Image

മലയാള പഠനം അടുക്കളയില്‍ നിന്നാരംഭിക്കണം: ജെ. മാത്യൂസ്

ഫ്രാന്‍സിസ് തടത്തില്‍ Published on 09 November, 2018
മലയാള പഠനം അടുക്കളയില്‍ നിന്നാരംഭിക്കണം: ജെ. മാത്യൂസ്
ന്യൂജേഴ്‌സി: അമേരിക്കയിലെ മലയാളം സ്കൂളുകള്‍ വളരെ അപകടമായ രീതിയിലാണ് മലയാളം ഭാഷ പരിശീലനം നല്കിവരുന്നതെന്ന് ജനനി മാസിക എഡിറ്ററും എഴുത്തുകാരനുമായ ജെ മാത്യൂസ്. ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികളെ അക്ഷരമാലയില്‍ നിന്ന് മലയാളം പഠനം ആരംഭിക്കുന്ന രീതിയാണ് അപകടമെന്ന് കേരളപ്പിറവി ദിനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ( ഡബ്യു എം സി ) ന്യൂജേഴ്‌സി പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ "അമേരിക്കയില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക്" എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അ 'എന്ന അക്ഷരത്തില്‍ നിന്നു തന്നെയാണ് മലയാള ഭാഷ പഠനം തുടങ്ങേണ്ടത്. 'അ ' എന്നാല്‍ അമ്മ എന്നര്‍ത്ഥം അല്ലാതെ അക്ഷരമാലയല്ല. മലയാള ഭാഷ പഠിക്കാന്‍ മലയാളം സ്കൂളില്‍ പോവുകയോ അക്ഷരമാല പഠിക്കുകയോ വേണ്ട.ഒരമ്മ വിചാരിച്ചാല്‍ മാത്രം മതി ഭാഷ പഠിക്കാന്‍. ഒരു ചെലവുമില്ലാതെ പഠിക്കാന്‍ പറ്റുന്ന ഭാഷയാണ് മലയാളം. വലിയ നിരൂപണ സാഹിത്യമൊന്നും നമ്മുടെ കുട്ടികളില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. നല്ലവണ്ണം സംസാരിക്കാനും സംവദിക്കാനും പഠിക്കുക അതാണ് പ്രധാനം. അതിനുള്ള ഏറ്റവും ആദ്യത്തെ കളരി അടുക്കളയാണ്. അമ്മയാണ് ഏറ്റവും നല്ല അദ്ധ്യാപിക. 'അമ്മ. അടുക്കള,അരി, ഈച്ച, ചോറ്, റോസാപ്പൂവ് തുടങ്ങിയ വാക്കുകളാകട്ടെ ആദ്യം പഠിക്കുന്ന വക്കുകള്‍.അല്ലാതെ അക്ഷരമാലയിലെ നിന്നോ മലയാളം സ്കൂളുകളില്‍ നിന്നോ അല്ല പഠനം തുടങ്ങേണ്ടത് . ജെ. മാത്യൂസ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ മലയാളം സ്കൂളുകള്‍ ഏതു പ്രായത്തിലുള്ള കുട്ടികളെയും അക്ഷരമാലയില്‍ നിന്നാണ് തുടങ്ങുന്നത്. ഇതു കുട്ടികള്‍ക്ക് ഭാഷയോടുള്ള അകല്‍ച്ച വര്ധിപ്പിക്കുകയേയുള്ളു, നമ്മുടെ കുട്ടികളെ നമ്മുടെ സംസ്കാരം അപ്പാടെ പഠിപ്പിക്കാമെന്ന് കരുതേണ്ട. അവര്‍ വളരുന്ന സാഹചര്യത്തിനനുസരിച്ചു വേണം ഭാഷ പഠിപ്പിക്കാന്‍. ഒരു സമ്പൂര്‍ണ മലയാള സാഹിത്യം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുക സാധ്യമല്ല. നാം വളര്‍ന്ന സാഹചര്യത്തിലല്ല അവര്‍ വളരുന്നത്.പഴയ സംസ്കാരത്തില്‍ നിന്ന് മാറി നില്‍ക്കണം. കാര്യങ്ങള്‍ മനസിലാക്കാനും മറ്റുള്ളവരുമായി സംസാരിക്കാനും പ്രാപ്തരാക്കണം. വീടായിരിക്കണം ഏറ്റവും പ്രധാനപ്പെട്ട പരിശീലന കേന്ദ്രം.

ദൃശ്യമാധ്യമങ്ങളുടെ കടന്നു വരവോടെ മലയാള സാഹിത്യത്തിന്റെ വളര്‍ച്ച മന്ദഗതിയിലായി. അമേരിക്കയില്‍ നല്ല എഴുത്തുകാര്‍ ധരാളമുണ്ട്.എന്നാല്‍ അവര്‍ക്കു വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ആര്‍ക്കും എഴുതാമെന്ന സാഹചര്യങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സംജാതമായതോടെ നല്ല എഴുത്തുകാര്‍ മടിച്ചു നില്‍ക്കുകയാണ് . കാര്യങ്ങള്‍ വ്യക്തമായി വായിക്കാതെ പ്രതികരണങ്ങളിലൂടെ എഴുത്തുകാരെ വ്യക്തിഹത്യ ചെയ്യുന്നതും പല എഴുത്തുകാരെയും നിരാശപ്പെടുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ മലയാള ഭാഷക്ക് പ്രോത്സാഹനം നല്‍കുന്ന ഒരുപാടു സ്ഥാപനങ്ങളുണ്ട്. ഭാഷ പഠനത്തിന് ഡബ്യു എം സി നല്‍കിവരുന്ന സേവനം ഏറെ പ്രോത്സാഹനജനകമാണ്. ഡബ്യു എം സി യുടെ കേരള സ്റ്റഡീസ് പ്രസിദ്ധീകരിക്കുന്ന മലയാള ഭാഷ പുസ്തകങ്ങള്‍ വിവിധ കോളേജുകളില്‍ പാഠ്യ പുസ്തകമാണെന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.എന്തിനു മലയാള ഭാഷ പഠിക്കണമെന്ന കുട്ടികളുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ പലപ്പോഴും നമ്മള്‍ ഉത്തരം മുട്ടാറുണ്ട്. ഏതൊരു ഭാഷയും പഠിക്കുക വഴി വ്യത്യസ്തമായ ഒരു സംസ്കാരം കൂടിയാണ് പഠിക്കുന്നത്.ഭാഷ സംസ്കാരത്തിന്റെ വാതിലാണ്. നമ്മുടെ കുട്ടികള്‍ക്കുള്ള ഉത്തരം അതായിരിക്കണം. അമേരിക്കയില്‍ കേരളത്തിലെ ഓരോ മതവിഭാഗക്കാരുടെയും ആരാധനാലയങ്ങള്‍ ആരംഭിച്ചതോടെ എല്ലാവരും ഒത്തുചേരുന്ന വേദികള്‍ കുറഞ്ഞു വരുന്നത് സംസ്കാരത്തിന്റെയും ഭാഷയുടെയും വളര്‍ച്ചയ്ക്ക് വിഘാതമാകുന്നു.മാത്രമല്ല അമേരിക്കന്‍ മലയാളികളെ വിഘടിപ്പിച്ചു നിര്‍ത്തുന്നതിനും ഏതു കാരണമാകുന്നു. ജെ. മാത്യൂസ് വ്യക്തമാക്കി.

അമേരിക്കന്‍ മലയാളികളുടെ പഴയ ചിന്താഗതിയില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് തുടര്‍ന്ന് സംസാരിച്ച അമേരിക്കയിലെ തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇമലയാളി എഡിറ്ററുമായ ജോര്‍ജ് ജോസഫ് പറഞ്ഞു. പഴയ രീതിയില്‍ തന്നെ എല്ലാം നടക്കണമെന്ന് ചിന്താഗതി മാറണം. മാറ്റങ്ങള്‍ക്കു വേണ്ടി ചിന്തിക്കണം. ഇ മലയാളി ഒരുപാടു എഴുത്തുകാര്‍ക്ക് അവസരം നല്‍കി പലരെയും ഇരുത്തം വന്ന എഴുത്തുകാരാക്കി മാറ്റാന്‍ പങ്കു വഹിച്ചിട്ടുണ്ട്. പ്രതികരണക്കോളങ്ങളിലൂടെ ഒരുപാടു പേര്‍ക്ക് അഭിപ്രായപ്രകടനങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ പ്രതികരണങ്ങളും സ്ക്രീന്‍ ചെയ്യുക എളുപ്പമല്ല എങ്കിലും വ്യക്തിഹത്യയോ അസഭ്യങ്ങളോ കടന്ന്‌വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെപ്പോലെ അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരും നിലനില്‍പ്പിന്റെ പ്രശ്‌നത്തിലാണുള്ളത്. പല പ്രിന്റ് മാധ്യമങ്ങളും പൂട്ടിപോകാന്‍ കാരണം സാമ്പത്തിക ബാധ്യത തന്നെ. ഇമലയാളിക്കു ലാഭമുണ്ടായിട്ടല്ല ഒരു പ്രതിബദ്ധതയുടെ പേരില്‍ നടത്തിക്കൊണ്ടുപോകുന്നുവെന്നു മാത്രം. ആരും പത്രങ്ങളുടെ സാമ്പത്തിക വശങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. ഒരു ഓണ്‍ലൈന്‍ മാധ്യമമാണെങ്കില്‍ക്കൂടി നടത്തിക്കൊണ്ടുപോകുന്നതിനു ഭീമമായ ചെലവുകളുണ്ട്. ജോര്‍ജ് ജോസഫ് പറഞ്ഞു.
മഹാ പ്രളയകാലത്തു മല്‍സ്യത്തൊഴിലാളികള്‍ ചെയ്ത സേവങ്ങള്‍ പോലെ മാധ്യമങ്ങളും വളരെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ജീവന്‍ പണയം വെച്ച് വരെയാണ് അവര്‍ പ്രളയകാലത്തു വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിച്ചത്. മാധ്യമങ്ങള്‍ക്കു തക്കതായ അംഗീകാരം ലഭിച്ചതായി കേട്ടിട്ടില്ല. അതെ സമയം ശബരിമല വിഷയം, ബിഷപ്പ് ഫ്രാങ്കോ വിഷയങ്ങളില്‍ സമൂഹത്തില്‍ ഭിന്നതയുളവാക്കുന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത്. ഒരു പക്ഷെ ഗുരുവായൂര്‍ സത്യാഗ്രഹത്തിനു ശേഷം ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രക്ഷോഭമാണ് ശബരിമലയിലേത്.ജോര്‍ജ് സഫ് ചൂണ്ടിക്കാട്ടി.

ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളി സമൂഹങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നു മലയാള ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഡബ്യു എം സിയെ സംബന്ധിച്ചിടത്തോളം കേരളം പിറവി ദിനം ഏറെ സവിശേഷതയുള്ളതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡബ്യു എം സി ന്യൂജേഴ്‌സി ചാപ്റ്റര്‍ പ്രസിഡണ്ട് പിന്റോ ചാക്കോ കണ്ണമ്പിള്ളി പറഞ്ഞു. 1956 നവംബര് ഒന്നിന് തിരുവതാംകൂര്‍, തിരുകൊച്ചി, മലബാര്‍ എന്നിങ്ങനെ പടര്‍ന്ന് കിടന്ന രാജ്യങ്ങളെ ഒരുമിപ്പിച്ചു കേരളത്തിന് രൂപം നല്‍കി. അവിടുന്നങ്ങോട്ട് 40 വര്‍ഷത്തിന് ശേഷം ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മലയാളി സമൂഹങ്ങളെ ഭാഷാടിസ്ഥാനത്തില്‍ കോര്‍ത്തിണക്കി ഒരു കുടക്കീഴിലാക്കിയ ആഗോളതലത്തിലുള്ള ഒരു പ്രസ്ഥാനമായി മാറി വേള്‍ഡ് മലയാളി കൗണ്‍സില്‍. പിന്റോ കൂട്ടിച്ചേര്‍ത്തു.

ഏതൊരു രാജ്യത്തു കുടിയേറിയാലും സ്വതസിദ്ധമായ ശൈലിയില്‍ മലയാളി കെടാതെ സൂക്ഷിക്കുന്ന ഭാഷയുടെ ഒരു കൈത്തിരിനാളമുണ്ട്. അതുതന്നെയാണ് മലയാള സാഹിത്യത്തിലും മറ്റും അമേരിക്ക പോലുള്ള സ്ഥലങ്ങളില്‍ ജീവിച്ചുകൊണ്ടു തന്നെനമുക്ക് സംഭാവന ചെയ്യാന്‍ കഴിയുന്നത്. ഈ അവസരത്തിലാണ് ചിലര്‍ ഭാഷാസ്‌നേഹം സ്വന്തം വ്യക്തിത്വത്തിലും ഭവനങ്ങളിലും മാത്രം ഒതുക്കി നിര്‍ത്താതെ സമൂഹമെന്ന വലിയ ചട്ടക്കൂടിലേക്കുകൂടി വ്യാപിപ്പിച്ചുകൊണ്ട് മറു നാട്ടില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് മലയാള മാധ്യമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും അതിനെ നിര്‍വിഘ്‌നം രണ്ടുദശാബ്ദത്തിലേറെയായി നമ്മളിലേക്ക് എത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.അത്തരത്തിലുള്ള രണ്ടു മഹത്‌വ്യക്തികളെ ആദരിക്കുക എന്നതിലപ്പുറം കേരള പിറവി ആഘോഷിക്കാന്‍ ഉചിതമായ മറ്റൊരു തീരുമാനമില്ലെന്നു ഡബ്യു എം സി ഐകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. പിന്റോ ചാക്കോ വ്യക്തമാക്കി.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഷോളി കുമ്പിളുവേലില്‍ മോഡറേറ്ററായിരുന്നു. ഷൈനി രാജു ആയിരുന്നു അവതാരിക.
മലയാള പഠനം അടുക്കളയില്‍ നിന്നാരംഭിക്കണം: ജെ. മാത്യൂസ് മലയാള പഠനം അടുക്കളയില്‍ നിന്നാരംഭിക്കണം: ജെ. മാത്യൂസ് മലയാള പഠനം അടുക്കളയില്‍ നിന്നാരംഭിക്കണം: ജെ. മാത്യൂസ്
Join WhatsApp News
ആശാൻ ഗോവിന്ദൻ 2018-11-09 22:55:24
 ചേച്ചി ചൂടാകാതെ . സാറ് പറഞ്ഞതിൽ കാര്യമുണ്ട് . ഇപ്പോൾ ആരും കുക്ക് ചെയ്യാറില്ല . എല്ലാം പുറത്തൂന്നു ഓർഡർ ചെയ്യുകയാണ് . അടുക്കള വെറുതെ കിടക്കുകയല്ലേ . അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്  പഠനം അടുക്കളയിൽ നിന്ന് തുടങ്ങണമെന്ന് .  പിന്നെ ഞാൻ ഒരു പഴേ ആശാനാണ് .  അടുക്കളയിൽ ഒരു രണ്ടു ചാക്ക് മണൽ കൊണ്ടിട്ട് നമ്മൾക്ക് പിള്ളാരെ നിലത്തെഴുത്തു പഠിപ്പിക്കാം . വേണെങ്കിൽ കുറെ പിള്ളാരേം ചേർക്കാം .  അങ്ങനെ ചേച്ചിക്ക് മനസ്സാണെങ്കിൽ നമ്മള്ക്ക് ചേച്ചിയുടെ അടുക്കളയിൽ ഗുരുകുല വിദ്യാഭാസം ആരംഭിക്കാം . അടുക്കളക്ക് പൊടീം പിടിക്കില്ല 
ഭാഷാപോഷിണി 2018-11-09 23:38:24
മലയാള ഭാഷ പഠനം വീട്ടിൽ ആരംഭിക്കണം എന്നാണ് സാർ പറയാൻ ഒരു പക്ഷെ ഉദ്ദേശ്യച്ചത് . നല്ല വിശപ്പുള്ള സമയം ആയതുകൊണ്ട് അടുക്കള എന്നായി പോയതായിരിക്കും . ഏതായാലും അതിനെച്ചൊല്ലി ഒരു ബഹളം വേണ്ട 
മീനാക്ഷി 2018-11-09 23:46:25
അല്ലേലും ആണുങ്ങൾക്ക് പെണ്ണുങ്ങളുടെ തലേൽ ഉത്തരവാദിത്വം ഇട്ടുകൊടുത്തിട്ട് ഏതെങ്കിലും മീറ്റിങ്ങിൽ പോയിരുന്നു ഇതുപോലെ പ്രസ്താവന ഇറക്കിയാൽ മതിയല്ലോ ? ഇനി അടുക്കളയിൽ നിന്ന് മലയാള ഭാഷാ പഠനം തുടങ്ങിക്കൊള്ളാൻ . ഡബിൾ ഡ്യൂട്ടി കഴിഞ്ഞു വന്ന് കഞ്ഞീം കറീം വച്ചിട്ട് മലയാള ഭാഷേം പഠിപ്പിച്ചിട്ട് കിടന്നാൽ മതിയെന്ന് പറയുന്നതിന്റെ അർഥം പിടികിട്ടുന്നില്ല . ഇപ്പോൾ ഉള്ള വീട് വിറ്റിട്ട് അടുക്കള ഇല്ലാത്ത ഒരു വീട് മേടിക്കാൻ പോകുകയാ .  പിള്ളാരേം എല്ലാം കൂട്ടി അയ്യപ്പ ദർശനത്തിന് പോകുകയാണ് 

സാറ ജോസ് 2018-11-11 02:08:54
ഈ പ്രക്യപനം  എല്ലാം  എത്രയോ  ആളുകൾ  എത്രയോ 
വട്ടം  നടത്തിയിരിക്കുന്നു . ഒരു  പുതുമയുമില്ല . അടുക്കള  എന്നൊക്കെ വീണ്ടും  പറഞ്ഞു  ചുമ്മാ വാർത്തയും  ഫോട്ടോയും  രണ്ടുദിവസം  മുഴുവൻ  വച്ചു  കാക്കിയിരിക്കുന്നു .
കാട്ടികൊട് കൂട്ടികൊട് മണ്ടികൊട് 2018-11-09 22:15:57
നിന്ന് തിരിയാൻ സ്ഥലമില്ല അടുക്കളയിൽ . അപ്പോഴാണ് അവിടെ നിന്ന് മലയാള ഭാഷയുടെ പഠനം തുടങ്ങണം എന്ന് പറഞ്ഞ് നിങ്ങൾ പിരി മുറുകുന്നത്. ഇവിടെ ഓരോത്തര് ഇനി പിള്ളാരേം വിളിച്ചോണ്ട് അടുക്കളയിൽ വരും. എന്റെ ഭർത്താവ് ഒരു എഴുത്തുകാരനാണ്. നിങ്ങൾ പറയുന്നതിന്റെ ഗൂഢാർത്ഥം അങ്ങേർക്ക് പിടികിട്ടില്ല .  നാക്കിന് കെട്ടുള്ള ആളുമാണ് അക്ഷര സ്പുടതയ്ക്ക്, അങ്ങേര് പഠിപ്പിച്ചു കഴിയുമ്പോൾ അക്ഷരസ്പുഷത എന്ന് പിള്ളാര് പറയാൻ തുടങ്ങും .  ഇവിടെ മലായാളം പഠിച്ചിട്ടെന്തെടുക്കാനാണ് സാറേ . നാട്ടിൽ തന്നെ മലയാള ഭാഷ ആരും ശരിക്ക് പറയുന്നില്ല .  നമ്മുടെ പിള്ളേര് ആരും മലയാള ഭാഷയുടെ പുറകെ പോകാൻ പോകുന്നില്ല .  എന്ത് പറയാനാ കാട്ടികൊട് കൂട്ടികൊട് മണ്ടികൊട് ഇതല്ലേ നിങ്ങടെ പരിപാടി ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക