Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-22: ഏബ്രഹാം തെക്കേമുറി)

Published on 25 October, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-22: ഏബ്രഹാം തെക്കേമുറി)
പെരുവഴി പലവഴിയായി തിരിയുന്ന നാല്‍ക്കവലയില്‍ ട്രാഫിക് പോലീസുകാരന്‍ ദിനേശ് ബീഡിയുടെ പുകയില്‍ കണ്ണും നട്ടു് നില്‍ക്കുന്നു. വാഹനങ്ങള്‍ പലവിധം ഇരമ്പിയടുക്കുന്നു. അറെച്ചു നില്‍ക്കുന്നവനെ ചൂണ്ടിനിര്‍ത്തി മറ്റവന്‍ കടന്നുപോകുന്നു. കൊമ്പന്‍ പോകുന്നതു് മോഴയ്ക്കു് വഴി. പരിസരത്തെ മറന്നു് എല്ലാവരും ലക്ഷ്യത്തിലേക്കു തന്നെ.
ആരെല്ലാം വന്നിടിച്ചാലും, ചെന്നിടിച്ചാലും എനിക്കെന്തു ചേതമെന്ന മട്ടില്‍ ‘ആനപ്പുറത്തിരിക്കുന്ന വനെ പട്ടി കടിക്കില്ല’യെന്ന പഴമൊഴിയില്‍ വിശ്വസിച്ചുറച്ചു് ഉറച്ച കോണ്‍ക്രീറ്റു് വളയത്തിന്റെ മുകളില്‍ ആ സര്‍ക്കാരുദ്യോഗസ്ഥന്‍, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ പുറത്തു് മുത്തുക്കുടക്കീഴിലി രിക്കുന്ന പൂണൂല്‍ധാരിയെപ്പോലെ കവലയ്‌ക്കൊരലങ്കാരമായി കുടക്കീഴില്‍ നില്‍ക്കുന്നു. അപകടമരണങ്ങളില്‍ പെട്ടവരുടെ അനാഥപ്രേതംപോലെ വാഹനങ്ങള്‍ക്കിടയിലൂടെയെല്ലാം ജനം അലഞ്ഞുനടക്കുന്നു.
അപകടനില തരണം ചെയ്യുന്നതുവരെ ടൈറ്റസു് കണ്ണടച്ചിരുന്നു. ആയുസ്സു് വഴിമുട്ടി നില്‍ക്കുന്ന നാല്‍ക്കവല കഴിഞ്ഞുടനെ ടൈറ്റസു് പറഞ്ഞു.
“ബാബൂ നേരെ ലിസിയുടെ വീട്ടിലേയ്ക്കു് പോകാം.”
ബാബു ആക്‌സിലേറ്ററില്‍ അമര്‍ത്തിച്ചവുട്ടി. നിശബ്ദതയ്‌ക്കൊരു ഭംഗമായി അംബാസിഡറിന്റെ ഡീസല്‍ എഞ്ചിന്റെ കുടു കുടു ശബ്ദം മാത്രം. മരങ്ങളുടെ നിഴലുകളിലൂടെ മറി കടക്കുമ്പോള്‍ ആകാശം കത്തിയെരിയുന്നു. സൂര്യന്‍ അതിന്റെ ഊഷ്മളരശ്മികളെ പ്രണയിനിയായ ഭൂമീദേവിയിലേക്കു് ഉഴിയുന്നു. ഒരു നെടുവീര്‍പ്പോടു് ഭൂതലം അതു് ഏറ്റുവാങ്ങുന്നു.അങ്ങകലെ ഒരു പ്രണയരംഗംപോല്‍ കഠിനവെയിലു് മിന്നിത്തിളങ്ങുന്നു.
പട്ടണത്തിന്റെ വിപ്രിതികളവസാനിച്ച നാല്‍ക്കവലയില്‍ നിന്നും ഈവാഞ്ചലിസ്റ്റു് ആര്‍. എസു്. കെയുടെ കൃപാസദനത്തെ ലക്ഷ്യമാക്കി ബാബു തന്റെ വേല തുടര്‍ന്നു. അയാളുടെ മനസില്‍ ചില വല്ലാത്ത അന്ഭൂതികള്‍ താളം ചവിട്ടുന്നു. ലിസി വീണ്ടും കണ്‍മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നു. നാലുപാടും മുള്ളുവേലികളിട്ട സാഹചര്യങ്ങള്‍മാത്രം. പ്രതാപശാലിയായ രാജന്‍സാറു്. അയാളേക്കാളും ഭീകരനായ ടൈറ്റസു് അച്ചായന്‍. ജ്യോതിഷം തുടങ്ങി കഴുകന്റെ കണ്ണിനേക്കാള്‍ സൂക്ഷമതയോടെ കണക്കുകൂട്ടി കാര്യങ്ങള്‍ കണ്ടുപിടിക്കുന്ന സമര്‍ത്ഥന്‍. ‘ദൈവമേ അവിവേകം ഒന്നും സംഭവിക്കല്ലേ’ അയാള്‍ മനസില്‍ പ്രാര്‍ത്ഥിച്ചു. ലിസിയില്‍ നിന്നും അല്‍പം മാറി നില്‍ക്കുന്നതാണു് ഈ അപകടനില തരണം ചെയ്യുവാന്‍ നല്ലതെന്നു തോന്നി.
“അച്ചായാ എപ്പോഴാ മടങ്ങിപ്പോന്നതു്?”
“എന്താടാ?”
“ ഓ. . ഈ വണ്ടിയൊന്നു കഴുകണം, അല്‍പം ഉറങ്ങണം. . .ഇങ്ങനെ പലതും.”
“ നിന്റെ സമയത്തിന് ഞാന്‍ റെഡി.”
കൃപാസദനത്തിന്റെ പോര്‍ച്ചില്‍ കാര്‍ നില്‍ക്കുമ്പോള്‍ ഏതാണ്ടു് നാലുമണി കഴിഞ്ഞിരുന്നു.
അപ്രതീക്ഷിതമായി വന്നെത്തിയ അതിഥികളെ കണ്ടു് ലിസി ആകപ്പാടെ വെപ്രാളത്തിലായി. എന്താ ചെയ്ക? വേലക്കാരി ജാന്പോലും ഇല്ല. കുഞ്ഞിനസുഖമെന്നും പറഞ്ഞു് അവളു് പോയിട്ടു് രണ്ടു് ദിവസമായി.
‘രാജന്‍സാറു് ഇവിടെ ഉണ്ടല്ലോ കൊച്ചമ്മേ. ഞാന്‍ നാലു ദിവസം കഴിഞ്ഞിട്ടു് മടങ്ങിവരാം’മെന്ന അപേക്ഷയിങ്കല്‍ അറിയാതെ സമ്മതം മൂളിപ്പോയി. ലിസി ചിന്താക്കുഴപ്പത്തിലായി. അത്താഴത്തിന് വിഭവങ്ങളായി വല്ലതും വേണമല്ലോ. ഭര്‍ത്താവുമായൊരു കൂടിയാലോചനക്കായി അവള്‍ അപ്‌സ്റ്റെയറിലേക്കു് തിരിച്ചു.
“കേട്ടോ, അച്ചായന്‍ ആദ്യമായിട്ടല്ലേ ഇവിടെ വരുന്നതു്. നിങ്ങളു കൊണ്ടുപോയി ഇവിടെമെല്ലാം ഒന്നു കാണിച്ചാട്ടെ”.
ടൈറ്റസിന്ം പെങ്ങളുടെ അഭിപ്രായം ബോധിച്ചു.
ബെഡ്‌റൂമിലേക്കു് ഡ്രസു് മാറാന്‍ കടന്ന ഭര്‍ത്താവിന്റെ ചെവിയില്‍ വിശേഷാല്‍ വേണ്ടുന്ന വിഭവങ്ങളുടെ ലിസ്റ്റു് അവള്‍ മന്ത്രിച്ചു. പടിയിറങ്ങിവന്നു് ഫ്രീസറില്‍ ‘നിത്യത’യിലായിരുന്ന പൂവന്‍കോഴിയൊന്നിനെ എടുത്തു് വെള്ളത്തിലിട്ടു.
നഗരം ചുറ്റാന്‍ തയ്യാറെടുത്തു ഇറങ്ങിവന്ന അച്ചായന്റെ ചെവിയില്‍ ബാബു മന്ത്രിച്ചു. ‘ഞാന്‍ വരണോ?’ മരിക്കാനല്‍പ്പം സ്‌മോളു് സംഘടിപ്പാക്കാനുള്ള ശ്രമമായിരുന്നു.
അതു കേട്ട രാജന്‍സാര്‍ ശബ്ദമുയര്‍ത്തി. ‘വേണ്ടാ. ഞാന്‍ വണ്ടിയെടുത്തുകൊള്ളാം. നീയകത്തോട്ടുപോയി ലിസിയെ അല്‍പ്പം ഹെല്‍പ്പു് ചെയ്താട്ടെ.’
“നിങ്ങള്‍ വെളിയിലേക്കു് പോകുന്നു, ഞാന്‍ അകത്തോട്ടും. മടങ്ങി വരുമ്പോഴേക്കും എല്ലാം റെഡി. എന്താ?”
ഇരുവരും കാറില്‍ കയറി ഗെയിറ്റു് കടക്കവേ ലിസി ചോദിച്ചു. “മൂം എന്താ?”
“രണ്ടു് കുന്തം.” ബാബുവിന്റെ പൗരുഷം ഉണരുന്നു.
ഇരുവരും വാതിലടച്ചു് അടുക്കളയിലേക്കു് കടന്നു. വെള്ളത്തില്‍ കിടക്കുന്ന കോഴിയെയും കറിക്കത്തിയും ചൂണ്ടിക്കാട്ടി ലിസി.
വെള്ളത്തില്‍ക്കിടക്കുന്ന കോഴിയെ വിരലുകൊണ്ടു് കുത്തി നോക്കി ബാബു “ഇവന്‍ പൂര്‍വ്വാവസ്ഥയെ പ്രാപിക്കാന്‍ ഇനിയും മണിക്കൂറുകള്‍ വേണ്ടിവരും. ഈ അവസ്ഥയില്‍ ദശയുള്ളിടത്തും കത്തിയോടില്ല മോളേ.”
“പിന്നിപ്പോള്‍ എന്താ ചെയ്ക?”
“തേരേഭി നഭി ക്യാ ജീനാ” തണുത്തുറഞ്ഞിരുന്ന വികാരം ആ സായംസന്ധ്യയിങ്കല്‍ ഉരുകിയലിഞ്ഞു് ഒന്നായി മാറുകയായിരുന്നു. സ്‌റ്റോര്‍ റൂമിലെ അരിപ്പെട്ടി അതിന് സാക്ഷിയായി നിലകൊണ്ടു.
നിമിഷങ്ങള്‍ക്കു് മണിക്കൂറുകളുടെ ആസ്വാദ്യത. വികാരം അണപൊട്ടിയൊഴുകി. പരിഭവങ്ങള്‍ നിറഞ്ഞ പരിസരത്തെ വിസ്മരിച്ചു് പരിപാവനതയുടെ പരിമളം ഒരു പാരാവാരതുല്യമായി അലയടിച്ചുയരുന്നു. കല്ലോലജാലങ്ങളുടെയിടയിലൂടെ ഒരു കൊതുമ്പുവള്ളവുമായി ഏകാന്തതയുടെ തീരത്തേക്കു് തുഴയുന്ന ഏകാന്തപഥികനെപ്പോലെ ബാബു തുഴഞ്ഞു. തീരങ്ങളെ വാരിവാരിപ്പുണരുന്ന സാഗരം പ്രേമസാഗരം.
മോഹങ്ങള്‍ നെടുവീര്‍പ്പുകളായി രൂപപ്പെട്ട ജീവിതമെന്ന നീലക്കടല്‍. വികാരം മൂര്‍ഖനേപ്പോലെ പത്തിയുയര്‍ത്തി നിന്നാടുന്നതു കാണുമ്പോള്‍ അവളിലെ വിവേകം നീര്‍ക്കോലിയേപ്പോലെ തല താഴ്ത്തി എവിടേയ്‌ക്കോ മറയപ്പെടുന്നു.
കെട്ടടങ്ങിയ വികാരത്തിന്റെ ചാമ്പലില്‍ എവിടെയോ ജീവിക്കുന്ന ഒരു ആത്മാവിന്റെ തേങ്ങല്‍. തെറ്റിലൂടെ ജന്മം കൊടുത്തതുകൊണ്ടു് ആ ജീവിതത്തിന്റെ ജന്മാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. ഇതു വിധിയോ? താലിയും, പുരോഹിതാശംസയും, ബന്ധുക്കള്‍ക്കുള്ള സദ്യയുമെന്ന ചടങ്ങു് നടത്തിയില്ലയെന്നതിനാല്‍ വിധിയുടെ ക്രൂരവിനോദം.
വ്യക്തിജീവിതങ്ങള്‍ക്കുമേല്‍ പാരമ്പര്യം തീര്‍ക്കുന്ന കോണ്‍ക്രീറ്റു് ഭിത്തികള്‍.
സംസ്കാരമെന്നതിന് പേര്‍.
മന്ഷ്യനെ മന്ഷ്യനായി ജീവിക്കാന്‍ അന്വദിക്കാത്ത കുറെ പ്രമാണങ്ങള്‍ക്കു്
പാരമ്പര്യം എന്നു് പേര്‍.
കഷ്ടങ്ങളിലകപ്പെടുന്ന ജീവിതത്തിന്റെ നിര്‍വചനം വിധി.
വിധിയേറ്റു വാങ്ങാനായി വിധിക്കപ്പെട്ടവരോ നാളെയുടെ പൗരന്മാര്‍.
നാളെയെന്ന പദത്തിന് ഇന്നലെയെന്ന ഭൂതത്തിനോടു് കടപ്പാടില്ല.
ഭാവിയെ തടങ്കലിലാക്കുന്ന ഭൂതത്തില്‍് വര്‍ത്തമാനം.
വര്‍ത്തമാനത്തിന്റെ വാക്ചാതുര്യമാണു് വളര്‍ച്ചയുടെ വഴികള്‍.
ആ വഴികളില്‍ വഴിമുട്ടി നില്‍ക്കുന്ന യുവഹൃദയങ്ങള്‍.
തമ്മിലുരസി ഒന്നു മറ്റൊന്നില്‍ നിര്‍വൃതി നേടി മനസും ശരീരവും തളര്‍ന്ന വേളയില്‍ വെള്ളത്തില്‍ കിടക്കുന്ന പൂവന്‍കോഴി ഇരുവരുടെയും സ്മൃതിപഥത്തില്‍ ഓടിയെത്തി.
ബാബു കത്തി കൈയ്യിലെടുത്തു. അടുക്കള മുറ്റത്തു് തഴെച്ചു നിന്ന പാളാംകോടന്‍വാഴയുടെ തൂശനില വെട്ടി തറയില്‍ വിരിച്ചു. വിയര്‍പ്പിനാല്‍ കുതിര്‍ന്നഷര്‍ട്ടു് ഊരി കിണറ്റിന്‍കരയിലെ കമ്പിയില്‍ തൂക്കി. ഒരു കശാപ്പുകാരന്റെ മുഖഗൗരവത്തോടു് ബാബു നിലയുറപ്പിച്ചു. ലിസിയാകട്ടെ അടിപ്പാവാട കൂട്ടി പ്പിടിച്ചു് സാരി മടക്കിക്കുത്തി. സാരിത്തലപ്പു് തോളില്‍നിന്നും മാറ്റി അരയില്‍ ചുറ്റിക്കെട്ടി. ഇഷ്ടപ്പെട്ട പുരുഷന്റെ മുന്നില്‍ സ്ത്രീയുടെ ലജ്ജയില്ലാത്ത അവസ്ഥ. ചിരവത്തടി നീക്കിയിട്ടു് അതിന്മേല്‍ അവളും ഇരുന്നു. പണ്ടു് ഇലഞ്ഞിമരച്ചോട്ടില്‍ എട്ടും പൊട്ടും തിരിയാത്ത നാളില്‍ എന്നപോലെ വഴിമാറിക്കിടക്കുന്ന വസ്ത്രങ്ങളെ ഗൗനിക്കാതെ ഇരുവരും ചേര്‍ന്നു് വേല തുടര്‍ന്നു.
അടുക്കളയ്ക്കുള്ളില്‍ ഒരു പുരുഷന്റെ സാമീപ്യം സ്ത്രീയുടെ പാചകകൈപുണ്യം വര്‍ദ്ധിപ്പിക്കും. കാരണം എനിക്കെല്ലാമറിയാമെന്ന് ഒരാളെ ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതില്‍ ഒരു ആത്മസംതൃപ്തി ഉണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ മിടുക്കരാകുകയെന്നതാണല്ലോ എല്ലാവരുടെയും ആഗ്രഹം. പാചകവിധിയനുസരിച്ച് പാകം ചെയ്താല്‍ ഭക്ഷണം രുചികരമാകും. എന്നാല്‍ കൈപ്പിശകു വരുന്നത് നവീനമാകുന്ന കാലഗതിയില്‍ കാലിത്തീറ്റപോലെ മനുഷ്യാഹാരവും മാറിയിരിക്കുന്നു.
ബാബു ശ്രദ്ധയോട് കോഴിക്കറിയുടെ ചേരുവകള്‍ ലിസി എടുക്കുന്നതും നോക്കി നിന്നു. ഹാ എന്തു വിചിത്രം. ചിക്കന്‍മസാല ഒരു പായ്ക്കറ്റ്. ഒരു വലിയ പാത്രത്തില്‍ കോഴിയിറച്ചിയും ഒരു പായ്ക്കറ്റ് മസാലയുമിട്ട് പത്തു കപ്പ് വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക. എത്ര എളുപ്പം. ഒരു മണിക്കൂര്‍ വെന്തുകഴിയുമ്പോള്‍ കോഴിക്കറി.
ലിസിയുടെ നീക്കങ്ങള്‍ കണ്ട ബാബു പറഞ്ഞു. ‘വേണ്ടാ. വെട്ടിയത് ഞാനല്ലേ, കറിയും എന്റേതാകട്ടെ. എവിടെ ഇഞ്ചി? കായം, കറിയാപ്പില, കടുക്, കറുവ, പെരുംജീ്‌രകം, തക്കോലപുട്ട്, ഗ്രാമ്പൂ, രണ്ട് ഏലയ്ക്കാ, മല്ലി, മുളക്, അല്പം കുരുമുളക്.,ഉള്ളി, ഉപ്പ്.’ മസാല പായ്ക്കറ്റ് എടുത്ത് ഒരേറു കൊടുത്തു.
കൊത്തിയിട്ട തേങ്ങാ അരത്തുടമെണ്ണയില്‍ മൂപ്പിച്ചു കോരി കടുകുപൊട്ടിച്ച് ഇറച്ചി വഴറ്റി അരപ്പുകള്‍ ചേര്‍ത്ത് അടച്ചുവച്ചപ്പോള്‍ തിളച്ചുവന്ന ആവി മണത്തുകൊണ്ട് ലിസി പറഞ്ഞു.
‘ഇതു കലക്കി. ഇയാളിതെവിടാ പഠിച്ചത്?’
‘പണ്ട് കുട്ടകത്തില്‍ വെള്ളോമായി കുളിമുറിയില്‍ വന്നപ്പോള്‍. മറന്നുപോയോ? ബാബു അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചുനോക്കി. വിയര്‍പ്പുകണങ്ങള്‍ നെറ്റിത്തടത്തില്‍ പൊടിച്ചു നില്‍ക്കുന്നു. മലര്‍ന്ന ചുണ്ടില്‍ വിരിയുന്ന മന്ദഹാസത്തില്‍ ലജ്ജാവതിയുടെ മുഖം കൂടുതല്‍ ലജ്ജയുള്ളതായി മാറുന്നതുപോലെ.
‘അന്നു കറിയല്ല വച്ചത്. കേള്‍ക്കണോ?’ ലിസി ബാബുവിന്റെ മുഖത്തേക്ക് ശ്രംഗാരച്ചിരിയോട് നോക്കി.
‘വേണം. കേള്‍ക്കട്ടെ.’ ബാബു എരിവേറ്റി. ലിസിയുടെ കണ്ണുകളില്‍ നാണത്തിന്റെ നീലിമ തെളിഞ്ഞു. ‘എടീ മോളെ ഒരൊറ്റ പെണ്ണും പറയില്ല. കാരണം പെണ്ണിന്റെ മനസ് ലൈംഗീകതയില്‍ എന്നും കന്യകയാ. അതുതന്നെ. പിന്നെ പാചകത്തെപ്പറ്റി താന്‍ അല്‍പ്പം പഠിക്കുന്നത് നല്ലതാ. അടുത്തതെന്താ? സാമ്പാറോ? എല്ലാം ഇങ്ങോട്ട് എടുത്തിട്.
സാമ്പാര്‍, അവിയല്‍, തോരന്‍ എന്നിങ്ങനെ വിഭവങ്ങള്‍ നിമിഷനേരംകൊണ്ട് രൂപം പൂണ്ടു.
പുറത്തു് കരിയിലകള്‍ പറത്തിക്കൊണ്ടു് ഒരു വറുതിക്കാറ്റു് ചീറിയടിച്ചു. മിന്നല്‍പ്പിണരുകളോടൊപ്പം ഇടിമുഴക്കങ്ങളും കേട്ടുതുടങ്ങി.
അച്ചായന്മാര്‍ പട്ടണം കറങ്ങി മടങ്ങിവരവേ മഴയുടെ തീവ്രതയേറുകയായിരുന്നു.
“ ഒരു മിന്നലുണ്ടായാല്‍ മതിയളിയാ, ഇന്നാട്ടില്‍പ്പിന്നെ വെട്ടോമില്ല, വെളിച്ചോമില്ല.”
ടൈറ്റസു് ഒന്നും മറുപടി പറഞ്ഞില്ല. എന്തിന് പറയണം? വെളിച്ചം മാത്രമല്ലല്ലോ!. . .അങ്ങനെ എന്തെല്ലാം?
ഇരുവരും ബംഗ്‌ളാവിന്ള്ളിലേക്കു് കയറി. കുളിയുമൊക്കെ കഴിഞ്ഞു് എല്ലാവരും ലിവിംഗ്‌റൂമില്‍ സമ്മേളിച്ചപ്പോള്‍ ബാബു ചമ്രം പടഞ്ഞു് തറയില്‍ ഇരുന്നു. പുറത്തു പെയ്യുന്ന മഴയുടെ ഈണത്തിനൊപ്പിച്ചു് തുടയില്‍ താളം പിടിച്ചു് ഈ കണ്ണാടിപ്പുഴയുടെ തീരത്തു് എന്ന മൂളിപ്പാട്ടുമായി.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക