയും പരിശീലിച്ചതുള്‍പ്പടെ ഒന്നിനും മടികാണിക്കാതെ എട്ടുമാസം കൂടെനിന്നതാണ് നിവിനില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്ലസ്. കാളവണ്ടി ദേഹത്തുമറിഞ്ഞുവീണതടക്കം പരുക്കുകള്‍ പറ്റിയ അവസരങ്ങളിലൊന്നും ഒരുപരാതിയും പറഞ്ഞിട്ടില്ല. ഷൂട്ട് കഴിഞ്ഞപ്പോള്‍ എന്തും ഷെയര്‍ ചെയ്യാവുന്ന ഒരു അനിയന്റെ സ്ഥാനം അവനെന്റെ മനസ്സില്‍ നേടിയെടുത്തു. സത്യത്തില്‍, നിവിനുമായി വര്‍ക്ക് ചെയ്ത് കൊതിതീര്‍ന്നിട്ടില്ല.

എന്തായിരുന്നു അന്നത്തെ കാലത്തെയും കൊച്ചുണ്ണിയെയുംകുറിച്ചുള്ള അറിവുകളുടെ സ്രോതസ്സ്?

പ്രധാനമായും ഐതീഹ്യമാലയും അമര്‍ ചിത്ര കഥകളും തന്നെയാണ്. ഏതു മലയാളിയുടെ മനസ്സിലും ഇതൊക്കെ വായിച്ച് നായകപരിവേഷമുള്ള ആളാണല്ലോ കൊച്ചുണ്ണി. ഉള്ളവന്റെ കയ്യില്‍ നിന്ന് മോഷ്ടിച്ച് ഇല്ലാത്തവന് നല്‍കുന്ന ആദ്യത്തെ സോഷ്യലിസ്റ്റ് എന്നുവിശേഷിപ്പിച്ചാലും തെറ്റില്ല. കായംകുളം, ഏവൂര്‍, തൃക്കുന്നപ്പുഴ, വവ്വാക്കാട് എന്നിവിടങ്ങളിലെല്ലാം യാത്ര നടത്തി നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടം എങ്ങനെയിരിക്കും എന്നൊരു ചിത്രം അതോടെ മനസ്സില്‍ തെളിഞ്ഞുവന്നു. കൊച്ചുണ്ണി ജോലി ചെയ്തിരുന്ന വലിയവീട്ടില്‍ പീടിക ഇപ്പോഴുമുണ്ട്. ഒരു റോഡും ഇരുവശങ്ങളിലും കടകളും ദൂരെ കാണുന്നൊരു അമ്പലവുമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.
കൊച്ചുണ്ണിയുടെ അഞ്ചാം തലമുറ ജീവിച്ചിരുപ്പുണ്ട്. അവരെ ചെന്നുകണ്ടിരുന്നു.

അന്നത്തെ ആശയവിനിമയം, വസ്ത്രധാരണം, കച്ചവട രീതി, തുടങ്ങി അന്നുള്ളവര്‍ എങ്ങനാണ് ഷേവ് ചെയ്തിരുന്നതെന്ന് വരെ സൂക്ഷ്മമായി പഠിച്ചറിഞ്ഞാണ് ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്.
കോലഞ്ചേരിയില്‍ കായംകുളം കൊച്ചുണ്ണി പ്രതിഷ്ഠയായി വരുന്ന ക്ഷേത്രം ഉണ്ടെന്ന അറിവാണ് സത്യത്തില്‍ എന്നെയീ സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. മുസല്‍മാനായി ജനിച്ച ഒരുവ്യക്തിയുടെ പേരില്‍ അമ്പലം സ്ഥാപിക്കപ്പെട്ടത് കൗതുകത്തോടൊപ്പം മതേതരത്വത്തിന്റെ സന്ദേശമായി കൂടിത്തോന്നി.. ഇന്നത്തെ സാഹചര്യത്തില്‍ അത് പ്രസക്തമാണ്. നേരിട്ട് ഞാന്‍ ആ അമ്പലത്തില്‍ പോയി. അവിടെവച്ച് കണ്ട സ്ത്രീ പറഞ്ഞത് ഇതാണ് : ' വെളുപ്പിന് മൂന്ന് മണിക്ക് ഇവിടെ വന്ന് കൈകൂപ്പി ഏതാഗ്രഹം പറഞ്ഞാലും കൊച്ചുണ്ണി അത് സാധിച്ചുതരും. കൂടുതലും സാമ്പത്തിക പരാധീനതയാണ് കൊച്ചുണ്ണിക്ക് മുന്നില്‍ എത്തുന്നത്.' അവിടത്തുകാര്‍ കൊച്ചുണ്ണിക്ക് ദൈവീക പരിവേഷമാണ് കല്പിച്ചിരിക്കുന്നത്. കൊച്ചുണ്ണിക്ക് ഇതുവരെ കാണാത്തൊരു ഡൈമെന്‍ഷനുണ്ട്. . മനസ്സില്‍ തോന്നിയ ഒരുപാട് ചോദ്യങ്ങളുണ്ട് -എങ്ങനായിരുന്നിരിക്കാം ജാനകിക്ക് കൊച്ചുണ്ണിയോട് പ്രണയം തോന്നിയത് , ഇതിങ്കല്‍ തങ്ങള്‍ എന്തുകൊണ്ടാണ് അവനെ കളരി പഠിപ്പിക്കാന്‍ വിസമ്മതിച്ചത് അങ്ങനെ പലതും. അതിനൊക്കെ ഉള്ള ഉത്തരമാണ് ഈ സിനിമ.

എങ്ങനെയാണ് ചിത്രത്തിന് യോജിച്ച ലൊക്കേഷനുകള്‍ കണ്ടെത്തുന്നത്?

ചിത്രത്തിന് യോജിച്ച ലൊക്കേഷന്‍ കണ്ടെത്തുന്നതിന് മാത്രമായി യാത്രകള്‍ നടത്താറുണ്ട്. ലൊക്കേഷന്‍ ഹണ്ടിന് ഞങ്ങള്‍ പറയുന്നത് റെക്കി എന്നാണ്. സീനുകളെക്കുറിച്ച് വ്യക്തമായ പ്ലാനിങ്ങോടെ ആയിരിക്കും യാത്ര. ഏതുതരം ഏരിയ എന്നതിനെക്കുറിച്ചും ധാരണയുണ്ടായിരിക്കും. കഥയുമായി ബന്ധപ്പെട്ട് മനസ്സില്‍ രൂപപ്പെടുന്ന ഇമേജസ് ആണ് റെക്കിക്കിടയില്‍ തേടുന്നത്. പ്രത്യേക കാലഘട്ടം പുനഃസൃഷ്ടിക്കേണ്ടി വരുമ്പോള്‍ ഒരുപാട് ചിന്തിക്കേണ്ടി വന്നു. വലിയ കെട്ടിടങ്ങള്‍ പാടില്ല, ഇലക്ട്രിക്ക് ലൈന്‍ ഉണ്ടാകരുത്, ടാറിട്ട റോടിനുപകരം മണ്‍പാതവേണം അങ്ങനൊക്കെ ആലോചിച്ചാണ് ശ്രീലങ്ക, ഉഡുപ്പി, കടാപ്പ, ഗോവ, മംഗലാപുരം, പാലക്കാട് എന്നിവിടങ്ങളില്‍ ഷൂട്ട് ചെയ്തത്.

മലയാള സിനിമയില്‍ ഇതുവരെ ഇറങ്ങിയതില്‍വച്ച് ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ്. എന്തുതോന്നുന്നു?

ഓരോ ചിത്രത്തെയും സമീപിക്കേണ്ട രീതിയുണ്ട്. കൊച്ചുണ്ണിയുടെ കഥ വലിയ ക്യാന്‍വാസില്‍ പറയാന്‍ കഴിയൂ. കായംകുളം മാര്‍ക്കറ്റ് എന്നുപറയുമ്പോള്‍ പുഴയിലൂടെ ഒഴുകുന്ന നാല്പതോ അമ്പതോ വഞ്ചികള്‍, ചരക്കുകള്‍ ചുമന്നുകൊണ്ടുപോകുന്ന കഴുതകള്‍, കാളവണ്ടിയിലും കുതിരവണ്ടിയിലും സഞ്ചരിക്കുന്ന ആളുകള്‍ ... ഇങ്ങനെല്ലാം ഒത്തിണങ്ങിയാലേ പൂര്‍ണമായ ഫീല്‍ കൊണ്ടുവരാന്‍ കഴിയൂ. ഗോകുലം ഗോപാലന്‍ ചേട്ടനെപ്പോലെ നല്ലസിനിമകള്‍ക്കുവേണ്ടി നിലകൊള്ളുന്ന നിര്‍മാതാവിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് ഈ ചിത്രം സാധ്യമായത്. എല്ലാത്തിലും ദി ബെസ്റ്റ് ആയിട്ടുള്ള ടെക്നിഷ്യന്‍സ് ആണ് സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. എഡിറ്റിംഗ് നടത്തിയിരിക്കുന്നത് ശ്രീകര്‍ പ്രസാദ്, കളറിംഗ് നടത്തിയിരിക്കുന്നത് ഷാരൂഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലിസ് എന്റര്‍ടെയ്ന്‍മെന്റാണ്.

ഒരുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍?

കൂടുതല്‍ മുതല്‍മുടക്കോടെ ഒരുങ്ങുന്ന സിനിമയാണെങ്കിലും അനാവശ്യമായി ചെലവഴിക്കേണ്ടി വരരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പീരിയോഡിക് ചിത്രങ്ങള്‍ക്ക് റീടേക്ക് വന്നാല്‍ കണ്ടിന്യൂയിറ്റി നിലനിര്‍ത്തുന്നതിന് വലിയ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. അതൊഴിവാക്കാന്‍ കൃത്യമായ പ്ലാനിങ് നടത്തി. അപ്‌ഗ്രേഡ് ചെയ്യുന്നതും അപ്‌ഡേറ്റ് ചെയ്യുന്നതും ഏതുമേഖലയിലും ഗുണംചെയ്യും. വിജയങ്ങളില്‍നിന്നും പരാജയങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട വളര്‍ന്നെങ്കിലെ കാര്യമുള്ളൂ. കൊച്ചുണ്ണിയുടെ കഥ ഒരു മിത്ത് ആയതുകൊണ്ട് നമുക്കതില്‍ പൂര്‍ണസ്വാതന്ത്ര്യമുണ്ട്.
പ്രീവിസ് അഥവാ പ്രീവിഷ്വലൈസേഷന്‍ എന്നൊരു കണ്‍സെപ്റ്റ് ഇതിലൂടെയാണ് മലയാളത്തില്‍ ആദ്യമായി പരീക്ഷിക്കുന്നത്. അതായത്, ഷൂട്ടിങ്ങിനു മുന്‍പുതന്നെ സിനിമയുടെ ആനിമേറ്റഡ് വേര്‍ഷന്‍ തയ്യാറാക്കി മ്യൂസിക് മിക്‌സ് ചെയ്ത് എഡിറ്റ് ചെയ്തുവച്ചിരുന്നു. ഫൈറ്റ് സീന്‍ ആണ് എടുക്കേണ്ടതെങ്കില്‍ നമ്മുടെ മനസ്സില്‍ എന്താണെന്ന് സ്റ്റണ്ട് മാസ്റ്റര്‍ക്ക് ഇതില്‍ നിന്ന് മനസ്സിലാകും. കാമറ ആംഗിള്‍, ഷോട്ട് ഡിവിഷന്‍ എല്ലാം വ്യക്തമായിരിക്കും. ഇമ്പ്രോവൈസേഷന്‍ മാത്രമായിരിക്കും വേണ്ടി വരിക.

മൂന്ന് ഛായാഗ്രാഹകര്‍ ഒരേ ചിത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍?

ദേവ്ദാസ്, മിഷന്‍ കാശ്മീര്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍കണ്ട് ആരാധന തോന്നിയിട്ടുള്ള സിനിമാട്ടോഗ്രാഫറാണ് ബിനോദ് പ്രധാന. 110 ദിവസം അദ്ദേഹമായിരുന്നു ക്യാമറ കൈകാര്യം ചെയ്തിരുന്നത്. 40 ദിവസം നീരവ് ഷായും പത്ത് ദിവസം സുധീര്‍ പള്‍സാനയും വര്‍ക്ക് ചെയ്തു. ക്ലൈമാക്‌സ് നേരവും സുധീറും ചേര്‍ന്നാണ് ക്യാമറയില്‍ പകര്‍ത്തിയത്. മൂന്ന് പേര്‍ ചെയ്തതാണെന്ന് കണ്ടെത്താന്‍ കഴിയാത്തതരത്തില്‍ അസാധ്യമായ വര്‍ക്കാണ് മൂന്ന് പേരുടെയും. എനിക്കെന്താണോ ആവശ്യം അതാണവര്‍ തന്നിരിക്കുന്നത്. ഞാന്‍ മനസ്സില്‍ കണ്ട സിനിമ അതേപടിയാണ് അവര്‍ പകര്‍ത്തിയിരിക്കുന്നത്.

ഇത്തിക്കര പക്കിയാകാന്‍ മോഹന്‍ലാലിനെ ക്ഷണിച്ചപ്പോള്‍?

എന്റെ കൂടെ പ്രവര്‍ത്തിച്ച നടീനടന്മാരെ വീണ്ടും ഒരു ചിത്രത്തിനുവേണ്ടി വിളിക്കുമ്പോള്‍ അവര്‍ നോ പറയില്ലെന്നൊരു വിശ്വാസം എനിക്കുണ്ട്. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ജ്യോതിക,ജയസൂര്യ, ചാക്കോച്ചന്‍ ആരും തന്നെ. ഉദയനാണ് താരം മുതല്‍ മോഹന്‍ലാല്‍ എന്ന നടനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള നാലാം ചിത്രമാണ് കൊച്ചുണ്ണി. പത്തോ പതിനഞ്ചോ മിനിറ്റ് ഫോണിലൂടെയാണ് ഇത്തിക്കര പക്കിയെക്കുറിച്ച് ലാലേട്ടനോട് സംസാരിച്ചത്. അദ്ദേഹം ഉടനെ ഡേറ്റ് തരികയും ചെയ്തു. എന്തോ ആളുകള്‍ക്കെന്നെ ഇഷ്ടമാണ്. ( പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ആ ചിരിയിലും ഒരു ലാലേട്ടന്‍ സ്‌റ്റൈല്‍)

കടപ്പാട്: മംഗളം
കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)കൊച്ചുണ്ണി എന്ന സോഷ്യലിസ്റ്റ് (സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി അഭിമുഖം-മീട്ടു കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക