Image

വിലക്കിയ വഴിയേ (കവിത: മഞ്ജുള ശിവദാസ്)

Published on 21 October, 2018
വിലക്കിയ വഴിയേ  (കവിത: മഞ്ജുള ശിവദാസ്)
അരുതുകളേറിയതാവാം ഉലകിതി
ലരുതായ്മകളോടഭിവാഞ്ഛ.
വിലക്കിയ വഴികള്‍ തേടിച്ചെന്നാ
വഴിയെ ഗമിക്കാനുത്സാഹം.

പ്രയത്‌നിക്കാതെ പ്രശസ്തിയിലേറാന്‍

തക്കംനോക്കിയിരിപ്പാണ്.
പേരതു ദുഷ്‌പേരായാല്‍പോലും
പാരിടമാകെ പരത്തേണം.

ഒന്നിനുമല്ലാത്തൊന്നിനു തന്നുടെ
ധാര്‍ഷ്ട്യജയക്കൊടി നാട്ടീടാന്‍.
പരനുടെ വിശ്വാസത്തില്‍ കരടായ്.
കലഹം വിതറി നടപ്പവരേ.

പെരുമയിലേക്കുകുതിക്കാന്‍
കുറുവഴി തേടിനടക്കും പെണ്ണാളേ,
എവിടെയുമിരയായീടാന്‍ നീയൊരു
ചഞ്ചലമാനസയാകാതേ.

വിലക്കിയ കനികള്‍ ഭുജിക്കാന്‍ വെമ്പും.
മനസ്സുകള്‍ ചൂണ്ടയിലിരയാക്കും
വിരുതന്‍മാരുടെ കരവിരുതാല്‍,

ഉരുവായൊരു കരുമാത്രം നീ.

നാലാളറിയുവതില്‍പ്പരമൊരു
പരമാനന്ദം മറ്റില്ലത്രേ!!
കീര്‍ത്തിയിലാര്‍ത്തി പെരുത്തലയുന്ന
വരോര്‍ക്കുക വാരിക്കുഴികളനേകം.
Join WhatsApp News
വിദ്യാധരൻ 2018-10-21 10:31:32
ആരു വിലക്കി വഴികൾ ഇവിടെ 
ആരു വിലക്കി ചൊല്ലീടു ?
അടിമകളായി ജനിച്ചിടേണം 
അടിമകളായി മരിച്ചിടേണം 
എന്നൊരു നിയമം ഇല്ലല്ലോ ?
സ്വാർത്ഥതയാൽ ചില കൂട്ടർ ഇവിടെ 
വഴികൾ വിലക്കി നിൽക്കുന്നു 
വിഡ്ഢി കഥകൾ മെനഞ്ഞവരിവിടെ 
അജ്ഞതയുടെ പുകമറ സൃഷ്ട്ടിപ്പൂ 
ആ പുകമറയുടെ ഉള്ളിലിരുന്നു 
പുലമ്പാതിങ്ങനെ വിഡ്ഢിത്വം 
'സ്ത്രീകൾ ശബരി മല തീണ്ടിയാ'ലുടനെ 
പോമോ  ശാസ്താവിൻ ബ്രഹ്മചര്യം?
കവികൾ കവിയത്രികളൊക്കെ 
ഋഷികൾ എന്നത് ഓർത്തോളൂ 
അസ്വാതന്ത്ര്യത്തിൻ മതിലുപോളിക്കാൻ 
അവരുടെ തൂലിക വാളു ചലിക്കട്ടെ
വർണ്ണം വർഗ്ഗം ജാതി മതത്താൽ 
നമ്മുടെ നാട് നശിക്കുമ്പോൾ 
രാഷ്ട്രീയക്കാർ മതതീവ്രവാദികൾ
നാട് കലക്കി മനുഷ്യനെ വലയ്ക്കുമ്പോൾ 
അവരെ നേർവഴി കാട്ടി നയിച്ചിണ്ടോർ 
മതവാദികളുടെ ചട്ടുകം ആകുമ്പോൾ 
എങ്ങനെ നമ്മുടെ നാട്ടിൽ സ്ത്രീകൾ 
കാണും സ്വാതന്ത്ര്യത്തിൻ  ജ്യോതിസ്സ് ?

 
 

 


 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക