Image

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടയരുതെന്ന്‌ ഹൈക്കോടതി

Published on 05 November, 2018
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടയരുതെന്ന്‌ ഹൈക്കോടതി


കൊച്ചി: ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടഞ്ഞ സംഭവത്തില്‍ കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ശബരിമലയില്‍ വിലക്കുണ്ടോയെന്ന്‌ കോടതി ചോദിച്ചു. മാധ്യമപ്രവര്‍ത്തകരെ തടയുന്നത്‌ എന്തിനെന്നും കോടതി ആരാഞ്ഞു. ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാരിന്‌ നടപടി എടുക്കാം. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കോ തീര്‍ത്ഥാടകര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കരുത്‌ എന്നും കോടതി പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനും തീരുമാനമെടുക്കാനും സര്‍ക്കാരിന്‌ അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ സര്‍ക്കാര്‍ പരിഗണിക്കേണ്ടത്‌. ക്ഷേത്ര നടത്തിപ്പില്‍ ഇടപെടാന്‍ സര്‍ക്കാരിന്‌ ഇടപെടാനാവില്ല.

ദേവസ്വം ബോര്‍ഡിനോട്‌ ആജ്ഞാപിക്കാന്‍ സര്‍ക്കാരിന്‌ അധികാരമില്ല എന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ശബരിമലയില്‍ അനാവശ്യ നിയന്ത്രണം ഏര്‍പെടുത്തുന്നതിനെതിരായ ഹര്‍ജിയിലാണ്‌ കോടതിയുടെ ഈ നിരീക്ഷണം.

ശബരിമലയില്‍ വാഹനങ്ങള്‍ തകര്‍ത്ത പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന്‌ ഹൈക്കോടതി പറഞ്ഞു. വാഹനങ്ങള്‍ എന്തു പ്രകോപനമാണ്‌ സൃഷ്ടിച്ചത്‌. അക്രമത്തില്‍ പങ്കെടുത്തവരുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ച്‌ നടപടി എടുത്തതുപോലെ പൊലീസുകാരുടെ കാര്യത്തിലും വേണം എന്നും കോടതി പറഞ്ഞു.

എന്നാല്‍ യഥാര്‍ത്ഥ വിശ്വാസികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്കില്ല എന്ന്‌ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക