Image

നവകേരള നിര്‍മിതിക്ക് യുക്മയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി

Published on 10 November, 2018
നവകേരള നിര്‍മിതിക്ക് യുക്മയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി
 

ഓക്‌സ്‌ഫോര്‍ഡ്: നവകേരള നിര്‍മിതിക്ക് യുക്മയുടെ ആദ്യഘട്ടമായ ഒരു കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ അനുമതി. പ്രളയം തകര്‍ത്തു കളഞ്ഞ കേരളത്തിന്റെ പുനസൃഷ്ടിക്കായി കേരളാ ഗവണ്‍മെന്റിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി 100 വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ യുക്മ നാഷണല്‍ കമ്മിറ്റിയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി രൂപം കൊടുത്ത പദ്ധതിയായിരുന്നു “സ്‌നേഹക്കൂട്‘. ഇതിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഓക്‌സ്‌ഫോര്‍ഡില്‍ ടൂറിസം ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. 

അഞ്ചു ലക്ഷം രൂപ വീതം ചെലവുവരുന്ന 18 വീടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക. ഗ്ലോസ്റ്ററ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ നാല് വീടുകളും ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ രണ്ടു വീടുകളും ബ്രിട്ടീഷ് കേരളൈറ്റ്‌സ് സൗത്താള്‍ മൂന്ന് വീടുകളും അഡ്വ.ഫ്രാന്‍സിസ് മാത്യു ഒരു വീടും ലാ ആന്‍ഡ് ലോയേഴ്‌സ് രണ്ടു വീടുകളും യുക്മ ചാരിറ്റി ഫൗണ്ടേഷനില്‍ അംഗ അസോസിയേഷനുകളില്‍ നിന്നും ലഭിച്ച തുക കൊണ്ട് നാല് വീടുകളും സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഒരു വീടും ല്യൂട്ടന്‍ കേരളൈറ്റ്‌സ് ഒരു വീടും എന്ന നിലയിലാണ് ആദ്യഘട്ടം 18 വീടുകള്‍ പൂര്‍ത്തിയാക്കുക.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യുക്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം, മുഴുവന്‍ സംഘടനകളെയും ഏകോപിപ്പിച്ച് കൊണ്ട് മാമ്മന്‍ ഫിലിപ്പിന്റെ നേതൃത്തിലുള്ള യുക്മ നാഷണല്‍ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ മലയാളികള്‍ നല്‍കുന്ന പിന്തുണയ്ക്ക് മന്ത്രി നന്ദി പറഞ്ഞു. സ്‌നേഹക്കൂട് ഭവന പദ്ധതിയുടെ ഔദ്യോഗിക നിര്‍മ്മാണോദ്ഘാടനം പദ്ധതി ലോഗോ യുക്മ സൗത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റ് വര്‍ഗീസ് ചെറിയാന് കൈമാറിക്കൊണ്ട് മന്ത്രി നിര്‍വഹിച്ചു. 

ബുധനാഴ്ച ഓക്‌സ്‌ഫോര്‍ഡിലെ ദി ട്രീ ഹോട്ടലില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ അധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ പുനഃസൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി യുകെ മലയാളികളുടെ സഹായം ആവശ്യമാണെന്ന ബോധ്യത്തില്‍ നിന്നുമാണ് യുക്മ ദേശീയ സമിതിയുടെയും ചാരിറ്റി ട്രസ്റ്റിന്റേയും സംയുക്ത യോഗം ഭവനനിര്‍മാണ പദ്ധതിക്ക് രൂപം നല്‍കിയതെന്ന് മാമ്മന്‍ ഫിലിപ്പ് പറഞ്ഞു. നിലവില്‍ വിവിധ അസോസിയേഷനുകളുമായും വ്യക്തികളുമായും സ്ഥാപനങ്ങളുമായും ധാരണയിലായ 18 വീടുകളുടെയും അവയുടെ പൂര്‍ണ വിവരങ്ങളും മാമ്മന്‍ ഫിലിപ്പ് ചടങ്ങില്‍ അവതരിപ്പിച്ചു. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ.ബിജു പെരിങ്ങത്തറ, സുരേഷ് കുമാര്‍ തുടങ്ങിയവരും വിവിധ റീജിയണല്‍ ഭാരവാഹികളും സ്‌നേഹക്കൂട് പദ്ധതിക്ക് സഹായം നല്‍കുന്ന അംഗ അസോസിയേഷന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ യുക്മയുടെ സ്‌നേഹക്കൂട് ഭവന പദ്ധതിയുടെ ഭാഗമായ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കുമുള്ള കേരള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു.സൗത്ത് വെസ്റ്റ് റീജണല്‍ സെക്രട്ടറി എംപി പദ്മരാജ് നന്ദി പറഞ്ഞു. 

വിവരങ്ങള്‍ക്ക്: മാമ്മന്‍ ഫിലിപ്പ് 07885 467034, റോജിമോന്‍ വര്‍ഗീസ് 07883068181, അലക്‌സ് വര്‍ഗീസ് : 07985 641921.

റിപ്പോര്‍ട്ട്: സുജു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക