Image

ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് (അധ്യായം 9: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 10 November, 2018
ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് (അധ്യായം 9: ആന്‍ഡ്രൂ പാപ്പച്ചന്‍)
വസന്തവും ശിശിരവും ഇലപൊഴിയും ശരത്കാലവും ഗ്രീഷ്മവുമൊക്കെ പലവട്ടം കടന്നുപോയി. കൊച്ചുഡേവിഡ് ഏഴാം സ്റ്റാന്‍ഡേഡിലെത്തി. ആല്‍ഫ്രഡിന്റെ മുടിയിഴകളില്‍ വെള്ളിരേഖകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ജീവിതമാകുന്നയാത്രയുടെ നല്ലൊരുഭാഗം പിന്നിട്ടിരിക്കുന്നു. വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നതുപോലെ ആല്‍ഫ്രഡിന്റെ പരോള്‍ ഹിയറിംഗിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചുതുടങ്ങി. ജയിലില്‍നിന്നിറങ്ങി മമ്മിക്കും ജാനറ്റിനും ഡേവിഡിനുമൊപ്പം കുറച്ചുകാലമെങ്കിലും സമാധാനമായിക്കഴിയാന്‍ മനസ് കൊതിച്ചു.
തുടര്‍ച്ചയായ വായനയിലൂടെ ആല്‍ഫ്രഡിന് ലോകത്തെ അഞ്ചു പ്രധാന മതങ്ങളെയും കുറിച്ച് സാമാന്യം നല്ല അറിവ് ലഭിച്ചിരുന്നു. ഇന്ത്യയിലുണ്ടായ ഹിന്ദു, ബുദ്ധമതങ്ങള്‍ മനുഷ്യാത്മാവ് മുക്തി, അല്ലെങ്കില്‍ നിര്‍വാണയിലെത്തുന്നതിനെകുറിച്ചാണ് പ്രധാനമായും പറയുന്നത്. ആഗ്രഹമാണ് മനുഷ്യന്റെ ദുരിതങ്ങള്‍ക്കെല്ലാം കാരണമെന്ന് ബുദ്ധമതം പറയുന്നു. എന്നാല്‍ മധ്യപൂര്‍വദേശത്ത് രൂപംകൊണ്ട ക്രിസ്ത്യന്‍, ജൂത, ഇസ്ലാം മതങ്ങള്‍ പ്രപഞ്ചസൃഷ്ടിയെ കുറിച്ച് ഒരേ സിദ്ധാന്തം പങ്കുവെക്കുന്നു. യഹോവ, പ്രവാചകന്‍ വഴി കൊടുത്ത പത്ത് കല്‍പനകളെയും ഈ മൂന്ന് മതങ്ങളും അടിസ്ഥാനമാക്കുന്നു. എല്ലാ മതങ്ങളും സൃഷ്ടാവായ ദൈവത്തില്‍ വിശ്വസിക്കുന്നു. എല്ലാ മതങ്ങളും ഈ ദൈവത്തെ നിര്‍വചിക്കുന്നു, മരണത്തിനുശേഷം സമാധാനവും ശാന്തതയുമുള്ളൊരു സ്ഥലത്ത് മനുഷ്യാത്മാവ് എത്തിച്ചേരുന്നതിന് അനുയോജ്യമായ വിധത്തില്‍ ഭൂമിയില്‍ ജീവിക്കാന്‍ മനുഷ്യര്‍ക്ക് മതങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങളും വെക്കുന്നു. അങ്ങനെ ചിന്തിക്കുമ്പോള്‍ മതങ്ങളെല്ലാം ഉദാത്തമായൊരു സന്ദേശമാണ് മുന്നോട്ടുവെക്കുന്നത്. ഭൂരിപക്ഷം ആളുകളും അവര്‍ ജനിച്ചുവളര്‍ന്ന പ്രദേശത്തിന്റെ പതിവുകള്‍ക്കനുസരിച്ച്, ഓരോരുത്തരുടെയും മാതാപിതാക്കളുടെ മതമനുസരിച്ച്, ജീവിതസാഹചര്യങ്ങളനുസരിച്ച് ഏതെങ്കിലും പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നു. ക്രിസ്ത്യാനിയായി ജനിച്ചുവെങ്കിലും തനിക്ക് ക്രിസ്തു മതത്തെ കുറിച്ചറിയാന്‍ സാധിച്ചത് ഇപ്പോള്‍ മാത്രമാണ്. ചെറുപ്പത്തില്‍ യാതൊരു മാര്‍ഗനിര്‍ദേശങ്ങളുമില്ലാതെ വളര്‍ന്നതുകൊണ്ട് തെറ്റിലേക്ക് വഴുതി വീണു. വായിച്ചു മനസിലാക്കിയതിന്റെ വെളിച്ചത്തില്‍ എല്ലാ മതങ്ങളില്‍ നിന്നും നന്‍മയുടെ അംശം സ്വീകരിക്കാന്‍ ആല്‍ഫ്രഡ് തീരുമാനിച്ചു. നല്ലയൊരു മനുഷ്യനായി, ദയയും,സ്‌നേഹവും കരുണയുമുള്ളവനായി മറ്റുള്ളവര്‍ക്ക് വേണ്ടിയായിരിക്കും ഇനിയുള്ള തന്റെ ജീവിതമെന്ന് അയാളുറച്ചു.
നേരം പുലര്‍ന്നു. ഗാര്‍ഡ് വന്ന് മുറി തുറന്നു. ജയില്‍ അധികാരികള്‍ തന്റെ ഹിയറിംഗ് അടുത്തമാസം നടത്താന്‍ നിശ്ചയിച്ചതായും അവരോട് ആല്‍ഫ്രഡിനുവേണ്ടി റെക്കമന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഗാര്‍ഡ് പറഞ്ഞു.
""നന്ദിയുണ്ട് സര്‍, എല്ലാറ്റിനും. പ്രത്യേകിച്ച് താങ്കളുടെ ഉപദേശങ്ങള്‍ക്കും സ്‌നേഹത്തോടെയുള്ള ഇടപെടലുകള്‍ക്കും. ഞാനിവിടെ 14 വര്‍ഷം ചെലവിട്ടിരിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാന്‍ വയ്യ. ഞാന്‍ വായിച്ച മതഗ്രന്ഥങ്ങളെല്ലാം എന്നെ, എന്റെ ചിന്തകളെ, സ്വാധീനിച്ചിരിക്കുന്നു. ഇനിയീ ലോകത്തിലേക്ക് നിര്‍ഭയനായി ഇറങ്ങാമെന്നാണെന്റെ പ്രതീക്ഷ. .''
""ഞാന്‍ ശരിക്കും തന്നെ മനസിലാക്കുന്നുണ്ടാല്‍ഫ്രഡ്. തന്നെകുറിച്ച് നന്നായി പരോള്‍ബോര്‍ഡിനെഴുതിയിട്ടുണ്ട്. അവര്‍ തന്നെ ഇത്തവണ പുറത്തുവിടുമെന്ന് തന്നെയാ എന്റെ വിശ്വാസം. പിന്നെ പുറംലോകത്തേക്കിറങ്ങുമ്പോള്‍ അമിതപ്രതീക്ഷകള്‍ വെക്കരുത്. ചിലപ്പോള്‍ നമുക്കത് വിഷമമുണ്ടാക്കും. കാരണം ഒരുകുറ്റവാളിയോടെന്ന മട്ടിലേ ആദ്യമൊക്കെ ആളുകള്‍ തന്നോട് ഇടപെടാന്‍ വഴിയുള്ളൂ അതിനൊക്കെ മാറ്റം വരണമെങ്കില്‍ കുറച്ചുസമയമെടുക്കും. നല്ലപെരുമാറ്റത്തിലൂടെ വേണം താനാ കാഴ്ചപ്പാടിനെ മാറ്റിയെടുക്കാന്‍. ''
""അറിയാം സര്‍. ലോകത്തെ ബോധ്യപ്പെടുത്തുക ബുദ്ധിമുട്ടുള്ള കാര്യമാന്നറിയാം. എങ്കിലും ഞാന്‍ ശ്രദ്ധിക്കാം. അങ്ങയുടെ സഹായവും എന്റെ മമ്മിയുടെ പ്രാര്‍ഥനയും ഇല്ലായിരുന്നെങ്കില്‍ എനിക്കിവിടുന്നിറങ്ങുന്നതിനേകുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലാരുന്നു.അങ്ങയോടെനിക്ക് കടപ്പാടുണ്ട്. ഞാനിന്നെന്റെ തെറ്റുകളെകുറിച്ച് ബോധവാനാ...... മറ്റുള്ളവരെ എങ്ങനെ സ്‌നേഹിക്കണമെന്നും കരുതണമെന്നും ഇന്നെനിക്കറിയാം. ''
""താനിനി ഏത് മതചര്യകള്‍ പിന്തുടര്‍ന്നാലും തിന്‍മയില്‍ നിന്ന് വിട്ടുനില്‍ക്കണം. എല്ലാ മതങ്ങളും പറയുന്നു, ഈ ലോകത്ത് തിന്‍മയുടെ ശക്തികളുമുണ്ടെന്ന്. നാം തിന്‍മയുടെ ആകര്‍ഷണത്തിലായിരിക്കുമ്പോള്‍ ദുഷിച്ച ചിന്തകളുണ്ടാവുന്നു, തിന്‍മ പ്രവര്‍ത്തിക്കുന്നു. നന്‍മയുടെ സ്വാധീനത്തിലായിരിക്കുമ്പോള്‍ നല്ലതു ചെയ്യാന്‍ തോന്നും. തിന്‍മക്കെതിരേ നമ്മള്‍ എപ്പോഴും ജാഗരൂകരായിരിക്കണം.''
""ഉവ്വ് സര്‍. ചീത്ത സാഹചര്യങ്ങള്‍ നമ്മെ എപ്പോള്‍ വേണമെങ്കിലും സ്വാധീനിക്കാം. സൃഷ്ടാവില്‍ വിശ്വാസമുണ്ടെങ്കില്‍ വിഷ്ണുവിലോ, യഹോവയിലോ,ദൈവത്തിലോ, അള്ളാഹുവിലോ, വിശ്വാസമുണ്ടെങ്കില്‍ നന്‍മയില്‍ ജീവിതം സാധ്യമാകും. ചീത്തസ്വഭാവമുള്ളവനെന്ന് പറഞ്ഞുകേള്‍പിക്കുക എളുപ്പമാ...നല്ലവനെന്ന് കേള്‍പിക്കുക കുറച്ച് ബുദ്ധിമുട്ടാ.. ''
""അതെ ആല്‍ഫ്രഡ്, താന്‍ പറഞ്ഞത് ശരിയാ, കുറച്ചൊക്കെ നമ്മുടെ വിവേചനാശക്തി കൂടി പ്രയോഗിക്കണം. തനിക്കൊരു നല്ല ജീവിതം ലഭിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ''
""നന്ദിയുണ്ട്, സര്‍. മമ്മിക്കും ജാനറ്റിനും പരോള്‍ വാര്‍ത്ത കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാവും.. '' ആല്‍ഫ്രഡ് പറഞ്ഞു. പിറ്റേന്ന് സന്ദര്‍ശകര്‍ക്കുള്ള ദിനമായിരുന്നു.
മമ്മിയെ കണ്ടപ്പോള്‍ ആല്‍ഫ്രഡിന്റെ മുഖം സന്തോഷത്താല്‍ വിടര്‍ന്നു.
""അടുത്തതവണ നിങ്ങള്‍ക്കെന്നെ കാണാന്‍ ഇവിടെ വരേണ്ടി വരുമെന്ന് തോന്നുന്നില്ല മമ്മീ'' ആല്‍ഫ്രഡ് പറഞ്ഞു.
""അതെന്താ?,'' ബെറ്റി ആകാംക്ഷയോടെ ചോദിച്ചു.
""അടുത്തതവണ എനിക്ക് നിങ്ങള്‍ക്കൊപ്പം വീട്ടിലേക്ക് വരാന്‍ പറ്റിയേക്കും..''
""അതെയോ? നീ സത്യമാണോ പറയുന്നേ?''
""ഉവ്വ് മമ്മീ...എന്റെ പരോള്‍ഹിയറിംഗ് പത്തുദിവസത്തിനുള്ളിലുണ്ടാകും. അവരെന്നെ പോകാനനുവദിച്ചേക്കുമെന്നൊരു പ്രതീക്ഷയുണ്ട്. ''
""വിശ്വസിക്കാനാകുന്നില്ല ..ഞാനിത് പതിനാലാം വര്‍ഷമാ ഇവിടെയീ ജയില്‍ കേറിയിറങ്ങുന്നേ. ഇനിയുംവര്‍ഷങ്ങളോളം ഇവിടെ വരേണ്ടിവന്നേക്കുമെന്നാ ഞാന്‍ കരുതിയേ. ജാനറ്റും നീയും എനിക്കൊപ്പം ജീവിക്കുന്ന ആ നല്ല ദിവസങ്ങള്‍ക്കായുള്ള എന്റെ കാത്തിരിപ്പിനങ്ങനെ അവസാനമാകുന്നതില്‍് സന്തോഷമുണ്ടാല്‍ഫ്രഡ്. ജാനറ്റും വന്നിട്ടുണ്ട്. ഞാനവളെ ഇങ്ങോട്ട് പറഞ്ഞുവിടാം. അവള്‍ക്ക് സന്തോഷമാകട്ടെ. ''ബെറ്റി പറഞ്ഞു.
"" സ്‌നേഹവും സമാധാനവുമെന്താന്ന് മനസിലാക്കാന്‍ ഞാന്‍ വൈകിപ്പോയെന്നതുനേര്. പക്ഷേ ഇനിയെനിക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കുമൊപ്പം സന്തോഷമായി ജീവിക്കണം''.
""എനിക്കറിയാം മോനേ നിന്റെ സ്വഭാവം നന്നായി മാറിയെന്ന്. ഇത്രയും കാലം ഞാനേറെ സഹിച്ചു. ഒരൊറ്റദിവസം പോലും എനിക്കിത്തിരി സമാധാനം കിട്ടിയിട്ടില്ല. നിന്നെയോര്‍ത്തെന്റെ കണ്ണ് നിറയാതിരുന്നിട്ടില്ല. ഇനിയെനിക്കിത്തിരി സമാധാനം വേണം''. ബെറ്റിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
""മമ്മിയിനി കരയരുത്. ഞാനില്ലേയിനി നിങ്ങള്‍ക്കൊപ്പം. ഞാനൊരു ജോലികണ്ടുപിടിച്ച് നിങ്ങള്‍ മൂന്നുപേരെയും നോക്കിക്കോളാം. മമ്മിയിനി ജോലിക്ക് പോയി കഷ്ടപ്പെടണ്ട.''
""ഓ. കെ മോനേ. പരോള്‍ കിട്ടിക്കഴിയുമ്പോ എന്നെ വിളിക്കാന്‍ ഗാര്‍ഡിനോട് പറ.'' മമ്മി പുറത്തേക്ക്‌പോയി രണ്ടുമിനിറ്റ് കഴിഞ്ഞ് ജാനറ്റ് വന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
""എന്തിനാ ജാനറ്റ് നീ കരയുന്നേ. ഇത് നമ്മുടെ ജീവിതത്തിലെ സന്തോഷത്തിന്റെ നിമിഷങ്ങളല്ലേ. നീ ഇത്രനാളെനിക്കുവേണ്ടി കാത്തിരുന്നല്ലോ? ഇത്ര നല്ല മനസുള്ള നിന്നെ ഞാനവിശ്വസിച്ചല്ലോ? എന്നിലെ തിന്‍മയുടെ ശക്തികളാ എന്നെക്കൊണ്ടീ വിധമൊക്കെ ചെയ്യിച്ചത്. ശരിതെറ്റുകള്‍ തമ്മിലുള്ള വ്യത്യാസം ഞാന്‍ മനസിലാക്കാതെ പോയല്ലോ. '' ആല്‍ഫ്രഡിന്റെ വാക്കുകള്‍ ഇടറി.
""സന്തോഷം കൊണ്ടാ ഞാന്‍ കരഞ്ഞുപോയതാല്‍ഫ്രഡ്. ആല്‍ഫ്രഡ് നന്നായി മാറിയിരിക്കുന്നു എന്നെനിക്കറിയാം. എന്നെ സ്‌നേഹിക്കുന്നുവെന്നും ...മമ്മിയേം സംരക്ഷിക്കാന്‍ ആല്‍ഫ്രഡിന്റെ മനം കൊതിക്കുന്നത് ഞാന്‍ മനസിലാക്കുന്നു''.
""അതെ ജാനറ്റ്. എനിക്കിനി എല്ലാര്‍ക്കും നന്‍മചെയ്യണം. എന്റെ തെറ്റുകള്‍ക്കെല്ലാം പ്രായശ്ഛിത്തം ചെയ്യണം. നല്ലൊരു ജീവിതം വേണമെനിക്ക്. ''
""നമ്മളൊത്തുചേരുന്ന നല്ല ദിനങ്ങള്‍ സ്വപ്നംകാണുകയാണിന്നെന്റെ മനസ് ''.
""ശരി ജാനറ്റ്. എല്ലാം പ്രതീക്ഷ പോലെ നടക്കുമെന്ന് നമുക്ക് സ്വപ്നം കാണാം. നീ സന്തോഷത്തോടെ മടങ്ങിക്കോളൂ ''.
""ശരിയാല്‍ഫ്രഡ്. '' ജാനറ്റ് യാത്ര പറഞ്ഞ് പിരിഞ്ഞു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആല്‍ഫ്രഡ് ആകാംക്ഷയോടെ കാത്തിരുന്നു. ഹിയറിംഗ് വേളയില്‍ ജയിലിലെ തന്റെ അനുഭവത്തെകുറിച്ചും പുസ്തകങ്ങളില്‍ താന്‍ വായിച്ചറിഞ്ഞതിനെകുറിച്ചും പറയാനയാള്‍ തയാറെടുത്തു. ഹിയറിംഗ് ദിനമെത്തി. ബോര്‍ഡംഗങ്ങള്‍ക്ക് മുന്നില്‍ ആല്‍ഫ്രഡ് നിന്നു.
""എന്താ പേര്? ''ബോര്‍ഡ്അംഗങ്ങളിലൊരാള്‍ ചോദിച്ചു.
""ആല്‍ഫ്രഡ് മാത്യൂസ്. ''
""എത്രകാലമായിവിടെ? എന്താ തന്റെ പേരിലുള്ള കുറ്റം?''
""ഞാനിവിടെ 14 വര്‍ഷമായി. ഒരുപെണ്ണിനെ മനപൂര്‍വമല്ലാതെ കൊന്ന കുറ്റത്തിന്.''
""തന്നെ പുറത്തുവിട്ടാ, താനിനിയാരെയും കൊല്ലില്ലാ എന്നതിനെന്താ ഉറപ്പ്.?''
""മനപൂര്‍വം കൊലയാളിയായതല്ല സര്‍. അന്നത്തെ പ്രത്യേകസാഹചര്യത്തില്‍ സംഭവിച്ചുപോയതാണ്. ആ പെണ്‍കുട്ടി മരിക്കുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. സാഹചര്യങ്ങളുടെ സന്ദര്‍ഭം മൂലം ഹൈസ്കൂളില്‍ പഠനം നിര്‍ത്തി വീട്വിട്ടിറങ്ങിയ ഞാന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. തെറ്റുകളെകുറിച്ച് ഞാന്‍ ബോധവാനായിരുന്നില്ല, കൊലപാതകം നടത്തിയതുപോലും ബോധത്തോടെയായിരുന്നില്ല. അവളുമായുള്ള വഴക്കിനിടെ, രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഞാനവളെ കുത്തിയിട്ടോടുകയായിരുന്നു. അല്‍പം വിവേചനബുദ്ധിയോടെ പെരുമാറിയിരുന്നെങ്കില്‍ ഒരുജീവന്‍ നഷ്ടമാകില്ലാരുന്നു. അതെന്റെ പിഴ. അതിലെനിക്ക് വളരെ വിഷമമുണ്ട്, കുറ്റബോധമുണ്ട്. മാപ്പാക്കണം....'' പറഞ്ഞിട്ട് ബഹുമാനത്തോടെ ആല്‍ഫ്രഡ് കൈകള്‍ കൂപ്പി
""ജയിലധികാരികള്‍ തനിക്ക് പരോള്‍ അനുവദിക്കണമെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. താനിപ്പോ വളരെ നല്ലൊരു മനുഷ്യനാന്നാ അവര് പറഞ്ഞിരിക്കുന്നേ. അവരങ്ങനെപറയാന്‍കാര്യം?''ബോര്‍
ഡംഗങ്ങള്‍ ആല്‍ഫ്രഡിന് നേരെ ചോദ്യഭാവത്തില്‍ നോക്കി.

""അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ അവര് പറഞ്ഞത് ശരിയാ സര്‍. ഈ ജയില്‍ജീവിതമാ എന്നെ മാറ്റിയത്. ജീവിതത്തില്‍ വളരെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് എന്റെ മമ്മി ബെറ്റി. എന്നിലായിരുന്നു മമ്മിയുടെ സ്വപ്നങ്ങളെല്ലാം. ഞാനതെല്ലാം തകര്‍ത്തിട്ടും എന്നെ പഴിക്കാന്‍ നില്‍ക്കാതെ എല്ലാ ആഴ്ചയും മമ്മിയെന്നെ കാണാന്‍ വരുന്നു. മമ്മിയെനിക്ക് ബൈബിള്‍ സങ്കീര്‍ത്തനങ്ങള്‍ വായിക്കാന്‍ തന്നത് വഴിത്തിരിവായി. ബൈബിളും വായിച്ചു. ജയില്‍ഗാര്‍ഡ് വിവിധ മതങ്ങളെകുറിച്ചുള്ള പുസ്തകങ്ങളും തന്നു. ഹിന്ദുമതത്തെകുറിച്ചും ബുദ്ധമതത്തെകുറിച്ചും ഇസ്ലാമിനെകുറിച്ചും ജൂതമതത്തെകുറിച്ചുമൊക്കെ ഞാന്‍ മനസിലാക്കി. നന്‍മതിന്‍മകളെകുറിച്ചും. സ്‌നേഹത്തിന്റെ വില ഞാന്‍ തിരിച്ചറിഞ്ഞ ധാരാളം മുഹൂര്‍ത്തങ്ങളും ഇവിടെയെനിക്കുണ്ടായി. വര്‍ഷങ്ങളായിട്ട് തമ്മില്‍ കണ്ടിട്ടില്ലാതിരുന്ന എന്റെ സഹോദരിമാര്‍ ജയിലിലെന്നെ സന്ദര്‍ശിച്ചു. എന്റെ ഭാര്യയെ ഞാനൊത്തിരി ദ്രോഹിച്ചിട്ടുണ്ട്. എന്നിട്ടും അവളെന്നോട് പൂര്‍ണമായി ക്ഷമിച്ച് ഒന്നരപതിറ്റാണ്ടോളമായി എനിക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നു. പിന്നെ കുറ്റവാളിയായ ഈ പപ്പയുടെ സ്‌നേഹം നിഷേധിക്കപ്പെട്ട എന്റെ ഒരെയൊരു മകനും എന്റെ സ്‌നേഹം കൊതിച്ച് കാത്തിരിക്കുന്നുണ്ട്. അവന്റെ നിഷ്കളങ്കമായ മുഖം ജീവിതത്തോട് എന്നില്‍ പ്രതീക്ഷ വളര്‍ത്തുന്നു. അവനെയെനിക്ക് നല്ലനിലയില്‍ വളര്‍ത്തണമെന്നുണ്ട്. ശരിതെറ്റുകളെകുറിച്ച് പറഞ്ഞുകൊടുക്കണമെന്നുണ്ട്. എന്റെ തെറ്റുകള്‍ ഞാനിന്ന് തിരിച്ചറിയുന്നു. ഒരുപുതിയ മനുഷ്യനാവാനുള്ള ശ്രമത്തിലാണ് ഞാന്‍. ''
""ഇനിയുള്ള ശിക്ഷാകാലം തനിക്ക് പരോള്‍ അനുവദിക്കണമെന്നാണോ ? ''
""അതല്ല സര്‍, തെറ്റുകളുടേതായ ലോകം പാടെ ഉപേക്ഷിച്ച്, ഇനിയുള്ള കാലം നന്‍മയുടെതായൊരുജീവിതം കഴിക്കാനായി, തെറ്റില്‍കഴിയുന്നവര്‍ക്ക് നന്‍മയുടെ വഴി കാണിച്ചുകൊടുക്കാനായി, എന്നെ മോചിപ്പിച്ചാല്‍ വലിയൊരു പുണ്യമായിരിക്കും. ജയിലധികാരികള്‍, പ്രത്യേകിച്ച് ഗാര്‍ഡ് എന്നോട് വളരെ കാരുണ്യം കാട്ടിയിട്ടുണ്ട്. അദ്ദേഹമെന്നെ നന്‍മയിലേക്ക് നയിക്കാന്‍ സഹായിച്ചു. വായിക്കാന്‍ നല്ല പുസ്തകങ്ങള്‍ തന്നു. മോചിപ്പിച്ചാല്‍ ഈ ലോകത്തിന് മുന്നില്‍ ഞാന്‍ മാതൃകാപരമായ ജീവിതം നയിക്കും.''
""മോചിപ്പിച്ചുകഴിഞ്ഞാല്‍ താങ്കളെവിടെ ജീവിക്കും. എന്താ തന്റെ പ്ലാന്‍?''
""മമ്മിക്കൊപ്പം ജീവിക്കണമെനിക്ക്. എന്റെ നല്ലപ്രായത്തില്‍ മമ്മിക്ക് ദുഖം മാത്രമേ എനിക്ക് നല്‍കാനായുള്ളൂ. എന്റെ ഭാര്യയും കുഞ്ഞും മമ്മിക്കൊപ്പമുണ്ട്. അവരുടെ കൂടെ ജീവിക്കണമെനിക്ക്. ഇത്രനാളും അവര്‍ക്ക് കൊടുക്കാനാകാഞ്ഞ സ്‌നേഹം അവര്‍ക്ക് കൊടുക്കണമെന്നുണ്ട്. അടുത്തുള്ള ഫാക്ടറിയിലൊരു ജോലി കണ്ടെത്തണം. മുമ്പും ഞാനവിടെ ജോലിയെടുത്തിട്ടുണ്ട് .എനിക്കെന്റെ മമ്മിയെ നോക്കണം. ഒഴിവുസമയത്ത് കുറച്ച് സേവനപ്രവര്‍ത്തികള്‍ ചെയ്യണം, മറ്റുള്ളവരെ സഹായിക്കണം. ''
"" പരോള്‍ നല്‍കിയാല്‍ ഇനിയുള്ള ഏഴിലേറെ വര്‍ഷം എല്ലാ മാസവും നിങ്ങള്‍ അടുത്തുള്ള പോലിസ്‌സ്‌റ്റേഷനിലെത്തി ഒപ്പിടണം. അനുവാദമില്ലാതെ സ്റ്റേഷന്‍ പരിധി വിട്ട് യാത്രചെയ്തുകൂടാ. ആരോടും വാക്കുതര്‍ക്കത്തിനോ മറ്റെന്തെങ്കിലും ക്രിമിനല്‍ ഇടപാടുകള്‍ക്കോ പോകരുത്. ''
""ഇല്ല സര്‍, അങ്ങ് പറഞ്ഞതെല്ലാം ഞാന്‍ സമ്മതിക്കുന്നു. വ്യവസ്ഥകളെല്ലാം ഞാന്‍ പാലിച്ചുകൊള്ളാം. ''
""വളരെ നല്ലത്. വ്യവസ്ഥകളെല്ലാം ഒപ്പിട്ടുതന്നശേഷം രണ്ടുദിവസത്തിനുള്ളില്‍ തനിക്കുപോകാം. രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കുന്ന നല്ലൊരു പൗരനായി ശേഷിക്കുന്നകാലം താന്‍ ജീവിക്കുമെന്ന് കരുതുന്നു. എല്ലാം നന്നായി വരട്ടെ. വിഷ് യു ഓള്‍ ദ ബെസ്റ്റ്. ''
ആല്‍ഫ്രഡ് ദീര്‍ഘനിശ്വാസത്തോടെ എഴുന്നേറ്റ്‌നിന്നു ബോര്‍ഡ് മെമ്പേഴ്‌സിനെ വണങ്ങി.
""നിങ്ങളോടെല്ലാം എനിക്ക് നന്ദിയുണ്ട് സര്‍. ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തില്ല. നല്ലൊരു പൗരനെന്നതുപോലെ തന്നെ നല്ലൊരു മനുഷ്യനാവാനും ഞാന്‍ ശ്രമിക്കും. '' ആല്‍ഫ്രഡിന്റെ മുഖം നിലാവ് തെളിഞ്ഞപോലെ പ്രസന്നമായി. ഗാര്‍ഡ് വന്ന് ആല്‍ഫ്രഡിനെ സെല്ലിലേക്ക് കൊണ്ടുപോയി.
"" നിങ്ങള്‍ നിങ്ങളുടെ സംസാരത്തില്‍ സത്യസന്ധത കാണിച്ചു. ബോര്‍ഡ് അംഗങ്ങള്‍ക്ക് തന്നെ വളരെ ഇഷ്ടപ്പെട്ടു. സാധാരണ ഗതിയില്‍ ഒരു സിറ്റിംഗില്‍ കാര്യങ്ങള്‍ തീരുന്നതല്ല. ആറു മാസം കഴിയുമ്പോള്‍ ഒരു സിറ്റിംഗും കൂടി വയ്ക്കുന്നതാ പതിവ്.''
""എന്തായാലും അങ്ങ് എനിക്കുവേണ്ടി റക്കമെന്റ് ചെയ്തതു നന്നായി. അതെന്നെ വളരെ സഹായിച്ചു. എനിക്കങ്ങയോട് നന്ദിയുണ്ട്. ഞാനിവിടുന്ന് പോയാലും എനിക്കങ്ങയുടെ ഉപദേശങ്ങള്‍ ആവശ്യമായി വരും. ഞാനങ്ങയെ കാണാനിവിടെ എത്തിക്കോളാം.''
""നിങ്ങള്‍ക്കെന്നെ സന്ദര്‍ശിക്കുക എളുപ്പമാവില്ല. കാരണം നിങ്ങളുടെ ഗ്രാമത്തില്‍ നിന്ന് പുറത്തുകടക്കണമെങ്കില്‍ നിങ്ങള്‍ക്ക് പ്രദേശത്തെ പോലിസിന്റെ അനുമതി ആവശ്യമാണ്. ഞാന്‍ നിങ്ങളെ വന്ന് കണ്ടുകൊള്ളാം. ലാഭചിന്തകളില്ലാതെ പ്രവര്‍ത്തിക്കുന്നൊരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഞാന്‍. ആ സംഘടനയുടെയൊരു ചാപ്റ്റര്‍ നിങ്ങളുടെ ഗ്രാമത്തില്‍ തുടങ്ങാനുദ്ദേശിക്കുന്നുണ്ട്. മയക്കുമരുന്നിനും മദ്യത്തിനും അടിമകളായവര്‍ക്കും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്കും കൗണ്‍സലിംഗ് നല്‍കുന്നുണ്ട് ഞങ്ങളുടെ സംഘടന. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ചീത്തവശം നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങള്‍ നാട്ടിലെത്തിക്കഴിഞ്ഞാല്‍ നമുക്കിത് നിങ്ങളുടെ നാട്ടില്‍ ഒരുമിച്ച് ചെയ്യാം.''
""നന്ദിയുണ്ട് സര്‍. സാധാരണ എല്ലാരും പറയും, ഗാര്‍ഡുകള്‍ വളരെ ക്രൂരന്‍മാരാണന്ന്. പക്ഷെ താങ്കള്‍ വളരെ നല്ലൊരു മനുഷ്യനാ..'' ആല്‍ഫ്രഡ് നന്ദിയോടെ ഗാര്‍ഡിനെ നോക്കി.

""ഞാനും പണ്ടൊരു ക്രൂരനായിരുന്നു. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത് ജയിലിലായ നിങ്ങളെപോലുള്ള ധാരാളം പേരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരിലെല്ലാരും തന്നെ മദ്യത്തിനടിമകളും ഭാര്യയെ ഉപദ്രവിക്കുന്നവരുമൊക്കെയായിരുന്നു. ഓരോരുത്തരോടും സംസാരിച്ചപ്പോഴെനിക്ക് മനസിലായി, സാഹചര്യങ്ങളാണവരെക്കൊണ്ടങ്ങനെയൊക്കെ ചെയ്യിച്ചതെന്ന്. ആരും ജനിക്കുമ്പോഴേ ദുഷ്ടരായി ജനിക്കുന്നില്ല. ഇവിടെയെത്തുന്നവരില്‍ പലരും സ്കൂള്‍വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിപോന്നവരാണ്. പലരും ഏകാന്തജീവിതം നയിച്ചവരാണ്. മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കാതെ അവഗണനയില്‍ വളര്‍ന്നവരാണ്. ഇവര്‍ക്കൊക്കെ വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിച്ചാ ഞാനീ സംഘടനയിലംഗമായത്. ഇപ്പോഴെനിക്ക് മനസമാധാനമുണ്ട്. ഇവിടെയെത്തുന്നവരോട് സ്‌നേഹത്തോടെ പെരുമാറാനെനിക്കാവുന്നുണ്ട്. നല്ലയൊരു കുടുംബജീവിതവും എനിക്കിന്നുണ്ട്. താങ്കള്‍, ഞാന്‍ പറഞ്ഞതിനനുസരിച്ച് മാറിയതിലെനിക്ക് സന്തോഷമുണ്ട്. ചിലര്‍ എത്രപറഞ്ഞാലും കേള്‍ക്കില്ല, എത്ര അനുഭവിച്ചാലും പഠിക്കില്ല.
ഇനി രണ്ടു ദിവസം കൂടി ഇവിടെ കഴിഞ്ഞാല്‍ മതിയല്ലോ. ഞാന്‍ താങ്കളുടെ പേപ്പര്‍ വര്‍ക്കുകളെല്ലാം സമയത്തിന് ശരിയാക്കാന്‍ ശ്രമിക്കുന്നുണ്ട്. അടുത്ത ദിവസം തന്റെ വീട്ടുകാരെത്തുമ്പോഴേക്കും തനിക്കും അവര്‍ക്കൊപ്പം പോകാനായേക്കും. ഞാനവരെ വിളിച്ച് വിവരം പറഞ്ഞോളാം. അവരുടെ ഫോണ്‍ നമ്പര്‍ എന്റെ കൈയിലുണ്ട്. ''
""സര്‍ എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല. എന്റെ ജീവിതം മുഴുവന്‍ ഞാനങ്ങയോട് കടപ്പെട്ടിരിക്കുന്നു.''
""അതൊന്നും പ്രത്യേകം പറയേണ്ട. ഇനിയും ഇതുപോലുള്ളവര്‍ക്കുവേണ്ടി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം. ഞാന്‍ താങ്കളെ കാണാനെത്തിക്കോളാം..'' ഗാര്‍ഡ് പറയുമ്പോള്‍ ആല്‍ഫ്രഡിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
""എനിക്കറിയാം സന്തോഷം കൊണ്ടാ താന്‍ കരയുന്നതെന്ന്. തനിക്കേതായാലും തന്റെ ജയിലിലെ വര്‍ഷങ്ങള്‍ ജീവിതത്തില്‍ പ്രയോജനപ്പെടുത്താനായി. സ്വഭാവവും പെരുമാറ്റവും മാറ്റിയെടുത്ത് താനിന്ന് നല്ലൊരു മനുഷ്യനായി. എത്രയും വേഗം പോയി രക്ഷപ്പെട്...'' ആല്‍ഫ്രഡിനെ മുറിയിലടച്ച് പോകുമ്പോള്‍ ഗാര്‍ഡ് പറഞ്ഞു.

ഗാര്‍ഡ് പോയതോടെ ആല്‍ഫ്രഡ് കണ്ണുകളടച്ച് ചിന്തയിലാണ്ടു. പഴയകാല സംഭവങ്ങള്‍ അയാളുടെ മനസിലേക്കോടിയെത്തി. ചെറുപ്പത്തിലൊരിക്കലും തനിക്ക് ചിന്തിക്കാനവസരം ലഭിച്ചിരുന്നില്ല. എന്നും സങ്കടത്തിലിരിക്കാനായിരുന്നു വിധി. വളര്‍ന്നപ്പോഴും സ്വഭാവങ്ങളൊന്നും തന്നെ മാറിയില്ല. അപ്പച്ചന്റെ മദ്യപാനശീലവും മമ്മിയോടുള്ള സ്‌നേഹമില്ലാത്ത പെരുമാറ്റവും തന്നെ എത്രയേറെയാണ് വേദനിപ്പിച്ചത്. തന്റെ പിതാവിനെ ഒന്നുപദേശിക്കാനോ നല്ല വഴിയിലേക്ക് നയിക്കാനോ ആരുമുണ്ടായിരുന്നില്ല. മദ്യത്തിന്റെ പിടിയില്‍ നിന്നദ്ദേഹത്തെ മോചിപ്പിക്കാനോ നേരായ വഴിക്ക് നയിക്കാനോ ഒരുവഴികാട്ടിയുണ്ടായില്ല. അപ്പച്ചനെ വല്ലാതെ വെറുക്കേണ്ടിവന്നിട്ടുണ്ട്, തന്നോട് കാണിച്ച ക്രൂരതക്കു പകരമായി, മമ്മിയോട് കാണിച്ച സ്‌നേഹക്കുറവിന് പകരമായി. പക്ഷേ വെറുപ്പും വിദ്വേഷവും ഒന്നിനും പകരമാവില്ലെന്ന് ഞാനിന്ന് തിരിച്ചറിയുന്നു. ക്ഷമകൊണ്ട് മാത്രമേ ജീവിതത്തിലെന്തെങ്കിലും നമുക്ക് നേടാനാകൂ. അപ്പച്ചനെ ഒന്നിനും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അപ്പച്ചനെന്നും ഒറ്റക്കായിരുന്നു, അദ്ദേഹത്തിന് സുഹൃത്തുക്കളാരെങ്കിലുമുള്ളതായെനിക്ക് തോന്നിയിട്ടില്ല. ജീവിതത്തിലെ ആ ഒറ്റപ്പെടലായിരിക്കാം അപ്പച്ചനെ ക്രൂരനായൊരു മനുഷ്യനാക്കിയത്. അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമുണ്ടായിരിക്കാം. ഇവിടെയീ ജയിലില്‍, നന്നാവാനെനിക്ക് അവസരം ലഭിച്ചതുപോലെ അപ്പച്ചന്റെ ജീവിതത്തില്‍ അങ്ങനെയൊരു ചാന്‍സുണ്ടായിട്ടില്ല. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അപ്പച്ചനെയോര്‍ത്ത് വിഷമം തോന്നുന്നു. സ്വയംബോധമാണ് നമ്മിലെ നമ്മെ രൂപപ്പെടുത്തുന്നത്. നാം വളരുന്ന സാഹചര്യത്തിനനുസരിച്ച് നമ്മുടെ സ്വഭാവം രൂപപ്പെടും. നമ്മള്‍ ഇടപെടുന്ന ആളുകളുടെ സ്വഭാവം നമ്മെ സ്വാധീനിക്കും. മതങ്ങള്‍ക്കും വലിയൊരളവു വരെ ഒരു വ്യക്തിയെ, അവന്റെ ചിന്തകളെയൊക്കെ സ്വാധീനിക്കാനാവും.
ഇനി കഴിഞ്ഞുപോയവയെ കുറിച്ച് ചിന്തിക്കാതെ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ നോക്കാനയാളുറച്ചു. വായിച്ചും അനുഭവങ്ങളിലൂടെയും സ്വന്തമാക്കിയ അറിവ് തന്നെ പുതിയൊരു മനുഷ്യനാക്കിയിരിക്കുന്നു എന്ന തിരിച്ചറിവ് അയാളില്‍ സന്തോഷമുണ്ടാക്കി. ക്രിസ്തുമതത്തിലാണ് വിശ്വാസമെങ്കിലും എല്ലാ മതങ്ങളിലെയും നല്ലതിനെ സ്വന്തമാക്കാന്‍ ആല്‍ഫ്രഡുറച്ചു. മനുഷ്യജീവിതത്തിന് വലിയൊരര്‍ഥമുണ്ട്, മറ്റുള്ളവരെ സേവിക്കുയെന്നതാണത്. മറ്റുള്ളവരെ സ്‌നേഹിക്കാനും പരിഗണിക്കാനും നാം മറക്കരുത്. ആഗ്രഹങ്ങളാണ് മനുഷ്യന്റെ ദുരിതങ്ങള്‍ക്കെല്ലാം കാരണമെന്ന് പറയുന്നത് ഒരുവിധത്തില്‍ ശരിതന്നെ. മരണാനന്തരജീവിതത്തെകുറിച്ച് സംശയങ്ങളിനിയും ബാക്കിയുണ്ട്. മുക്തി, നിര്‍വാണ, മോക്ഷം, രക്ഷ, സ്വര്‍ഗീയ ജീവിതം എന്നിങ്ങനെ പല പേരുകളിലാണതറിയപ്പെടുക.

ശക്തി, സേവനം, സ്വയം നിയന്ത്രണം, ത്യാഗം, വിശ്വാസം എന്നിവയെകുറിച്ച് സ്വാമി വിവേകാനന്ദനെഴുതിയ പുസ്തകത്തിലെ ചിന്തകള്‍ മനസിലെത്തി. വിവേകാനന്ദന്റെ അഭിപ്രായമനുസരിച്ച് ശക്തിയെന്നു പറയുന്നത് ജീവിതമാണ്, ദൗര്‍ബല്യമെന്നത് മരണമാണ്. നിരന്തരമുള്ള സമ്മര്‍ദവും ദുരിതങ്ങളുമാണ് ദൗര്‍ബല്യം. ദൗര്‍ബല്യങ്ങളാണ് സഹനങ്ങള്‍ക്ക് കാരണം. ദുര്‍ബലനായതാണ് മനുഷ്യന്‍ ദുരിതപ്പെടാന്‍ കാരണം. കള്ളം പറയുന്നതും മോഷ്ടിക്കുന്നതും, കൊല്ലുന്നതും മറ്റ് കുറ്റങ്ങള്‍ ചെയ്യുന്നതും മനുഷ്യന്‍ ദുര്‍ബലനായതുകൊണ്ടാണ്. ധൈര്യമാണ്, ലോകത്തിന്റെ രോഗങ്ങള്‍ക്കുള്ള മരുന്ന്്. സമ്പന്നരാല്‍ പീഡിപ്പിക്കപ്പെടുമ്പോള്‍, ധൈര്യമാകുന്ന മരുന്നുപയോഗിച്ച് ദരിദ്രസഹോദരങ്ങള്‍ ചെറുത്ത്‌നില്‍ക്കണം. അറിവുള്ളവരാല്‍ പരിഹസിക്കപ്പെടാനിടവന്നാല്‍ അറിവില്ലായെങ്കിലും ധൈര്യമുണ്ടെങ്കില്‍തലയുയര്‍ത്തിനില്‍ക്കാനാകും. ധൈര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുക, ധൈര്യമായിരിക്കുക, ഉത്തരവാദിത്വങ്ങള്‍ ചുമലിലേറ്റുക, നിങ്ങളുടെ വിധി തീരുമാനിക്കുന്നത് നിങ്ങളാണ്. നിങ്ങള്‍ക്കാവശ്യമുള്ള ധൈര്യവും വിജയവും നിങ്ങളില്‍ തന്നെയുണ്ട്. നിങ്ങളുടെ ഭാവി നിങ്ങള്‍ തന്നെ തീരുമാനിക്കുക.

സേവനത്തെ കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. നിങ്ങള്‍ക്കരികിലെത്തുന്ന ഓരോ മനുഷ്യനേയും അത് പുരുഷനായാലും സ്ത്രീയായാലും ദൈവത്തെ പോലെ കരുതി സേവിക്കുക. മറ്റുള്ളവരെ സഹായിക്കുകയല്ല, സേവിക്കുകയാണ് വേണ്ടത്. നമുക്കരികിലെത്തുന്ന പാവപ്പെട്ടവരും ദുരിതങ്ങള്‍ അനുഭവിക്കുന്നവരും സമനില നശിച്ചവരുമായവരെ, അവര്‍ കുഷ്ഠരോഗിയായാലും, ഭ്രാന്തനായാലും പാപിയായാലും, സഹായിക്കുമ്പോള്‍ ദൈവത്തെ തന്നെയാണ് നാം സേവിക്കുന്നത്. ദൈവമാണ് അവഗണിക്കപ്പെട്ടവരുടെയും രോഗികളുടെയും രൂപത്തില്‍ നമുക്കരികിലെത്തുന്നത്. നല്ല സ്വഭാവമാണ് വിലമതിക്കപ്പെടുക. അസൂയയും വഞ്ചനയും വെടിയുക. വിശ്വാസവും സത്യസന്ധതയും സമര്‍പ്പണ മനോഭാവവും നമ്മിലുണ്ടെങ്കില്‍ എല്ലാം നന്നായി വരും. ആല്‍ഫ്രഡ് മിഴികളടച്ച് ധ്യാനത്തിലമര്‍ന്നു.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക