Image

'സംഘപരിവാര്‍ രാഷ്ട്രീയത്തിന്‌ വഴങ്ങാനാവില്ല' മാതൃഭൂമിയില്‍ നിന്ന്‌ രാജിവച്ച്‌ മനില സി. മോഹന്‍

Published on 07 November, 2018
 'സംഘപരിവാര്‍ രാഷ്ട്രീയത്തിന്‌ വഴങ്ങാനാവില്ല' മാതൃഭൂമിയില്‍ നിന്ന്‌ രാജിവച്ച്‌ മനില സി. മോഹന്‍
മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന്‌ രാജിവെക്കുകയാണെന്ന്‌ അറിയിച്ച്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ എഡിറ്റോറിയല്‍ അംഗം മനില സി. മോഹന്‍.

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആവശ്യത്തിന്‌ വഴങ്ങിക്കൊണ്ട്‌ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപര്‍ കമല്‍റാം സജീവിനെ ചുമതലയില്‍ നിന്ന്‌ നീക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ്‌ തന്റെ തീരുമാനമെന്ന്‌ മനില വ്യക്തമാക്കി.

തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ മനില രാജി വെക്കാനുണ്ടായ കാരണം വിശദീകരിച്ച്‌ രംഗത്തെത്തിയത്‌. രാജി തന്റെ രാഷ്ട്രീയ തീരുമാനമാണെന്നും, ഹിന്ദുത്വരാഷ്ട്രീയം മുമ്പെങ്ങുമില്ലാത്ത വിധം ശക്തമായി കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളില്‍ പിടിമുറുക്കിയിരിക്കുകയാണെന്നും മനില പറഞ്ഞു.

ആഴ്‌ചപ്പതിപ്പിന്‍റെ എഡിറ്റര്‍ സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യപ്പെട്ട കമല്‍റാം സജീവും, മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ ന്യൂസ്‌ എഡിറ്ററും എഴുത്തുകാരനും സാഹിത്യ വിമര്‍ശകനുമായ പി.കെ രാജശേഖരനും കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ഏറെ കാലമായി മാതൃഭൂമി പത്രത്തിന്റെ ലീഡര്‍ റൈറ്ററാണ്‌ പി.കെ രാജശേഖരന്‍.

മീശ വിവാദത്തില്‍ നോവലിസ്റ്റ്‌ എസ്‌. ഹരീഷിനെ പിന്തുണച്ചും മീശയെ ന്യായീകരിച്ചും കമല്‍റാം സജീവ്‌ രംഗത്തെത്തിയതോടെയാണ്‌ അദ്ദേഹത്തെ സ്ഥാനത്ത്‌ നിന്നും മാറ്റിയത്‌. പകരം എഴുത്തുകാരനും സംഘപരിവാറിനോട്‌ മൃദു സമീപനം പുലര്‍ത്തുകയും ചെയ്യുന്ന സുഭാഷ്‌ ചന്ദ്രനെ നിയോഗിച്ചു.

സാഹിത്യം ആള്‍ക്കൂട്ട കൊലപാതകത്തിന്‌ ഇരയായിരിക്കുന്നെന്നും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഇരുണ്ട ദിനം എന്നുമായിരുന്നു മീശ പിന്‍വലിച്ച ദിവസം കമല്‍റാം സജീവ്‌ ട്വിറ്ററില്‍ കുറിച്ചത്‌.


ഫേസ്‌ബുക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം:

മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന്‌ രാജിവെക്കുകയാണ്‌. ഇതെന്റെ രാഷ്ട്രീയ തീരുമാനമാണ്‌.

ഹിന്ദുത്വരാഷ്ട്രീയം മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമായി കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളില്‍ പിടിമുറുക്കിയിരിക്കുന്ന നിര്‍ണായകമായ ചരിത്ര സന്ദര്‍ഭമാണിത്‌.

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആവശ്യത്തിന്‌ വഴങ്ങിക്കൊണ്ട്‌ മാതൃഭൂമി എന്ന സ്ഥാപനത്തിന്റെ മാനേജ്‌മെന്‍റ്‌, മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപര്‍ കമല്‍റാം സജീവിനെ ചുമതലയില്‍ നിന്ന്‌ നീക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ്‌ വ്യക്തിപരമായ ഈ തീരുമാനമെടുക്കുന്നത്‌.

മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ എടുത്തിട്ടുള്ള എല്ലാ എഡിറ്റോറിയല്‍ തീരുമാനങ്ങളിലും എഡിറ്റോറിയല്‍ അംഗം എന്ന നിലയില്‍ എനിക്ക്‌ പങ്കുണ്ട്‌. അതിനാല്‍ത്തന്നെ എഡിറ്ററെ ചുമതലയില്‍ നിന്ന്‌ നീക്കാനുള്ള തീരുമാനം എഡിറ്റോറിയലിനെതിരായ തീരുമാനമാണ്‌. ആ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന്‌ മാറി നില്‍ക്കില്ല.

ഇതാദ്യമായല്ല സംഘപരിവാര്‍ കേന്ദ്രങ്ങള്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പിനെതിരെ നീക്കം നടത്തുന്നത്‌. കഴിഞ്ഞ പതിനഞ്ച്‌ വര്‍ഷത്തെ ചരിത്രത്തില്‍ എത്രയോ തവണ ആഴ്‌ചപ്പതിപ്പിനെതിരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

സംഘ പരിവാറിനെതിരെ, ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ സ്റ്റോറികള്‍ ചെയ്യുമ്പോഴൊക്കെയും പല തലത്തിലും തരത്തിലുമുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഭീഷണികള്‍, അശ്ലീലം പറച്ചിലുകള്‍, കായികാക്രമണത്തിനുള്ള ശ്രമങ്ങള്‍ എല്ലാം നടന്നിട്ടുണ്ട്‌.

പൊലീസ്‌ പ്രൊട്ടക്ഷനില്‍ ഓഫീസ്‌ പ്രവര്‍ത്തിക്കേണ്ടി വന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്‌. സോഷ്യല്‍ മീഡിയാക്കാലത്തുപോലും അവയൊന്നും വാര്‍ത്താപ്രാധാന്യം നേടിയിരുന്നില്ല. പക്ഷേ അന്നൊക്കെയും മാനേജ്‌മെന്റ്‌ അതിന്റെ രാഷ്ട്രീയം മനസ്സിലാക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി സ്ഥിതി അതല്ല. ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഭീകരത സൂക്ഷ്‌മമായും വ്യാപകമായും കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും പ്രയോഗവത്‌കരിച്ച കാലമാണത്‌.

മീശ വിവാദം അത്തരത്തില്‍ കൃത്യമായ പ്ലാനിങ്ങോടെ ക്രിയേറ്റ്‌ ചെയ്യപ്പെട്ട ഒന്നാണ്‌. നോവലെഴുതിയ ഹരീഷോ നോവല്‍ തന്നെയോ ആയിരുന്നില്ല സംഘപരിവാറിന്റെ ലക്ഷ്യം. നോവലായിരുന്നു ലക്ഷ്യമെങ്കില്‍ അത്‌ പുസ്‌തകമായി പ്രസിദ്ധീകരിച്ച ഡി.സി. ബുക്‌സ്‌ സമാനമായ സാഹചര്യം നേരിടേണ്ടി വരുമായിരുന്നല്ലോ? അങ്ങനെയുണ്ടായില്ല.

മീശയുടെ പേരില്‍, ഹൈന്ദവതയുടെ പേരില്‍ സവര്‍ണ ഹിന്ദു സമുദായ സംഘടനകളെ ഒന്നിപ്പിക്കാനായി എന്നതാണ്‌ രാഷ്ട്രീയ ഹിന്ദുത്വയ്‌ക്ക്‌ കേരളത്തില്‍ ഉണ്ടാക്കാനായ നേട്ടം. അതൊരിക്കലും വായനാ സമൂഹമായിരുന്നില്ല.

ശബരിമലയില്‍ ഭക്തര്‍ക്കിടയില്‍ കടന്നുകൂടി, ഭക്തരുടെ പേരില്‍ അക്രമം നടത്തുന്ന അതേ കൂട്ടര്‍ തന്നെയാണ്‌ വായക്കാരെന്ന പേരില്‍ മീശയ്‌ക്കെതിരെയും ആഴ്‌ചപ്പതിപ്പിനെതിരെയും അണിനിരന്നത്‌. വിപണിയേയും രാഷ്ട്രീയത്തെയും തന്ത്രപരമായി ഒന്നിച്ചു നിര്‍ത്താന്‍ അവര്‍ക്ക്‌ കഴിയുന്നു.

ഹിന്ദുത്വ തീവ്രവാദത്തിന്റെ അക്രാമക കാലത്ത്‌ കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷമാവുക, കൂടുതല്‍ കൂടുതല്‍ മനുഷ്യപക്ഷത്ത്‌ നില്‍ക്കുക, ഏറ്റവുമുറച്ച ജനാധിപത്യവിശ്വാസികളാവുക, ഭരണഘടനയ്‌ക്കു വേണ്ടി നിലകൊള്ളുക എന്ന അടിസ്ഥാന മാധ്യമ പ്രവര്‍ത്തനത്തെ, രാഷ്ട്രീയ പ്രവര്‍ത്തനത്തെ മറന്ന്‌ നിലപാടെടുക്കുകയാണ്‌ മാതൃഭൂമി മാനേജ്‌മെന്റ്‌ ചെയ്‌തിരിക്കുന്നത്‌. അതിന്റെ കൂടെ നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്‌.
Join WhatsApp News
Salute you 2018-11-07 10:35:41
Salute you. 
Sarasan 2018-11-07 11:50:25
പിന്നല്ല .... ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഉടനെ ജോലി കിട്ടും... മീശ നോവൽ പ്രസിദ്ധീകരിച്ച അതെ "മാതൃഭൂമി" അല്ലേ... നട്ടാൽ കുരുക്കാത്ത നുണ പറയാൻ ഇപ്പോൾ ഒരു ഉളുപ്പും ഇല്ല ഈ വർഗ്ഗത്തിന് 
josecheripuram 2018-11-07 12:25:43
We have been slowly injected with religious poison,If we don't take proper action now our religious freedom is at risk.If the way things are going, in near future BJP will get enough seat to rule in Kerala.Because we see the unity of Hindus when "SABARI MALA" issue came.Congrats Ms Mnila Mohan for your brave decision,but as long as the Management gives in to political pressure, people who love the publication has no other choice than abandon the beloved "MATHRU BHOOMI".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക