Image

ശബരിമലയിലെ സ്‌ത്രീകളുടെ വിലക്ക്‌ ആചാരമല്ലെന്ന്‌ ജസ്റ്റിസ്‌ കെ ടി തോമസ്‌

Published on 07 November, 2018
ശബരിമലയിലെ സ്‌ത്രീകളുടെ വിലക്ക്‌ ആചാരമല്ലെന്ന്‌ ജസ്റ്റിസ്‌ കെ ടി തോമസ്‌
കോട്ടയം: ശബരിമലയിലെ സ്‌ത്രീകളുടെ വിലക്ക്‌ ഒരു ആചാരമല്ലെന്ന്‌ ജസ്റ്റിസ്‌ കെ ടി തോമസ്‌. പണ്ടുകാലത്ത്‌ എല്ലാവരും ശബരിമലയില്‍ പോയിരുന്നത്‌ കാല്‍നടയായാണ്‌.

പോയി വരാന്‍ കുറഞ്ഞത്‌ 45 ദിവസങ്ങള്‍ എങ്കിലും എടുക്കും. അതുകൊണ്ടാണ്‌ സ്‌ത്രീകളായവര്‍ അന്ന്‌ പോകാത്തത്‌ . അത്‌ ഒരുപ്രായോഗികമായ വ്യത്യാസം മാത്രമാണെന്നും ഇന്നത്തെ സ്ഥിതി അതല്ലെന്നും ജസ്റ്റിസ്‌ കെ ടി തോമസ്‌ പറഞ്ഞു.

ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വത്തിലേക്ക്‌ ഇനി എത്ര ദൂരം എന്ന വിഷയത്തില്‍ സംസാരിക്കുമ്‌ബോഴാണ്‌ ജസ്റ്റിസ്‌ കെ ടി തോമസ്‌ ശബരിമലയിലെ സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്ന കുറച്ച്‌ വിഭാഗം സ്‌തീകളുടെ നിലപാടിനെക്കുറിച്ച്‌ പരാമര്‍ശിച്ചത്‌.

ശബരിമല കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന ധീരമായ നിലപാടിനെ നേരത്തെ ജസ്റ്റിസ്‌ കെ ടി തോമസ്‌ പ്രശംസിച്ചിരുന്നു.

ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്‌തവര്‍ ഈ ഉത്തരവാദിത്വം നിര്‍വഹിക്കണം. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ്‌ ശബരിമല കേസിലെ വിധിയിലൂടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച്‌ റദ്ദാക്കിയത്‌.

ഇതിനെതിരെ റിവ്യൂ പെറ്റീഷന്‍ ഓര്‍ഡിനന്‍സ്‌ എന്നൊക്കെ പറയാന്‍ നിയമ വിദ്യാര്‍ത്ഥിക്ക്‌ പോലും കഴിയില്ല. ഓര്‍ഡിനന്‍സ്‌ വന്നാല്‍ അത്‌ ഭരണഘടനാവിരുദ്ധം ആയതുകൊണ്ട്‌ ഗവര്‍ണര്‍ക്ക്‌ ഒപ്പിടാനാകില്ല.

ആ നിമിഷം ഓര്‍ഡിനന്‍സ്‌ അസാധുവാകും. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന കോണ്‍ഗ്രസും ബിജെപിയും ശബരിമലയുടെ പേരുപറഞ്ഞ്‌ പാര്‍ട്ടികള്‍ മത്സരിക്കുന്നു.

ശബരിമല കേസിലെ സുപ്രീംകോടതി വിധിയുടെ പേരില്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന ബിജെപിയുടെയും കോണ്‍ഗ്രസിനെയും നിലപാടുകള്‍ അവര്‍ക്ക്‌ ഭൂഷണമല്ല. ഭരണഘടനയേയും ജനാധിപത്യത്തെയും നിയമവ്യവസ്ഥയും ബഹുമാനിക്കുന്നവര്‍ അതിന്‌ പിന്തുണ നല്‍കുകയാണ്‌ വേണ്ടത്‌.

1957ലെ കമ്യൂണിസ്റ്റ്‌ സര്‍ക്കാറിനെതിരെ വിമോചനസമരം നടത്തി. കോണ്‍ഗ്രസുകാരനായ ഞാനും അതില്‍ പങ്കെടുത്തിരുന്നു. പിന്നീട്‌ കൂടുതല്‍ പക്വത വന്നപ്പോള്‍ ഞാനടക്കമുള്ളവര്‍ പരസ്യമായി തെറ്റ്‌ തിരുത്തി.

ഇനി അങ്ങനെയൊന്നും ഭൂരിപക്ഷ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ആകില്ല. വലിച്ചു താഴെയിടും എന്നൊക്കെ പറയുന്നത്‌ ബാലിശമാണ്‌. അതിനുള്ള അവകാശം ജനാധിപത്യത്തില്‍ ഇല്ല. വില കല്‌പിക്കേണ്ടതില്ല.
ജസ്റ്റിസ്‌ കെ ടി തോമസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക