Image

2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി മത്സരിച്ചേക്കും; യുഎസ് ജാക്‌പോട്ടിന് ഒരു അവകാശിയായി

Published on 07 April, 2012
2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി മത്സരിച്ചേക്കും; യുഎസ് ജാക്‌പോട്ടിന് ഒരു അവകാശിയായി
വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനത്ത് ബറാക് ഒബാമ രണ്ടാമൂഴം തേടുന്നതിനിടെ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥിയായി വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ മത്സരിച്ചേക്കുമെന്ന ചര്‍ച്ചകളും സജീവമാകുന്നു. വിദേശകാര്യ സെക്രട്ടറിയെന്ന നിലയില്‍ രണ്ടാമൂഴത്തിനില്ലെന്ന് ഹിലരി വ്യക്തമാക്കിയിട്ടുണ്‌ടെങ്കിലും 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ സ്ഥാനാര്‍ഥിയാവുകയാണെങ്കില്‍ സന്തോഷമേയുള്ളൂവെന്ന് ഭര്‍ത്താവും മുന്‍ യുഎസ് പ്രസിഡന്റുമായ ബില്‍ ക്ലിന്റണ്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ വ്യക്തമാക്കിയതാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ വീണ്ടും ചൂടുപിടിപ്പിച്ചത്. വിശ്രമത്തിനായാണ് പൊതുരംഗം വിടുന്നതെന്ന് ഹിലരി നേരത്തെ വ്യക്തമാക്കിയിരുന്നു. വിശ്രമകാലം ഫലപ്രദമായി ഉപയോഗിച്ച് 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹിലരി സജ്ജമാവണമെന്ന് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ വലിയൊരു വിഭാഗവും ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ജനപ്രതിനിധിസഭയിലെ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവായ നാന്‍സി പെളോസി, ന്യൂയോര്‍ക്ക് സെനറ്റര്‍ സ്ഥാനത്ത് ഹിലരിയുടെ പിന്‍ഗാമിയായ കിര്‍സ്റ്റന്‍ ഗില്ലിബ്രാന്‍ഡ് എന്നിവര്‍ 2016ലെ തെരഞ്ഞെടുപ്പില്‍ ഹിലരി സ്ഥാനാര്‍ഥിയാവണമെന്ന് ആഗ്രഹിക്കുന്നവരാണ്. പ്രസിഡന്റ് ബറാക് ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് ലൂഫെയും 2016ലെ ഹിലരിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്നുണ്ട്. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രായമാണ് പ്രധാന തടസമായി വിമര്‍ശകര്‍ പറയുന്നത്. 2016ല്‍ ഹിലരിക്ക് 69 വയസാവും. എന്നാല്‍ 1981ല്‍ യുഎസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനും ഇതേ പ്രായമായിരുന്നുവെന്ന് ഹിലരിയെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു. എന്തായാലും ബില്‍ ക്ലിന്റന്റെ പ്രസ്താവനയോടെ പതീക്ഷകള്‍ പൂര്‍ണമായും അസ്തമിച്ചിട്ടില്ലെന്നുതന്നെയാണ് ഹിലരിയെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നത്.

യുഎസ് ജാക്‌പോട്ടിന് ഒരു അവകാശിയായി

കന്‍സാസ്: യുഎസ് ജാക്‌പോട്ടിന് ഒടുവില്‍ ഒരു അവകാശിയായി. കന്‍സാസ് നഗരത്തില്‍ നിന്നുള്ള വ്യക്തിയാണ് 656 മില്യണ്‍ ഡോളറിന്റെ ലോട്ടറി തുകയില്‍ മൂന്നിലൊരു ഭാഗത്തിന് അവകാശിയായതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ ലോട്ടറിയടിച്ച ആളുടെ പേര് പുറത്ത് പറയുന്നില്ലെന്ന് കന്‍സാസ് ലോട്ടറി മേധാവി ഡെന്നിസ് വില്‍സണ്‍ പറഞ്ഞു. വിജയിയുടെ പ്രായമോ, ലിംഗമോ, സ്ഥലമോ വെളിപ്പെടുത്തിയിട്ടില്ല. ഒറ്റത്തവണ സമ്മാനത്തിനായാണ് വിജയി അവകാശവാദമുന്നയിച്ചിരിക്കുന്നതെന്ന് വില്‍സണ്‍ പറഞ്ഞു. സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് വിജയിയെന്നും തിങ്കളാഴ്ചവരെ തന്റെ ടിക്കറ്റിനാണ് സമ്മാനമടിച്ചെന്ന കാര്യം ഇയാള്‍ അറിഞ്ഞിരുന്നില്ലെന്നും വില്‍സണ്‍ വ്യക്തമാക്കി. മേരിലാന്‍ഡില്‍ നിന്നുള്ള ഹെയ്ത്തി വംശജ മിര്‍ലാന്‍ഡെ വില്‍സണും ലോട്ടറി അടിച്ചതായി അവകാശവാദമുന്നയിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ #ിവരുടെ അവകാശവാദത്തിനെതിരെ സഹപ്രവര്‍ത്തകരും രംഗത്തെത്തിയത് വിവാദമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2, 4, 23, 38, 46 മെഗാബോള്‍ 23 എന്ന നമ്പറിന് ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി അടിച്ചത്.

യുഎസില്‍ വ്യോമസേന വിമാനം ഇടിച്ചിറങ്ങി; 6 പേര്‍ക്ക് പരുക്ക്

വാഷിംഗ്ടണ്‍: യുഎസ് നാവികസേനയുടെ യുദ്ധവിമാനം വിര്‍ജീനിയയില്‍ കെട്ടിടങ്ങളിലേക്ക് ഇടിച്ചിറങ്ങി ആറുപേര്‍ക്ക് പരുക്കേറ്റു. വിര്‍ജീനിയ ബീച്ചിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റിലേക്കാണ് അമേരിക്കന്‍ വ്യോമസേനയുടെ എഫ്/എ 18ഡി വിമാനം ഇടിച്ചിറങ്ങിയത്. പൈലറ്റ് ഉള്‍പ്പെടെയുള്ള സൈനികര്‍ക്കാണ് പരുക്കേറ്റത്.

പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. പറന്നുയര്‍ന്ന ഉടന്‍ വിമാനം വീഴുകയായിരുന്നു.ആറു കെട്ടിടങ്ങള്‍ക്കു സാരമായ കേടുപാടുകള്‍ പറ്റി.എന്നാല്‍ കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവര്‍ക്കാര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഇടിയുടെ ആഘാതത്തില്‍ അഗ്നിസ്ഫുരണങ്ങളുണ്ടായി. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.

ഇന്ത്യന്‍ ഭാഷാപണ്ഡിതന് യുഎസ് പുരസ്കാരം

വാഷിംഗ്ടണ്‍: യുഎസ് അക്കാദമി പുരസ്കാരത്തിന് ഇന്ത്യന്‍ ഭാഷാപണ്ഡിതന്‍ അര്‍ഹനായി. പ്രഫ. മുഹമ്മദ് ജഹാംഗീര്‍ വാര്‍സിക്കാണ് ജെയിംസ് ഇ. മാക്ലിയോഡ് ഫാക്കല്‍റ്റി റെകഗ്‌നിഷന്‍ അവാര്‍ഡ് ലഭിച്ചത്. മിസൗറിയിലെ വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. അലീഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റി സ്വര്‍ണമെഡലും പശ്ചിമ ബംഗാള്‍ അക്കാദമി പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഏപ്രില്‍ 16നാണ് പുരസ്കാരദാനം. ബിഹാറില്‍ ജനിച്ച ജഹാംഗീര്‍ ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടിയശേഷം അമേരിക്കന്‍ സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക