നടിയും ഗായികയുമായ വസുന്ധരദാസിനെ നടുറോഡില്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. ബെംഗളുരു മല്ലേശ്വരം പോലീസ് സ്റ്റേഷനിലാണ് വസുന്ധര ഇതു സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്ക് മല്ലേശ്വരം മര്‍ഗോസ റോഡില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടി നിയമം തെറ്റിച്ച് ട്രാഫിക് സിഗനലില്‍ വച്ച് തന്റെ ടൊയോട്ടോ എറ്റിയോസിന്റെ വഴി മുടക്കിയെന്നാരോപിച്ചാണ് കാബിന്റെ ഡ്രൈവര്‍ പ്രശ്നമുണ്ടാക്കിയത്.
കാര്‍ ഓടിച്ചു പോയ തന്നെ നാലു കിലോമീറ്ററോളം പിന്തുടര്ന്ന് മറ്റൊരു സിഗനലില്‍ തടഞ്ഞു വച്ചാണ് ഡ്രൈവര്‍ അധിക്ഷേപിച്ചു സംസാരിച്ചതെന്ന് വസുന്ധര പരാതിയില്‍ പറയുന്നു.
ആരോപണ വിധേയനായ ക്യാബ് ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കമലഹാസിന്റെ ഹേ റാമിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ച വസുന്ധര രാവണപ്രഭുവില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് മലയാളത്തിലെത്തിയത്. പിന്നീട് വജ്രത്തില്‍ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു.
നടിയെന്ന നിലയിലും ഗായികയെന്ന നിലയിലും മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായിരുന്ന വസുന്ധര ദാസ് പക്ഷേ കഴിഞ്ഞ പത്തു വര്‍ഷമായി സിനിമാ മേഖലയില്‍ സജീവമല്ല.