Image

തന്നെ പുറത്താക്കിയതാണെന്ന പ്രസ്‌താവന തള്ളി ദിലീപ്‌

Published on 23 October, 2018
തന്നെ പുറത്താക്കിയതാണെന്ന പ്രസ്‌താവന തള്ളി ദിലീപ്‌

കൊച്ചി: അമ്മ സംഘടനയില്‍ നിന്നും തന്നെ പുറത്താക്കിയതാണെന്ന മോഹന്‍ലാലിന്റെ പ്രസ്‌താവന തള്ളി നടന്‍ ദിലീപ്‌. തന്നെ പുറത്താക്കിയതല്ലെന്നും രാജിവെച്ചതാണെന്നും ദിലീപ്‌ ഫേസ്‌ബുക്കില്‍ രാജിക്കത്ത്‌ പങ്കുവെച്ച്‌ കൊണ്ട്‌ അറിയിച്ചു. തന്റെ പേര്‌ പറഞ്ഞ്‌ സംഘടനയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ്‌ തന്റെ രാജിയെന്നും ദിലീപ്‌ വ്യക്തമാക്കി.

അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത്‌ പുറത്ത്‌ വിടാത്തതുകൊണ്ടാണു ഇപ്പോള്‍ പുറത്തുവിടുന്നത്‌. അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലെ കഴിയൂ എന്ന്‌ ഉത്തമ ബോധ്യം എനിക്കുണ്ട്‌. പക്ഷെ ഞാന്‍ കാരണം അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്‌ രാജി. മോഹന്‍ലാലുമായി വിശദമായ ചര്‍ച്ചകള്‍ക്ക്‌ ശേഷമാണു രാജികത്ത്‌ നല്‍കിയത്‌.

സംഘടന അമ്മയുടെ സഹായം കൊണ്ടു ജീവിക്കുന്ന അനേകം പേരുണ്ട്‌. ഇവര്‍ക്കായി അമ്മ സംഘടന നിലനില്‍ക്കണം. താന്‍ വേട്ടയാടപ്പെടുന്നത്‌ മനസറിയാത്ത കുറ്റത്തിനാണ്‌. അമ്മ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ദിലീപ്‌ സംഘടനയില്‍ നിന്ന്‌ രാജിവെച്ചതെന്നാണ്‌ കഴിഞ്ഞ ദിവസം പ്രസിഡന്റ്‌ മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്‌


കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ,

വളരെ ഏറെ ദുഃഖത്തോടെയാണ് ഞാന്‍ ഇത് കുറിക്കുന്നത്. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ മനസ്സാവാചാ അറിയാത്ത കുറ്റത്തിന് കഴിഞ്ഞ ഒന്നരക്കൊല്ലമായി ഞാന്‍ വേട്ടയാടപ്പെടുകയാണ്. അതിന്റെ പേരില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന നമ്മുടെ സംഘടനയുടെ അവയിലബിള്‍ എക്‌സിക്യൂട്ടിവ് എന്നെ പുറത്താക്കാന്‍ തീരുമാനിക്കുകയും അത് കഴിഞ്ഞുവന്ന ജനറല്‍ ബോഡി എനിക്കെതിരായ നടപടി മരവിപ്പിക്കുവാനും തീരുമാനിച്ചു. സംഘടനയുടെ പരമോന്നത കമ്മിറ്റിയായ ജനറല്‍ ബോഡി എടുത്ത തീരുമാനം ഞാന്‍ അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണ്.

സംഘടനയിലെ അംഗമായിരുന്ന എന്നെ ഔദ്യോഗികമായി ഈ വിവരം ആരും അറിയിക്കാതിരുന്നിട്ടു പോലും ഈ വിഷയത്തില്‍ ചില തല്‍പര കക്ഷികള്‍ വിവാദം സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സംഘടനയുടെ നന്മയെ കരുതി എനിക്കെതിരെ ആരോപിക്കപ്പെട്ട കേസില്‍ കോടതിയുടെ തീര്‍പ്പുണ്ടാകും വരെ സംഘടനയിലേക്ക് തിരിച്ചില്ലെന്ന് തീരുമാനിച്ച് ഞാന്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്ന കാര്യം ഓര്‍ക്കുമല്ലോ?

അത് കൊണ്ടരിശം തീരാത്തവര്‍ എന്റെ പേരില്‍ അമ്മയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടെയും ഭാഗമാകാന്‍ ഞാന്‍ തയാറല്ലെന്ന് പരസ്യ നിലപാടെടുത്തിട്ട് കൂടി ഈ വിഷയത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് എന്നെയും അമ്മയെയും അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ അനസ്യൂതം തുടരുകയാണുണ്ടായത്. സിനിമാ താരങ്ങള്‍ എല്ലാം സമ്പന്നരാണെന്ന ഒരു പൊതു ധാരണയുണ്ട്. അങ്ങനെല്ലെന്ന് നമുക്കറിയാമല്ലോ. അവശത അനുഭവിക്കുന്ന ആലംബമില്ലാത്ത അനേകംപേര്‍ക്ക് കൈത്താങ്ങാവുന്ന നമ്മുടെ ഈ സംഘടന പൂര്‍വാധികം ശക്തിയോടെ നിലനില്‍ക്കേണ്ടതുണ്ട്. എന്റെ പേര് പറഞ്ഞ് അമ്മയെന്ന് സംഘടനയെ ഇല്ലായ്മ ചെയ്യാനാണ് ചിലരുടെ ശ്രമം. എനിക്ക് അറിയാം അവര്‍ ലക്ഷ്യം വെയ്ക്കുന്നത് എന്നെയാണെന്ന്.

ഒരു ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനം മാറ്റുവാന്‍ മറ്റൊരു ജനറല്‍ ബോഡിക്കു മാത്രമേ അവകാശം ഉള്ളൂ എന്ന നിയമാവലിയില്‍ പറയുമ്പോള്‍ നടപടിപ്രകാരമല്ലാതെ ഒരംഗത്തെ വിശദീകരണം നല്‍കാന്‍ പോലും അവസരം നല്‍കാതെ നിയമാവലി അനുസരിച്ചു പുറത്താക്കാനാവില്ല എന്നറിയാമായിരുന്നിട്ടും അമ്മ എന്ന സംഘടനയെ അതിലെ അംഗങ്ങളില്‍ ചിലരുടെ നേതൃത്വത്തില്‍ തന്നെ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ നിരന്തരം സമ്മര്‍ദത്തിലാക്കുന്നതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. മാധ്യമ പിന്തുണ ഒന്ന് കൊണ്ട് പൊതു ബോധത്തെ അട്ടിമറിക്കാനും ഇല്ലാ നുണകള്‍ കൊണ്ട് നിയമ വ്യവസ്ഥയെ കണ്ടില്ലെന്ന് നടിക്കാനും ശ്രമിക്കുന്നവരാണിവര്‍. അവരുടെ ഉപജാപങ്ങളില്‍ അമ്മ എന്ന സംഘടന തകരരുത്.

എന്നെ അമ്മയില്‍ നിന്നും പുറത്താക്കണം എന്ന ആവശ്യം വീണ്ടുമുയര്‍ത്തി സംഘടനയില്‍ വിവാദവും ഭിന്നിപ്പും സൃഷ്ടിക്കാന്‍ സംഘടിത നീക്കം ചില അംഗങ്ങളുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് ശേഷവും ശക്തമായി തുടരുന്നതായ് വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അത്തരക്കാരുടെ ഉപജാപങ്ങളില്‍ അമ്മ എന്ന സംഘടന തകരാന്‍ അനുവദിച്ചൂ കൂടാ. നാളിതുവരെ സംഘടനയുടെ അച്ചടക്കത്തെ ലംഘിക്കാത്ത, സംഘടനയ്ക്കും അതിന്റെ നിയമാവലിക്കും ഉള്ളില്‍ നിന്ന് മാത്രം അനുസരണയോടെ പ്രവര്‍ത്തിച്ചിട്ടുള്ള ഞാന്‍ ഇനിയും സംഘടനയുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി ഒരു തീരുമാനമെടുക്കുകയാണ്. കാരണം അമ്മ എന്ന സംഘടന നല്‍കുന്ന കൈനീട്ടം കൊണ്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്ക് വേണ്ടി അവരുടെ നാളേക്ക് വേണ്ടി അമ്മ എന്നും ശക്തമായി നിലകൊള്ളണം.

ഏതായാലും ഇനി, എന്റെ പേര് പറഞ്ഞ് അമ്മയെ തകര്‍ക്കാനുള്ള ഗൂഢാലോചനകളും വിവാദങ്ങളും തുടരേണ്ട. ഈ നിമിഷം വരെ ഞാന്‍ അമ്മയില്‍ അംഗമാണ് എന്ന് വിശ്വസിക്കുന്നു. ഈ വിവാദം അവസാനിപ്പിക്കുന്നതിനുവേണ്ടി ഞാന്‍ നല്‍കുന്ന രാജിക്കത്തായി ഈ കത്ത് പരിഗണിക്കണമെന്നും അമ്മയുടെ അംഗത്തില്‍ നിന്നും എന്ന ഒഴിവാക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു. അമ്മയ്ക്കും അമ്മയിലെ അംഗങ്ങള്‍ക്കും എല്ലാ ഭാരവാഹികള്‍ക്കും സര്‍വമംഗളങ്ങളും നേര്‍ന്ന് കൊണ്ട്...

സ്‌നേഹത്തോടെ , ദിലീപ്.
Join WhatsApp News
Tom abraham 2018-10-23 07:49:14

Mone dinesha, vittu pidiyada. Savari giri giri.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക