Image

അബുദാബി മലയാളി സമാജത്തില്‍ നാടകോത്സവത്തിന് തിരശീല ഉയരുന്നു

Published on 28 October, 2018
അബുദാബി മലയാളി സമാജത്തില്‍ നാടകോത്സവത്തിന് തിരശീല ഉയരുന്നു


അബുദാബി: മലയാളി സമാജം ഒരുക്കുന്ന ഇരുപത്തിരണ്ടാമത് നാടകോത്സവത്തിന് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് അരങ്ങുണരുന്നു . രാത്രി എട്ടിന് എന്‍എംസി ഗ്രൂപ്പ് സി ഇ ഒ പ്രശാന്ത് മങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കേരളപ്പിറവി ദിനാഘോഷവും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും. കലാസാംസ്‌കാരിക പരിപാടികള്‍ക്കു പുറമെ സന്തൂര്‍ വിദഗ്ധന്‍ ഹരിദാസ് നേതൃത്വം നല്‍കുന്ന കച്ചേരിയുമുണ്ടായിരിക്കും. ആദ്യ നാടകം നവംബര്‍ രണ്ടിന് രാത്രി എട്ടിനു അരങ്ങേറും.

യുഎഇയിലെ വിവിധ സമിതികളില്‍ നിന്നുള്ള ഏഴു നാടകങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. മികച്ച നാടകത്തിന് 15,000 ദിര്‍ഹവും ട്രോഫിയും സര്‍ട്ടിഫിക്കറ്റും രണ്ടാമത്തെ നാടകത്തിന് 10,000 ദിര്‍ഹവും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മൂന്നാമത്തെ മികച്ച നാടകത്തിന് ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും. ഒന്നും രണ്ടും സ്ഥാനക്കാരായ സംവിധായകര്‍ക്കും നടീനടന്മാര്‍ക്കും 1000, 500 ദിര്‍ഹം കാഷ് അവാര്‍ഡ് നല്‍കും. മികച്ച ബാലതാരം, ദീപവിതാനം, പശ്ചാത്തല സംഗീതം, ചമയം, രംഗസജീകരണം എന്നിവയ്ക്ക് പുറമെ യുഎഇയില്‍ നിന്നുള്ള മികച്ച സംവിധായകനും നാടകോത്സവത്തോടനുബന്ധിച്ച് നടക്കുന്ന രചനാ മത്സരത്തിനും പ്രത്യേകം സമ്മാനങ്ങളും നല്‍കും. രചനാമത്സരത്തിന് പങ്കെടുക്കുന്നവര്‍ സൃഷ്ടികള്‍ നവംബര്‍ 15ന് മുന്‍പായി ാമൊമഷമാ@ഴാമശഹ.രീാ എന്ന വിലാസത്തിലോ, നേരിട്ടോ എത്തിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അല്‍ഐന്‍ മലയാളി സമാജം അവതരിപ്പിക്കുന്ന ട്രയല്‍ (സംവിധാനം സാജിദ് കൊടിഞ്ഞി) ആണ് ആദ്യ നാടകം. ഒന്‍പതിന് കല അബുദാബിയുടെ മക്കള്‍ കൂട്ടം (ഷിനില്‍ വടകര) ,13ന് മലങ്കര തിയറ്റേഴ്‌സിന്റെ ഇരുണ്ട സിംഹാസനം (ജാക്‌സന്‍ മാത്യു),15ന് അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ നഖശിഖാന്തം (പ്രശാന്ത് നാരായണന്‍), 16ന് കനല്‍ ദുബായുടെ പറയാത്ത വാക്കുകള്‍ (സുധീര്‍ ബാബു), 17ന് ഇ.സി.ജിയുടെ ഭ്രാന്തവിചാരം (ഷൈജു അന്തിക്കാട്) എന്നീ നാടകങ്ങളാണ് അരങ്ങേറുക. നാടക് ജനറല്‍ സെക്രട്ടറി ജെ.ഷൈലജ, നാടക നടന്‍ പി.ടി.മനോജ് തുടങ്ങിയവരാണ് വിധികര്‍ത്താക്കള്‍.

അബുദാബി മലയാളി സമാജം പ്രസിഡന്റ് ടി.എ. നാസര്‍, ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, കലാവിഭാഗം സെക്രട്ടറി കെ.വി. ബഷീര്‍, സാഹിത്യവിഭാഗം സെക്രട്ടറി അനീഷ് ബാലകൃഷ്ണന്‍, യുഎഇ എക്‌സ്‌ചേഞ്ച് മീഡിയാ വിഭാഗം ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍ കോയ, എന്‍എംസി ഗ്രൂപ്പ് പ്രതിനിധി രോഹിത് നാരായണന്‍, എവര്‍സേഫ് ഡയറക്ടര്‍ സജീവന്‍, ടി.പി. ഗംഗാധരന്‍, അജയഘോഷ്, വക്കം ജയലാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക