Image

കാണാതായ പ്രൊഫസറുടേയും ഭര്‍ത്താവിന്റേയും മൃതദേഹം കണ്ടെത്തി- മകന്‍ അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 01 November, 2018
കാണാതായ പ്രൊഫസറുടേയും ഭര്‍ത്താവിന്റേയും മൃതദേഹം കണ്ടെത്തി- മകന്‍ അറസ്റ്റില്‍
സെന്‍ട്രല്‍ ഇല്ലിനോയ്: ഒക്ടോബര്‍ 24 ന് കാണാതായ പിയോറിയ ബ്രാഡ്‌ലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജോലി കഴിഞ്ഞെത്തിയ ഇംഗ്ലീഷ് പ്രഫസര്‍ ബ്രില്‍ ഡിറമിറസ് (63) , സ്‌കൂള്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍  ജോലി ചെയ്യുന്ന ഭര്‍ത്താവ് റമിറസ് ബാറന്‍ (63) എന്നിവരാണു കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 24 ന് ആണ് സംഭവം. മൃതദേഹം ഒക്ടോബര്‍ 30നു അന്നവാന്‍ സ്പൂണ്‍ റിവറില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു.

ഇരുവരേയും കൊലപ്പെടുത്തിയത് ഇരുപത്തി ഒന്ന് വയസ്സുള്ള മകന്‍ ഓസെ റമിറസ് ആണെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ച തന്നെ മകന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് 3 മില്യന്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചതായും, നവംബര്‍ 29 ന് വീണ്ടും കോടതിയില്‍ ഹാജരാകണമെന്നും പിയോറിയ കൗണ്ടി ഷെറിഫ് ബ്രയന്‍ ആഷ്ബണ്‍ പറഞ്ഞു.

വ്യാഴാഴ്ച ജോലി കഴിഞ്ഞു വീട്ടില്‍ എത്തി ഉറങ്ങുകയായിരുന്ന മാതാപിതാക്കളുടെ മുഖത്തു പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച ശേഷം ആദ്യം പിതാവിനേയും പിന്നീട് മാതാവിനേയും നിരവധി തവണ കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയതിനു ശേഷം  തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ പിതാവിന്റെ എസ്‌യുവിയില്‍ കൊണ്ടുപോയി 50 മൈല്‍ ദൂരെയുള്ള ബ്രിഡ്ജില്‍ നിന്നും റിവറിലേക്കു തള്ളിയിടുകയായിരുന്നുവെന്നാണ് പ്രതി മൊഴി നല്‍കിയതെന്ന് സ്റ്റേറ്റ് അറ്റോര്‍ണി സേവ് കെന്നി പറഞ്ഞു.

മാതാപിതാക്കളുടെ ശല്യം സഹിക്കാനാവാത്തതാണ് കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞു. ഈ സംഭവം അറിഞ്ഞിട്ടും മറച്ചുവച്ച ഒസെയുടെ സുഹൃത്ത് മാത്യു റോബര്‍ട്ടിനേയും പൊലീസ് അറസ്റ്റ് ചെയ്തു.
കാണാതായ പ്രൊഫസറുടേയും ഭര്‍ത്താവിന്റേയും മൃതദേഹം കണ്ടെത്തി- മകന്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക