Image

അമ്മയ്ക്കും അച്ഛനും ഇടയില്‍ (ചെറുകഥ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

Published on 29 October, 2018
അമ്മയ്ക്കും അച്ഛനും ഇടയില്‍ (ചെറുകഥ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)
അച്ഛന്റെ ആത്മസുഹൃത്ത്, അപ്പേട്ടന്‍ എന്ന് വിളിക്കുന്ന അപ്പു, പതിറ്റാണ്ടു മുമ്പ് അച്ഛനെ വിവാഹമോചനം ചെയ്ത അമ്മയുടെ വീട്ടില്‍ അതിരാവിലെ വന്നു എന്നോടായി: ‘മോന്റച്ഛന്‍ നമ്മെ വിട്ടുപിരിഞ്ഞുപോയി! ഇന്നച്ഛനെ സ്ഫുടം ചെയ്യുകയാണ്. പാര്‍ട്ടിക്കാര്‍ അച്ഛനെ ആശുപത്രിയില്‍ നിന്ന് ദര്‍ശനഹാളിലേക്കു കൊണ്ടുവരും മുമ്പ് നമുക്കവിടെ എത്തണം.'

അപ്പേട്ടനെ മൗനമായി അനുഗമിക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ തറയില്‍ തറച്ചിരുന്നു. രണ്ടു വര്‍ഷം മുന്‍പ് അച്ഛന്റെ വിസ്താരമേറിയ പറമ്പും പത്തായപ്പുരയും ഏക മകനായ എനിക്കു എഴുതിവച്ചു, ബാക്കി സ്ഥാവരജംഗമ സ്വത്തുക്കളടക്കം എല്ലാ സമ്പത്തും അച്ഛന്‍ പാര്‍ട്ടിക്കു ദാനം ചെയ്തശേഷമാണ് അമ്മയുടെ രോഷം ഇത്ര രൂക്ഷമാകുന്നത്. അതുവരെ അച്ഛന്‍ യാചകനെപ്പോലെ അമ്മയുടെ പടിപ്പുരയില്‍ കാത്തുനില്ക്കും, വേലക്കാരുടെ അകമ്പടിയോടെ കൊണ്ടുവരുന്ന സ്വന്തം മകനെ മാസത്തിലൊരിക്കല്‍ കാണാന്‍. അച്ഛന്‍ എന്റെ ചെമ്പന്‍മുടിയില്‍ തലോടി നിര്‍വൃതിയടയുമ്പോഴാവും അമ്മയുടെ ഉച്ചത്തിലുളള വിളി. അപ്പോഴും അച്ഛന്റെ കുപ്പായത്തില്‍ നിന്നുതിരുന്ന വിയര്‍പ്പിന്‍ സുഗന്ധം ആസ്വദിച്ചു മതിയായിട്ടുണ്ടാവില്ല.

സ്വന്തം ആരോഗ്യം വകവെയ്ക്കാതെ അശരണര്‍ക്കു ആശ്വാസമേകി പാര്‍ട്ടി ഓഫീസില്‍ കാലം കഴിച്ചിരുന്ന അച്ഛനു, വിശേഷദിവസങ്ങളില്‍ ഇളയ പെങ്ങള്‍ കൊടുത്തയക്കുന്ന മധുരപലഹാരങ്ങളായിരിക്കും ഒരു വ്യത്യാസം.

പാര്‍ട്ടിക്കു സ്വത്ത് കൈമാറിയശേഷം അച്ഛന്‍ ഒരിക്കലും അമ്മയുടെ വീട്ടില്‍ വന്നിട്ടില്ല. ഒമ്പതിലും പത്തിലും പഠിക്കുന്ന എന്നെ സ്കൂളില്‍ വന്നു കാണുന്നതല്ലാതെ.

അപ്പേട്ടന്‍ പറഞ്ഞു കേട്ടിട്ടുണ്ട്: വിവാഹം കാലില്‍ വീണ കനത്ത ചങ്ങലയായിത്തീരാന്‍ അച്ഛന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞു എനിക്കു ആറുവയസ്സായപ്പോഴാണ് അച്ഛന്റെ ശ്രദ്ധയില്‍ പെടുന്നത് തങ്ങളിലെ ആഴമേറിയ ആശയ വൈരുദ്ധ്യം.

അച്ഛന്‍ പാര്‍ട്ടിയെപ്പറ്റി അമ്മയുമായി സംഭാഷണത്തിലേര്‍പ്പെടുമ്പോള്‍, അമ്മ ഭൗതിക വസ്തുക്കള്‍ എടുത്തിടും. ക്ഷമയോടെ എല്ലാം കേള്‍ക്കുന്ന അച്ഛന്‍ ഓര്‍മ്മിപ്പിക്കും: മനോരാജ്യത്തില്‍ മേയുന്നത് സുഖമാണെങ്കിലും യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ പഠിക്കണം.

അച്ഛനു പാര്‍ട്ടി ചിന്തയും പാര്‍ട്ടി പ്രവര്‍ത്തനവും മാത്രമേയുളളുവെന്ന് പിറുപിറുത്തു, അമ്മ മുറുമുറുപ്പോടെ എന്നേയും കൂട്ടി അമ്മയുടെ വീട്ടിലേക്കു താമസം മാറ്റി. അമ്മ വീട്ടുകാര്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കു പോകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അമ്മയുടെ ക്രോധം ജ്വലിച്ചു: ‘ഞാന്‍ പോണില്ല. അയാള്‍ വിവാഹം ചെയ്തിരിക്കുന്നത് എന്നെയല്ല, പാര്‍ട്ടിയെയാണ്. ശോണിമ കലര്‍ന്ന കവിളിലൂടെ കോപത്തിന്റെ തീവ്രത കണ്ണീരായി ഒഴുകി. മൂക്ക് ചീറ്റിക്കൊണ്ട് അമ്മ ഒച്ചയില്‍: ‘ഇങ്ങനെ പാര്‍ട്ടി ഭ്രാന്തുളള ആള്‍ ഒരിക്കലും കല്യാണം കഴിക്കര്തായിരുന്നു.’ അമ്മയുടെ സ്വാര്‍ത്ഥതയ്ക്കും അച്ഛന്റെ നിസ്സഹായതയ്ക്കും ഇടയില്‍ ഞെരുങ്ങുന്ന ശിശുവായി തോന്നി ഞാന്‍.

മുന്നാഴ്ച മുമ്പ് അപ്പേട്ടന്‍ അമ്മയുടെ വീട്ടില്‍ വന്നു, സാന്ദ്രമൗനത്തെ ഭേദിച്ചിട്ടു പറഞ്ഞു: കരളിന് അണുബാധ ബാധിച്ച് അച്ഛന്‍ ആശുപത്രിയിലാണ്; മോനെ ഒടനെ കാണണം.

അപ്പേട്ടനെ പിന്തുടര്‍ന്നു: അച്ഛന്റെ ആശുപത്രി മുറി സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞിരുന്നു. അച്ഛന്റെ വിളറിയ മുഖത്ത് കുറ്റിരോമങ്ങള്‍ വളര്‍ന്നിരുന്നു. കണ്ണുകളില്‍ പഴയ വജ്രത്തിളക്കമില്ല. അച്ഛന്‍ ക്ഷീണിച്ച കൈകൊ ് മൂകമായി എന്റെ മുടിയില്‍ തടവുമ്പോള്‍, അതിനു വാക്കിനേക്കാളധികം വാത്സല്യമുണ്ടായിരുന്നു.വിടവാങ്ങുമ്പോള്‍ അച്ഛന്‍ അനുഗ്രഹിക്കാനെന്നോണം കൈ ശ്രമപ്പെട്ടു വീണ്ട ുമുയര്‍ത്തി. അന്നേരം ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

അച്ഛനെ ഒന്നുകൂടി കാണണമെന്ന അദമ്യദാഹം അമ്മയെ ധരിപ്പിക്കാന്‍ ധൈര്യമില്ലായിരുന്നു. അച്ഛന്റെ അസുഖത്തിനു രണ്ടുമാസം മുമ്പ്, അമ്മയ്ക്കു ഭൂസ്വത്ത് കൊടുക്കാത്തതില്‍ ക്രുദ്ധയായി അച്ഛനുമായി ഫോണില്‍ വഴക്കിട്ടു, എനിക്കു കരുതിവച്ച അച്ഛന്റെ വിലയേറിയ ഉപഹാരങ്ങളും പുരസ്കാരങ്ങളും എല്ലാം വലിച്ചെറിഞ്ഞു. അമ്മയുടെ ബാലിശമായ ചെയ്തികള്‍ കണ്ടു സ്തബ്ധനായി നില്ക്കാനേ കഴിഞ്ഞുളളു.
ഒടുവില്‍, അപ്പേട്ടന്റെ സഹായത്തോടെ അച്ഛനെ മതിവരെ കണ്ടേ മനസ്സിന്റെ വാഞ്ഛ അടങ്ങിയുളളു.

ഹാളില്‍, അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രമുഖരടക്കം ധാരാളം നേതാക്കള്‍ വന്നിരുന്നു. പലരും അച്ഛന്റെ ആത്മസുഹൃത്തുക്കളായിരുന്നു. ചിലരെ അപ്പേട്ടന്‍ എനിക്കു പരിചയപ്പെടുത്തി. എല്ലാവരും അച്ഛനെ പ്രശംസിച്ചു. സഖാവിന്റെ മകനെന്ന നിലയില്‍ എന്നില്‍ അനുഭാവവും അഭിമാനവും ചൊരിഞ്ഞു.

അച്ഛന്റെമേല്‍ പാര്‍ട്ടിക്കാര്‍, ഭവ്യതയോടെ ചുവന്ന പട്ടിന്‍ പതാക കഴുത്തുവരെ മൂടി. ബന്ധുക്കളും സുഹൃത്തുക്കളും സഖാക്കളും എല്ലാം ചുറ്റും പൂച്ചെണ്ട ുകളും റീത്തുകളും സമര്‍പ്പിച്ചു. സ്വജീവിതം പാര്‍ട്ടിക്കായി ത്യജിച്ച മഹാന്റെ മാറില്‍, അച്ഛനേറെ ഇഷ്ടപ്പെടുന്ന കടുംചുവപ്പുളള റോസപ്പൂ ഞാനും അര്‍പ്പിച്ചു.
അന്ം അഹങ്കാരത്തോടെ ആദര്‍ശധീരനുമൊത്ത് സ്‌നേഹം പങ്കിടുമ്പോള്‍, ഈ സ്‌നേഹനിധി ഇത്ര പെട്ടെന്ന് എന്നെ വിട്ടുപിരിഞ്ഞു പോകുമെന്ന് സ്വപ്‌നേപി നിനച്ചിരുന്നില്ല! എങ്കിലും അച്ഛന്‍ നിര്‍ല്ലോഭം ചൊരിഞ്ഞ ലാളനകള്‍ അയവിറക്കുമ്പോള്‍ തോന്നും അച്ഛനറിയാമായിരുന്നു തന്റെ അന്ത്യമെന്ന്.

ഉച്ചതിരിഞ്ഞു അച്ഛനെ പൊതുശ്മശാനത്തിലേക്കു കൊണ്ടുവന്നു. രാമച്ചം കൊണ്ട ു സജ്ജമാക്കിയ മഞ്ചത്തില്‍ കിടത്തിയ അച്ഛന്റെ ശ്മശ്രുശകലങ്ങളുടെ സ്പര്‍ശം എന്നും അനുഭൂതി ഉളവാക്കാന്‍, ആ വാത്സല്യനിധിയുടെ കവിളില്‍ അവസാനമായി ഒരുമ്മ കൊടത്തു.

ചിതയ്ക്ക് തീ കൊളുത്താന്‍ അപ്പേട്ടന്‍ സഹായിച്ചു. ചിതയെരിയുമ്പോള്‍, അന്തരീക്ഷത്തില്‍ അലിഞ്ഞ ധൂമപടലങ്ങളില്‍ എനിക്കു മാത്രം പരിചയമുളള, പ്രിയപ്പെട്ട പിതാവിന്റെ വിയര്‍പ്പിന്‍ മണം മുകരാനെന്നോണം നാസാരന്ധ്രങ്ങള്‍ സ്വമേധയാ വിടര്‍ന്നു.

പട്ടട കെട്ടടങ്ങുന്നത് നോക്കിനില്‌ക്കെ, അപ്പേട്ടന്‍ ചുമലില്‍ കൈവച്ചു മൃദുവായി പറഞ്ഞു: ‘വരൂ മോനെ, നമക്ക് സഞ്ചയനത്തിന് വരാം.’ ആ തൊടല്‍ ആശ്വാസമായിരുന്നു. അഞ്ചാം ദിവസം അസ്ഥിപെറുക്കാന്‍ അപ്പേട്ടനെ അനുഗമിച്ചു.

ശ്മശാനത്തില്‍ വേറെയും ശവദാഹങ്ങള്‍ തിരക്കിട്ടു നടന്നിരുന്നു. അവിടവിടെ തടിച്ചുകൂടിയിരുന്ന ജനം, തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ അച്ഛനെ സംസ്കരിച്ച സ്ഥലത്തു കന്നാലിക്കൂട്ടങ്ങള്‍ പോലെ ക്ഷാരം തെറിപ്പിച്ചു കടന്നുപോയപ്പോള്‍, അപ്പേട്ടന്റെ കണ്ഠമിടറി: ‘ഇത് വല്യ സങ്കടാ, മനുഷ്യര്‍ക്ക് സംസ്കാരം എന്നൊന്നില്ലേ?’ അപ്പേട്ടന്‍ അരിശത്തോടെ: ‘നാടിനും നാട്ടാര്‍ക്കും വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച മഹാത്മാവിനു ഒരു വെലേം ഇല്ലേ? ഈ മുനിസിപ്പറ്റിയും ഉറ്റവരുടെ അസ്ഥി പെറുക്കുംവരേക്കും ഒരു സംരക്ഷണോം ചെയ്യുന്നില്ല!

അപ്പേട്ടന്‍ വിദ്വേഷം തീരാതെ മേന്ോട്ട് നോക്കി: ‘സൂര്യനും കത്തിത്തിമിര്‍ക്കുന്നു, ഒരു ഭാവഭേദമില്ലാതെ.’
അപ്പേട്ടന്‍ പിന്നെയും സിറ്റിയുടെ അനാസ്ഥകളെപ്പറ്റിയും സമൂഹത്തിന്റെ അനുകമ്പയില്ലായ്മയെപ്പറ്റിയും ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട ിരുന്നു.

ചിതാഭസ്മം ഒരു നിധിപോലെ വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഒരു മനസ്സ് ആശങ്കപ്പെട്ടു: അമ്മ അച്ഛനെ സ്വാഗതം ചെയ്യുമോ? എങ്കിലും മറ്റെ മനസ്സ് സമാധാനിപ്പിച്ചു: ഇപ്രാവശ്യം അമ്മ, അച്ഛനെ സ്വീകരിക്കും.

Join WhatsApp News
Sudhir Panikkaveetil 2018-10-30 08:23:03
കഥാ തന്തുവിനെ സ്പർശിച്ച്കൊണ്ട് ചുരുക്കി 
പറയുന്ന ഒരു രീതി ശ്രീ അബ്‌ദുലിന്റെ കഥകളിൽ 
കാണാം. കേരളത്തിൽ കൂടുതലായി കാണുന്ന 
ഒരു സംഭവത്തിന്റെ ആവിഷ്കാരമാണീ കഥ.
ജനങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞവച്ച 
ഒരാളുടെ ചിതാഭസ്മം കന്നുകാലികളെ പോലെ 
ജനങ്ങൾ തട്ടിതെറുപ്പിക്കുന്നത് സൂചനാത്മകമാണ്.
കുടുംബബന്ധങ്ങൾ ശിഥിലമാക്കി സമൂഹ 
സേവനം ചെയ്യാൻ പോകുന്നവർ തങ്ങളുടെ 
പ്രിയപ്പെട്ടവരുടെ വികാരങ്ങളെ വൃണപ്പെടുത്തുമ്പോൾ 
അവര്‌ടീ സേവനം ചാരം പോലെ കാറ്റിൽ പറക്കും. 
ആര്‍ക്കു വേണ്ടി? 2018-10-31 06:15:30

Abu’s achen hero, looked like many who dedicated their life for a Cause, they believed to be above everything even their own Life. Can they be called a Hero? In a sense maybe. They are the people who made History stand still, some made History, for some History danced around them. The story led to thoughts about the Buddha. He left his family, they were rich but deprived a woman of her partner and kids a father. Achievements of Buddha is still unparallel & still stand on top shining magnificently far above all schools of thought.

 In Kerala, it was very common. India’s independence, the rise of Communism – all are achievements of men & women who pushed aside or ignored their family and dedicated their Life for the Cause, their ideology. The Unsung, Unheard Hero’s, yes, we breathe free and enjoy freedom because of their dedication.

‘’ജനിച്ചത്‌ ആര്‍ക്കു വേണ്ടി ...

ഓര്‍ത്താല്‍ ജീവിതം ഒരു ചെറിയ കാര്യം .......

andrew

Silji J tom 2018-11-17 08:58:43
അഛനും മകനുമായുള്ള ഊഷ്‌മളബന്ധത്തെ വെളിപ്പെടുത്തുന്ന ഹൃദയസ്‌പര്‍ശിയായ കഥ. പാര്‍ട്ടിക്കുവേണ്ടി ജീവിതം നീക്കിവെച്ചതിനെ തുടര്‍ന്ന്‌ വീട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന പിതാവിന്റെ നൊമ്പരങ്ങളും പിതാവിനെ ഓര്‍ത്തുള്ള പുത്രന്റെ ആധിയും മനസിനെ സ്‌പര്‍ശിക്കും വിധം കഥയില്‍ വരച്ചിടുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക