Image

സൈന്യത്തിന്റെ പതിവു പരിശീലനം സര്‍ക്കാരിനെ അറിയിക്കേണ്ട കാര്യമില്ല

Published on 07 April, 2012
സൈന്യത്തിന്റെ പതിവു പരിശീലനം സര്‍ക്കാരിനെ അറിയിക്കേണ്ട കാര്യമില്ല
കാഠ്മണ്ഡു: സൈന്യത്തിന്റെ പതിവു പരിശീലനം സര്‍ക്കാരിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ്. ഡല്‍ഹിയിലേക്ക് രണ്ട് സൈനിക യൂണിറ്റുകള്‍ അസ്വാഭാവികമായി നീങ്ങിയെന്ന മാധ്യമറിപ്പോര്‍ട്ടിന് ശേഷം ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജനറല്‍ വി.കെ. സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യം നടത്തുന്ന പതിവു പരിശീലനം മാത്രമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേപ്പാളില്‍ സന്ദര്‍ശനം നടത്തുന്ന സൈനികമേധാവി നേപ്പാള്‍ സൈനിക വിഭാഗത്തിന്റെ ക്യാമ്പില്‍ വെച്ചാണ് അഭിമുഖം നല്‍കിയത്. പ്രായവിവാദം സംബന്ധിച്ച് താന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയും സൈനികനീക്കവുമായി ഒരു ബന്ധവുമില്ല. കെട്ടുകഥ മാത്രമാണിതെന്നും കരസേനാ മേധാവി പറഞ്ഞു. സൈനിക നീക്കം സംബന്ധിച്ച വാര്‍ത്ത അസംബന്ധവും പരിതാപകരവുമാണ്. വാര്‍ത്തയ്ക്ക് പിന്നില്‍ ആരെന്ന ചോദ്യത്തിന് ഒരു കേന്ദ്രമന്ത്രിയുടെ പേരും റിപ്പോര്‍ട്ടുകളില്‍ പുറത്തുവന്നിട്ടുള്ളതായി വി.കെ. സിംഗ് ചൂണ്ടിക്കാട്ടി. ഒരു വിഭാഗം ഉദ്യോഗസ്ഥവൃന്ദം തെറ്റായ വിവരങ്ങള്‍ നല്‍കുകയാണ്. മണ്‍പുറ്റിനെ പര്‍വതീകരിക്കാനാണ് ഇവരുടെ ശ്രമം. ആരാണ് ഇതിനു പിന്നിലെന്ന് ദൈവത്തിനറിയാമെന്നും അത് ചിന്തിച്ച് സമയം കളയാന്‍ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക