Image

അയോധ്യ കേസ്‌ വൈകും; കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ജനുവരിയിലേക്ക്‌ മാറ്റി

Published on 29 October, 2018
അയോധ്യ കേസ്‌ വൈകും; കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ജനുവരിയിലേക്ക്‌ മാറ്റി
ന്യൂദല്‍ഹി: അയോധ്യ കേസ്‌ തുടര്‍നടപടികള്‍ക്കായി ജനുവരിയിലേക്ക്‌ മാറ്റി. കേസ്‌ പരിഗണിക്കുന്ന തിയ്യതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ അറിയിച്ചു.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള 2010ലെ അലഹബാദ്‌ ഹൈക്കോടതി വിധിയ്‌ക്കെതിരെയുള്ള അപ്പീലുകള്‍ ഉള്‍പ്പെടെ പതിനാറ്‌ ഹര്‍ജികളാണ്‌ കോടതിക്ക്‌ മുമ്പിലുള്ളത്‌.

അനുയോജ്യമായ ബെഞ്ച്‌ ഹര്‍ജി പരിഗണിക്കുന്നതിന്റെ തിയ്യതി തീരുമാനിക്കുമെന്നാണ്‌ കേസ്‌ പരിഗണിച്ച ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയി പറഞ്ഞത്‌.

'ജനുവരിയില്‍ അനുയോജ്യമായ ബെഞ്ച്‌ അയോധ്യ തര്‍ക്ക കേസിന്റെ വിചാരണയുടെ തിയ്യതി തീരുമാനിക്കും.' കോടതി വ്യക്തമാക്കി.

രാഷ്ട്രീയ നേട്ടത്തിനായി കേസ്‌ ഉപയോഗിക്കുമെന്നതിനാല്‍ തെരഞ്ഞെടുപ്പിനുശേഷം വാദം കേള്‍ക്കണമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ വേഗം തീര്‍പ്പു കല്‍പ്പിക്കണമെന്നാണ്‌ കേന്ദ്രസര്‍ക്കാറും ഉത്തര്‍പ്രദേശ്‌ സര്‍ക്കാറും പഴയ ബെഞ്ചിന്‌ മുമ്പാകെ ആവശ്യപ്പെട്ടത്‌.

അയോധ്യക്കേസിലെ നിയമപ്രശ്‌നം ഏഴംഗബെഞ്ചിന്‌ വിടേണ്ടതില്ലെന്ന്‌ നേരത്തെ തീരുമാനിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക