Image

ജഡത്വം (കവിത: സുധ പയ്യന്നൂര്‍)

Published on 10 November, 2018
ജഡത്വം (കവിത: സുധ പയ്യന്നൂര്‍)
പ്രളയത്തിലും ഒഴിഞ്ഞു പോകാത്ത
ആചാരം പോലെ,
ചുവന്ന മഴ പെയ്തിട്ടും
ചോരയല്ലെന്നു പറഞ്ഞ
ചൂരല്‍ വടികളില്‍
ധാര്‍ഷ്ട്യം വിളയുന്നു
ജീവന്‍ തിരികെ കൊണ്ടുവന്ന
അരയന്റെ കയ്യുകള്‍
അസ്പര്‍ശ്യമാകുന്നു.

പൂണൂലിന്റെ മായാജാലങ്ങളില്‍
അവര്‍ അന്യരാകുന്നു
രക്ഷയെന്നു കരുതി പിടിക്കുന്ന
കൈകളില്‍ നിന്ന്
കുതറാന്‍ വയ്യാതെയാകുന്നു
ഒടുവില്‍...
ചിരട്ടയിലൊഴിച്ചു തരുന്ന
മധുരങ്ങളിലാലസ്യപ്പെട്ടവര്‍
ശരണം പാടുന്നു..
കഴുകന്റെ കണ്ണുകളിലെ ക്രൗര്യ മറിയാതെ
ചങ്ങലയുടെ കാഠിന്യമറിയാതെ
ഒന്നുമറിയാതെ
ഓച്ഛാനിച്ചു നില്‌ക്കേണ്ട
സംസ്ക്കാര രീതിയെ
പൂവിട്ടു വേള്‍ക്കുന്നു
എച്ചിലിലയില്‍ ഉരുളുന്ന ഭക്തിയെ തുടികൊട്ടുന്നു..

ജഡത്വം...
ഒരേ അവസ്ഥയില്‍
തുടരാനുള്ള വസ്തുവിന്റെ പ്രവണത
എത്ര ഇംപോസിഷന്‍....
നുറുങ്ങിപ്പോയ
എത്ര ചൂരലുകള്‍....
എന്നിട്ടും കുലുങ്ങാതെ,
നേര്‍രേഖാവക്രചലനങ്ങള്‍ വെടിഞ്ഞ്
അനങ്ങാതിരുപ്പിനോട്
ഞാനെത്ര
ചങ്ങാത്തമായി..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക