Image

നീയെന്‍ പ്രിയസഖി (കണ്ണുനീര്‍) കവിത: രേഖാ ഷാജി

Published on 06 November, 2018
നീയെന്‍ പ്രിയസഖി (കണ്ണുനീര്‍) കവിത: രേഖാ ഷാജി
പ്രിയ സഖിയാണ് നീയെന്‍

ആത്മാവിനെ തൊട്ടുണര്‍ത്തുന്ന
ആത്മസഖിയാണ് നീ,

ദുഖത്തില്‍ എന്റെ നിഴലായ്
ആനന്ദത്തില്‍ ആത്മഹര്‍ഷമായി

വിരഹവേദന തന്‍ വിതുമ്പലായി.

നിറയും നയനങ്ങളെ ഈറനണിയിക്കും
കണ്ണുനീരാണെന്റെ ആത്മസഖി.

സുഖത്തിലും ദുഖത്തിലും കൂടെയുള്ളൊരു
ആത്മസഖി

കരുതലായി കാവലായി
കണ്ണുനീര്‍ത്തുള്ളികള്‍.

2

എന്റെ മലയാളനാട്

നീലക്കുറിഞ്ഞിയും നിശാഗന്ധി പുവും നിറമാലചാര്‍ത്തിയനാട് കേരള നാട് എന്റെ മലയാളനാട്.

തുമ്പയും തുളസിയും ചെത്തിയും തമ്പുരു മീട്ടിയ നാട്
വശ്യമനോഹര മലയാളനാട്.

ഒരുപാട് പുഴകളും മഞ്ഞിന്‍ മലകളും മാസ്മര സൗന്ദര്യമേകുന്നനാട് കേരളനാട് എന്റെ മലയാളനാട്.

ശിരസ്സ് ഉയര്‍ത്തുന്ന കേരവൃക്ഷങ്ങളും കേളി നാദവും ഉയരുന്ന നാട് എന്റെ മലയാള നാട്.

ആറ്റുകാലമ്മയ്ക്ക് നൈവേദ്യം അര്‍പ്പിക്കും അഗ്‌നിശുദ്ധിയാം നാരികള്‍തന്‍നാട് അനന്തപുരിയുടെ നാട് കേരളനാട് എന്റെ മലയാള നാട്.

കൗമാര കലകള്‍ക്ക് കാല്‍ചിലങ്ക കെട്ടിയ കാവ്യ മനോഹര നാട്

പൂരത്തിന് പെരുമയും ഗജവീരസംഗമവും വെഞ്ചാമരം വീശും പ്രൗഢോജ്വലമീനാട് കളരിപ്പയറ്റിന്‍ നാട് മലയാള നാട്.

ഓളപ്പരപ്പില്‍ ആഴത്തില്‍ തുഴ വീശും ജലമേളകളുടെ നാട് ഇത് വഞ്ചിപ്പാട്ടില്‍ നാട്
വള്ളംകളിയുടെ നാട്
എന്റെ കേരള നാട്.

സുഗന്ധവ്യഞ്ജനങ്ങള്‍ തന്‍ സുഗന്ധം പരത്തുമീ സുന്ദരസുരഭില നാട് എന്റെ കേരള നാട്.

കടല്‍ വിടവാങ്ങി കടഞ്ഞെടുത്തൊരുനാട് കൗതുകമുണര്‍ത്തും എന്റെ കേരളനാട്.
കമനീയമായ ഒരു മലനാട്.

ആതിരയും തിരുവാതിരയും തിരുവാഭരണം അണിഞ്ഞൊരു മനോഹര നാട് മധുരമനോജ്ഞമീ മലയാളനാട്.

മോഹിനി നര്‍ത്തന ലാസ്യത വിടരും വശ്യമനോഹര മായൊരു നാട് മലയാളനാട് എന്റെ കേരളനാട്.

തുഞ്ചന്‍ കിളി മൊഴിഞ്ഞ തേനൂറും മലയാളഭാഷതന്‍ നാട് എന്റെ മലയാളനാട്.

ശബരിഗിരിയും ശാസ്താവിന്‍ ശക്തിയും ശംഖൊലി നാദവും നിറഞ്ഞു കവിഞ്ഞ ഒരു നാട് കേരള നാട് എന്റെ മലയാളനാട്.

നാനാമതസ്ഥരും ഒന്നെന്നഭാവവും നൈര്‍മല്യമേകുമീ കേരളനാട്, വശ്യമനോഹര മലയാളനാട് എന്റെ കാവ്യമനോഹര കഥകളിനാട്.

മഞ്ഞക്കണിക്കൊന്ന പുഞ്ചിരിപ്പൂവും അമ്പാടി കണ്ണനാമുണ്ണിയും കണികണ്ടുണരുന്ന നാട് എന്റെ കേരളനാട്.

നിത്യഹരിത നിര്‍മ്മല നാട് നന്മതന്‍ പൂക്കള്‍ വിടരുമി മലയാളനാട്.

By രേഖാ ഷാജി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക