Image

ഹോട്ടലുകളില്‍ ഭക്ഷണ വില വീണ്ടും കൂടുന്നു

Published on 06 April, 2012
ഹോട്ടലുകളില്‍ ഭക്ഷണ വില വീണ്ടും കൂടുന്നു
കൊച്ചി: ഹോട്ടലുകളില്‍ ഭക്ഷണ വിലവീണ്ടും കൂടുന്നു. പാചക വാതക വില വര്‍ധിപ്പിച്ചതിന്റെ മറവില്‍ പല ഹോട്ടലുകളും നിരക്കുകള്‍ വര്‍ധിപ്പിച്ച് കഴിഞ്ഞു. 20 മുതല്‍ 30 ശതമാനം വരെയാണ് വര്‍ധന. അഞ്ച് രൂപയ്ക്ക് ചായ കിട്ടുന്ന കാലം കഴിയുകയാണ്. പെട്ടിക്കടകളില്‍ ചായക്ക് ചുരുങ്ങിയത് രണ്ടു രൂപയെങ്കിലും വില കൂടുമ്പോള്‍ ഹോട്ടലുകളില്‍ ഇനി തൊട്ടതെല്ലാം പൊള്ളും. ഹോട്ടലുപേക്ഷിച്ച് സ്വയം ഭക്ഷണം പാകം ചെയ്താലോ എന്ന ചിന്തയിലാണ് പലരും.

ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ വില നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല. വിലനിര്‍ണയത്തില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഒരു കവലയില്‍ നാല് ഹോട്ടലുകളുണ്ടെങ്കില്‍ നാലിലും നാല് വില തുടരുന്നു. ഭക്ഷത്തിന്റെ നിലവാരം സ്വയം നിശ്ചയിച്ച് വിലയിടുന്ന ഹോട്ടലുകളില്‍ വിശക്കുന്നവന്റെ വയറ്റത്തടിക്കുന്ന പുതിയ വിലവിവരപട്ടിക ഒരുങ്ങിക്കഴിഞ്ഞു.

മൂന്ന് മാസത്തിനുള്ളില്‍ നിരവധി തവണ വിലവര്‍ധിപ്പിച്ച ഹോട്ടലുകളാണ് വീണ്ടും ഭക്ഷണവില കൂട്ടാനൊരുങ്ങുന്നത്. പല ഹോട്ടലുകളും ന്യായ വില ഈടാക്കുമ്പോള്‍ ആള്‍ കയറുന്നതനുസരിച്ച് ഭക്ഷണത്തിന് വിലയിടുന്ന ഹോട്ടലുകളുമുണ്ട്.

അരി, പലവ്യഞ്ജനങ്ങള്‍, വെള്ളം, വൈദ്യുതി എന്നിവയുടെ നിരക്കു കൂടിയപ്പോഴൊക്കെ ഭക്ഷണ വില കൂട്ടിയവര്‍ ഇപ്പോള്‍ പറയുന്ന കാരണം പാചക വാതകത്തിന്റെ വില വര്‍ധന. ശരാശരി ഏഴ് രൂപയ്ക്ക് കിട്ടിയിരുന്ന എണ്ണ പലഹാരങ്ങള്‍ക്ക് പത്ത് രൂപയാകും. എട്ട് രൂപയുടെ പുട്ടിന് രണ്ട് രൂപ വര്‍ധിക്കും. മലയാളികളുടെ ദേശീയ ഭക്ഷണമെന്ന ഖ്യാതി നേടിയ പൊറോട്ടക്ക് പന്ത്രണ്ട് രൂപ വരെ നല്‍കേണ്ടിവരും. മുട്ടക്കറിക്കും അഞ്ച് രൂപവരെ കൂടും. ചിക്കന്‍ ബിരിയാണിയുടെ വില 70രൂപയില്‍ നിന്നും 90 രൂപവരെ ഉയരാം. മസാല ദോശയ്ക്കും പത്ത് രൂപ വരെ കൂടും. വില കഴുത്തറപ്പനെങ്കിലും, വയര്‍ വിളിച്ചാല്‍ വിളികേള്‍ക്കാതിരിക്കാനാകുമോ എന്നാണ് ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കുന്നവരുടെ ചോദ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക