Image

ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരം; മണ്ഡലകാലം സംഘര്‍ഷഭരിതമാകും; സ്‌ത്രീകളെ തടഞ്ഞത്‌ തെറ്റായ നടപടി; ഹൈക്കോടതിയില്‍ സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്‌

Published on 10 November, 2018
ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരം;  മണ്ഡലകാലം സംഘര്‍ഷഭരിതമാകും; സ്‌ത്രീകളെ തടഞ്ഞത്‌ തെറ്റായ നടപടി;  ഹൈക്കോടതിയില്‍ സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്‌


തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന്‌ സര്‍ക്കാറിന്റെ പിടിവാശി സന്നിധാനത്ത്‌ സംഘര്‍ഷം ക്ഷണിച്ചു വരുത്തുമെന്ന്‌ സൂചന നല്‍കുന്ന റിപ്പോര്‍ട്ടുമായി ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ സ്ഥിതിഗതികള്‍ ഗുരതരമാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

ജില്ലാ ജഡ്‌ജി കൂടിയായ സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്‌ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഈ സാഹചര്യം മുതലെടുത്തേക്കുമെന്നും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകരാകും മണ്ഡല, മകരവിളക്ക്‌ കാലത്ത്‌ ശബരിമലയിലെത്തുക. ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം സംഘര്‍ഷഭരിതമാകും. തിക്കിലും തിരക്കിലുംപെട്ട്‌ തീര്‍ത്ഥാടകര്‍ക്ക്‌ ജീവപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌.

ചിത്തിര ആട്ട വിശേഷ പൂജക്ക്‌ നട തുറന്നപ്പോള്‍ സ്‌ത്രീകളെ തടഞ്ഞത്‌ തെറ്റായ നടപടിയാണ്‌. പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നു. ചിലര്‍ ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുന്ന സ്ഥിതി ഉണ്ടായതായും സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേര്‌ പറഞ്ഞാണ്‌. സുരക്ഷാഭീഷണിയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്‌ ശബരിമല. ദേശവിരുദ്ധ ശക്തികള്‍ ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ചേക്കാം. രാഷ്ട്രീയപാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അതേസമയം, യുവതി പ്രവേശനം ചോദ്യം ചെയ്‌തുള്ള റിട്ട്‌, റിവ്യൂ ഹര്‍ജികള്‍ സുപ്രീം കേടതി ചൊവ്വാഴ്‌ച പരിഗണിക്കും. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടില്‍ ഒരു മാറ്റവുമുണ്ടാവില്ലെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‌ ഒരു സീറ്റുപോലും കിട്ടിയില്ലെങ്കിലും നിലപാടില്‍ മാറ്റംവരുത്തില്ല. എന്തു പ്രത്യാഘാതം ഉണ്ടായാലും യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കും. ശബരിമല വച്ചുകൊണ്ടുള്ള ആര്‍എസ്‌എസ്‌ നീക്കങ്ങള്‍ കേരളത്തില്‍ ചലനമുണ്ടാക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2004ലെ ഫലം ആവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു.

യുവതി പ്രവേശനത്തിനായി സുരക്ഷയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ പൊലീസ്‌ ഒരുങ്ങഉന്നത്‌. പ്രത്യേക സുരക്ഷയുടെ ഭാഗമായി സന്നിധാനത്തേക്ക്‌ പുറപ്പെടുന്നവര്‍ക്ക്‌ പൊലീസ്‌ സ്റ്റേഷനില്‍ ചെന്ന്‌ കാര്‍പാസ്‌ വരെ എടുക്കേണ്ട അവസ്ഥയാണ്‌ വരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക