Image

പൊലീസ് സംരക്ഷണയില്‍ ശബരിമല സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിച്ചു

Published on 06 April, 2012
പൊലീസ് സംരക്ഷണയില്‍ ശബരിമല സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിച്ചു
പത്തനംതിട്ട: പൊലീസ് സംരക്ഷണയില്‍ ശബരിമല സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആറോടെയാണ് സംഭവം. 25നും 45നും മധ്യേ പ്രായമുള്ള മൂന്ന് സ്ത്രീകളാണ് ക്ഷേത്രദര്‍ശനത്തിന് എത്തിയത്.
എസ്ഐ ഉള്‍പ്പെടെ അഞ്ചോളം പൊലീസുകാരുടെ സംരക്ഷണയിലാണ് ഇവര്‍ വന്നത്. യുവതികള്‍ സന്നിധാനത്തു നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട തീര്‍ഥാടകരായ യുവാക്കളില്‍ ചിലര്‍ ഇവരുടെ ഫോട്ടോ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി.
ഇതോടെ പൊലീസ് യുവതികളെ മാളികപ്പുറത്തേക്ക് മാറ്റി. മാളികപ്പുറത്തുനിന്ന് പ്രസാദം വാങ്ങുന്നതിനിടെ വീണ്ടും യുവാക്കളെത്തി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത് പൊലീസിനെ പ്രകോപിപ്പിച്ചു. യുവതികളെ സന്നിധാനത്തേക്ക് കടത്തിവിട്ടത് ചോദ്യംചെയ്ത യുവാക്കളോട് പൊലീസ് തട്ടിക്കയറുകയും ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയുംചെയ്തു.
യുവതികള്‍ സന്നിധാനത്ത് കടന്നതിനെപ്പറ്റി അന്വേഷിച്ച യുവാക്കളോട് തങ്ങള്‍ക്കൊന്നും അറിയില്ലെന്നും ഇത് "സുനില്‍ സ്വാമി"യുടെ ആളുകളാണെന്നും മാളികപ്പുറം ശാന്തി പറഞ്ഞു. മാത്രമല്ല ഇതിലും വലിയ സംഭവങ്ങളാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാന്തിയോട് സംസാരിച്ച യുവാക്കളെ പൊലീസ് വിരട്ടിയോടിച്ചു. തുടര്‍ന്ന് എസ്ഐ യുവതികളെ മലയിറക്കി പമ്പയിലേക്ക് കൊണ്ടുപോയി.
 ഹിന്ദിയില്‍ സംസാരിച്ച യുവതികള്‍ മുംബൈ സ്വദേശികളാണെന്നറിയുന്നു. ശബരിമലയിലെ പ്രമുഖ കരാറുകാരനാണ് സുനില്‍. ഉന്നതരായ ചില കരാറുകാരുടെ സ്വാധീനത്തില്‍ നിയമവിരുദ്ധമായി പലതും ശബരിമലയില്‍ നടക്കുന്നതായി ആരോപണം മുമ്പേയുണ്ട്. ദേവസ്വംബോര്‍ഡും തന്ത്രിയുമറിയാതെ ശബരിമലയില്‍ ബുധനാഴ്ച താംബൂലതാലം പൂജ നടന്നിരുന്നു. പാണ്ടിത്താവളത്തിന് സമീപം നിര്‍മിക്കുന്ന അന്നദാനമണ്ഡപത്തിനും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ദേവഹിതം അറിയാനാണ് താംബൂലതാലം പൂജ നടത്തിയതെന്ന് പറയുന്നു. എറണാകുളത്തെ സ്വകാര്യ നിര്‍മാണ കമ്പനിയുടെ ഉടമകളാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയാതെ പൂജ നടത്തിയത്.
കടുപ്പശേരി പത്മനാഭ ശര്‍മയുടെയും കണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും കാര്‍മികത്വത്തിലായിരുന്നു പ്രശ്നക്രിയകള്‍. സംഭവത്തെ തുടര്‍ന്ന് ദേവസ്വംബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്‍ രാജനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എക്സിക്യൂട്ടീവ് ഓഫീസര്‍ സതീഷ്കുമാറിനോട് വിശദീകരണം തേടാനും ദേവസ്വംബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ശബരിമല ഉല്‍സവത്തിന്റെ ഭാഗമായി മാര്‍ച്ച് 27നാണ് നട തുറന്നത്. വ്യാഴാഴ്ചയായിരുന്നു ആറാട്ട്. വിഷുവിന് വീണ്ടും നടതുറക്കും.
(desabhimani)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക