Image

സയ്യിദിനെതിരെ തെളിവുണ്ടായിട്ടും ഒന്നും ചെയ്തില്ല: ഇന്ത്യ

Published on 06 April, 2012
സയ്യിദിനെതിരെ തെളിവുണ്ടായിട്ടും ഒന്നും ചെയ്തില്ല: ഇന്ത്യ
ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനും പാകിസ്താനിലെ ജമാ അത്തുദ്ദവയുടെ മേധാവിയുമായ ഹാഫിസ് മുഹമ്മദ് സയ്യിദിനെ കുറ്റവിചാരണ നടത്തുന്നതിന് സഹായം നല്‍കുമെന്ന അമേരിക്കയുടെ പ്രസ്താവന ചര്‍ച്ചയാകുന്നതിനിടെ സയ്യിദിനും പാകിസ്താനുമെതിരെ വിമര്‍ശനവുമായി ഇന്ത്യയും രംഗത്ത്. മുംബൈ ഭീകരാക്രമണത്തില്‍ സയ്യിദ് ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടും പാകിസ്താന്‍ നടപടിയെടുത്തില്ലെന്ന് വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു. 

സയ്യിദിനെതിരായ തെളിവുകള്‍ ഇന്ത്യ നേരത്തെ കൈമാറിയിരുന്നു. എന്നിട്ടും പാകിസ്താന്‍ യാതൊന്നും ചെയ്തില്ല. പാകിസ്താന്‍ നിഷേധിച്ചതുകൊണ്ട് തെളിവുകള്‍ ഇല്ലാതാകുന്നില്ലെന്നും എസ്.എം.കൃഷ്ണ പറഞ്ഞു. ഹാഫിസ് മുഹമ്മദ് സയ്യിദിനെതിരെ വ്യക്തമായ തെളിവുകള്‍ നല്‍കിയാല്‍ നടപടിയെടുക്കാമെന്ന് കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി വ്യക്തമാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രി. 

സയ്യിദിന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച അമേരിക്ക ഈ നിലപാടില്‍ ചെറിയ അയവ് വരുത്തിയതും ശ്രദ്ധേയമായി. സയ്യിദിന്റെ താവളം കണ്ടെത്തുവര്‍ക്കോ അദ്ദേഹത്തെ യു.എസിലോ വിദേശത്തോ ഉള്ള കോടതികളില്‍ വിചാരണ ചെയ്യുന്നതിനോ ആവശ്യമായ സഹായം ചെയ്ത് നല്‍കുമെന്നാണ് തിരുത്തിയ അമേരിക്കയുടെ പ്രസ്താവന. അമേരിക്ക തലയ്ക്ക് വിലയിട്ട വാര്‍ത്ത പുറത്തുവന്ന ഉടനെ പാകിസ്താനില്‍ വാര്‍ത്താസമ്മേളനം വിളിച്ച് സയ്യിദ് യു.എസ്. പ്രസ്താവനയെ പരിഹസിക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക