Image

ഒരു ഹാലോവീന്‍ കുറിപ്പ് : യക്ഷിപാലകള്‍ പൂക്കുമ്പോള്‍ (സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 31 October, 2018
ഒരു ഹാലോവീന്‍ കുറിപ്പ് : യക്ഷിപാലകള്‍ പൂക്കുമ്പോള്‍ (സുധീര്‍ പണിക്കവീട്ടില്‍)
'പൂമണം പരക്കുമ്പോള്‍, പിറകെ..പിറകെ..പിറകെ..നക്ഷത്രക്കതിര്‍ കൂന്തലിലണിയും യക്ഷികള്‍ രാത്രിയിലെത്തും, അവര്‍ മണ്ണിലെ മനുഷ്യരെ 
മന്മഥ കഥയിലെ മന്ത്രം ചൊല്ലി മയക്കും'(വയലാര്‍). സുന്ദരിമാരായ യക്ഷികള്‍ പൂനിലാവുള്ള രാത്രികളില്‍ പാലമരങ്ങള്‍ക്കരികില്‍ വികാരവതികളായി നില്‍ക്കുമെന്ന വിശ്വാസം യൗവനാരംഭത്തില്‍ ഓരോ ആണ്‍കുട്ടിയുടെ മനസ്സിലുമുണ്ടായിരിക്കും. അന്ധവിശ്വാസങ്ങള്‍ക്ക് പലപ്പോഴും വസ്തുതകളേക്കാള്‍ മാധുര്യമേറുന്നു. പ്രേതകഥകള്‍ പേടിപ്പെടുത്തുമെങ്കിലും അത് കേള്‍ക്കാന്‍ മനുഷ്യര്‍ക്ക് ഉത്സാഹം കൂടുതലാണ്.  ചില കഥകള്‍ മോഹിപ്പിക്കുന്നവയാണ്.  അതുകൊണ്ടാണ് 
സാലഭഞജികകള്‍ കയ്യില്‍ കുസുമ താലമേന്തി വരുമെന്നൊക്കെ കവികള്‍ പറയുമ്പോള്‍ ചെറുപ്പം വിടാത്ത ആണ്‍കുട്ടികള്‍  അത് കണ്ണടച്ച് വിശ്വസിക്കുന്നത്.  യക്ഷികള്‍ പല പേരില്‍ അറിയപ്പെടുന്നു. സാലഭഞജിക അതിലൊരാളാണ്. സാലമരത്തിലെ കൊമ്പുകളില്‍ പിടിച്ച് കൊതിപ്പിക്കുന്ന രൂപത്തില്‍ അവര്‍ നില്‍ക്കുന്നു. പാലമരത്തിന്‍ ചുവട്ടിലും അങ്ങനെ സുന്ദരിമാരായ യക്ഷികള്‍ നില്‍ക്കുന്നു വെന്നാണ് വിശ്വാസം.    ഇവരില്‍ രതിപ്രിയകളാണ് പുരുഷന്മാരെ കാമകേളികള്‍ക്കായി വശീകരിച്ചുകൊണ്ടുപോയി കൊല്ലുന്നത് എന്ന് വിശ്വസിച്ചുവരുന്നു. 

അമേരിക്കയിലെ ഹാലോവീന്‍ ആഘോഷം വേഷപ്രച്ഛന്നവും, മിഠായികളും, ഭയപ്പെടുത്തലുകളും ആയി ഒരു ദിവസം കൊണ്ട് കഴിയുന്നു. എന്നാല്‍ നമ്മുടെ മലയാളനാട്ടില്‍ എന്നെന്നും പ്രേതയക്ഷിഗന്ധര്‍വാദികളുടെ നിരന്തര സമ്പര്‍ക്കമുണ്ട്.  വിശ്വസിക്കാതിരിക്കാന്‍ പറ്റാത്തവിധം അത്തരം കഥകള്‍ മലയാളിയുടെ ജീവിതവുമായി അലിഞ്ഞുചേര്‍ന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണി അദ്ദേഹത്തിന്റെ ഐതിഹ്യ മാലയില്‍  ഒരു ഉണ്ണി നമ്പൂതിരി യക്ഷിയെ പ്രണയിക്കുന്ന കഥ പറയുന്നുണ്ട്.  തൃശ്‌സൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ ഭിത്തിയില്‍ ഒരു ചിത്രമെഴുത്തുകാരന്‍ ഒരു യക്ഷിയുടെ രൂപം വരക്കുകയും അത് സകല ലക്ഷണങ്ങളും തികഞ്ഞതാകയാല്‍ അവിടെ ഒരു യക്ഷി സാന്നിധ്യം ഉണ്ടാവുകയും ചെയ്തു. ഈ ചിത്രത്തിന്റെ പ്രത്യേകത ഇതിന്റെ ചുവട്ടില്‍ 'ഇന്നു രാത്രി എന്റെയടുത്ത് വരണമെന്നെഴുതിയാല്‍' യക്ഷി എഴുതുന്നയാളുടെ അടുത്തെത്തുമെന്നതാണ്. വെണ്മണിനമ്പൂതിരിപ്പാട് വേദാധ്യയനത്തിനായി അന്ന് തൃസ്സൂരില്‍ താമസിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ഉണ്ണിനമ്പൂതിരിമാരുടെ നിര്‍ബന്ധപ്രകാരം തിരുമേനി യക്ഷിക്ക് ക്ഷണക്കുറിപ്പെഴുതി വീട്ടില്‍ പോയി. യക്ഷി വരുമെന്ന് കൂട്ടുകാരോ തിരുമേനിയെ നിരീച്ചിരുന്നില്ല.  എന്നാല്‍ യക്ഷി എത്തി. തിരുമേനിയെ കാമനിവേദ്യങ്ങള്‍ നല്‍കി സന്തോഷിപ്പിച്ച് മടങ്ങി. സമാഗമങ്ങള്‍ കുറെ നടന്നു. അത് വേറെ ഒരു കഥ.  യക്ഷിയുടെ ദിവ്യരതിക്രീഡ ആസ്വദിക്കാന്‍ ആരോഗ്യമുണ്ടായിരുന്നത്‌കൊണ്ട് തിരുമേനി രക്ഷപ്പെട്ടു. യക്ഷികള്‍ ചില പുരുഷന്മാരെ കൊല്ലുന്നത് അവര്‍ക്ക് ലൈംഗിക ശേഷി കുറവായതുകൊണ്ടാണത്രെ. അല്ലാത്തവരെ അവര്‍ മനുഷ്യ സ്ത്രീകളെക്കാള്‍  കൂടുതലായി  പ്രണയിച്ചതായി കഥകള്‍ ഉണ്ട്.
ഗന്ധര്‍വന്മാരും ഭൂമിയിലെ സുന്ദരിമാരെ കാമിച്ചിരുന്നു. അവരുമായി രമിച്ചിരുന്നു. 'മനുഷ്യന്‍ ഭൂമിയില്‍ പെരുകിത്തുടങ്ങി അവര്‍ക്കു പുത്രിമാര്‍ ജനിച്ചപ്പോള്‍  ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങള്‍ക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. (ബൈബിള്‍ ഉല്‍പ്പത്തി 6 :1 2 )'.  പരശുരാമന്റെ 'അമ്മ രേണുകക്ക് പാതിവൃത്യ ബലം ഉള്ളത്‌കൊണ്ട് വെള്ളം കയ്യില്‍ ഉരുട്ടികൊണ്ട് വരാന്‍ കഴിഞ്ഞിരുന്നു. ഒരു ദിവസം വെള്ളമെടുക്കാന്‍ പോയപ്പോള്‍ ആറ്റില്‍ കുളിച്ച്‌കൊണ്ട് നിന്നിരുന്ന ഗന്ധര്‍വന്റെ ആകാരഭംഗിയില്‍ മനസ്സ് ഇളകി. വെള്ളം പിന്നെ കുടത്തില്‍ കൊണ്ടവരേണ്ടി വന്നു.  എന്നാല്‍ ഇതൊക്കെ മനുഷ്യന് ഊഹിക്കാന്‍ കഴിയാത്ത ഒരു ഭൂതകാലത്തായിരുന്നു നടന്നിരുന്നെങ്കിലും അതൊക്കെ വെറുതെ വിശ്വസിച്ച് അതിനോടനുബന്ധിച്ച് എന്തെങ്കിലും ആചാരങ്ങള്‍ ആഘോഷങ്ങള്‍ കൊണ്ടാടാന്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നു.  തലമുറയായി അങ്ങനെ ഓര്‍മ്മകള്‍ അയവിറക്കി ആഘോഷിച്ച്‌പോന്ന  ദിവസങ്ങള്‍ ആയിരിക്കും ഇപ്പോള്‍ നമ്മള്‍ക്ക് അതിശയമുണ്ടാക്കുന്ന കൗതുകമുണ്ടാക്കുന്ന ഈ വിചിത്ര ഉല്ലാസ ചടങ്ങുകള്‍. മലയാളികള്‍ക്ക് നാട്ടില്‍ യക്ഷിയമ്പലങ്ങളും, ഗന്ധര്‍വക്ഷേത്രങ്ങളുമുണ്ട്. കോട്ടയം ജില്ലയില്‍ പാലാ വൈക്കം റൂട്ടില്‍ മരങ്ങാട്ടുപിള്ളി (ആണ്ടൂര്‍)  എന്ന സ്ഥലത്ത് ഒരു ഗന്ധര്‍വക്ഷേത്രമുണ്ട്. ഇവിടത്തെ ഏറ്റവും പ്രധാനമായ പൂജ  'സംക്രാന്തി പൂജയാണ്'. തുടര്‍ച്ചയായി പന്ത്രണ്ട് സംക്രാന്തി പൂജകള്‍ ഒരു സ്ത്രീ നടത്തിയാല്‍ അവളുടെ കല്യാണം ഉടനെ നടക്കുമെന്ന് വിശ്വസിച്ചുവരുന്നു.

യക്ഷികള്‍ക്കായും അമ്പലങ്ങള്‍ ഉണ്ട്. ചിലരെ അമ്പലങ്ങളില്‍ ആരാധിക്കുമ്പോള്‍ ചിലരെ ആലിന്‍ ചുവട്ടില്‍ വച്ച് ആരാധിക്കുന്നു യക്ഷികള്‍ക്ക് മലയാള സിനിമ വെള്ള സാരിയും നീണ്ട മുടിയും നല്‍കുന്നതിന് മുമ്പ് അവര്‍ക്ക് അവരുടേതായ വേഷമുണ്ടായിരുന്നു. യക്ഷികള്‍ പരമ സുന്ദരിമാരും ആരെയും ആകര്‍ഷിക്കാന്‍ കഴിവുള്ളവരുമായിരുന്നു.  വേദകാലത്ത് യക്ഷികള്‍ ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും, സന്താനപുഷ്ടിയുടെയും പ്രതീകമായി കണക്കാക്കിയിരുന്നു. ഡല്‍ഹിയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കവാടങ്ങളില്‍ യക്ഷന്റെയും യക്ഷിയുടെയും ഓരോ ഭീമാകാരമായ പ്രതിമകള്‍ അതുകൊണ്ട് സ്ഥാപിച്ചിരിക്കുന്നു. 

അന്ന് യക്ഷികള്‍ മുറുക്കാനിത്തിരി ചുണ്ണാമ്പ് ചോദിച്ച്  രാത്രിയില്‍ ഒറ്റക്ക് നടക്കുന്ന പുരുഷന്മാരുടെ അടുത്ത് വന്നിരുന്നു.  യക്ഷികളുടെ ചതിയെപറ്റി അറിയുന്ന അന്നത്തെ ആളുകള്‍ എഴുത്താണിയുടെ തുമ്പത്ത് അവള്‍ക്ക് ചുണ്ണാമ്പ് കൊടുത്തു. ഇരുമ്പ് യക്ഷികള്‍ക്ക് ഭയമാണെന്നു വിശ്വസിച്ച് വരുന്നു.  ഒരു കാലത്ത് കേരളത്തില്‍ യക്ഷിയും ഗന്ധര്‍വനും വിലസിയിരുന്ന. അവരുടെ മറവില്‍ മനുഷ്യര്‍ ആ സാഹചര്യത്തെ ചൂഷണം ചെയ്തിരുന്നു. ഗന്ധര്‍വന്മാര്‍ സ്ത്രീകളെ രാത്രിയില്‍ വശീകരിച്ച് കൊണ്ടുപോകും അതുകൊണ്ട് അവര്‍ ഉറങ്ങുമ്പോള്‍ അടിവസ്ത്രങ്ങള്‍ ധരിക്കാതെ ഉറങ്ങരുതെന്നു അവരെ മുതിര്‍ന്നവര്‍ ഉപദേശിച്ചിരുന്നു കഥകളിയില്‍ യക്ഷികള്‍ ലളിതയെന്നും മോഹിനിയെന്നും അറിയപ്പെടുന്നു. ദുര്‍ഗ്ഗാര്‍ഗാദേവിയെ ഇവരുമായി ബന്ധപ്പെടുത്തുന്നത്‌കൊണ്ടാകാം ദുര്‍ഗ്ഗാഷ്ടമി ദിവസം യക്ഷികള്‍ക്ക് പ്രത്യേക പൂജകള്‍ ഏര്‍പ്പാട് ചെയ്യുന്നത്.  വയലാറിന്റെ ഒരു ഗാനത്തില്‍ ഇങ്ങനെ കാണുന്നു. 'യക്ഷി അമ്പലം അടച്ചിരുന്നു അന്ന് ദുര്ഗാഷ്ടമിയായിരുന്നു ' നാഭി ചുഴിയുടെ താഴത്ത് വച്ചവള്‍ നേരിയ പുടവ ഉടുത്തിരുന്നു.'. അപകടകരമായ മാദകത്വമുള്ളവരാണ് യക്ഷികള്‍. പുരുഷന്മാരെ ഹരം പിടിപ്പിക്കുന്ന വിധത്തില്‍ അവര്‍ അണിഞ്ഞൊരുങ്ങുന്നു. അതേസമയം സ്‌നേഹമയികളായ യക്ഷികളെക്കുറിച്ചും കഥകള്‍ ഉണ്ട്. എഴുത്തുകാരെ യക്ഷികള്‍ക്ക് പൊതുവെ ഇഷ്ടമാണെന്നു കരുതപ്പെടുന്നു. 'ഭാര്‍ഗ്ഗവി കുട്ടി ഞാന്‍ ഉറങ്ങാന്‍ പോകയാണ്, നീ എന്നെ ഉപദ്രവിക്കരുതെന്നു' ഒരു കുറിപ്പും എഴുതി വച്ച് ഉറങ്ങി നേരം വെളുക്കുമ്പോള്‍ കുഴപ്പമൊന്നും സംഭവിക്കാതെ ഉണര്‍ന്നുവരുന്ന എഴുത്തുകാരനെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്.

നാട്ടിലെ കാഞ്ഞിരമരങ്ങളില്‍ കാണുന്ന ആണികള്‍ യക്ഷികളെ തളച്ചതാണെന്നു നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. അത് വലിച്ചൂരിയാല്‍  യക്ഷി രക്ഷപ്പെട്ടു വന്നു അത് ഊരിയവന്റെ കൂടെ കഴിയുകയോ അയാളുടെ കഥ കഴിക്കുകയോ ചെയ്യും. ഇപ്പോള്‍ മരങ്ങളുമില്ല ആണികളുമില്ല. പാവം യക്ഷികള്‍ രക്ഷപ്പെട്ടു പോയിക്കാണും.
 നമ്മള്‍ക്ക് നാട്ടില്‍ ഇതേപോലെ ഒരു ഉത്സവ ദിവസമില്ലെങ്കിലും പരേതാത്മാക്കള്‍ക്ക് പ്രീതിയുണ്ടാകാനായി ചില ദിവസങ്ങളില്‍ പൂജയും വീത് വയ്പ്പും നടത്തുന്നു. കര്‍ക്കിടകത്തിലെയും തുലാമാസത്തിലെയും വാവ് ദിവസം ആണ് പരേതാത്മാക്കള്‍ ഭൂമിയിലെ പ്രിയപ്പെട്ടവരേ സന്ദര്‍ശിക്കുന്നത് എന്ന് വിശ്വസിക്കുന്നു. യക്ഷികള്‍ ഭാരതീയ പൈതൃകത്തിന്റെ ഒരു ഭാഗമാണ്. ഹിന്ദു ദേവാലയങ്ങളില്‍ യക്ഷികളെ കുടിയിരുത്തിയിട്ടുണ്ട്. എന്നാലും മതേതരത്വം കാത്ത് സൂക്ഷിക്കുന്നവരാണ് യക്ഷികളും ഗന്ധര്‍വന്മാരും. അവര്‍ എല്ലാ ജാതി മനുഷ്യരുമായി ഇടപെടുന്നു. യക്ഷികളുടെ സുന്ദര ശില്‍പ്പങ്ങള്‍ ഭാരതത്തില്‍ ഉടനീളമുണ്ട്.  അവയെല്ലാം ഭാരതീയ ശില്പ കലയുടെയും കൗശലത്തിന്റെയും പ്രതീകങ്ങളാണ്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കല്ലറ ബി സുപ്രീം കോടതി തുറക്കാന്‍ ഉത്തരവിട്ടെങ്കിലും അവിടെ ' ധ്യാനത്തിലിരിക്കുന്ന ഭയങ്കരിയായ ഒരു യക്ഷിയുടെ പ്രതിമയുണ്ട്, ആ പ്രതിമയെ ശല്യപ്പെടുത്തരുതെന്ന് അമ്പല ഭാരവാഹികളുടെ ഉപദേശപ്രകാരം തുറക്കാതെ വയ്ക്കുന്നു. ഹാലോവീന്‍ പോലെ ഒരു ദിവസം ഉണ്ടാകുകയും അന്നേദിവസം യക്ഷികള്‍ക്കും ഗന്ധര്‍വന്മാര്‍ക്കും കല്‍പ്രതിമകളില്‍ നിന്നും മോചനമുണ്ടാകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ആലോചിക്കുന്നത് രസകരമായിരിക്കും. ബാധോപദ്രവം ഏറ്റവും കൂടുതല്‍ ഉള്ള നമ്മുടെ നാട്ടില്‍ (ഭാരതം) ഭൂതപ്രേതാദികള്‍ക്കായി അമ്പലവും, പൂജയും , ആരാധനയും ഒക്കെ നടക്കുന്നത് സ്വാഭാവികം. ഇവിടെ അമേരിക്കയിലും ഒരു ദിവസം നമുക്ക് ഭൂതപ്രേതാദികളെ കാത്തിരിക്കാം. ഇവിടെ എല്ലാവരും എഴുത്തുകാരായതിനാല്‍ പേടിക്കണ്ട.  അവര്‍ യക്ഷി ഗന്ധര്‍വ്വന്‍,മാരില്‍ നിന്നും സുരക്ഷിതരാണ്.  

പ്രേതസമാഗമ ഞെട്ടലുകള്‍ക്കായി കാത്തിരിക്കാം. എല്ലാവര്‍ക്കും രസകരമായ ഹാലോവീന്‍ നേരുന്നു.
ശുഭം

ഒരു ഹാലോവീന്‍ കുറിപ്പ് : യക്ഷിപാലകള്‍ പൂക്കുമ്പോള്‍ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
ഇന്നു രാത്രി നീ വരുമോ 2018-10-31 13:30:09

സുദീര്‍ മാഷെ!

താങ്കളുടെ യക്ഷി പല മധുരിക്കുന്ന ഓര്‍മ്മകള്‍ പാല പൂ മണം പോലെ ഉന്മാദം ഉണര്‍ത്തുന്നു. ഷീലയോ, ജയഭാരതിയോ, സാരദയോ? എന്ന് തോന്നിക്കുന്ന യക്ഷി. കൊട്ടാരത്തില്‍ സങ്കുണ്ണിയുടെ ഐതീഹമാലയിലെ ‘ ഇന്നു രാത്രി നീ എന്‍റെ കൂടെ വരുമോ’ എന്ന്ചോ ദിക്കുന്ന ഉണ്ണി നബൂരിയുടെ യക്ഷി, ചന്ദനം, മുല്ല പൂ ഇവയുടെ മാദക നറുമണത്തില്‍ പൊതിഞ്ഞ കൂട്ടുകാരികള്‍ ......

the concept of യക്ഷി& ഗന്ദര്‍വന്‍ might have occurred as a vent for the ever-unsatisfied urge of sexual passion. Sex is the driving force of existence, the god protector of immunity and primordial energy of Life. It is the fire within, which in fact is derived from the Cosmic fire. The Fire is eager to consume more and more even if you have 500 +[king David] or 1000+ [Solomon] or even 16008+[Krishna] mates. The Ego of social morality was and is a ‘ball & chain’ to enslave the Fire & Energy of sex drive. Religions too built prisons around to enslave the divine sex drive. But neither the prison bars nor chains were successful to contain the fire of sex, the fire burned them down. Isn’t it, one of the biggest mistakes of humans?

The reason for the origin of moral codes itself is to control of sex drive. In fact, moral rules without commonsense became the root cause of crimes, greed -to all the evils on Earth. Those who got trapped in moral web became dreamers, through imagination they created the myths; Gandarvan to satisfy women and Yakshi for men. Women dreamed of being seduced and abducted by Gandarvan   and being his concubine -may be to keep their husbands away. Even though Yakshi was a bloodsucker; men wanted to mate with her. So, which is more powerful; the fear of death or the thrive to mate.

The passion is not just human, there are several species which mate and die or mate to die…

 andrew

Tom abraham 2018-10-31 15:36:16
Do these yakshis like old guys , Sudhir does not say a word. Yes, modern day yakshis like money from old men too. Trump met many yakshis !
സണ്‍ സിറ്റി യക്ഷി 2018-10-31 20:45:52
ഇ സുന്നരന്‍ ടോമിനെ എത്ര കാലമായി ഞാന്‍ വട്ടമിടുന്നു 
തോമാച്ച നീ പല പൂട്ടുള്ള റൂമില്‍ കിടന്നാലും ഞാന്‍ വരും.
നിന്നേ ഞാന്‍ ഫ്ലോരിടയിലെ പനയുടെ മുകളില്‍ കൊണ്ടു പോകും 

amerikkan mollakka 2018-10-31 20:54:54
ഞമ്മക്ക് ഇത് ബായിച്ച് ഹാലിളകി.  ടോം അബ്രാഹം 
സാഹിബ് ചോദിച്ചപോലെ യക്ഷികൾ 
കിഴവന്മാരെ വീഴ്ത്താൻ നോക്കുമോ? ലൈംഗിക 
ശേഷിയില്ലാത്തവരെ യക്ഷികൾക്ക് ഇഷ്ടമല്ലെന്നു
സുധീർ സാഹിബ് എയ്തീട്ടുണ്ട് . ഞമ്മക്ക് 
ആ കുറവില്ല പക്ഷെ പ്രായം അമ്പത്തിയഞ്ചിനോട് 
അടുക്കുന്നു. യക്ഷികൾ ഞമ്മളെ ഗൗനിച്ചാൽ 
ബാക്കി കാര്യം ഞമ്മളേറ്റു. യക്ഷികൾ 
ഇവിടെയും കാണുമല്ലേ .. ലഹരി നുണഞ്ഞു,
പുക വലിച്ച് , വഴിയരുകിൽ നിൽക്കുന്നവർ 
അവരും യക്ഷികൾ തന്നെ. 
ചെന്ഗന്നൂര് തങ്ക 2018-10-31 20:58:36

തോമാച്ച 

തോമച്ചെന്‍ അവാറച്ച; 

ഇതാ ഞാന്‍ വരുന്നു; നീ എന്‍റെ മാത്രം 

നീ എന്നോ ഓര്‍ക്കുന്നുവോ 

ഇതാ യക്ഷ ഗാനം മാറ്റൊലി  കൊള്ളുന്നു 

'പോകാം നമുക്ക് പോകാം......

യക്ഷിയും പിന്നെ ഞാനും 2018-10-31 23:50:07
പാതിരാ കോഴികൂവി പട്ടികൾ ഓലിയാനിട്ടു 
തിരിഞ്ഞും മറിഞ്ഞും ഞാൻ കട്ടിലിൽ കിടക്കുമ്പോൾ 
കേട്ടുഞാൻ കാലൻ കോഴി ചിറകിട്ടടിക്കുന്നെ 
ആരോ എൻ ജനാലയിൻ കൊളുത്തുകൾ ഊരിടുന്നു 
ആരെന്നു നോക്കീട്ടൊട്ടു കാണുന്നുമില്ല ശരിയായി 
ആരാ ആരാ എന്ന് പേടിച്ചു ചോദിച്ചപ്പോൾ 
ജനാല പാളിയാരോ തല്ലി അടയ്ക്കുംപോലെ 
വന്നെന്റെ മൂക്കിൽ തട്ടി പാല പൂ ഗന്ധം അപ്പോൾ 
കേട്ടു ഞാൻ അതുപോലെ കാലിന്റെ പെരുമാറ്റോം 
ഒട്ടേറെ  സ്ത്രീകളുടെ മണം എൻ മൂക്കിനുള്ളിൽ 
വിട്ടുപോയീടാതിന്നും താങ്ങി നിൽപ്പുണ്ടന്നാലും 
ഈ പാലപൂ ഗന്ധമൊരു വല്ലാത്ത ഗന്ധം തന്നെ 
അരിച്ചു കയറുന്നു ജാനാലയ്ക്കുള്ളിലൂടെ 
ചന്ദ്രന്റെ കിരണവും ധൂമപടലങ്ങളും 
 കണങ്കാൽ മുട്ടും കേശോം കൂവള മിഴികളും 
ആരെയും മാടി മാടി വിളിക്കും കൊങ്കകളും 
ചെന്തൊണ്ടി പഴംപോലെ തുടുത്ത ചൊടികളും 
ആരെയും മോഹിപ്പിക്കും നിതംബദ്വയങ്ങളും 
കണ്ടിട്ടില്ല ഇന്നേവരെ ഇതുപോലൊരു മേനി 
പേരുകേട്ടതോ ശില്പി കടഞ്ഞെടുത്തപോലെ 
ഇടഞ്ഞു ഞങ്ങളുടെ കണ്ണുകൾ തമ്മിൽ തമ്മിൽ 
പുണർന്നു പരസപരം കരയും കടലുംപോലെ 
മറന്നു പരിസരം മറിഞ്ഞു ഞങ്ങൾ രണ്ടും 
ആടിഞ്ഞാൻ  നിർവൃതിയുടെ തൊട്ടിലിലെന്നപോലെ 
പൊടുന്നനെ കഴുത്തിന്റെ പിന്നിലെന്തോ ആഴുംപോലെ 
കൂടാതെ പട്ടിയുടെ മുരളിൻ ശബ്ദംപോലെ 
തട്ടിതെറിപ്പിച്ചു  ഞാൻ അവളുടെ കയ്കൾ രണ്ടും 
പൊട്ടിച്ചു ജനാലയിൻ  ഗ്ലാസ്സുകൾ ഉടനടി 
ചാടി ഞാൻ ഓടി എന്റെ ജീവനുമായി അപ്പോൾ 
പോയി ഇരുന്നൊരു പൊന്തക്കാട്ടിൽ നഗ്നനായി 
കണ്ടുഞാൻ ജീവിതത്തിൽ യക്ഷിയെ ആദ്യമായി 
കണ്ടു ഞാൻ അതുപോലെ യക്ഷി കോമ്പല്ലുകളും 
കഷ്ടിച്ച് രക്ഷപ്പെട്ടു അല്ലാതെ എന്ത് ചൊല്ലാൻ 
എത്തിടും ഇതുപോലെ യക്ഷികൾ ജീവിതത്തിൽ 
പക്ഷേങ്കിൽ സൂക്ഷിക്കേണം സൂക്ഷിച്ചാൽ ദുഖിക്കേണ്ട 

(വിദ്യാധരൻ )

P R Girish Nair 2018-11-01 01:47:37
സുധിർ സർ,
ഹാലോവീൻ എന്നാൽ എന്താണ്?
ഒരു വരി വിവരണം കൂടി ആകാമായിരുന്നു.

Easow Mathew 2018-11-02 19:06:40
Sri Sudheer Panikkaveettil's writings are always informative as well interesting. This narration takes us back to our village childhood days during which Yakshi stories were so popular. Congratulations! Dr. E. M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക