Image

ബി.ജെ.പിയ്‌ക്ക്‌ വന്‍തിരിച്ചടിയെന്ന്‌ സര്‍വെ: മധ്യപ്രദേശിലും തെലുങ്കാനയിലും കോണ്‍ഗ്രസ്‌ തിരിച്ചുവരും

Published on 10 November, 2018
ബി.ജെ.പിയ്‌ക്ക്‌ വന്‍തിരിച്ചടിയെന്ന്‌ സര്‍വെ: മധ്യപ്രദേശിലും തെലുങ്കാനയിലും കോണ്‍ഗ്രസ്‌ തിരിച്ചുവരും


രാജ്യത്തെ കാര്‍ഷിക മേഖല മുമ്പില്ലാത്ത വിധം പ്രതിസന്ധി നേരിടുമ്പോള്‍ തിരഞ്ഞെടുപ്പിലേക്ക്‌ പോകുന്ന അഞ്ച്‌ സംസ്ഥാനങ്ങളില്‍ മൂന്നിലും ബിജെപിയ്‌ക്ക്‌ തിരിച്ചടിയെന്ന്‌ സര്‍വെ.

ദ സെന്റര്‍ ഫോര്‍ വോട്ടിങ്‌ ഒപ്പീനിയന്‍ ആന്‍ഡ്‌ ട്രന്റ്‌ ഇന്‍ ഇലക്ഷന്‍ റിസര്‍ച്ച്‌ നവംബര്‍ രണ്ടാം വാരം നടത്തിയ സര്‍വെ റിപ്പോര്‍ട്ടിലാണ്‌ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അഞ്ചില്‍ മൂന്ന്‌ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌ അധികാരത്തിലെത്തുമെന്ന്‌ പ്രവചിക്കുന്നത്‌. രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന്‌ സര്‍വെ പറയുന്നു.

മൂന്ന്‌ തവണയായി ബിജെപി അധികാരത്തില്‍ തുടരുന്ന മധ്യപ്രദേശിലും കോണ്‍ഗ്രസ്‌ ഭൂരിപക്ഷം നേടുമെന്നാണ്‌ ഫലം. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലുങ്കാനയില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ പുതിയ സഖ്യം ടിഡിപിയെ തുണയ്‌ക്കുമെന്നും ഇത്‌ ടിആര്‍ എസിന്‌ വന്‍ തിരിച്ചടിയുണ്ടാക്കുമെന്നും സര്‍വെ ഫലം പറയുന്നു.

രാജസ്ഥാനില്‍ 145 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്‌ അധികാരത്തിലെത്തുമെന്നാണ്‌ സര്‍വെയില്‍ പറയുന്നത്‌. തെലങ്കാനയില്‍ കോണ്‍ഗ്രസ്‌- ടി.ഡി.പി സഖ്യം 64 സീറ്റുകളുമായി വ്യക്തമായി ഭൂരിപക്ഷം നേടും.

മധ്യപ്രദേശില്‍ ബി.ജെ.പിക്ക്‌ 107 സീറ്റുകള്‍ ലഭിക്കുമെന്നാണ്‌ സി- വോട്ടര്‍ പ്രവചനം. 41.5% വോട്ടു ഷെയര്‍ നേടും. കോണ്‍ഗ്രസ്‌ 116 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം നേടുമെന്നും സര്‍വെയില്‍ പറയുന്നു.

ഛത്തീസ്‌ഗഢില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടം നടക്കുമെന്നും സര്‍വെ പറയുന്നു. വസുന്ധര രാജെ സര്‍ക്കാരിന്റെ അഴിമതിയും അവിടുത്തെ പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതയും ഭരണവിരുദ്ധ വികാരവും മൂലം ബിജെപി തകര്‍ന്നടിയുമെന്ന്‌ മുമ്പു പല സര്‍വെകളും അഭിപ്രായപ്പെട്ടിരുന്നു.

വ്യാപം അടക്കമുള്ള അഴിമതി ആരോപണങ്ങളും കടുത്ത കാര്‍ഷിക പ്രതിസന്ധിയുമാണ്‌ മധ്യപ്രദേശില്‍ ബിജെപിയ്‌ക്ക്‌ ഭീഷണി.

ഡിസംബര്‍ 11ന്‌ എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നടക്കും. മിസോറാമിലും ഛത്തീസ്‌ഗഡിലും കടുത്ത പോരാട്ടമായിരിക്കുമെന്നും ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാവില്ലെന്നാണ്‌ സര്‍വെ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക