Image

`അവന്‍ ഇവിടെയില്ല ...' (മണ്ണിക്കരോട്ട്‌)

Published on 06 April, 2012
`അവന്‍ ഇവിടെയില്ല ...' (മണ്ണിക്കരോട്ട്‌)
അവര്‍ അതിരാവിലെ എഴുന്നേറ്റു; മഗ്‌ദലന മറിയമും യാക്കോബിന്റെ അമ്മ മറിയമും. അപ്പോള്‍ സൂര്യന്റെ കിരണങ്ങള്‍ ഭൂമിയില്‍ പതിഞ്ഞിട്ടില്ലായിരുന്നു.

കല്ലറയില്‍ വിശ്രമിക്കുന്ന തങ്ങളുടെ സ്വര്‍ഗ്ഗീയനാഥന്റെ ചേതനയറ്റശരീരം ഒരിക്കല്‍കൂടി കാണണം. അധികാരികള്‍ മനഃപൂര്‍വ്വം ക്രൂശിലേറ്റിയ സാക്ഷാല്‍ കര്‍ത്താവായ യേശുക്രിസ്‌തു.

ആ ശരീരത്തില്‍ സൂഗന്ധക്കൂട്ടുകള്‍ വാരി വിതറണം. അവര്‍ തങ്ങള്‍ തയ്യാറാക്കിവച്ചിരുന്ന സുഗന്ധക്കൂട്ടും കയ്യിലെടുത്തു. അത്‌ ആഴ്‌ചയുടെ ആദ്യദിവസമായിരുന്നു. കര്‍ത്താവിനെ കല്ലറയില്‍ വച്ചതിന്റെ മൂന്നാം ദിവസം.

അവര്‍ തിടുക്കത്തില്‍ കല്ലറയ്‌ക്കരികെ ചെന്നു. അവര്‍ ആശ്ചര്യപ്പെട്ടു. എന്താണ്‌ സംഭവിച്ചിരിക്കുന്നത്‌. അവനെ കിടത്തിയിരുന്ന കല്ലറയുടെ കവാടം അടച്ചിരുന്ന കൂറ്റന്‍ കല്ല്‌ മാറ്റിയിരിക്കുന്നു. ഇതെങ്ങനെ സാധിക്കും? കല്ലറയ്‌ക്ക്‌ കാവലും ഉണ്ടായിരുന്നുവല്ലോ.

അവര്‍ പരിഭ്രമിച്ചു. അവര്‍ ഓടി. നേരേ അവന്റെ ശിഷ്യന്മാരുടെ അടുത്തു ചെന്നു. പത്രോസിനെയും യേശു സ്‌നേഹിച്ചിരുന്ന മറ്റൊരു ശിഷ്യനെയുമാണ്‌ അടുത്തുകണ്ടത്‌. തിടുക്കത്തില്‍ അവരോട്‌ വിവരം പറഞ്ഞു.

അവരും കല്ലറയുടെ അടുത്തേക്കോടി. മറ്റെ ശിഷ്യനാണ്‌ ആദ്യം എത്തിയത്‌. അവന്‍ കല്ലറയില്‍ എത്തിനോക്കി. അവിടെ കണ്ട കാഴ്‌ച അവനേയും അത്ഭുതപ്പെടുത്തി. കര്‍ത്താവിന്റെ ശരീരം അവിടെയില്ല. അവനെ അണിയിച്ചിരുന്ന കച്ചമാത്രം അവിടെയുണ്ട്‌. എന്നാല്‍ ആ ശിഷ്യന്‍ അകത്തു കയറാന്‍ ഭയപ്പെട്ടു.

അപ്പോഴേക്കും പത്രോസും അവിടെ എത്തിക്കഴിഞ്ഞിരുന്നു. പത്രോസ്‌ ഒട്ടും താമസിച്ചില്ല. നേരെ കല്ലറയ്‌ക്കുള്ളിലേക്ക്‌ കയറി. യേശുവിന്റെ ശരീരം അവിടെയില്ല എന്ന്‌ ഉറപ്പു വരുത്തി. താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രവചനം അവര്‍ ഓര്‍ത്തു.

ഈ സമയമത്രയും ആ സ്‌ത്രീകള്‍ തങ്ങളുടെ നാഥനെ കാണാത്തതിനാല്‍ ദുഃഖിതരായി വെളിയില്‍ കാത്തുനിന്നു. അവരുടെ കണ്ണുകള്‍ നിറഞ്ഞു. അത്‌ കവിഞ്ഞൊഴുകാന്‍ തുടങ്ങി. ക്രമേണ അവര്‍ ധൈര്യം സംഭരിച്ചു. കല്ലറയിലേക്കു നോക്കാന്‍ തന്നെ തീരുമാനിച്ചു.

അവരുടെ ശ്വസോച്ഛ്വാസത്തിന്റെ വേഗത കൂടിക്കൊണ്ടിരുന്നു. ഭയത്തോടും വിറയലോടുംകൂടെയാണ്‌ അവര്‍ കല്ലറയിലേക്കുനോക്കിയത്‌. അത്ഭുതംതന്നെ. യേശുവിന്റെ ശരീരം അവിടെയില്ല. ആ ശരീരം ആരെങ്കിലും എടുത്തുകൊണ്ടുപോയിട്ടുണ്ടാകും. അവന്റെ ശത്രുക്കള്‍ ഏറ്റവും ശക്തിരായിരുന്നു. അവര്‍ എന്തും ചെയ്യാന്‍ മടിക്കുന്നവരല്ല.

എന്നാല്‍ അവിടെ എന്തോ അഭൗമികമായ പ്രകാശം പരന്നൊഴുകുന്നു. മിന്നല്‍പിണര്‍പോലെ പ്രകാശിക്കുന്ന വസ്‌ത്രമണിഞ്ഞ രണ്ടു ദൂതന്മാര്‍ അവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

അവര്‍ സ്‌ത്രീകളോടു പറഞ്ഞു. `ഭയപ്പെടേണ്ട ... അവന്‍ ഇവിടെയില്ല. താന്‍ അരുളിച്ചെയ്‌തതുപോലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു.' ദൂതന്മാര്‍ സ്‌ത്രീകളെ ഉപദേശിച്ചു. നിങ്ങള്‍ പോയി അവന്റെ ശിഷ്യന്മാരെ വിവരം അറിയിക്കുക. അവന്‍ മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ശിഷന്മാര്‍ ഗലീലയിലേക്കു പോകണം. അവിടെവച്ച്‌ അവര്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ നേരില്‍ കാണും.

ഭയപ്പെട്ട സ്‌ത്രീകളില്‍ സന്തോഷത്തിന്റെ നിറവുണ്ടായി. എങ്കിലും ചഞ്ചലഹൃദയരായിരുന്നു. അവര്‍ തിരിഞ്ഞു നോക്കി. അതാ പെട്ടെന്ന്‌ ഒരു മനുഷ്യന്‍ തങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അയാള്‍ ആരായിരിക്കാം? തോട്ടക്കാരനാകാനാണ്‌ സാധ്യത. അവള്‍ അയാളോടു കേണപേക്ഷിച്ചു. അങ്ങ്‌ അവനെ എവിടെയാണ്‌ കൊണ്ടുവച്ചിരിക്കുന്നതെന്നു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടുപൊയ്‌ക്കൊള്ളാം.

അപ്പോഴാണ്‌ വീണ്ടും ആശ്ചര്യമുണ്ടാകുന്നത്‌.

`മറിയം.' അതാ ആരോ വിളിക്കുന്നു. കേട്ടു പരിചയമുള്ള ശബ്‌ദം. ഉടനെ അവളില്‍ നിന്ന്‌ അറിയാതെ പ്രതിവചനമുണ്ടായി, ഗുരോ. അത്‌ സത്യമായും യേശുതന്നെ എന്ന്‌ അവള്‍ക്കു മനസ്സിലായി. അവനെ സ്‌പര്‍ശിക്കാന്‍ അടുത്തു. എന്നാല്‍ യേശു വിലക്കി.

യേശു അവളോടു പറഞ്ഞു. നീ പോയി വിവരങ്ങളെല്ലാം എന്റെ ശിഷ്യന്മാരെ അറിയിക്കുക. അവര്‍ ഭയത്തോടും വിറയലോടും എന്നാല്‍ സന്തോഷത്തോടും ശിഷ്യന്മാരുടെ അടുത്തേക്കോടി.

ശിഷ്യന്മാര്‍ പരിഭ്രമചിത്തരായി യഹൂദരെ ഭയന്ന്‌ കതകടച്ചിരിക്കുകയായിരുന്നു. അവരുടെ ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ നീണ്ടുപോയി. നേരം ഇരുട്ടായി.

അതാ ഇരുട്ടുമുറിയില്‍ പ്രകാശം പരക്കുന്നു. എവിടെനിന്നെന്നറിയുന്നില്ല യേശു അവരുടെ മധ്യേ നില്‍ക്കുന്നു. അവര്‍ക്കു സമാധാനം ആശംസിച്ചു. മൂന്നുദിവസം മുമ്പു കേട്ട അതേ സ്വരം.

യേശു ആണികള്‍ തറച്ച തന്റെ കൈകളും കുന്തത്താല്‍ തുളച്ച പാര്‍ശ്വവും അവര്‍ക്കു കാണിച്ചുകൊടുത്തു. ശിഷ്യന്മാര്‍ക്കു സന്തോഷമായി.

അന്ന്‌ എന്തുകൊണ്ടോ ശിഷ്യനായ തോമസ്‌ അവരോടൊപ്പം ഇല്ലായിരുന്നു. യേശുവിനെ കണ്ടവിവരം ശിഷ്യന്മാര്‍ തോമസിനെ അറിയിച്ചു. അവന്‌ സംശയമായി.

ദിവസങ്ങള്‍ കടന്നുപോയി. എട്ടാം ദിവസമായി. അന്ന്‌ തോമസും ശിഷ്യന്മാരോടൊപ്പം ഉണ്ടായിരുന്നു. അതാ വീണ്ടും സമാധാനസ്വരം അവരുട കാതുകളിലെത്തുന്നു. യേശു അവരുടെ മധ്യേ പ്രത്യക്ഷപ്പെട്ടു. അവന്‍ തോമസിനെ അടുത്തേക്കു വിളിച്ചു. തോമസ്‌ യേശുവിന്റെ ആണിപ്പാടുള്ള കൈകളും കുന്തത്താല്‍ മുറിവേറ്റ പാര്‍ശ്വവും കണ്ടു. അവന്‍ യേശുവിന്റെ മുമ്പില്‍ മുട്ടുകുത്തി സാഷ്ടാംഗം നമസ്‌ക്കിരിച്ചു. യേശു സാക്ഷാല്‍ കര്‍ത്താവും ദൈവവുമെന്ന്‌ സാക്ഷ്യപ്പെടുത്തി.

ദിവസങ്ങള്‍ കടന്നുപോയി. ഒരു ദിവസം പത്രോസും മറ്റ്‌ ചില ശിഷ്യന്മാരും ഗലീലക്കടലരികെ ഒരുമിച്ചുകൂടി. അവര്‍ എന്തു ചെയ്യണമെന്നറിയാതെ വലഞ്ഞു. എന്തായാലും പത്രോസ്‌ തന്റെ പഴയപണിതന്നെ തുടരാമെന്നു തീരുമാനിച്ചു; മീന്‍പിടിത്തം. അവന്‍ വള്ളവും വലയുമായി കടലിലിറങ്ങി. മറ്റു ശിഷ്യന്മാരും അവനെ അനുഗമിച്ചു. രാത്രിമുഴുവന്‍ അവര്‍ പരിശ്രമിച്ചു. കഷ്ടം ഒരു പൊടിമീന്‍പോലും അവര്‍ക്കു കിട്ടിയില്ല.

നിരാശരായ അവര്‍ തിരികെ കരയ്‌ക്കടുക്കുമ്പോള്‍ കടല്‍ത്തീരത്തുനിന്ന്‌ ഒരാള്‍ ഉപദേശിക്കുന്നു. മീന്‍ കിട്ടാന്‍ എന്താണ്‌ ചെയ്യേണ്ടതെന്ന്‌. അവര്‍ അതുപോലെ ചെയ്‌തു. അത്ഭുതം. വല നിറയെ വലിയമീന്‍. അവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവര്‍ വീണ്ടും കരയിലേക്കു നോക്കി. അതേ മനുഷ്യന്‍ അവിടത്തന്നെ നില്‍ക്കുന്നു. അത്‌ യേശുതന്നെ എന്ന്‌ അവര്‍ മനസ്സിലാക്കി. അവര്‍ ഒരുമിച്ച്‌ പ്രാതല്‍ കഴിച്ചു.

യേശു പത്രോസിന്റെ വിശ്വാസം വീണ്ടും പരിശോധിച്ച്‌ ഉറപ്പു വരുത്തി. യേശു തന്റെ ആടുകളെ (ജനങ്ങളെ) നയിക്കാനുള്ള അധികാരം അവന്‌ ഏല്‍പിച്ചുകൊടുത്തു.

യേശുവും ശിഷ്യന്മാരും ഒരുമിച്ചു നടന്നു. അവര്‍ ബഥാനിയായിലെത്തി. യേശു അവരെ അനുഗ്രഹിച്ചു. ഉടന്‍തന്നെ അവന്‍ അവരില്‍നിന്ന്‌ അപ്രത്യക്ഷനായി വാനമേഘങ്ങളിലൂടെ ഉയരത്തിലേക്ക്‌ ഉയര്‍ന്നു.

ഉയിര്‍പ്പ്‌ പ്രത്യാശയുടെ ദിവസമാണ്‌. ഏവര്‍ക്കും ഈസ്റ്റര്‍ദിനാശംസകള്‍!!!


www.mannickarottu.ne
t
`അവന്‍ ഇവിടെയില്ല ...' (മണ്ണിക്കരോട്ട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക