Image

നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ്; മലയാളി സൈനികന് വീരമൃത്യു

Published on 12 November, 2018
നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ്; മലയാളി സൈനികന് വീരമൃത്യു
ജമ്മു: നിയന്ത്രണരേഖയില്‍ പാക് ഭാഗത്തുനിന്നുള്ള ‘സ്‌നൈപര്‍’ ആക്രമണത്തില്‍ മലയാളി സൈനികന് വീരമൃത്യു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന്, ദീര്‍ഘദൂരത്തേക്ക് വെടിയുതിര്‍ക്കാവുന്ന സ്‌നൈപര്‍ തോക്കുപയോഗിച്ചുള്ള ആക്രമണത്തിലാണ് ലാന്‍സ് നായ്ക് എറണാകുളം മണക്കുന്നം സ്വദേശി ആന്‍റണി സെബാസ്റ്റിയന്‍ (34) കൊല്ലപ്പെട്ടതെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂര്‍ സ്‌റ്റെല്ല മേരീസ് പബ്ലിക് സ്കൂളിന് തെക്കുഭാഗം കറുകയില്‍ വീട്ടില്‍ പരേതനായ മൈക്കിളിന്‍െറയും ഷീലയുടെയും മകനാണ്. തമിഴ്‌നാട് സ്വദേശിയായ ഹവില്‍ദാര്‍ മാരിമുത്തുവിന് ഗുരുതരമായി പരിക്കേറ്റതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു.

നിയന്ത്രണരേഖയിലെ കൃഷ്ണഘട്ടി സെക്ടറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ആന്‍റണി സെബാസ്റ്റിയനെ പൂഞ്ചിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാരിമുത്തു ചികില്‍സയിലാണ്. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കിയതായും സേന അറിയിച്ചു. പാക് ഭാഗത്തെ നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രകോപനമില്ലാതെ പാക് സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ രണ്ടു സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഞായറാഴ്ച നൗഷേര സെക്ടറിലുണ്ടായ ആക്രമണത്തില്‍ നായ്ക് ഗോസവി കേശവ് സോംഗിര്‍ (29), ശനിയാഴ്ച റൈഫിള്‍മാന്‍ വരുണ്‍ കട്ടാല്‍ (21) എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച അഖ്‌നൂര്‍ സെക്ടറില്‍ സേനാ പോര്‍ട്ടര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക