Image

മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയ യുവാവിന്‌ തുണയായി

ഷക്കീബ്‌ കൊളക്കാടന്‍ Published on 05 April, 2012
മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയ യുവാവിന്‌ തുണയായി
റിയാദ്‌: ആറ്‌ മാസമായി ബത്‌ഹയിലും പരിസരങ്ങളിലുമായി കറങ്ങി നടക്കുകയായിരുന്ന തമിഴ്‌ യുവാവിനെ നാട്ടിലയക്കാനുള്ള ശ്രമങ്ങളുമായി തമിഴ്‌ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത്‌. കഴിഞ്ഞ ദിവസം ബത്‌ഹയിലാണ്‌ കെ.എം.സി.സി പ്രവര്‍ത്തകനായ അര്‍ശുല്‍ അഹമ്മദും ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മററി പ്രസിഡണ്ട്‌ നാസര്‍ കല്ലറയും തമിഴ്‌നാട്‌ കൊടലൂര്‍ ജില്ലയിലെ പാന്‍റൂട്ടി പാക്കിരിപ്പാളയം സ്വദേശിയായ മുഹമ്മദ്‌ റഫിയെ ബത്‌ഹയില്‍ മാനസികാസ്വാസ്‌ഥം കാണിച്ച്‌ അലയുന്ന നിലയില്‍ കണ്ടെത്തിയത്‌. ഇന്നലെ അദ്ദേഹത്തിന്‌ വേണ്ട ഭക്ഷണം നല്‍കുകയും വസ്‌ത്രങ്ങള്‍ നല്‍കുകയും ചെയ്‌ത്‌ സാമൂഹ്യ പ്രവര്‍ത്തകര്‍ ഷിഫ അല്‍ ജസീറ പോളിക്ലിനിക്കിലേക്ക്‌ മാററി. അവിടെ മുഹമ്മദ്‌ റാഫിക്ക്‌ വേണ്ട പരിചരണവും ഭക്ഷണവും നല്‍കുമെന്ന്‌ പോളിക്ലിനിക്ക്‌ അധികൃതര്‍ അറിയിച്ചു.

ഒരു വര്‍ഷം മുന്‍പ്‌ ഡ്രൈവര്‍ വിസയില്‍ ജിസാനിലടുത്ത്‌ ദര്‍ബിലാണ്‌്‌ മുഹമ്മദ്‌ റഫി വന്നത്‌. ജിദ്ദയിലെ അയര്‍വാസി അബ്‌ദുല്‍ അസീസ്‌ സൗജന്യമായി നല്‍കിയ വിസയില്‍ ഇവിടെയെത്തിയ റഫി പിന്നീട്‌ ജിദ്ദയിലേക്ക്‌ ഒളിച്ചോടുകയായിരുന്നു. ജിദ്ദയില്‍ ജോലി ചെയ്‌തു വരുന്നതിനിടയിലാണ്‌ റിയാദിലേക്ക്‌ റഫി ബസ്സ്‌ കയറുന്നത്‌. പണ്ട്‌ തന്നെ അല്‍പ്പം മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചിരുന്ന റഫിക്ക്‌ റിയാദില്‍ വെച്ചാണ്‌ അസുഖം അധികമാകുന്നത്‌. വൃത്തിഹീനമായ സാഹചര്യത്തില്‍ ബത്‌ഹയിലെ റമാദ്‌ ഹോട്ടലിന്‌ പിന്‍വശം സാമൂഹ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയ റഫിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയാസമായിരുന്നു. കിട്ടിയ വിവരങ്ങള്‍ വെച്ച്‌ റഫിയുടെ വീട്ടുകാരുമായി ബന്‌ധപ്പെടാന്‍ കഴിഞ്ഞ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക്‌ ഏറെ കഷ്‌ടപ്പാടില്‍ നിന്നും കരകയറാനായാണ്‌ അസുഖമുള്ള റാഫിയെ വിദേശത്തേക്കയക്കേണ്ടി വന്നതെന്ന്‌ പിതാവ്‌ നൂര്‍ മുഹമ്മദില്‍ നിന്നും മനസ്സിലാക്കാനായി. അവിവാഹിതനായ റഫിക്ക്‌ വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന രണ്ട്‌ സഹോദരിമാരുണ്ട്‌. ഖര്‍ഷിദയാണ്‌ മാതാവ്‌. മകനെ സുരക്ഷിതമായി നാട്ടിലെത്തിക്കാമെന്ന്‌ സാമൂഹ്യ പ്രവര്‍ത്തകര്‍ പിതാവിന്‌ ഉറപ്പ്‌ നല്‍കി.

ജിസാനിലുള്ള മതകാര്യ പ്രബോധകനായ ഉമ്മര്‍ ഫൈസിയുടെ സഹായത്തോടെ സ്‌പോണ്‍സര്‍ അഹമ്മദ്‌ യഹ്‌യാ അഹമ്മദ്‌ ദഹ്‌ലാനുമായി ബന്‌ധപ്പെടാനുള്ള ശ്രമങ്ങളിലാണ്‌ സാമൂഹ്യ പ്രവര്‍ത്തകര്‍. ഒളിച്ചോടയതു കാരണം സ്‌പോണ്‍സര്‍ റഫിയെ ഹുറൂബാക്കിയതായറിയുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റഫിയെ ഉടനെ നാട്ടിലയക്കാന്‍ തമിഴ്‌നാട്‌ തൗഹീദ്‌ ജമാഅത്തിന്‍െറ പ്രവര്‍ത്തകരായ ഫാറൂഖ്‌, മുഹമ്മദ്‌ ഇമ്രാന്‍ തുടങ്ങിയവരുടെ സഹായത്തോടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌.
മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയ യുവാവിന്‌ തുണയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക