Image

ഒരു വീടിനു ആറര ലക്ഷം: ഫൊക്കാന- ഇ-മലയാളി മാത്രുകാ ഗ്രാമം പദ്ധതിയില്‍ പങ്ക് ചേരാം

ഫ്രാന്‍സിസ് തടത്തില്‍ Published on 22 October, 2018
ഒരു വീടിനു ആറര ലക്ഷം: ഫൊക്കാന- ഇ-മലയാളി മാത്രുകാ ഗ്രാമം പദ്ധതിയില്‍ പങ്ക് ചേരാം
ന്യൂജേഴ്‌സി: മുല്ലപ്പെരിയാറില്‍ മഹാപ്രളയം തകര്‍ത്തെറിഞ്ഞ ജന്മങ്ങള്‍ക്കു താങ്ങാകുവാന്‍ ഫൊക്കാനയും ഇ-മലയാളിയും കൈ കോര്‍ത്ത് മാതൃക ഗ്രാമം ദത്തെടുത്തു നിര്‍മ്മിക്കുന്നു.

പ്രളയത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെ തുടര്‍ന്ന് ഡാമിന്റെ താഴ്വാരത്തുള്ള വണ്ടിപ്പെരിയാറില്‍ തകര്‍ന്നത് 450 ല്‍ അധികം വീടുകളാണ്. ഇതില്‍ ആദ്യ ഘട്ടമെന്ന നിലയില്‍ ഒരു സ്വകാര്യ വ്യക്തിയില്‍ നിന്ന് ലഭിച്ച സ്ഥലത്തു 50 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള തുക സമാഹരിക്കാനാണ് ഫൊക്കാനയും ഇ- മലയാളിയും കൈകോര്‍ക്കുന്നത്. ഗോ ഫണ്ടു മീ വഴിയായിരിക്കും ഇത്.

ഒരു വീടിനു ആറര ലക്ഷം രൂപ വരും. പതിനായിരം ഡോളറില്‍ താഴെ.

സഹായമെത്തിക്കാന്‍ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
https://www.gofundme.com/fokana-kerala-flood-relief-fund

പ്രളയജലം വിഴുങ്ങിക്കളഞ്ഞ വീടുകളിലെ 1500 പരം പേര്‍ വാടക വീടുകളിലും ബന്ധുക്കളുടെ വീടുകളിലും മറ്റും അഭയാര്‍ഥികളായി കഴിയുകയാണ്. പീരുമേട് നിയമസഭാ മണ്ഡലത്തിലുള്ള നിരക്ഷരരായ തോട്ടം തൊഴിലാളികളാണു മിക്കവരും.

ഒറ്റയടിക്കു തുറന്ന ഡാമിന്റെ താഴ്വാരത്തു താമസിച്ചിരുന്ന ഇവരുടെ വീടുകള്‍ ഒരു നിമിഷം കൊണ്ട് വെള്ളത്തിനടിയിലായി . ഇതേക്കുറിച്ചു ഇ-മലയാളി അനവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പീരുമേട് എംഎല്‍എ ഇ.എസ്. ബിജിമോള്‍ ഇ-മലയാളി ന്യൂസ് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തിലിന് അയച്ച ഇമെയില്‍ സന്ദേശമാണ് ഫൊക്കാനയുമായി സഹകരിച്ചു ഈ പദ്ധതിക്ക് രൂപം നല്‍കാന്‍ ഇടയായത്. ഇക്കാര്യത്തെപറ്റി ഫൊക്കാന ട്രഷററും ഫൊക്കാനയുടെ കേരള ഫ്ളഡ് റിലീഫ് ഫണ്ടിന്റെ ചുമതലക്കാരനുമായ സജിമോന്‍ ആന്റണിയുമായി ഇ-മലയാളി എഡിറ്റര്‍ ജോര്‍ജ് ജോസഫും ഫ്രാന്‍സിസ് തടത്തിലും പ്രാരംഭ ചര്‍ച്ച നടത്തി

ഇതിന്റെ വെളിച്ചത്തില്‍ ഫൊക്കാനയുടെ ഉന്നത തല ഭാരവാഹികളുമായി സജിമോന്‍ ചര്‍ച്ച നടത്തുകയും പിന്നീട് ഉന്നതതല കമ്മിറ്റികൂടി ഔദ്യോഗികമായി പദ്ധതിക്ക് അംഗീകാരം നല്‍കുകയുമായിരുന്നു. ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ടോമി കോക്കാട്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ തുടങ്ങിയ എല്ലാ എക്സിക്യൂട്ടീവ് ഭാരവാഹികളും പൂര്‍ണ പിന്തുണ നല്‍കി.

ഒരു വീടിനു ആറര ലക്ഷം രൂപ ചെലവ് വരുന്ന രണ്ടു ബെഡ് റൂമുകളുള്ള വീടുകളുടെ രൂപരേഖ തയാറാക്കി കഴിഞ്ഞു. കമ്മ്യൂണിറ്റി ഹാള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം ഉള്‍പ്പെടെ ഒരു മാതൃക വില്ലജിന്റെ മാതൃകയില്‍ രൂപകല്‍പന ചെയ്ത പദ്ധതിയുടെ രൂപ രേഖ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. വീട് നിര്‍മ്മിക്കാന്‍ ആദ്യ ഘട്ടത്തിലേക്കുള്ള സ്ഥലവും ലഭിച്ചു.

പണം മാത്രമാണ് ഇപ്പോള്‍ പ്രശ്‌നം. 17 പാലങ്ങളാണ് വണ്ടിപ്പെരിയാറില്‍ മാത്രം തകര്‍ന്നു പോയത്. സകല റോഡുകളും തകര്‍ന്നു തരിപ്പണമായി. പാലങ്ങളുടെയും റോഡുകളുടെയും പുനര്‍ നിര്‍മ്മാണത്തിന് 3000 കോടി രൂപയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നതായിട്ടാണ് പൊതുമരാമത്തു വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇ-മലയാളിയില്‍ വന്ന പല ലേഖനങ്ങളുമാണ് പല സംഘടനകളുടെയും മനസ് തുറക്കാന്‍ കാരണമായതെന്ന് പ്രതികരണങ്ങളിലൂടെ പലരും അറിയിച്ചിരുന്നു. ലജ്ജയില്ലേ ഈ ഓണമുണ്ണാന്‍ എന്ന തലക്കെട്ടില്‍ ഇ-മലയാളി പ്രസിദ്ധീകരിച്ച ലേഖനത്തെ തുടര്‍ന്ന് അമേരിക്കയിലങ്ങോളമിങ്ങോളം ഒട്ടനവധി സംഘടനകള്‍ ഓണാഘോഷം റദ്ദു ചെയ്യുകയും അതിനായി കരുതിയ തുകയും അതിനിരട്ടിയും വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തിരുന്നു.

കേരളത്തെ പൂര്‍ണമായും പുനര്‍നിര്‍മ്മിക്കാന്‍ കുറഞ്ഞത് 27000 കോടി രൂപ വരുമെന്നിരിക്കെ ഈ പാവം തോട്ടം തൊഴിലാളികളുടെ കണ്ണീരു തുടയ്ക്കാന്‍ ആരുമില്ലെന്നു കണ്ടതു കൊണ്ടാണ് ഫൊക്കാനയും ഇ മലയാളിയും സംയുക്തമായി പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ മുന്നിട്ടിറങ്ങുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുന്നതും സമാഹരിച്ചു കഴിഞ്ഞതുമായ തുക ഈ പദ്ധതിക്കായി നല്കാന്‍ സംഘടനകള്‍ തയാറായാല്‍ മാത്രം മതി ഈ പാവങ്ങളുടെ ഭവനങ്ങള്‍ പുനര്‍ നിര്‍മ്മിക്കപ്പെടാന്‍.

ഒരു ചെറിയ അസോസിയേഷനോ സ്വകാര്യ വ്യക്തിക്കോ ഓരോ വീടുകള്‍ സ്പോണ്‍സര്‍ ചെയ്യുകയോ വലിയ അസ്സോസിയേഷനുകള്‍ക്കു ഒന്നിലേറെ വീടുകള്‍ സ്പോണ്‍സര്‍ ചെയ്യുകയോ ആവാം.

മാതൃകാ വില്ലജ് എന്ന ബിജിമോളുടെ സ്വപ്നം യാഥാര്‍ഥ്യമാകണമെങ്കില്‍ സഹാനുഭുതിയുള്ള അമേരിക്കന്‍ മലയാളി കനിയണം

നിങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.എഫ്.ആര്‍.എഫ്) സംഭാവന ചെയ്യാന്‍ സ്വരുക്കൂട്ടിയ തുക ഫൊക്കാനയുടെ 501 സി (ടാക്‌സ് ഇളവ്) അനുകൂല്യമുള്ള കേരള ഫ്ളഡ് റീലിഫ് ഫണ്ട് വഴി നല്കിയാല്‍നിങ്ങള്‍ക്ക് ടാക്‌സ് ആനുകൂല്യവും ലഭിക്കും, കുറെ ഭവനരഹിതര്‍ക്കു പര്‍പ്പിടവും ലഭിക്കും.

വീടുകള്‍ നിര്‍മിക്കാനുള്ള തുക സ്പോണ്‍സര്‍ ചെയ്യുന്ന വ്യക്തികളെയോ സംഘടനാ നേതാക്കളെയോ വീടിന്റെ താക്കോല്‍ ദാന ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രമുഖരെ പങ്കെടുപ്പിക്കുന്ന ചടങ്ങില്‍ വച്ച് ആദരിക്കുന്നതായിരിക്കും. ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്ന വ്യക്തികള്‍, സംഘടനകള്‍ അവര്‍ സ്പോണ്‍സര്‍ ചെയ്യാന്‍ പോകുന്ന വീടുകളുടെ എണ്ണം തുക എന്നിവ ഉള്‍പ്പെടുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക റിപ്പോര്‍ട്ടുകള്‍ ഇ-മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

കേരളത്തില്‍ മഹാപ്രളയമുണ്ടായപ്പോള്‍ റാന്നി, പത്തനംതിട്ട, ആലപ്പുഴ, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളില്‍ മാത്രമാണ് ജനശ്രദ്ധ ലഭിച്ചത്. ജനവാസം കൂടുതല്‍ ഉള്ളതും ഏറെ വിദ്യാസമ്പന്നരും സാമ്പത്തികമായി മുന്നില്‍ നില്‍കുന്നവരുമായിരുന്നു ഈ പ്രദേശങ്ങളില്‍ പ്രളയ ദുരിതമനുഭവിച്ചവരില്‍ ഭൂരിഭാഗവും. കൂടാതെ ഈ പ്രദേശങ്ങളിലുള്ളവരുടെ ബന്ധുക്കളില്‍ നല്ലൊരു ശതമാനം പേരും അമേരിക്ക ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളിലുണ്ട്. ആയതിനാല്‍ അടിയന്തിര സഹായമുള്‍പ്പെടെ എല്ലാ ശ്രദ്ധയും ഇവര്‍ക്കു ലഭിച്ചിരുന്നു.

എന്നാല്‍ അന്താരാഷ്ട്രത്തലത്തില്‍ പോലും അറിയപ്പെടാന്‍ തുടങ്ങിയ മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂക്കിന് കീഴെ 4500ല്‍ പരം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയും അതില്‍ 1500ല്‍ പരം പേര് ഭവന രഹിതരായ വിവരവും അധികമാരും അറിഞ്ഞില്ല എന്നത് ഏറെ വിരോധോഭാസമാണ്.

കേരളത്തില്‍ മഴ ശക്തി പ്രാപിച്ചുകൊണ്ടിരുന്നപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ഇടുക്കി ഡാംതുറക്കുമോ എന്നുള്ളതിലായിരുന്നു. മുല്ലപ്പെരിയാറിന്റെ കാര്യം പലരും മറന്നു. കാരണം കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലം പറയുന്നത് മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടാല്‍ അത് താങ്ങാനുള്ള ശേഷി ഇടുക്കി ഡാമിന് ഉണ്ട് എന്നായിരുന്നു.

മൂല്ലപ്പെരിയാര്‍ ഡാമിലെ പരമാവധി ശേഷി 142 അടി എന്നസുപ്രീം കോടതി വിധി ശരി വയ്ക്കാന്‍ ഡാമിലെ ജലനിരപ്പ് 144അടി ഉയരുന്നതു വരെ തമിഴ്‌നാട് അധികൃതര്‍ മറച്ചുവെച്ചു. ഫലമോ ഡാം നിറഞ്ഞു കവിയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോവുകയുംജലനിരപ്പ് ഇനിയും തുടര്‍ന്നാല്‍ ഒന്നുകില്‍ ഡാം കരകവിഞ്ഞൊഴുകുകയോ അല്ലെങ്കില്‍ തകരുകയോ ചെയ്യുമെന്നു ഭയന്ന്തമിഴ്‌നാട് അധികൃതര്‍ഡാമിന്റെ 13 ഷട്ടറുകളും നാലടി ഉയരത്തില്‍ തുറന്നു വിട്ടു. അത്രയും ജലം ഒറ്റയടിക്ക് മുല്ലപ്പെരിയാറിലേക്ക് ഒഴുകി എത്താന്‍ തുടങ്ങിയതോടെ 200 അടി വീതിയുള്ള മുല്ലപ്പെരിയാര്‍ കരകവിഞ്ഞൊഴുകി സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന 250 ലേറെ വീടുകളെ മുഴുവനുമായും 200 ലേറെ വീടുകളെ ഭാഗീകമായും വിഴുങ്ങി. അതിനു പുറമെ ആയിരത്തിലേറെ വീടുകളുടെ മുറ്റം വരെയും വെള്ളം ഇരച്ചുകയറി.

ഇടുക്കി ഡാം തുറന്നതു കൊണ്ടാണ് ആലുവയിലും ചാലക്കുടിയിലുമൊക്കെ വെള്ളപ്പൊക്കമുണ്ടായതെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ ഇടുക്കി ഡാമില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരാന്‍ കാരണം മുല്ലപ്പെരിയാര്‍ ഡാം തുറന്നതുകൊണ്ടു മാത്രമാണ്. എന്നാല്‍ ഈ ഡാം തുറന്നപ്പോള്‍ വീടുകള്‍ നഷപ്പെട്ട 1500 ആളുകളുടെ ദുരിതം മാത്രം പുറം ലോകം അറിഞ്ഞില്ല.

ഫൊക്കാനയുടെ നേതൃത്വത്തില്‍ ഇ-മലയാളിയുമായി സഹകരിച്ചു ഇത്തരം ഒരു ബ്രഹത്തായ പദ്ധതി ഏറ്റെടുത്തു നടത്തുന്നതില്‍ അഭിമാനമുണ്ടെന്നും ഇതൊരു വിജയകരമായ പദ്ധതിയാക്കി മാറ്റാന്‍ ഫൊക്കാന നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്റ് മാധവന്‍ ബി. നായര്‍ പറഞ്ഞു.

കേരളത്തിലെ പുനര്‍ നിര്‍മ്മാണത്തിനു പങ്കാളികളാവാന്‍ ഫൊക്കാനക്കു ഇതിലും നല്ല മറ്റൊരു പദ്ധതിയില്ലെന്നും ഭവന രഹിതരായ തോട്ടം തൊഴിലകള്‍ക്കു ധാര്‍മിക പിന്തുണ നല്‍കേണ്ടത് ഫൊക്കാനയുടെ കടമയാണെന്നും ഫൊക്കാന സെക്രട്ടറി ടോമി കോക്കാട് പറഞ്ഞു.

പ്രളയ ദുരിതത്തിലെ ഇരയായവര്‍ക്കു ഫൊക്കാനക്കു നല്‍കാവുന്ന ഏറ്റവും വലിയ കൈത്താങ്ങ് ആയിരിക്കും ഈ പദ്ധതിയെന്ന് ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി ജേക്കബ് പറഞ്ഞു.

ഫൊക്കാനയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ പദ്ധതിക്ക് അമേരിക്കന്‍ മലയാളികളുടെ പിന്തുണ ഉറപ്പായിരിക്കുമെന്നു എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു.

പാവപ്പെട്ട തൊഴിലാളികളുടെ കണ്ണീരൊപ്പാന്‍ ഫൊക്കാന നടത്തുന്ന ഈ പദ്ധതി ഫൊക്കാനയുടെ കേരളത്തിലെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ ഈ സ്വപ്ന പദ്ധതിക്ക് എല്ലാ അമേരിക്കന്‍ മലയാളികളും സംഘടനകളും പിന്തുണ നല്‍കണമെന്ന് അസ്സോസിയേറ്റ് സെക്രട്ടറി ഡോ. സുജ ജോസ് അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് എന്നും കൈത്താങ്ങായിട്ടുള്ള ഫൊക്കാന ഈ പദ്ധതിയിലൂടെ ഒരു പടികൂടി മുന്നേറിയതായി അസോസിയേറ്റ് ട്രഷറര്‍ പ്രവീണ്‍ തോമസ് അഭിപ്രായപ്പെട്ടു.

ഭവന രഹിതര്‍ക്കു എന്നും ആശ്വാസമേകിയിട്ടുള്ള ഫൊക്കാനക്ക് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ കഴിയുമെന്ന് വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലൈസി അലക്സ് പ്രത്യാശ പ്രകടിപ്പിച്ചു. ഫൊക്കാന നേതൃത്വം കൊടുക്കുന്ന ഈ പദ്ധതിക്കായി എല്ലാ മലയാളികളും സഹകരിക്കണമെന്ന് ഫൊക്കാന അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി വിജി നായര്‍, അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ ഷീല ജോസഫ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഫൊക്കാനയുടെ ഈ വലിയ പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ നല്ലവരായ അമേരിക്കന്‍ മലയാളികളുടെ പിന്തുണ കൂടിയേ മതിയാകുവെന്നു ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പള്ളിലും ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസും പറഞ്ഞു.

മുല്ലപ്പെരിയാറിലെ തോട്ടം തൊഴിലാളികളുടെ പ്രശ്‌നം നമ്മുടെ സ്വന്തം ദുരന്തമായി കാണണമെന്നും അതിനായി എല്ലാ സംഘടനകളും കൈകോര്‍ക്കണമെന്നും ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് ജോണ്‍ പി ജോണ്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചാക്കപ്പന്‍, സീനിയര്‍ നേതാവ് ടി. എസ് ചാക്കോ, ബി.ഒ ടി. സെക്രട്ടറി വിനോദ് കെയാര്‍ക്കേ, മുന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും നാഷണല്‍ കമ്മിറ്റി അംഗവുമായ ജോയി ഇട്ടന്‍, മുന്‍ ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്തുടങ്ങിയ എല്ലാ മുതിര്‍ന്ന നേതാക്കന്‍മാരും പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അഭിപ്രായപ്പെട്ടു.

ഗോ ഫണ്ട് ലിങ്ക്: 
ഒരു വീടിനു ആറര ലക്ഷം: ഫൊക്കാന- ഇ-മലയാളി മാത്രുകാ ഗ്രാമം പദ്ധതിയില്‍ പങ്ക് ചേരാം ഒരു വീടിനു ആറര ലക്ഷം: ഫൊക്കാന- ഇ-മലയാളി മാത്രുകാ ഗ്രാമം പദ്ധതിയില്‍ പങ്ക് ചേരാം ഒരു വീടിനു ആറര ലക്ഷം: ഫൊക്കാന- ഇ-മലയാളി മാത്രുകാ ഗ്രാമം പദ്ധതിയില്‍ പങ്ക് ചേരാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക