Image

മറുനാട്ടിലും മലയാളത്തെ മറക്കാത്ത ഒരു കവയിത്രി

Published on 06 April, 2012
മറുനാട്ടിലും മലയാളത്തെ മറക്കാത്ത ഒരു കവയിത്രി
പത്തനംതിട്ട: അമേരിക്കയിലാണ്‌ വാസമെങ്കിലും രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്‌ജലിക്ക്‌ മലയാളത്തില്‍ പുതിയ കാവ്യഭാഷയൊരുക്കി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ശ്രദ്ധേയയാകുന്നു.

വംഗഭാഷയുടെ സൗന്ദര്യം ചോരാതെ മലയാള കവിതാ ശാഖയ്‌ക്ക്‌ തിലകം ചാര്‍ത്തുകയാണ്‌ ഈ മറുനാടന്‍ മലയാളി വനിത. കടല്‍ കടന്നാല്‍ മലയാളത്തെ തള്ളിപ്പറയുന്ന മലയാളികളില്‍ നിന്ന്‌ വ്യത്യസ്‌തയായി 40 വര്‍ഷത്തിനുള്ളില്‍ ഇവര്‍ രചിച്ചത്‌ എട്ട്‌ കവിതാ സമാഹാരങ്ങള്‍. നാടിനെ കുറിച്ചുള്ള ചിന്തയാണ്‌ കവിതകള്‍ക്ക്‌ പ്രചോദനം.

ഓരോ മലയാള വാക്കിലും നിറയുന്നത്‌ ഗൃഹാതുര ചിന്തകള്‍ മാത്രം. കേരളത്തിലെ നീറുന്ന പ്രശ്‌നങ്ങളില്‍ നിന്ന്‌ ഒളിച്ചോടാതെ ഭാഷയുടെ സൗന്ദര്യം മനസ്സിലേക്ക്‌ ആവാഹിച്ച്‌ കവിതകളിലൂടെ അത്‌ തുറന്നുകാട്ടുമ്പോള്‍ ഭൂമിശാസ്‌ത്രപരമായ അതിര്‍വരമ്പുകളോ കടലിരമ്പലുകളോ അപ്രത്യക്ഷമാകുന്നു.

കടമ്പനാട്‌ താഴേതില്‍ മുണ്ടപ്പള്ളില്‍ ടി.ജി. തോമസിന്റെ മകളാണ്‌ എല്‍സി. ന്യൂയോര്‍ക്കില്‍ ഭര്‍ത്താവിനൊപ്പം സ്ഥിരതാമസമാക്കിയ ഇവരുടെ മനസ്സില്‍ എന്നെന്നും നിറഞ്ഞുനിന്നത്‌ മലയാള പെരുമ മാത്രം.

സ്‌കൂള്‍ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നുവെങ്കിലും കവിതകള്‍ പുസ്‌തകരൂപത്തില്‍ ഇറക്കുന്നതിനെപ്പറ്റി ആലോചിച്ചത്‌ കടല്‍ കടന്നപ്പോള്‍ മാത്രമാണ്‌. നാല്‍പ്പത്തിയെട്ടാം വയസില്‍ എഴുതിയ `കന്നിക്കണ്മണി' എന്ന കവിതാ സമാഹാരമാണ്‌ ആദ്യമായി പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്‌.

ഇതിന്‌ ബന്ധുക്കളും നാട്ടുകാരും നല്‌കിയ പ്രോത്സാഹനമാണ്‌ മറ്റു കവിതകള്‍ രചിക്കാന്‍ തനിക്ക്‌ പ്രചോദനമായതെന്ന്‌ അവര്‍ പറഞ്ഞു.

ഗൃഹാതുരതയാണ്‌ എല്‍സിയെ കവിതയെഴുതാന്‍ പ്രേരിപ്പിച്ചത്‌. ഇതിന്‌ ഭര്‍ത്താവായ, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രഥമ കോര്‍എപ്പിസ്‌കോപ്പ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കി. ഭര്‍ത്താവിന്റെ ഷഷ്‌ഠിപൂര്‍ത്തിക്ക്‌ സമ്മാനമായി സമര്‍പ്പിച്ച കവിതാ സമാഹാരമാണ്‌ 1996-ല്‍ പുറത്തിറങ്ങിയ `സ്‌നേഹതീര്‍ത്ഥം'. ചെറുപ്പത്തില്‍ നേരംപോക്കിനായിരുന്നു രചന തുടങ്ങിയത്‌. മനസ്സിനെ മദിക്കുന്ന കാര്യങ്ങള്‍ അപ്പോള്‍തന്നെ കുറിച്ചിട്ട്‌ രാത്രിയില്‍ അത്‌ കവിതയാക്കി ഭര്‍ത്താവിനെ വായിച്ചുകേള്‍പ്പിക്കും.

അദ്ദേഹം കവിത നല്ലതാണെന്നു പറഞ്ഞാല്‍ മാത്രമേ പ്രസിദ്ധീകരണത്തിനായി നല്‍കുകയുള്ളൂ. പ്രസിദ്ധീകരിച്ചതില്‍ തനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട കവിത ഗീതാഞ്‌ജലിയുടെ വിവര്‍ത്തനമാണ്‌.

ഗീത്‌ഞാജലി വായിക്കണമെന്ന ആശയുമായി അമേരിക്കയില്‍ ഏറെ അലഞ്ഞു. ഒരുമാസം കഴിഞ്ഞിട്ടാണ്‌ ഇതിന്റെ ഇംഗ്ലീഷ്‌ പതിപ്പ്‌ ലഭിക്കുന്നത്‌.

ഇത്‌ എട്ടുവര്‍ഷത്തെ കഠിന പ്രയത്‌നംകൊണ്ടാണ്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിക്കാന്‍ സാധിച്ചത്‌. അതുകൊണ്ടാണ്‌ ഈ പുസ്‌തകം തനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടതായതെന്ന്‌ എല്‍സി പറഞ്ഞു.

1994, 1996, 1988, 2005 വര്‍ഷങ്ങളിലെ ഫൊക്കാന അവാര്‍ഡ്‌, 1998-ലെ നാലപ്പാട്ട്‌ നാരായണ മേനോന്‍ അവാര്‍ഡ്‌, 2000-ല്‍ യു.എസ്‌.എയിലെ മില്ലേനിയം അവാര്‍ഡ്‌, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഇക്കൊല്ലത്തെ മികച്ച കവയത്രിക്കുള്ള അവാര്‍ഡ്‌ എന്നിവ എല്‍സിക്ക്‌ ലഭിച്ചിട്ടുണ്ട്‌.
മറുനാട്ടിലും മലയാളത്തെ മറക്കാത്ത ഒരു കവയിത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക