Image

തുടര്‍ക്കഥയാവുന്ന സെല്‍ഫി മരണങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

Published on 01 November, 2018
തുടര്‍ക്കഥയാവുന്ന സെല്‍ഫി മരണങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)
മലയാള സിമിമയിലെ സെക്‌സി നായികമാരില്‍ ഒരാളാണ് തൃഷ കൃഷ്ണ. പക്ഷെ തൃഷ എന്ത് തന്നെ ധരിച്ചാലും അത്രയ്ക്ക് അശ്ലീലമായി തോന്നാറില്ല. എന്നാലിപ്പോള്‍ തൃഷയുടെ ഒരു സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അതല്‍പം സെക്‌സിയാണ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ എടുത്ത ചിത്രമാണ്. മേക്ക് അപ്പ് ഒന്നും ഇല്ലാത്ത തൃഷ. എന്നിരുന്നാലും സുന്ദരിയാണ്. മാറിടത്തിലെ ടാറ്റു വരെ പുറത്ത് കാണാം. ഈ ഫോട്ടോ തൃഷ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തതല്ല. എങ്ങനെയോ ലീക്കായ ചിത്രം പിന്നീട് വൈറലാകുകയായിരുന്നു.

ഇനി കര്‍ണാടകത്തില്‍ നിന്നുള്ള ഒരു വാര്‍ത്ത. മൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നവരെ കുടുക്കാന്‍ കര്‍ണാടക വനം വകുപ്പിന്റെ നീക്കം. ഇങ്ങനെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് നിരവധി പേര്‍ അപകടത്തില്‍ പെടുകയും മരിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. വന്യമൃഗങ്ങളെ ശല്യപ്പെടുത്തുന്നതായി ഈ സെല്‍ഫി ഭ്രാന്ത് മാറിയിട്ടുണ്ട് എന്ന വിലയിരുത്തലും വനം വകുപ്പിനുണ്ട്. വനത്തിലൂടെയുള്ള റോഡുകളില്‍ സഞ്ചരിക്കുന്നവരാണ് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരിലധികവും.വലിയ തുക ഫൈനായി ഈടാക്കാനാണ് വനംവകുപ്പിന്റെ തീരുമാനമെന്നറിയുന്നു. ഇതൊക്കെ പരിക്കില്ലാത്ത സെല്‍ഫി വാര്‍ത്തകളാണ്.

സ്മാര്‍ട്ട് ഫോണ്‍ യുഗത്തിന് തുടക്കം കുറിച്ചതോടെ സെല്‍ഫിയെടുക്കല്‍ ഒരു ലോക സംസ്കാരമായിത്തന്നെ മാറിയിട്ടുണ്ട്. സെല്‍ഫി ലോകം മുഴുവന്‍ തരംഗം ആയി മാറുന്നതിനിടയില്‍ സെല്‍ഫി മരണങ്ങളും സംഭവിക്കുണ്ടെന്ന വാര്‍ത്തകളും ഞെട്ടിപ്പിക്കുന്നതാണ്. 2011 ഒക്‌ടോബര്‍ മുതല്‍ 2017 നവംബര്‍ വരെയുള്ള ആറു വര്‍ഷക്കാലത്ത് ലോകമെമ്പാടും 250 സെല്‍ഫി മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകരുടെ പഠനം തെളിയിക്കുന്നു. "ഫാമിലി മെഡിസിന്‍ ആന്‍ഡ് പ്രൈമറി കെയര്‍' എന്ന ജേര്‍ണലിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജലാശയങ്ങളുടെ വക്കില്‍ നിന്ന് സെല്‍ഫിയെടുക്കുമ്പോള്‍ കാല്‍വഴുതി വീണുള്ള മുങ്ങി മരണങ്ങളോ ഓടിയെത്തുന്ന ട്രെയിനിനു മുമ്പില്‍ നിന്നു കൊണ്ടുള്ള സെല്‍ഫിയെടുക്കലോ കീഴ്ക്കാംതൂക്കായ പാറയില്‍ നിന്നുള്ള സെല്‍ഫിയെടുക്കലോ വന്യമൃഗങ്ങള്‍ക്കൊപ്പം നിന്നുള്ള ചിത്രം പകര്‍ത്തലോ ഒക്കെയാണ് സെല്‍ഫി മരണങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യയിലാണത്രേ ഏറ്റം കൂടുതല്‍ സെല്‍ഫി മരണങ്ങള്‍. ഇതര രാജ്യങ്ങളും ഒട്ടും പിന്നോട്ടല്ല. ഒരു സെലിബ്രിറ്റിക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ല. എന്നാല്‍ റിസ്ക്ക് എടുത്തുകൊണ്ടുള്ള സെല്‍ഫികളാണ് പലപ്പോഴും മരണത്തില്‍ കലാശിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ആഗം ബെന്‍സാല്‍ പറഞ്ഞു.

ഇക്കൊല്ലം ഇതുവരെ നിരവധി സെല്‍ഫി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം അമേരിക്കയില്‍ രണ്ട് സെല്‍ഫി മരണങ്ങള്‍ ഉണ്ടായി. സെപ്റ്റംബര്‍ അഞ്ചിന് ജറുസലേമില്‍ നിന്നുള്ള ദീര്‍ഘദൂര നടത്തക്കാരന്‍ യോസ്മിറ്റി നാഷണല്‍ പാര്‍ക്കിലെ 800 അടിയോളം ഉയരമുള്ള പാറക്കെട്ടിന്റെ തുഞ്ചത്തു നിന്നും വീണു മരിക്കുകയുണ്ടായി. നെവാഡ വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു ഈ 18കാരന്റെ അന്ത്യം. കൃത്യം രണ്ടാഴ്ച കഴിഞ്ഞ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു 32കാരിയും ഇതേ രീതിയില്‍ മരണമടഞ്ഞു. മിഷിഗണിലെ പിച്ചേഡ് റോക്‌സ് നാഷണല്‍ ലേക് ഷോറിലായിരുന്നു ഇവരുടെ അന്ത്യം. 200 അടി ഉയരമുള്ള ക്ലിഫില്‍ നിന്നായിരുന്നു ഇവര്‍ നിലംപതിച്ചത്.

ഇങ്ങനെ ലെല്‍ഫി മരണങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ സെല്‍ഫിയെടുക്കുന്നതിന്റെ പിന്നിലുള്ള ശാസ്ത്രീവും മനശാസ്ത്രപരവുമായ കാര്യങ്ങള്‍ അറിയാന്‍ കാലിഫോര്‍ണിയയിലെ സതേണ്‍ സര്‍വ്വകലാശാലയില്‍ സെല്‍ഫി കോഴ്‌സ് ഉണ്ടെന്നുള്ളതും ശ്രദ്ധേയം. സെല്‍ഫി എന്നത് വെറും ക്ലിക്കിംഗ് മാത്രമല്ല അതിനൊരു വ്യക്തിയുടെ സ്വഭാവം തന്നെ പ്രതിഫലിപ്പിക്കാന്‍ പറ്റുമെന്ന് അസോസിയേറ്റ് പ്രൊഫസര്‍ മാര്‍ക്ക് മറിനോ പറയുന്നു.

സ്വന്തം മുഖം സ്വന്തം മൊബൈല്‍ ക്യാമറയില്‍ പതിപ്പിക്കുന്നതിന്റെ കൗതുകത്തിനപ്പുറം ചിലതൊക്കെയുണ്ട് ഈ പുത്തന്‍ ഏര്‍പ്പാടിന്. ""ഞാനിവിടെ ജീവിച്ചിരിക്കുന്നു'' എന്ന ഉറച്ച പ്രഖ്യാപനമാണ് ഓരോ സെല്‍ഫിയും. അതുകൊണ്ട് തന്നെ ഒരുവന്റെ സ്ഥലകാല വിവരങ്ങള്‍ അടയാളപ്പെടുത്തുകയും തന്റെ അസ്തിത്വം ഊട്ടി ഉറപ്പിക്കുകയും ചെയ്യുകയാണ് സെല്‍ഫികള്‍. പക്ഷേ, ജീവിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കാനായി സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യും മുമ്പ് മരിക്കുന്നതാണ് ഏറ്റം ദാരുണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക