Image

വിരഹ സ്വപ്നങ്ങള്‍ (കവിത: ജയന്‍ വര്‍ഗീസ്)

Published on 24 October, 2018
വിരഹ സ്വപ്നങ്ങള്‍ (കവിത: ജയന്‍ വര്‍ഗീസ്)
ഞാനില്ലാതാവുന്ന
നാളെയീ മാനത്തോ
രാതിരാ ച്ഛന്ദ്രിക പൂത്തു നിന്നാല്‍,
ആരതിന്നാത്മാവി
ന്നുള്ളിന്റെ, യുള്ളിലെ
തേനറ തേടി, പ്പറന്നു ചെല്ലും ?

ആരും കൊതിക്കുന്ന
രാഗ വീസ്താരങ്ങ
ളീമുളം തണ്ടുകള്‍ പാടി നിന്നാല്‍,
ആരതിന്നാത്മ നി
കുഞ്ജങ്ങളില്‍ പ്രേമ
പാരാവശ്യത്തി, ലലിഞ്ഞു ചേരും ?

എങ്ങിനെ കാണാ
തിരിക്കും ഞാന്‍ മണ്ണിന്റെ
വര്‍ണ്ണ പരാഗങ്ങളെ ?
എങ്ങിനെ നോക്കാ
തിരിക്കും ഞാന്‍ വിണ്ണിന്റെ
സ്വര്‍ണ്ണ മരാളങ്ങളെ ?

അല്ലെങ്കിലെന്തിനു
വര്‍ണ്ണമായ് , ഗന്ധമായ്
വന്നു വിടര്‍ന്നൂ വസന്തങ്ങളേ ?
എന്റെയഭിലാഷ
ബന്ധുരക്കൂട്ടിലെ
വണ്ണാത്തി പുള്ളായ്, ച്ചിറകടിച്ചൂ ?

എന്നും കൊതിച്ചും,
കൊതിപ്പിച്ചും വിശ്വമേ
യെന്നെ പ്പുണര്‍ന്നു നീ ചേര്‍ത്തിടുന്‌പോള്‍,
എന്റെ ജന്മങ്ങള്‍
പുനര്‍ജ്ജനിക്കാന്‍ നിന്റെ
മന്വന്തരങ്ങളില്‍ കാത്തു നില്‍ക്കും !

പുണ്യമാണീ ജന്മ
മിന്നതിനുള്ളിലെ
മണ്‍ വിളക്കാടി, യുലഞ്ഞു കെട്ടാല്‍,
ഒന്നല്ലൊരായിരം
ജന്മ വൃത്തങ്ങളില്‍
വന്നു പിറന്നു ഞാന്‍ ധന്യനാകും. !!
Join WhatsApp News
ഇനിയൊരു ജന്മം കൂടി 2018-10-24 20:14:43
കവിത നന്നായി.

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി (വയലാർ)
വിദ്യാധരൻ 2018-10-24 23:19:25
കാണുക കാണുക 
സ്വപ്നം കാണുക മനസ്സുകളെ! 
നാളെകൾ നാളെ വന്നില്ലെങ്കിൽ?
പുനർ ജനിക്കാനായില്ലെങ്കിൽ?
ജന്മ വൃത്തം മുറിഞ്ഞു പോയാൽ?
കാണുക കാണുക 
സ്വപ്നം കാണുക മനസ്സുകളെ! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക