Image

റോക്ക്‌ലാന്റ് സെന്റ് മേരീസ് പള്ളിയില്‍ പെസഹായും ദു:ഖവെള്ളിയും ആചരിച്ചു

Published on 07 April, 2012
റോക്ക്‌ലാന്റ് സെന്റ് മേരീസ് പള്ളിയില്‍ പെസഹായും ദു:ഖവെള്ളിയും ആചരിച്ചു
ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് സെന്റ് മേരീസ് മിഷനില്‍ പെസഹായും ദുഖവെള്ളിയും ഭക്തിസാന്ദ്രമായി ആചരിച്ചു.
പെസഹാ ശുശ്രൂഷയുടെ ഭാഗമായി വികാരി ഫാ. തദേവൂസ് അരവിന്ദത്ത് നല്‍കിയ സന്ദേശത്തില്‍ അന്ത്യ അത്താഴവേളയിലെ യേശുവിന്റെ വചനങ്ങളുടെ എക്കാലത്തേയും പ്രസക്തിയെപ്പറ്റി വിവരിച്ചു. ഈ ദിനത്തില്‍ നിങ്ങളോടൊപ്പമായിരിക്കാന്‍ എത്രമാത്രം താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് യേശു പറയുമ്പോള്‍ വരാന്‍ പോകുന്ന പീഡാനുഭവങ്ങളും ഏതു നിമിഷവും താന്‍ ഒറ്റിക്കൊടുക്കപ്പെടുമെന്നതും അവിടുന്ന് അനുസ്മരിച്ചിരിക്കണം. ദുരന്തങ്ങളും ദുരിതങ്ങളും സംഭവിക്കുമ്പോള്‍ ഉറ്റവരും ഉടയവരും നമ്മുടെ സമീപത്തുണ്ടാവണമെന്ന നമ്മുടെ അഭിവാഞ്ഛയുടെ പ്രതിഫലനം തന്നെയാണത്. യേശു ആഗ്രഹിക്കുന്നുവെങ്കിലും യേശുവിനൊപ്പം കുറച്ചു സമയമെങ്കിലും ചെലവിടാന്‍ നാം എത്രമാത്രം മനസുവെയ്ക്കുന്നു എന്നതാണ് ഇവിടെ ചിന്തനീയമായ വിഷയം.

വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കാന്‍ യേശു എന്നും ശ്രദ്ധിച്ചിട്ടുണ്ട്. അന്ത്യഅത്താഴ വേളയില്‍ അപ്പവും വീഞ്ഞും തന്റെ ശരീര രക്തമെന്ന് പറഞ്ഞ് അവിടുന്ന് നല്‍കി. തന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവാനും യേശു പറഞ്ഞു. നമ്മുടെ ഓര്‍മ്മകളില്‍ നിന്ന് ഒരാള്‍ ഇല്ലാതാകുമ്പോള്‍ ആ വ്യക്തി നമ്മുടെ ജീവിതത്തില്‍ പ്രാധാന്യമില്ലാത്തയാളായി മാറുന്നു. എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന വ്യക്തിയായി യേശു നമ്മുടെ ജീവിതത്തെ സ്വാധിനിച്ചുകൊണ്ടിരിക്കുന്നു.

ദുഖവെള്ളിയാഴ്ചയിലെ യേശുവിന്റെ കുരിശുമരണവും പീഡനങ്ങളും കന്യാകാമറിയം അനുഭവിച്ച മഹാവ്യാകുലതകളും അദ്ദേഹം അനുസ്മരിച്ചു.

പെസഹാ ദിനത്തില്‍ അപ്പം മുറിക്കുമ്പോള്‍ പലരും കണ്ണീരൊഴുക്കുന്നതു കണ്ടു. തലേവര്‍ഷം തങ്ങളോടൊപ്പമുണ്ടായിരിക്കുകയും ഈ വര്‍ഷം ഇല്ലാതിരിക്കുകയും ചെയ്യുന്ന ബന്ധുമിത്രാദികളുടെ വേര്‍പാടാണ് അവരെ കണ്ണീരണിയിച്ചത്. നമ്മുടെ ജീവിതത്തിന്റെ കാലപരിധി നമ്മുടെ കൈകളിലല്ല. എങ്കിലും ജീവിക്കുന്ന കാലം നമ്മുടെ കടമകള്‍ പൂര്‍ത്തീകരിക്കാനായി ചെലവിടുകയും, നന്മയില്‍
ജീവിക്കുകയും ചെയ്യുമ്പോള്‍ ആ ജിവിതം ധന്യത കൈവരിക്കുന്നു.

ഇരുപത്തിനാലാം വയസില്‍ പ്രത്യേകാനുമതിയോടെ വൈദീകപട്ടം സ്വീകരിക്കുകയും (പട്ടമേല്‍ക്കാന്‍ കുറഞ്ഞ പ്രായം 25 വയസ്) 11 മാസം കഴിഞ്ഞപ്പോള്‍ ബൈക്കപകടത്തില്‍ മരിക്കുകയും ചെയ്ത സഹപാഠിയുടെ കാര്യം അദ്ദേഹം അനുസ്മരിച്ചു. വിലാപയാത്ര പുറപ്പെടുമ്പോള്‍ പരേതന്റെ അമ്മയുടെ വിലാപം ഇപ്പോഴും മനസിലുണ്ട്. കര്‍ത്താവ് ജീവിച്ച അത്രയും കാലമെങ്കിലും (33 വയസ്) തന്റെ പുത്രന് നല്‍കിയില്ലല്ലോ എന്നായിരുന്നു ആ അമ്മ വിലപിച്ചത്.

വേര്‍പെടലുകള്‍ ഉണ്ടാകുമ്പോഴും വിശ്വാസവും പ്രത്യാശയും നമ്മുടെ ജീവിതത്തെ നയിക്കുന്നു- അദ്ദേഹം പറഞ്ഞു.

പെസഹാ ദിനത്തില്‍ പള്ളിയില്‍ പുതുതായി അംഗത്വമെടുത്ത 12 പേരുടെ കാല്‍ വൈദീകന്‍ കഴുകി. കൈക്കാരന്മാരായ ജേക്കബ് ചൂരവടി, ഡൊമിനിക് വയലുങ്കല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
റോക്ക്‌ലാന്റ് സെന്റ് മേരീസ് പള്ളിയില്‍ പെസഹായും ദു:ഖവെള്ളിയും ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക