Image

വയലാര്‍ കവിതകളിലെ ദാര്‍ശനികത (ലേഖനം: പൊന്നോലി)

Published on 31 October, 2018
വയലാര്‍ കവിതകളിലെ ദാര്‍ശനികത (ലേഖനം: പൊന്നോലി)
മലയാള ചലച്ചിത്ര രംഗത്ത് വയലാര്‍, ഓ. എന്‍. വി., പി. ഭാസ്കരന്‍, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ 1960- 70 കാലഘട്ടത്തില്‍ മനുഷ്യ മനസ്സിനെ പിടിച്ചിരുത്തുന്ന ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കവിതകൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച വയലാര്‍ രാമ വര്‍മ്മ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പ്രേമ ഗാനങ്ങളിലൂടെയാണ്. കമ്മ്യൂണിസ്‌റ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് വയലാറും ഓ. എന്‍. വി കുറുപ്പും നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ടതുണ്ട്.

വയലാര്‍ തന്റെ കവിതകളിലൂടെ മനുഷ്യ മനസ്സിനെ എല്ലാ ഭാവ തലങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകുന്നുണ്ട് ശൃംഗാരം, കാമം, ഭക്തി, നിര്‍വികാരത, ദാര്ശനികത. ലൗകീകതയില്‍ നിന്നും അലൗകീതയിലേക്കും, ആദ്ധ്യാത്മികതയിലേക്കും. ദാര്ശനികതയിലേക്കും.

വയലാര്‍ ദാര്‍ശനിക തലത്തിലേക്ക് ഇറങ്ങിച്ചെന്ന് രചിച്ചിട്ടുള്ള കവിതകള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നവയാണ്. അവ മനുഷ്യ ജീവിതത്തിന് ഒരു പുതിയ ദര്‍ശനം പ്രദാനം ചെയ്യുന്നു. വയലാറിന്റെ ദാര്‍ശനിക കവിതകളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ഈശ്വര സങ്കല്‍പം

ദൈവം മനുഷ്യ മനസ്സില്‍ നന്മയും, സ്‌നേഹവും ആയി രൂപം പ്രാപിക്കുന്നു എന്ന് വയലാര്‍ തന്റെ കവിതകളിലും ഗാനങ്ങളിലും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ലൈന്‍ ബസ് എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ഈശ്വര സങ്കല്പം അദ്ദേഹം അനാവരം ചെയ്യുന്നു:

" അദ്വൈതം ജനിച്ച നാട്ടില്‍
ആദി ശങ്കരന്‍ ജനിച്ച നാട്ടില്‍
ആയിരം ജാതികള്‍ ആയിരം മതങ്ങള്‍
ആയിരം ദൈവങ്ങള്‍ "

പോസ്റ്റുമാനെ കാണ്മാനില്ല എന്ന ചിത്രത്തില്‍ അദ്ദേഹം എഴുതി:

" ഈശ്വരന്‍ ഹിന്ദുവല്ല, ഇസ്ലാമല്ല,
ക്രിസ്ത്യാനി അല്ല, ഇന്ദ്രനും ചന്ദ്രനുമല്ല.
വെള്ള പൂശിയ ശവക്കല്ലറയിലെ
വെളിച്ചപ്പാടുകളെ നിങ്ങള്‍
അമ്പലങ്ങള്‍ തീര്‍ത്തു, ആശ്രമങ്ങള്‍ തീര്‍ത്തു.
ആയിരം പൊയ്മുഖങ്ങള്‍ തീര്‍ത്തു.
ഈശ്വരനായിരം പൊയ്മുഖങ്ങള്‍ തീര്‍ത്തു.
കാവി ചുറ്റിയ സന്ധ്യക്ക് പിന്നിലെ
കറുത്ത വാവുകളെ നിങ്ങള്‍
ഭാരത വേദാന്തം അദ്വൈത വേദാന്തം
ഭഗവദ് ഗീതകൊണ്ടു മറച്ചു…"

ഓടയില്‍ നിന്നു എന്ന സിനിമയില്‍ തന്റെ ഈശ്വര സങ്കല്‍പം വയലാര്‍ വീണ്ടും രേഖപ്പെടുത്തുന്നു:

"മാനത്തു ദൈവമില്ല. മണ്ണിലും ദൈവമില്ല.
മനസ്സിനുള്ളിലാണ് ദൈവം..
മനസ്സിലെ ദൈവം മനുഷ്യന് നല്‍കിയ
മണിവിളക്കല്ലോ സ്‌നേഹം.."
വാഴ് വേ മായം എന്ന സിനിമയില്‍ വീണ്ടും:
"മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോള്‍
മനസ്സില്‍ ദൈവം ജനിക്കുന്നു.
മനുഷ്യന്‍ മനുഷ്യനെ വെറുക്കാന്‍ തുടങ്ങുമ്പോള്‍
മനസ്സില്‍ ദൈവം മരിക്കുന്നു. "

മനുഷ്യ മനസ്സിലെ ദൈവത്തെ, നന്മയെ അദ്ദേഹം 'ഓംകാരത്തിന്റെ രൂപത്തില്‍ കുമാരസംഭവത്തില്‍ അവതരിപ്പിക്കുന്നു:

: "ഓംകാരം… ആദിമ മന്ത്രം. അനശ്വര മന്ത്രം.

നാദ ബ്രഹ്മ ബീജാക്ഷര മന്ത്രം…

ഓരോ ജീവ കണത്തിനുള്ളിലും ഒളിയായി, ഒലിയായി, ഉണ്മയായി, നന്മയായി
ഉണരും ചിതാനന്ദ മന്ത്രം..
ഓരോ രശ്മി തരംഗത്തിനുള്ളിലും
ഉയിരായി കതിരായി രൂപമായി ഭാവമായി
ഉണരും സനാതന മന്ത്രം."
മതവും ജാതിയും

തന്റെ ഈശ്വര സങ്കല്പത്തിന്റെ പശ്ചാത്തലത്തില്‍ ജാതി മത ചിന്തകള്‍ ഭൂമിയെ ഒരു ഭ്രാന്താലയമാക്കുന്നു എന്ന് ചൂണ്ടി കാണിക്കാന്‍ അദ്ദേഹം മടിച്ചില്ല.

"അച്ഛനും ബാപ്പയും" എന്ന ചിത്രത്തില്‍ അദ്ദേഹം എഴുതിയ വരികള്‍ മലയാളിയുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്നവയാണ്.

"മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചൂ, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചൂ, മനസ്സ് പങ്കു വച്ചൂ.
ഹിന്ദുവായി, മുസ്സല്‍മാനായി, കൃസ്ത്യാനി ആയി
നമ്മെ കണ്ടാലറിയാതായി
ഇന്ത്യ ഭ്രാന്താലയമായി.

മതത്തിന്റെ പേരില്‍ നടക്കുന്ന വെറുപ്പും വിദ്വേഷവും അക്രമങ്ങളും അദ്ദേഹം ചിത്രീകരിച്ചത് ഇപ്രകാരമാണ്:

" മാനവ ഹൃദയങ്ങള്‍ ആയുധ പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു. ചെകുത്താന്‍ ചിരിക്കുന്നു. "


ശ്രീ നാരായണ ഗുരുവിന്റെ മന്ത്രം കൂട്ടുകാര്‍ എന്ന സിനിമയില്‍ അദ്ദേഹം വീണ്ടും നമ്മളെ ഓര്‍മ്മിപ്പിച്ചു:

"ഒരു ജാതി, ഒരു മതം, ഒരു ദൈവം
ഓര്‍മ്മ വേണമീ അദ്വൈത മന്ത്രം. "

തുടര്‍ന്ന് ഈ കവിതയില്‍ തന്നെ മനസ്സിലെ ഈശ്വരനെ തേടാന്‍ നമ്മെ അദ്ദേഹം ഓര്‍മ്മി പ്പിക്കുകയാണ്.

മാനവികത

മനുഷ്യത്വത്തിനും മാനവീകതക്കും ആണ് വയലാര്‍ അദ്ദേഹത്തിന്റെ കവിതകളിലും ഗാനങ്ങളിലും ഊന്നല്‍ നല്‍കുന്നത്.

"കടല്‍പ്പാലം" എന്ന സിനിമയിലെ വരികള്‍ ഇതിനു ഉപോത്ബലകമാണ്:

" ഈ കടലും മറു കടലും ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു ലോകങ്ങള്‍ കാണാന്‍ ഇവിടുന്നു പോണവരേ
അവിടെ മനുഷ്യനുണ്ടോ അവിടെ മതങ്ങളുണ്ടോ
ഇവിടെ മനുഷ്യന്‍ ജീവിച്ചിരുന്നതായ്
ഇതിഹാസങ്ങള്‍ നുണ പറഞ്ഞു..
ഈശ്വരനെ കണ്ടു. .. ഇബിലീസിനെ കണ്ടു..
ഇതുവരെ മനുഷ്യനെ കണ്ടില്ല ..
ഹിന്ദുവിനെ കണ്ടു. .. മുസല്‍മാനെ കണ്ടു..

ഇതുവരെ മനുഷ്യനെ കണ്ടില്ല…"

റെബേക്കാ എന്ന ചിത്രത്തില്‍ ബൈബിളിലെ വാചകങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചുകൊണ്ട് മതാചാരങ്ങളെയും ഭക്തിയേക്കാളും അനുഷ്ഠാനങ്ങളെയുംകാള്‍ വലുത് കരുണയും പരസ്പര സ്‌നേഹവുമാണ് എന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തി എഴുതി:

" ബലിയല്ലാ എനിക്ക് വേണ്ടത് ബലിയല്ലാ
കാസയേന്തും കൈകളില്‍ വേണ്ടത്
കരുണയാണല്ലോ.. കരുണയാണല്ലോ..
...
കപട ഭക്തരേ പരീശ്യരേ
നിങ്ങള്ക്ക് മുന്‍പേ സ്വര്‍ഗ്ഗത്തിലെത്തും,
ചുങ്കക്കാരും വേശ്യകളും. "


വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ എന്ന സിനിമയില്‍ അദ്ദേഹം വീണ്ടും എഴുതി
" നമ്മുടെ മണ്ണില്‍ നമുക്കുയര്‍ത്തുക നളന്ദകള്‍ .. സമഭാവനയുടെ നളന്ദകള്‍. "

ജീവിത വീക്ഷണം

വ്യക്തി ജീവിതത്തിന്റെ അര്‍ദ്ധം തേടിയുള്ള ശ്രമങ്ങളില്‍

മനുഷ്യ ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ഥ്യങ്ങളും മോഹങ്ങളും മോഹ ഭംഗങ്ങളും ചൂണ്ടി കാണിക്കാന്‍ അദ്ദേഹം മറന്നില്ല:

അശ്വമേധം എന്ന ചിത്രത്തില്‍ അദ്ദേഹം എഴുതി:

"കറുത്ത ചക്രവാള മതിലുകള്‍ ചൂഴും
കാരാഗ്രഹമാണ് ഭൂമി ..
തലയ്ക്കു മുകളില്‍ ശൂന്യാകാശം
താഴെ നിഴലുകളിഴയും നരകം…

വീണ്ടും: " ഒരിടത്തു ജനനം, ഒരിടത്തു മരണം
ചുമലില്‍ ജീവിത ഭാരം…
വഴിയറിയാതെ മുടന്തി നടക്കും..വിധിയുടെ ബലിമൃഗങ്ങള്‍ നമ്മള്‍..
ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ ..
ഇനിയൊരു വിശ്രമം എവിടെ ചെന്നോ ..
മോഹങ്ങള്‍ അവസാന നിമിഷം വരെ..മനുഷ്യ ബന്ധങ്ങള്‍ ചുടല വരെ.


വിവാഹ സമ്മാനം എന്ന ചിത്രത്തില്‍ അദ്ദേഹം പറയുന്നു: " ജനനത്തില്‍ നിന്നും മരണത്തിലേക്കൊരു പദയാത്രയല്ലോ ജീവിതം." ആ ജീവിതത്തില്‍ മോഹഭംഗങ്ങളും സ്‌നേഹ ഭംഗങ്ങളും കൂടപ്പിറപ്പാണ്.

ഇന്റര്‍വ്യൂ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വരികള്‍ ജീവിത ദുഖങ്ങളുടെ മൂല കാരണങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നു:

" കനകം മൂലം ദുഃഖം, കാമിനി മൂലം ദുഃഖം,
കണ്ണില്ലാഞ്ഞിട്ടും ദുഃഖം, കണ്ണുണ്ടായിട്ടും ദുഃഖം
ദുഃഖമയം, ദുഃഖമയം, ദുഃഖമയം ജീവിതം."
ബ്രഹ്മചാരിയില്‍ അദ്ദേഹം എഴുതി: "ഞാന്‍ ഞാന്‍ എന്ന ഭാവങ്ങളെ ..
പ്രാകൃത യുഗ മുഖ ഛായകളെ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
തിരകളും നിങ്ങളുമൊരുപോലെ "
സ്വപ്‌നങ്ങള്‍

പക്ഷെ അദ്ദേഹം ഒരു ശുഭാപ്തിവിശ്വാസി ആയിരുന്നു എന്ന് വേണം കരുതാന്‍.

ജീവിതത്തിന് അര്‍ദ്ധം കൊടുക്കുന്നതു സ്വപ്നങ്ങളാണ് എന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തുകയാണ് കാവ്യമേള എന്ന സിനിമയില്‍:

" സ്വപ്‌നങ്ങള്‍.. സ്വപ്‌നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ

നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീലോകം.." :

ഇതിന്റെ പശ്ചാലത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രേമ കാവ്യങ്ങളുടെ പ്രസക്തി. അഗ്‌നിമൃഗം എന്ന സിനിമയില്‍ അദ്ദേഹം സ്ത്രീ പുരുഷ പ്രേമത്തെപ്പറ്റി ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. " പ്രേമം സ്ത്രീ പുരുഷ പ്രേമം

ഭൂമിയുള്ള കാലം വരെയും
പൂവിടുന്ന ലോല വികാരം. .."


പക്ഷേ ചലനവും, മാറ്റവും, പരിണാമവും മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നും നമ്മളെ അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു:

വാഴ് വേ മായം എന്ന സിനിമയില്‍ അദ്ദേഹം എഴുതി:

"ചലനം ചലനം ചലനം.
മാനവ ജീവിത പരിണാമത്തിന്‍ മയൂര സന്ദേശം..
സ്വപ്നമൊരു വഴിയേ സത്യമൊരു വഴിയേ
അവയെ കണ്ണും കെട്ടി നടത്തും കാലം മറ്റൊരു വഴിയേ...

വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ എന്ന സിനിമയില്‍ അദ്ദേഹം മനുഷ്യന്റെ ബലഹീനതയിലേക്കു വിരല്‍ ചൂണ്ടി എഴുതി: " വെളിച്ചമേ നയിച്ചാലും.."

"ഗായത്രി" എന്ന സിനിമയില്‍ അദ്ദേഹം ഗായത്രി മന്ത്രത്തിലൂടെ ആ ദിവ്യമാം പ്രകാശത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മനസ്സിലെ പദ്മതീര്‍ത്ഥം ഉണര്‍ത്താന്‍ നമ്മളെ ഉത്‌ബോധിപ്പിക്കുന്നു:

"ഓം തത് സവിതുര്‍ വരേണ്യം,
ഭര്‍ഗോ ദേവസ്യ ധീമഹി
ദിയോ യോന പ്രചോദയാത് ..
പദ്മതീര്‍ത്ഥമേ ഉണരൂ മാനസ പദ്മതീര്‍ത്ഥമേ ഉണരൂ. "

അദ്ദേഹം ശാസ്ത്രത്തിലും തത്വദീക്ഷയിലും ആണ് മനുഷ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിരുന്നത് എന്ന് സൂചിപ്പിക്കുന്നതാണ് 'തൊട്ടാവാടി' എന്ന സിനിമയിലെ 'ഉപാസനാ ഉപാസനാ' എന്ന ഗാനത്തിലെ വരികള്‍.

ഉപാസനാ, ഉപാസനാ, ..
'സര്‍ഗസ്വരൂപിയാം ശാസ്ത്രം നിര്‍മിക്കും
അഗ്‌നികുണ്ഡങ്ങള്‍ക്കുള്ളില്‍ "

സത്യത്തെ തേടാനും, മനുഷ്യന്റെ മുഖം മൂടി വലിച്ചെറിയാനും അദ്ദേഹം നമ്മളെ ഉത്‌ബോധിപ്പിക്കുന്നു.

മനുഷ്യന്റെ വെറുപ്പിന്റെയും അസഹിഷ്ണതയുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ "സോക്രടീസുമാര്‍ ധാനിച്ചിരുക്കുമീ സ്വര്ണസോപാനത്തിനരികില്‍ കുരുക്ഷേത്ര ഭൂമിയിലെ വിഷപാത്രം വലിച്ചെറിയൂ" എന്നും അദ്ദേഹം മാനവ ജനതയെ ഉത്‌ബോധിപ്പിക്കുന്നു.

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ " വിശ്വാസ ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുംപോള്‍ , ധര്‍മ്മ നീതികള്‍ താടി വളര്‍ത്തി തപസ്സിരിക്കുമ്പോള്‍, തത്വ ശാസ്ത്രങ്ങള്‍ ഏതോ ചിതയില്‍ കത്തി എരിയുമ്പോള്‍, കുരുക്ഷേത്രത്തില്‍ ആയുധമില്ലാതെ അര്‍ജുനന്‍ നില്‍ക്കുമ്പോള്‍, അദ്ദേഹം ചോദിക്കുന്നു: "പ്രവാചകന്മാരെ പറയൂ പ്രഭാതം അകലെയാണോ

പ്രപഞ്ച ശില്പികളേ പറയൂ പ്രകാശം അകലെയാണോ"

ആ പ്രഭാതവും, പ്രകാശവും തേടി സ്വപ്‌നങ്ങള്‍ കണ്ടു പ്രേമിച്ചു സഹജീവികളോട് കരുണ കാണിച്ചു ജീവിത ഭാരങ്ങളും ദുഖവും പേറി അഹം എന്ന ഭാവം വെടിഞ്ഞു ഗായത്രി മന്ത്രം ജപിച്ചു മനസ്സിലെ പദ്മതീര്‍ത്ഥം ഉണര്‍ത്തി മനസ്സിലെ സ്‌നേഹവും നന്മയുമായ ഈശ്വര ചൈതന്യം ഉള്‍ക്കൊണ്ട് ജീവിത യാത്ര തുടരാന്‍ വയലാര്‍ കവിതകള്‍ നമ്മള്‍ക്ക് പ്രചോദനം നല്‍കട്ടെ.
Join WhatsApp News
tom 2018-10-31 10:34:09

Excellent article- please write more.

Manava Hridayangal Aayuda purakalayi...

Chekuthan Chirikkunu!

വിദ്യാധരൻ 2018-10-31 12:21:52
"രൂപശിൽപ്പത്തിന്റെ ലക്‌ഷ്യം ഒരിക്കലും രൂപശില്പമല്ല. അതിന്റെ തികവ് നാം നിർണ്ണയിക്കുന്നത് ആവിഷ്‌കൃത ദർശനത്തിന് പരാമാവധി ദീപ്തി നല്കുന്നതിനുള്ള കഴിവിനെ ആധാരമാക്കിയാണ് വയലാർ രാമവർമ്മയുടെ കവിതകൾക്ക് എപ്പോഴും ദീപശിഖയുടെ സ്വാഭാവമരുളുന്നത് ഈ ദർശന ദീപ്തിയാകുന്നു . ശുഭപ്രതീക്ഷനിർഭരമായ ഒരു ദർശനമാണത്. വയലാറിന്റെ വീരേതിഹാസത്തിന്റെ സന്താനമെന്ന നിലയ്ക്ക് ആ കവി രചിച്ച എല്ലാ കവിതകളും വായനക്കാരിൽ നിശ്ചയദാർഢ്യവും ശുഭപ്രതീക്ഷയും പകരുന്നു. മയങ്ങാനല്ല ഉണർന്നുത്തേജിതരാകാനാണ് അവ നമ്മെ പ്രേരിപ്പിക്കുന്നത്. മറക്കാനല്ല ഓർക്കാനാണ് -ചരിത്രത്തോടുള്ള കടമകൾ ഒരുക്കാനാണ് - ആ കവിതകൾ ആഹ്വാനം ചെയ്യുന്നത് .ഇക്കിളിയല്ല വീര്യമാണ് അവ നമ്മുടെ ഞാറുമ്പുകളിൽ പകരുന്നത് . വയലാർ രാമവർമ്മയുടെ കവിതകൾ വായിച്ചു പാകപ്പെടുന്ന മനസ്സുകൾ തങ്ങളുടെ ആദർശസ്വപ്നങ്ങൾക്കനുസരണമായി ഈ ലോകത്തെ ഉടച്ചു വാർക്കാനുള്ള വെമ്പലിനാൽ 
ധന്യമാകുകതന്നെ ചെയ്യും " (എം . കെ . സാനു )

ആചാരനുഷഠാനങ്ങളെ നില നിറുത്താൻ, സ്ത്രീകൾക്ക് പ്രത്യേക ക്ഷേതങ്ങൾ തീർക്കാൻ , അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം നില നിറുത്താൻ ബ്രാഹ്മണർ ജീവത്യാഗത്തിന് തയാറാക്കുമ്പോൾ, എന്റെ കാതുകളിൽ അനുരണനം ചെയ്യുന്ന കവിത അർത്ഥശൂന്യവും മനുഷ്യഗന്ധികളും  ആത്മാവ് നഷ്ടപെട്ട ആധുനിക കവിതകളല്ല നേരെമറിച്ച് 

ആരണ്യാന്തരഗഹ്വരോദരതപ-
      സ്ഥാനങ്ങളിൽ,സൈന്ധവോ -
ദാരശ്യാമമനോഭിരാമപുളിനോ-
     പാന്ത പ്രദേശങ്ങളിൽ ,
ആരന്തർമുഖമിപ്രപഞ്ചപരിണാ-
      മോത്ഭിന്നസർഗ്ഗക്രിയാ-
സാരം തേടിയലഞ്ഞു പ; -ണ്ടവരിലെ 
       ചൈതന്യമെൻ ദർശനം  (സർഗ്ഗസംഗീതം )

വയലാറിന്റെ ദർശനത്തിന്റെ പിന്നിലെ ചൈതന്യമെന്തെന്ന്  മേൽപ്പറഞ്ഞ കവിത വ്യക്തമാക്കുന്നു.   ആ ദർശനം ഉൾക്കൊണ്ട കവിക്ക് തനിക്ക് ആചാര അനുഷ്ഠാനങ്ങളിലൂടെ,   തലമുറകളിലൂടെ നേടിയ കരവാൾ വിറ്റ് മണിപൊൻവീണവാങ്ങണമെങ്കിൽ, വയലാർ തന്റെ പൂർവികരുടെ ദർശനം എന്തെന്ന് വ്യക്തമായും മനസ്സിലാക്കിയിരുന്നു 

വാളല്ലെൻ സമരായുധം, ഝണഝണ-
          ധ്വാനം മുഴക്കിടുവാ-
നാളെല്ലെൻകരവാളൂ വിറ്റൊരു മണി-
          പ്പൊൻവീണവാങ്ങിച്ചു ഞാൻ 
താളം രാഗലയശ്രുതിസ്വരമിവ-
         യല്ലാതെയൊന്നുമീ-
ന്നോളകുത്തുകൾ തീർക്കുവാൻ കഴിയുകി-
         ല്ലെൻ പ്രേമതീർത്ഥങ്ങളിൽ 

ആചാരങ്ങളും അനുഷഠാനങ്ങളൂം സമൂഹത്തെ ഒന്നിപ്പിച്ചു ഈ ലോകജീവിതത്തെ ധന്യമാക്കാൻ സഹായിക്കുന്നില്ലെങ്കിൽ അതിനെ തച്ചുടയ്ക്കുക തന്നെ വേണം . അല്ലാതെ സ്ത്രീയും പുരുഷനും ഹിന്ദുവും ക്രിസ്ത്യാനിയും അവര്ണനും സവര്ണനും എന്ന ഭിന്നിപ്പുണ്ടാക്കി അവർക്കായി സുരേഷ് ഗോപി ചെയ്യുന്നതുപോലെ പ്രത്യക അമ്പലങ്ങൾ സൃഷ്ടിക്കുകയിയല്ല വേണ്ടത് ശ്രീനാരായണഗുരുവിനെപ്പോലെ  ;മതങ്ങൾക്കതീതമായ് മനുഷ്യൻ" എന്ന ചിന്ത മനുഷ്യരിൽ വളർത്തുകയാണ് കവികളും, കലാകാരന്മാരും സാമൂഹ്യാ പ്രവർത്തകരും ചെയ്യേണ്ടത് 

"മതങ്ങൾക്കതീതമായ് 
            മനുഷ്യൻ ; -മറ്റാരുമീ 
മധുരാക്ഷര മന്ത്രം 
        ചൊല്ലിയില്ലിന്നേവരെ' ( ശ്രീനാരായണഗുരു)

ആചാരാനുഷ്ഠാനങ്ങൾ കാത്തു സൂക്ഷിച്ച് സ്ത്രീകളെ ഓടിക്കാൻ ശ്രമിക്കുന്ന ഭക്തനാർ ചെയ്യേണ്ടത് അവരുടെ പൂർവികരുടെ ദർശനം ഉൾകൊള്ളാൻ, നാമജപങ്ങൾ നിറുത്തി, 'ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളിൽ' പോയി ഏകാഗ്രതയോടെ ഇരുന്ന് തങ്ങളുടെ വക്രചിന്തകൾക്ക് മാറ്റം വരുത്തി മനുഷ്യർ ഒരു ജാതി എന്ന ദർശനം ആർജ്ജിച്ചു വരുകയാണ് വേണ്ടത് ,

കപട ദൈവങ്ങളെയും സന്യസി. പുരോഹിത വര്ഗാത്തെയും കവി വെറുതെവിട്ടില്ല . അവരുടെ കാപട്യത്തിന്റെ തൊലി ഉരിച്ചുകാണിക്കാൻ കവി കിട്ടിയ അവസരങ്ങൾ ഉപയോഗിച്ചിട്ടുണ്ട് 

പ്രസംഗവേദിയിലെണീറ്റു നിന്നു 
പ്രസിദ്ധനാമാസന്യാസി 
കാവിയുടുപ്പുകൾ അണിഞ്ഞുകൊണ്ട് 
കൈകൾ കൂപ്പി സന്യാസി 
തുടുത്ത കൈതണ്ടിന്മേൽപ്പറ്റി 
കിടന്ന വാച്ചൊരു നക്ഷത്രം 
ശിരസ്സ് മുണ്ഡിമാണതിനുള്ളിൽ 
നിറഞ്ഞിരിപ്പു വേദാന്തം 
ചിരിച്ചിടുമ്പോൾ സ്വർണ്ണപല്ലിന് 
ചിനപ്പിനുണ്ടൊരു ചൈതന്യം  (സന്യാസി )

കവി മണ്മറഞ്ഞുപോയിട്ടും കാലം കടന്നുപോയിട്ടും ഇവിടെ മതത്തിന്റെയും അതിന് ചുക്കാൻ പിടിക്കുനന്നവരുടെയും കാപട്യത്തിന് മാറ്റമില്ല . ബുദ്ധിശൂന്യരായ ജനങ്ങളെ അവർ കൊള്ളയടിക്കുമ്പോൾ, അവർക്ക് വേണ്ടി മണിവീണ മീട്ടുവാൻ ഇക്കാലത്തെ എഴുത്തുകാർ തുനിയുന്നു എന്നതാണ് ഈ കാലഘട്ടത്തിന്റെ ദുഃഖകാമായ അവസ്ഥ 

മനുഷ്യൻ അനാചാരങ്ങളെ മുറുകെ പിടിക്കുമ്പോൾ കവി ഗർജ്ജിക്കുന്നത് നമ്മൾക്ക് കേൾക്കാൻ കഴിയും 

"ജടയുടെ സംസ്കാരപ്പനയോലക്കെട്ടൊക്കെ 
പൊടിതട്ടിപ്പുഴുകുത്തിച്ചിതലുമുറ്റി 
ചികയുന്നോ? ചിരിവരും, ചിതലിനിയുമുണ്ടെന്നോ ?
ചിതയിലേക്കവഎടുത്തെറിയൂ വേഗം ...! (ആ ഗർജ്ജനങ്ങൾ )

തല്ലിയൊടിച്ചു ചെറുക്കനെ കപ്പിയാർ
കള്ള നേതാവാണവൻ  ചോദിച്ചു വൈദികൻ 
ആരോ പറഞ്ഞു മരിച്ച പുണ്യാളന്റെ 
പേരകിടത്താനിടിച്ചാണ്ടിയാണവൻ  (ഇത്താപ്പിരി )

സംഘടിത മതത്തിന്റെ കൈൽ ആത്മീയമൂല്യങ്ങൾ കമ്പോളചരക്കാകുന്നതിനെ കവി വർണ്ണിക്കുമ്പോൾ വായനക്കാർ ഞെട്ടിപോകും 

വയലാറിനെ കുറിച്ചെഴുത്തായാലും എഴുതിയാലും തീരുകയില്ല . അദ്ദേഹം കയ്യ് വയ്ക്കാത്ത മേഖലകൾ ഇല്ല . അദേഹത്തിന്റെ കവിതകൾ വായിച്ചതിനു ശേഷം, സിനിമാഗാനങ്ങൾ ശ്രവിക്കുമ്പോൾ, നമ്മളുടെ സ്‌മൃതി പതങ്ങളിൽ അത് ഒരിക്കലും മായാത്ത ഓർമ്മകളെ ആലേഖനം ചെയ്യിതിരിക്കും . മനുഷ്യർക്ക് മനസിലാകാത്ത ആധുനിക കവിതകൾ എഴുതി സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു ജീവിക്കയുന്ന കവികൾ എന്ന് സ്വയം വിളിക്കുന്നവർ, ഇദ്ദേഹത്തിന്റ കവിതകൾ വായിച്ചാൽ അവരുടെ അന്തര്‍മുഖതയ്ക്ക് ശാന്തി ലഭിക്കുകയും വീണ്ടും സമൂഹമായി ചേർന്ന് സഞ്ചരിക്കാനും കഴിയും 

വയലാർ മരിച്ചിട്ട് ഇന്ന് നാൽപ്പത്തി മൂന്നു വര്ഷം കഴിഞ്ഞിരിക്കുന്നു (ഒക്ടോബർ 27,1975 ).   ഈ അവസരത്തിൽ ഉചിതമായ ഒരു ലേഖനം തയാറാക്കി അവതരിപ്പിച്ച പോന്നോലിക്ക് വയലാറിന്റെ ഭാഷയിൽ അഭിവാദനങ്ങൾ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക