Image

റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഉര്‍ജിത്‌ പട്ടേല്‍ രാജി വച്ചേക്കും

Published on 07 November, 2018
റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഉര്‍ജിത്‌ പട്ടേല്‍ രാജി വച്ചേക്കും

റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഉര്‍ജിത്‌ പട്ടേല്‍ ഈ മാസം 19നു രാജി വച്ചേക്കുമെന്ന്‌ പ്രമുഖ ഓണ്‍ ലൈന്‍ സാമ്പത്തിക മാധ്യമമായ `മണി ലൈഫ്‌' റിപ്പോര്‍ട്ട്‌ ചെയ്‌തു.

ബാങ്കിന്റെ നിര്‍ണ്ണായകമായ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം അന്നാണ്‌. യോഗത്തിന്‌ ശേഷം പട്ടേല്‍ രാജി നല്‍കുമെന്നാണ്‌ അറിയുന്നതെന്ന്‌ മണി ലൈഫിന്റെ സ്ഥാപകരില്‍ ഒരാളും പ്രമുഖ സാമ്പത്തിക മാധ്യമ പ്രവര്‍ത്തകയുമായ സുചേതാ ദലാല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സര്‍ക്കാരും റിസര്‍വ്‌ ബാങ്കും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ സ്ഥാനത്ത്‌ തുടരാന്‍ താത്‌പര്യമില്ലെന്ന്‌ അടുത്ത വൃത്തങ്ങളോട്‌ അദ്ദേഹം പറഞ്ഞതായാണ്‌ റിപ്പോര്‍ട്ടില്‍ ഉള്ളത്‌.

മാത്രവുമല്ല, ഇപ്പോഴത്തെ തര്‍ക്കങ്ങളില്‍ ഉര്‍ജിത്‌ പട്ടേല്‍ വല്ലാതെ അസ്വസ്ഥനാണെന്നും അത്‌ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചതായും സുചേതാ ദലാല്‍ പറയുന്നു. അദ്ദേഹത്തോടൊപ്പം പ്രായമേറിയ മാതാവും താമസിക്കുന്നുണ്ട്‌.

മാതാവിന്റെ സൗകര്യാര്‍ത്ഥം അദ്ദേഹം ഇതുവരെ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ക്ക്‌ അനുവദിച്ചിരിക്കുന്ന ഔദ്യോഗിക ബംഗ്ലാവിലേക്ക്‌ താമസം മാറ്റിയിട്ടില്ല.

അതിനിടെ ഇക്കാര്യത്തില്‍ വിട്ടുവീഴ്‌ചക്കില്ലെന്നും പട്ടേല്‍ രാജി വയ്‌ക്കുന്നെങ്കില്‍ വയ്‌ക്കട്ടെ എന്നാണ്‌ സര്‍ക്കാര്‍ നിലപാടെന്നും വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക