Image

സൈന്യത്തിന്റെ അട്ടിമറി വിവാദം: പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കേന്ദ്ര സഹമന്ത്രി

Published on 06 April, 2012
സൈന്യത്തിന്റെ അട്ടിമറി വിവാദം: പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കേന്ദ്ര സഹമന്ത്രി
ന്യൂഡല്‍ഹി: സൈന്യം അട്ടിമറി നീക്കം നടത്തിയെന്ന വാര്‍ത്തയെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കേന്ദ്ര സഹമന്ത്രി വി.നാരായണ സ്വാമി. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ഇക്കാര്യത്തില്‍ നിലപാടുകള്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. 

ഇക്കഴിഞ്ഞ ജനുവരിയില്‍ രാജ്യത്ത് പട്ടാളം അട്ടിമറിക്കു ശ്രമിച്ചുവെന്ന റിപ്പോര്‍ട്ട് തികച്ചും അടിസ്ഥാനരഹിതവും പരിഭ്രാന്തി സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും പ്രതിരോധ മന്ത്രി എ. കെ. ആന്റണിയും അറിയിച്ചിരുന്നു. 

കരസേനയുടെ പരിശീലനത്തിന്റെ  ഭാഗമായി നടത്തുന്ന സേനാ നീക്കം മാത്രമായിരുന്നു ഇതെന്നും മുന്‍ വര്‍ഷങ്ങളിലും ഇതു നടത്തിയിട്ടുണ്ട് എന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതെക്കുറിച്ച് എല്ലാ വിവരങ്ങളും ഹാജരാക്കാന്‍ പാര്‍ലമെന്റിന്റെ പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി, പ്രതിരോധ സെക്രട്ടറി ശശി കാന്ത് ശര്‍മയോടും കരസേനാ ഉപമേധാവി എസ്.കെ. സിങ്ങിനോടും ആവശ്യപ്പെടുകയും ചെയ്തു. 

ബുധനാഴ്ച ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ജനുവരി 16ന് കരസേന ഇന്ത്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കരസേനാ മേധാവി ജനറല്‍ വി. കെ. സിങ്ങിന്റെ ജനനത്തീയതി സംബന്ധിച്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്ന ദിവസമായിരുന്നു അന്ന്. 

ഹരിയാനയിലെ ഹിസാറില്‍ നിന്ന് മെക്കനൈസ്ഡ് ഇന്‍ഫന്ററിയുടെ ഒരു യൂണിറ്റും ആഗ്രയില്‍ നിന്ന് 50 പാരാ ബ്രിഗേഡിന്റെ ഒരു യൂണിറ്റും ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി എന്നാണ് വാര്‍ത്ത. ഹിസാറില്‍ നിന്ന് യുദ്ധോപകരണങ്ങളുമായി നീങ്ങിയ സൈന്യം നജഫ്ഗഡ് വരെയെത്തി. ആഗ്രയില്‍ നിന്നുള്ള സൈന്യം പാലം വിമാനത്താവളത്തിനു സമീപത്തും എത്തി. 

സൈന്യത്തിലെ മറ്റു വിഭാഗങ്ങളെയോ പ്രതിരോധ മന്ത്രാലയത്തെയോ അറിയിക്കാതെയും സൈനിക വിജ്ഞാപനം പുറപ്പെടുവിക്കാതെയുമായിരുന്നു ഈ നീക്കം. എന്നാല്‍ 16ന് രാത്രിയോടെ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഉള്‍പ്പെടെയുളളവര്‍ക്ക് ഇതെക്കുറിച്ച് സൂചന ലഭിക്കുകയും അവര്‍ രണ്ട് യൂണിറ്റിനോടും മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നായിരുന്നു വാര്‍ത്ത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക