Image

കട്ടച്ചിറ പള്ളി: മൃതദേഹം ഒടുവില്‍ സംസ്‌കരിച്ചു

Published on 13 November, 2018
കട്ടച്ചിറ പള്ളി: മൃതദേഹം ഒടുവില്‍ സംസ്‌കരിച്ചു
കട്ടച്ചിറ (ആലപ്പുഴ): കായംകുളം കട്ടച്ചിറ പള്ളിയിലെ ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പതിനൊന്നു ദിവസമായി സംസ്‌കരിക്കാന്‍ സാധിക്കാതിരുന്ന മൃതദേഹം ഒടുവില്‍ സംസ്‌കരിച്ചു. കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ മൃതദേഹമാണ് സംസ്‌കരിച്ചത്. നവംബര്‍ മൂന്നിനാണ് വര്‍ഗീസ് മാത്യു അന്തരിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ മൂലമാണ് സംസ്‌കാരം നടന്നത്. ശക്തമായ പോലീസ് സുരക്ഷയില്‍ ബുധനാഴ്ച രാവിലെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. അനിഷ്ടസംഭവങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസിനെ വിന്യസിച്ചിരുന്നു. കൂടാതെ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

രാവിലെ ഏഴുമണിയോടെ വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം ആംബുലന്‍സില്‍ കട്ടച്ചിറ പള്ളിക്ക് സമീപത്തേക്ക് കൊണ്ടുവരികയും കുരിശടിക്കു സമീപം പ്രാര്‍ഥന നടത്തുകയും ചെയ്തു. യാക്കോബായ വിഭാഗത്തിലെ ആറു വൈദികരാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്. വര്‍ഗീസിന്റെ ചെറുമകന്‍ കൂടിയായ ഫാദര്‍ ജോര്‍ജി ജോണാണ് പള്ളിക്ക് സമീപത്തും സെമിത്തേരിയില്‍ നടന്ന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
എട്ടുമണിക്കുള്ളില്‍ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതിവിധിയെത്തുടര്‍ന്നുണ്ടാക്കിയ ധാരണപ്രകാരം വൈദികരൊഴികെ മരിച്ചയാളിന്റെ ബന്ധുക്കള്‍ മാത്രമെ മാത്രമേ സെമിത്തേരിയില്‍ പ്രവേശിക്കാവൂ എന്നതാണ് വ്യവസ്ഥ. എന്നാല്‍ വര്‍ഗീസ് മാത്യുവിന്റെ ചെറുമകന്‍ ജോര്‍ജി ജോണ്‍, യാക്കോബായ സഭയിലെ വൈദികനാണ്. അതിനാല്‍ അദ്ദേഹത്തെ വൈദീകവേഷത്തില്‍ സെമിത്തേരിയില്‍ പ്രവേശിപ്പിക്കണമെന്നതായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. ഇത് ഓര്‍ത്തഡോക്‌സ് വിഭാഗം അംഗീകരിച്ചില്ല. ഇതിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ നീണ്ടുപോയത്.

മൃതദേഹം ചൊവ്വാഴ്ച തന്നെ സംസ്‌കരിക്കണമെന്ന് കളക്ടര്‍ എസ്.സുഹാസ് അന്ത്യശാസനം നല്‍കിയിരുന്നു. തിങ്കളാഴ്ചരാത്രി വൈകുംവരെ നടത്തിയ ചര്‍ച്ചയില്‍ ഓര്‍ത്തഡോക്സ് -യാക്കോബായ വിഭാഗങ്ങല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകത്തതിനെത്തുടര്‍ന്നാണ് കളക്ടര്‍ ഇടപെട്ടത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കുമുമ്പ് സംസ്‌കാരം നടത്തിയില്ലെങ്കില്‍ ജില്ലാഭരണകൂടം ഇടപെട്ട് സംസ്‌കാരം നടത്തുമെന്നും അറിയിച്ചിരുന്നു.

മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാത്ത സംഭവത്തില്‍ തിങ്കളാഴ്ച ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടിരുന്നു. പിന്തുടര്‍ന്നുവന്ന മതാചാരങ്ങള്‍ക്ക് അനുസരിച്ച് മൃതദേഹം എത്രയും പെട്ടെന്ന് സംസ്‌കരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കി. ചടങ്ങുകള്‍ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണമെന്ന് ഡി.ജി.പി.ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് കൂടിയാണ് കളക്ടര്‍ എസ്.സുഹാസും ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രനും ഇരുവിഭാഗങ്ങളുമായി ചര്‍ച്ചനടത്തിയത്. (Mathrubhumi) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക