Image

'മീ ടൂ': പൊതുതാത്പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

Published on 22 October, 2018
'മീ ടൂ': പൊതുതാത്പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: 'മീ ടൂ' വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്നും വിചാരണ നടപടി തുടങ്ങണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തരമായി വാദംകേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കേണ്ടതില്ലെന്നും സാധാരണ നിലയില്‍ പരിഗണിച്ചാല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകനായ എം.എല്‍ ശര്‍മയാണ് 'മീ ടൂ' വിഷയത്തില്‍ പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. 

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ ഉന്നയിക്കുന്ന മീ ടൂ ആരോപണങ്ങളുെട അടിസ്ഥാനത്തില്‍ അധികൃതര്‍ സ്വമേധയാ നടപടിയെടുക്കണമെന്നും പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. ദേശീയ വനിതാ കമ്മീഷന്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടങ്ങിയവയ്‌ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

മീ ടൂ' ആരോപണ വിധേയരായ പുരുഷന്മാര്‍ക്കെതിരെ ബലാല്‍സംഗത്തിനും ലൈംഗിക അതിക്രമത്തിനും എതിരായ വകുപ്പുകള്‍ അടക്കമുള്ളവ ചുമത്തണമെന്നാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യം. ലൈംഗിക അതിക്രമ കേസുകളുടെ വിചാരണയ്ക്കായി അതിവേഗ കോടതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥാപിക്കണമെന്നും പരാതിക്കാര്‍ക്ക് സാമ്പത്തിക സഹായവും നിയമ സഹായവും നല്‍കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക