Image

കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി; അനുവദിച്ചത്‌ അപ്പീല്‍ പോകാനുള്ള സാവകാശം

Published on 09 November, 2018
കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി; അനുവദിച്ചത്‌ അപ്പീല്‍ പോകാനുള്ള സാവകാശം
കൊച്ചി: അഴീക്കോട്‌ എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. രണ്ടാഴ്‌ചത്തേക്കാണ്‌ വിധി സ്‌റ്റേ ചെയ്‌തത്‌. അപ്പീലിനു പോകാനുള്ള സാവകാശം അനുവദിച്ചാണ്‌ കോടതി നടപടി.

ഒരുമാസത്തേക്ക്‌ വിധി സ്‌റ്റേ ചെയ്യണമെന്നാണ്‌ കെ.എം ഷാജി ആവശ്യപ്പെട്ടത്‌. എന്നാല്‍ അപ്പീല്‍ പോകാനായി രണ്ടാഴ്‌ചത്തേക്കു മാത്രം വിധി സ്‌റ്റേ ചെയ്യുകയാണെന്ന്‌ കോടതി അറിയിക്കുകയായിരുന്നു.
കേസ്‌ ചൊവ്വാഴ്‌ച കോടതി വീണ്ടും പരിഗണിക്കും.

വിധി പുറപ്പെടുവിച്ച അതേ ബെഞ്ച്‌ തന്നെയാണ്‌ രണ്ടാഴ്‌ചത്തേക്ക്‌ സ്‌റ്റേ അനുവദിച്ചിരിക്കുന്നത്‌. കോടതി ചിലവിനത്തില്‍ 50,000 രൂപ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കെട്ടിവെയ്‌ക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്‌.


ഇന്നുരാവിലെയാണ്‌ കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ്‌ വന്നത്‌. തെരഞ്ഞെടുപ്പില്‍ വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥി നികേഷ്‌ കുമാറിന്റെ പരാതിയിലായിരുന്നു കോടതി നടപടി.

ഷാജിക്കെതിരെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ്‌ കുമാര്‍ നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജി അനുവദിച്ച്‌ ജസ്റ്റിസ്‌ പി.ഡി രാജന്റെ ബെഞ്ചാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക