Image

അഞ്ചാം മന്ത്രി: ചൊവ്വാഴ്ചക്കകം തീരുമാനമാകുമെന്ന് കുഞ്ഞാലിക്കുട്ടി

Published on 07 April, 2012
അഞ്ചാം മന്ത്രി:  ചൊവ്വാഴ്ചക്കകം തീരുമാനമാകുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: അഞ്ചാംമന്ത്രി  പ്രശ്നത്തില്‍ ചൊവ്വാഴ്ചക്കകം തീരുമാനമാകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കോട്ടക്കല്‍ റസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫില്‍ നടന്ന ചര്‍ച്ചകള്‍ വിലയിരുത്തിയതായും വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പ്രശ്നത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി.

പുതിയ സാഹചര്യം വിലയിരുത്താനാണ്  മുസ്ലിംലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നത്.  അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വൈകിട്ട് ആറരയോടെ തുടങ്ങിയ ചര്‍ച്ച ഒന്നര മണിക്കൂര്‍ നീണ്ടു.

രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയേണ്ടതില്ലെന്ന്  സുധീരന്‍
ആലപ്പുഴ: രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ഫോര്‍മുലകള്‍ യുഡിഎഫിനെ ദോഷകരമായി ബാധിച്ചിട്ടുണ്‌ടെന്നും സുധീരന്‍ പറഞ്ഞു.

സ്പീക്കറെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി എക്‌സിക്യൂട്ടീവ് യോഗം വിളിക്കണമെന്നും സുധീരന്‍ പറഞ്ഞു.

ലീഗ് പിന്നോട്ട് പോയിട്ടില്ലെന്ന് മന്ത്രി
അഞ്ചാം മന്ത്രി സ്ഥാനമെന്ന ആവശ്യത്തില്‍ നിന്ന് മുസ്ലിം ലീഗ് പിന്നോട്ട് പോയിട്ടില്ലെന്ന് മന്ത്രി എം.കെ. മുനീര്‍. ഇത് സംബന്ധിച്ച് ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയും പാര്‍ട്ടിയുടെ മുന്നില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ പദവി നല്‍കിയുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയെ സംബന്ധിച്ച ചോദ്യത്തോട് മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒത്തുതീര്‍പ്പ് ഫോര്‍മുല ഊഹാപോഹം മാത്രമാണ്. ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ല. ഇതിന് ശക്തമായ പാര്‍ട്ടിയുണ്ട്. അതിന്റെ ഒരു പ്രവര്‍ത്തകന്‍ മാത്രമാണ് താനെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

സ്പീക്കര്‍സ്ഥാനംകൊണ്ട് മുസ്ലിം ലീഗ് തൃപ്തിപ്പെട്ടേക്കും
മന്ത്രിപദത്തിന് പകരം സ്പീക്കര്‍സ്ഥാനംകൊണ്ട് മുസ്ലിം ലീഗ് തൃപ്തിപ്പെട്ടേക്കും. എന്നാല്‍ സ്പീക്കര്‍പദവി ഒഴിയേണ്ടിവരുന്ന കാര്‍ത്തികേയന് പകരം എന്ത് നല്‍കുമെന്നത് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധിയാകും.
മന്ത്രിയാക്കാമെന്ന വാഗ്ദാനം നിരാകരിച്ച അദ്ദേഹത്തിന് കെ.പി.സി.സി പ്രസിഡന്റ് പദം നല്‍കേണ്ടിവരുമെന്ന സ്ഥിതിയാണ് രൂപപ്പെടുന്നത്. ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രിസ്ഥാനവും ലഭിച്ചാല്‍ രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ്സ്ഥാനം വിട്ടുകൊടുത്തേക്കും. എന്നാല്‍ ആഭ്യന്തര വകുപ്പ് ഒഴിയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയാറാകില്ല.
ഹൈകമാന്‍ഡുമായി ചര്‍ച്ച നടത്തി മടങ്ങിയെത്തിയ മുഖ്യമന്ത്രി  സ്പീക്കര്‍പദവി ലീഗിന് നല്‍കാമെന്ന് വ്യാഴാഴ്ച രാത്രിതന്നെ മന്ത്രി കുഞ്ഞാലിക്കുട്ടിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ച മറുപടി നല്‍കാമെന്ന് ലീഗും വ്യക്തമാക്കി. സ്പീക്കര്‍പദവി മതിയെന്ന് ഏറെക്കുറെ അവര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സ്പീക്കര്‍ ആരാകണമെന്ന് ലീഗ് തീരുമാനിക്കണം.
ഡോ. എം.കെ. മുനീര്‍ സ്പീക്കറാകുന്നതിനോടാണ് കോണ്‍ഗ്രസിനും ലീഗിനും താല്‍പര്യം. എന്നാല്‍ മുനീറിന് മന്ത്രിസ്ഥാനം കളയാന്‍ താല്‍പര്യമില്ല. പാണക്കാട് തങ്ങള്‍ ആവശ്യപ്പെട്ടാല്‍ മുനീര്‍ വഴങ്ങിയേക്കും. മുനീര്‍ ഒരുനിലക്കും തയാറാകാതെവന്നാല്‍ മഞ്ഞളാംകുഴി അലിയെതന്നെ സ്പീക്കറാക്കാനാണ് സാധ്യത. സഭാചട്ടങ്ങളില്‍ അവഗാഹമില്ലാത്തതും പരിചയക്കുറവും അലിയുടെ കാര്യത്തിലുണ്ട്. മുനീര്‍ സ്പീക്കര്‍ പദവിയില്‍ വരുന്നതിലാണ് കുഞ്ഞാലിക്കുട്ടിക്കും താല്‍പര്യം. കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായ നിലപാടെടുത്തില്ലെന്ന പരാതി മുനീറിനെക്കുറിച്ച് കോണ്‍ഗ്രസിനുമുണ്ട്.
മന്ത്രിസഭാ രൂപവത്കരണ സമയത്ത് കാര്‍ത്തികേയനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല. ഹൈകമാന്‍ഡ് ഇടപെട്ടാണ് അദ്ദേഹത്തെ സ്പീക്കറാക്കിയത്. ഒത്തുതീര്‍പ്പ് ഫോര്‍മുലക്കുവേണ്ടി സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞ് മന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് കാര്‍ത്തികേയന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെയും കേന്ദ്രമന്ത്രി എ.കെ. ആന്റണിയെയും അറിയിച്ചിട്ടുണ്ട്. വെറും എം.എല്‍.എയായി തുടരാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കാര്‍ത്തികേയനെപ്പോലുള്ള മുതിര്‍ന്ന നേതാവിനെ ഒരുപദവിയും നല്‍കാതെ മാറ്റിനിര്‍ത്താനാകില്ല. കെ.പി.സി.സി പ്രസിഡന്റ് പദത്തില്‍ കാര്‍ത്തികേയന് നോട്ടമുണ്ട്. ആന്റണിയുടെ അടുത്ത വിശ്വസ്തനായ കാര്‍ത്തികേയന്‍ അദ്ദേഹം നിര്‍ബന്ധിച്ചാല്‍ മന്ത്രിസ്ഥാനം ഏറ്റെടുത്തേക്കാം. അങ്ങനെവന്നാല്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ്, തുറമുഖം, ടൂറിസം എന്നിവയില്‍ ഏതെങ്കിലുമൊന്ന് നല്‍കും.
കാര്‍ത്തികേയന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം നല്‍കേണ്ട സ്ഥിതി  ചെന്നിത്തലക്ക് എതിരാകും. ആഭ്യന്തര വകുപ്പുള്ള ഉപമുഖ്യമന്ത്രിപദം നല്‍കിയാല്‍ പ്രസിഡന്റ് സ്ഥാനം വിട്ട് മന്ത്രിസഭയില്‍ ചേരാന്‍ ചെന്നിത്തല തയാറാകുമെന്നാണ് സൂചന. എന്നാല്‍ ആഭ്യന്തരം വിട്ടുകളിക്കാന്‍ മുഖ്യമന്ത്രി ഒരുനിലക്കും തയാറാകില്ല. മറ്റുവകുപ്പുകളുള്ള ഉപമുഖ്യമന്ത്രിയാകുന്നതില്‍ ചെന്നിത്തലക്കും താല്‍പര്യമില്ല. ഇതാണ് കോണ്‍ഗസ് നേരിടുന്ന പ്രതിസന്ധി.
കെ.സി. ജോസഫിനെ മന്ത്രിപദം രാജിവെപ്പിച്ച് സ്പീക്കറാക്കാനുള്ള നിര്‍ദേശവും ഇതിനിടെ ആലോചനയിലുണ്ട്. അങ്ങനെ വന്നാല്‍ ലീഗിന് അഞ്ചാം മന്ത്രിയെ കിട്ടും. കാര്‍ത്തികേയനെ കെ.പി.സി.സി പ്രസിഡന്റാക്കി രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാം. ആഭ്യന്തരത്തിന് പകരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കലുള്ള റവന്യൂ രമേശിന് കൊടുക്കേണ്ടിവരും. പകരം തിരുവഞ്ചൂരിന് കെ.സി. ജോസഫിന്റെ വകുപ്പുകള്‍ നല്‍കും.
ലീഗിനുവേണ്ടി കോണ്‍ഗ്രസില്‍ വന്‍തോതില്‍ ഇളക്കി പ്രതിഷ്ഠ വേണ്ടിവരുന്നതില്‍ വലിയൊരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. കെ. മുരളീധരന്‍ വെടിപൊട്ടിച്ചുകഴിഞ്ഞു.
ഏപ്രില്‍ 11ന് യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. അതില്‍ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് കഴിഞ്ഞാല്‍ അനൂപ് ജേക്കബിന്റേതടക്കം  സത്യപ്രതിജ്ഞ 12ന് നടന്നേക്കും. കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ക്ക് ഹൈകമാന്‍ഡിന്റെ അനുമതി ആവശ്യമുണ്ട്.

മഞ്ചേരി: സംസ്ഥാന മന്ത്രിസഭയില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യത്തിന് ആനുപാതികമായി മുസ്ലിംകളില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മഞ്ചേരി ടൗണ്‍ഹാളില്‍ ജില്ലാ മുസ്ലിംലീഗ് സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ എന്നുപറയുന്നത് ക്രിസ്ത്യാനികളും മുസ്ലിംകളും തന്നെയാണ്. ഈ സര്‍ക്കാര്‍ വന്നതുമുതല്‍ ലീഗിനെ ടാര്‍ഗറ്റ് ചെയ്ത് ചില സജീവ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ട്ടിക്കെതിരെ എല്ലാ കാലത്തും ഇങ്ങനെ ഉണ്ടായിട്ടുണ്ട്.
ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനത്തിനായി ഒരു വകുപ്പുതന്നെ ഈ സര്‍ക്കാറുണ്ടാക്കിയിട്ടുണ്ടെന്നും കെ.പി.എ. മജീദ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക