Image

പിടിവിട്ട കാലം (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 26 October, 2018
പിടിവിട്ട കാലം (കവിത: ഫൈസല്‍ മാറഞ്ചേരി)
എന്റെ മുകളിലെ ഗഗനവും
നിന്റെ മുകളിലെ നഭസ്സും
ഒന്നാണെങ്കിലും വിരഹത്തിന്റെ
മേഘക്കൂട്ടങ്ങള്‍ നമ്മേ അകറ്റി നിര്‍ത്തുന്നു.

എന്റെ സ്വപ്നവും നിന്റെ കിനാവും ഒന്നാണെങ്കിലും
പുലരാതെ പോകുന്നത് രാത്രിയിലെ നക്ഷത്രങ്ങള്‍ക്ക്
പ്രഭ പോരാതെയാവാം

എന്റെ ആശകള്‍ക്കും
നിന്റെ മോഹങ്ങള്‍ക്കും
ഒരേ ചായമാണെങ്കിലും തെളിയാതെ പോകുന്നത് കാലത്തിന്റെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചതിനാലാവാം

നീ ഉടുത്തതും
ഒരുങ്ങിയതും
എനിക്കു വേണ്ടിയായിരുന്നെങ്കിലും
കണ്ടതും ആസ്വദിച്ചതും
അറിയപ്പെടാത്തവരായിരുന്നു

കാലങ്ങള്‍ക്കു ശേഷം ഞാന്‍ നിന്നെ തേടി വരുമ്പോള്‍ നീ
ഒഴുക്ക് നിലച്ച പുഴ പോലെയും
ഞാന്‍ മഴ കൊതിക്കുന്ന വേഴാമ്പലിനെ പോലെയും തപസ്സില്‍ ആയിരിക്കും.....

അപ്പോള്‍ ഭൂമിക്ക് വരണ്ട നിറവും
ആകാശത്തിന് തീ പിടിച്ച വര്‍ണ്ണവുമായിരിക്കും
രാത്രി ഇരുട്ടിന്റെ കരിമ്പടം പുതച്ചുറങ്ങും
സൂര്യന്‍ ഇനിയും ഉദിക്കേണ്ടതില്ലല്ലോ എന്ന മട്ടില്‍ കാര്‍മേഘത്തില്‍ മുഖം പൂഴ്ത്തി കിടക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക